ധർമ്മം മറന്നതിനുള്ള മറുപടിയാണ് ഡൽഹിയിലെ തോൽവിയെന്ന് ധർമ്മിഷ്ടനായ സ്യൂപെർ സ്റ്റാർ പദ്മ ഭൂഷൻ, ഡോക്ടർ, ലഫ്. കേണൽ മോഹൻലാൽ ബ്ലോഗിൽ എഴുതുന്നു.
"രാഷ്ട്രീയം പച്ചപ്പു മുളയ്ക്കാത്ത തരിശായി മാറി.നിലവിലെ രാഷ്ട്രീയ വ്യവസ്ഥയോടുള്ള മടുപ്പാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പു ഫലത്തിൽ നിന്നു വ്യക്തമാകുന്നത്. ഇതു വിപ്ലവമല്ല വെളിപാടാണ്.” ഉണ്ടിരുന്ന നായർക്കു തോന്നിയ വിളി പോലെ താരത്തിനുണ്ടായ വെളിപാട് കേരളത്തിലെ മീഡിയകൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ പൊതു ജീവിതത്തിൽ എന്നും ഈ അധർമ്മികളോടു തോളു ചേർത്താണു താരം നിലകൊണ്ടത്.അതു തന്റെ താരപദവിയ്ക്കും, ബിസിനസ് സംരംഭങ്ങുൾക്കും ഗുണകരമാണെന്ന വെളിപാടിന്റെ വെളിച്ചത്തിൽ.
താൻ ഒരു പാർട്ടിയുടെയും വക്താവല്ലെന്നും,ബ്ലോഗ് ഒരു പാർട്ടിക്കുമുള്ള പിന്തുണക്കുറിപ്പല്ലെന്നും പറയുന്ന താരം, തുട്ടു നൽകുന്ന ആർക്കും അംബാസഡറാകാൻ മടിയില്ലാത്തവനാണു താനെന്ന കാര്യം മറക്കുന്നു. പണം വാങ്ങി വട്ടിപ്പണക്കാരനും,കള്ളു കച്ചവടക്കാരനും,കള്ളക്കടത്തു സ്വർണ വിൽപ്പനക്കാരനും ബ്രാൻഡ് അംബാസഡറായി മാന്യത നൽകിയ ലാലേട്ടൻ ഈ ക്രിസ്മസിനെങ്കിലും ഒരു കാര്യം ഓർമിക്കുക.
“നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും, നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവ നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കെ സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽ നിന്നു കരടെടുത്തു കളയട്ടെ എന്ന് എങ്ങിനെ പറ്യും? കപട നാട്ട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽ നിന്ന് തടിക്കഷണം എടുത്തു മാറ്റുക.അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തു കളയാൻ നിനക്കു കാഴ്ച തെളിയും”.
മത്തായി 7: 3-5.
താരത്തെ ആരാധിച്ചു മതിവരാതെ അദ്ദേഹത്തിന്റെ ഡ്രൈവറേയും, കുശിനിക്കാരനേയും, ബിനാമിയേയും ആരാധിച്ചൂതുടങ്ങിയ ജനം കണ്ണു തുറക്കട്ടെ:
വഴിയോരത്തെ മരങ്ങളിൽ ആണിയടിച്ചുറപ്പിച്ചിട്ടുള്ള പരസ്യബോർഡുകൾ നീക്കാൻ സർക്കാരിനും,തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിക്കൊണ്ട് കേരള ഹൈക്കോടതിയുടെ, ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ച് ഉത്തരവിറക്കി. കോടതി നിർദേശം പ്രാബല്യത്തിൽ വരുത്തി ഒരു മാസത്തിനകം നടപടി സ്വീകരിക്കാൻ ഡിസംബർ രണ്ടിലെ വിധി സർക്കാരിനോടവശ്യപ്പെടുന്നു. കൊച്ചി നഗരത്തിൽ പൊതുസ്ഥലങ്ങളിലും,ലാംപ് പോസ്റ്റുകളിലും ഉറപ്പിച്ചുട്ടുള്ള അനധികൃത പരസ്യ ബോർഡുകൾ നീക്കാൻ ഹൈക്കോടതി നൽകിയ ഉത്തരവ് ഇന്നും നടപ്പിലാക്കിയിട്ടില്ല.അസംഘടിതരായ വ്യക്തികളുടെയോ, അധികാര സ്ഥാനങ്ങളിൽ സ്വാധീനം ചെലുത്താൻ സാമ്പത്തിക ശേഷിയില്ലാത്ത ചെറുകിട സ്ഥാപനങ്ങളുടെയോ കുറെ ബോർഡുകൾ പേരിനു നീക്കം ചെയ്ത് കോടതി അലക്ഷ്യത്തിൽ നിന്നു തലയൂരാനുള്ള ഒരു ശ്രമം നഗരസഭ നടത്തി. നാൽക്കവലകളിൽ ഡ്രൈവർമാരുടെ കാഴ്ച മറച്ചു കൊണ്ടും, കാൽനടക്കാർക്കു തടസം സൃഷ്ടിച്ചും നിൽക്കുന്ന കൂറ്റൻ ഫ്ലക്സ് ബോർഡുകൾ നീക്കാൻ ഒരു ശ്രമവും നടത്തിയില്ല. രാഷ്ട്രീയപ്പാർട്ട്കളും,മത സംഘടനകളും,അവരുടെ ധനസ്രോതസുകളായ സ്വർണ-വസ്ത്ര വ്യാപാരികളും സ്ഥാപിച്ച പരസ്യ ബോർഡുകളെ തൊടാൻ നഗരസഭാ ഭരണ നേതൃത്വത്തിനു ഭയമാണ്. മന്ത്രിപുംഗവന്മാരുടെയും,പാർട്ടിനേതാക്കന്മാരുടെയും,ജനപ്രതിനിധികളുടെയും ദുർമുഖങ്ങൾക്കൊപ്പം, മേയറുടെയും,ഡപ്യൂട്ടി മേയറുടെയും മുഖ കമലങ്ങളാണ് മിക്ക ബോർഡുകളിലും കാണുന്നത്.
വികസന ഫണ്ടിൽ നിന്നും, തുക അനുവദിക്കുന്ന എം എൽ എ ക്കും, എം പി ക്കും അഭിവാദനം അർപ്പിച്ചുകൊണ്ട് കൂറ്റൻ ബോർഡുകൾ പ്രദേശത്തെങ്ങും സ്ഥാപിക്കുന്നതു കണ്ടാൽ വികസന ഫണ്ടിന്റെ വിനിയോഗ നിയമത്തിൽ ഇങ്ങനെ ഒരു കണ്ടീഷൻ ഉൾപ്പെടുത്തിയിരിക്കുന്നതായി തോന്നും.ഫണ്ട് അനുവദിക്കുന്നതിനു പ്രതിഫലമായ് ഇങ്ങനെയൊരു പ്രത്യുപകാരം ജനസേവന തൽപ്പരരും,ഉദാരമതികളുമായ നമ്മുടെ ജനപ്രതിനിധികൾ ചോദിക്കാറുണ്ടെന്ന് ഗുണഭോക്താക്കൾ പറയുന്നു.നടപ്പാക്കുന്ന പദ്ധതികൾക്ക് കണക്കുപറഞ്ഞ് കപ്പം വാങ്ങുന്ന ഭരണാധികാരികളുടെ നാടാണിതെന്നോർക്കുമ്പോൾ നമ്മുടെ ജനപ്രതിനിധികളെയോർത്ത് നമുക്കു കോൾമയിർ കൊള്ളാം!
രഷ്ട്രീയ നേതാക്കൾക്കും,സിനിമാക്കാർക്കും,ക്രിക്കറ്റർമാർക്കും കേരള സമൂഹത്തിൽ അനർഹമായ പ്രാമുഖ്യം അടുത്ത കലത്ത് വളർന്നു വന്നു. ഇവർ എത്തുന്നിടത്തു കാണുന്ന ആൾക്കൂട്ടവും, പൊതു പരിപാടികളിൽ ഇവരെ പങ്കെടുപ്പിക്കാനുള്ള വ്യഗ്രതയും, അവരുടെ മുൻപിൽ അടിമയെപ്പോലെ നിൽക്കുന്ന ജനങ്ങളും ദയനീയമായ ഒരു കാഴ്ചയാണ്.സിനിമ നടന്മാരും,നടികളും, ക്രിക്കറ്റർമാരും ഇതിനു പ്രതിഫലം കണക്കു പറഞ്ഞു വാങ്ങും.രാഷ്ട്രീയക്കാർ അതു പലവഴിയിൽ മുതലാക്കും.ഉദ്ഘാടനത്തിനും,വിവാഹ സൽക്കാരത്തിനും,പതിനാറടിയന്തിരത്തിനും മന്ത്രിമാർ വേണം.എറണാകുളത്തെ മിക്ക സമ്മേളനങ്ങൾക്കും ഇപ്പോൾ മുഖ്യ പ്രഭാഷകൻ മഹാ ജ്ഞാനിയായ മദ്യ വകുപ്പു മന്ത്രിയാണ്.
ഏതാനും മാസങ്ങൾക്കു മുൻപ് എറണാകുളത്തെ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയ ജനനേതാക്കളുടെ ലിസ്റ്റ് നോക്കു.
ഒരു കേന്ദ്ര സഹ മന്ത്രി (സ്വതന്ത്ര ചുമതല)
ഒരു സംസ്ഥാന മന്ത്രി (പലവക വകുപ്പുകളുടെ ചുമതല)
ഒരു എം പി.
അഞ്ച് എം എൽ എ മാർ.
ആരാധ്യനായ മേയർ.
ആരാധ്യയായ ഡെപ്യൂട്ടി മേയർ.
ജില്ല പഞ്ചായത്ത് പ്രെസിഡന്റ്.
ജി സി ഡി എ ചെയർമാൻ. ഇവരുടെ മറ്റുകർമങ്ങളുടെ വ്യർഥതയോർത്താൽ ഇതിൽ ദുഖിയ്ക്കാനൊന്നുമില്ല.
ഡിസംബർ 3)0 തീയതിയിലെ മലയാള മനോരമയിൽ നാലിടത്ത് ഒരു കേന്ദ്ര മന്ത്രിയുടെ വർണ ചിത്രങ്ങൾ കാണാം. വനിതാ സുരക്ഷയ്ക്ക് മൊബൈൽഫോൺ ആപ്ലിക്കേഷൻ, ഹെല്പ് ഓൺ മൊബൈൽ ഉദ്ഘാടനം ചെയ്യുന്ന കേന്ദ്ര മന്ത്രി പ്രഫ്. കെവി തൊമസിന്റെ ചിത്രവും പ്രസംഗവും രണ്ടാമത്തെ പേജിൽ. ഫോർട്ടു കൊച്ചി അധികാരി വളപ്പ് സെന്റ് ജോസഫ് ആശ്രമ ദേവാലയത്തോട് ചേർന്നു നിർമിച്ച ഹോളിന്റെ ഉദ്ഘാടനം നടത്തുന്നതിന്റെയും, അയ്യപ്പൻ കാവ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന ചടങ്ങ് ഉദ്ഘാടനം നടത്തുന്നതിന്റെയും ചിത്രങ്ങളും, വാർത്തകളും ഏഴാമത്തെ പേജിൽ. കോഴിക്കോട് കരുണാകരൻ അനുസ്മരണ സമിതിയുടെ കർമ ശ്രേഷ്റ പുരസ്കാരത്തിന് അർഹനായ പ്രഫ് തോമസിന്റെ ഫോട്ടോയും,വാർത്തയും ഒൻപതാം പേജിൽ കാണാം.
തന്റെ ചരിത്ര വീക്ഷണം വഴിതിരിച്ചുവിട്ട ഒരു സുഹൃത്തുമായി പങ്കുവെച്ച കാലഘട്ടവും, ഒന്നിച്ചു കണ്ട കാഴ്ചളും വിവരിക്കുന്നിടത്തു സക്കറിയ പറയ്ന്നു.”മന്ത്രിമാർ രാജാക്കന്മാരായി ചമഞ്ഞ് ഞെളിയുന്നതു കണ്ടു.. ജനപ്രതിനിധികൾ ജനങ്ങളെക്കാൾ വലിയവരായി അഹങ്കരിക്കുന്നതു കണ്ടു. തെറ്റിദ്ധർക്കപ്പെട്ട പൌരൻ അവന്റെ സേവകനായ ജന പ്രതിനിധിയുടെ മുമ്പിൽ അടിമയെപ്പോലെ വാലാട്ടി നിൽക്കുന്നതു കണ്ടു.”
കണ്ടു മടുത്ത നേതാക്കന്മാരുടെ ചിത്രങ്ങൾ ഓർമയിൽ നിന്നു തന്നെ വെട്ടിമാറ്റാനുള്ള ശ്രമങ്ങൾക്ക് ദില്ലിയിൽ ജനങ്ങൾ തുടക്കമിട്ടു. കണ്ണുള്ളവർ കാണട്ടെ.
കേരളത്തിലെ നഗരങ്ങളിലും, നാട്ടിൻപുറങ്ങളിലും തെരുവുനായ്ക്കൾ മനുഷ്യനു ഭീഷണിയാകുംവിധം പെരുകുന്നു.തെരുവിൽ വലിച്ചെറിയുന്ന ഭക്ഷണ പദാർഥങ്ങളുടെ അവശിഷ്ടങ്ങളും, കശാപ്പുശാലകളിലെ മാലിന്യങ്ങളും തിന്നു കൊഴുക്കുന്ന ഇവയുടെ ആക്രമണങ്ങുളുടെ ഇരകൾ കാൽനടക്കാരും, ഇരുചക്ര യാത്രികരും, വളർത്തുമൃഗങ്ങളുമാണ്. കൊച്ചിയിൽ തെരുവുനായ്ക്കളുടെ ശല്യം നിത്യവും വാർത്തയാകുന്നു.കൊച്ചി കാണാനെത്തിയ വിദേശ വനിത പട്ടികടിയേറ്റ് നാട്ടിലേയ്ക്കു മടങ്ങി. ഫോർട്ട് കൊച്ചിയിലെ പൈതൃക വഴികളിലൂടെ നായ്ക്കളെ ഭയപ്പെടാതെ നടക്കാൻ കഴിയില്ല. പട്ടികടിയേറ്റ് ചികിത്സയിലായിരുന്ന പള്ളുരുത്തി നമ്പ്യാപുരം സ്വദേശി മരിച്ച സംഭവം കോർപറേഷൻ യോഗത്തിൽ ബഹളത്തിനിടയാക്കി. ഫൊർട്ട്കൊച്ചി കുട്ടികളുടെ പാർക്കിൽ മേഞ്ഞു നടന്ന ആട്ടിൻ കുട്ടിയെ തെരുവു നായ്ക്കൾ കൊന്നു തിന്നു.ഇളങ്കുന്നപ്പുഴയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂക്ക് നായ്ക്കൾ കടിച്ചെടുത്തു.
“ വയസായതിനാൽ പോറ്റാൻ താല്പര്യമില്ലാതെയും, വീടുമാറിപ്പോകുമ്പോൾ കൂടെക്കൊണ്ടുപോകാൻ കഴിയാതെയും, തങ്ങുളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഷ്ചവയ്ക്കാതെയുംവരുന്ന നായ്ക്കളെയാണ് നിഷ്കരുണം വഴിയിൽ തള്ളുന്നത് “. കഴിഞ്ഞ രണ്ടു മാസത്തിടെ 246 നായ്ക്കളെ കൊച്ചിയിലെ തെരുവുകളിൽ നിന്നും രക്ഷിച്ച് കർമ എന്ന സംഘടനയുടെ ഭാരവാഹികൾ പറയുന്നു. ഡാൽമീഷ്യൻ, ജർമൻ ഷെപ്പേർഡ്, ഡോബർമാൻ, ബോക്സർ ഇനത്തിൽപ്പെട്ടവയൊക്കെ ഇക്കൂട്ടത്തിൽപെടുന്നു. പൊങ്ങച്ചത്തിനും, അലങ്കാരത്തിനുമൊക്കെയായി വളർത്തുന്ന നായ്ക്കളോട് തരിമ്പും സ്നേഹം ഉടമകൾക്കില്ലെന്ന് ചില സംഭവങ്ങൾ തെ ളിയിക്കുന്നതായി അവർ പറയുന്നു.ഒരു മുന്തിയയിനം നായയുടെ വായ് ഒട്ടും തുറക്കാൻ കഴിയാത്ത വിധം വരിഞ്ഞുമുറുക്കിക്കെട്ടി മഞ്ഞുമ്മേൽ പാലത്തിനു സമീപം കൊണ്ടുവന്നു തള്ളിയത് ഇതിനു തെളിവായി അവർചൂണ്ടിക്കാണിക്കുന്നു.
നായ്ക്കൾ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ കൈ അല്ല വായ് വച്ചാൽ മനുഷ്യാവകാശ കമ്മീഷനു കണ്ടില്ലെന്നു നടിയ്ക്കാനാകുമൊ? പേപ്പട്ടികളെ പിടികൂടി കൊല്ലുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോടതി വിധികൾ ചൂണ്ടിക്കാണിച്ചു നിശ്ശബ്ദത പാലിച്ചാൽ തെരുവു നായ്ക്കൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കു സർക്കാരും, തദ്ദേശ ഭരണ സ്ഥാപനങ്ങളും നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും കമ്മീഷൻ അധ്യക്ഷൻ ജെ ബി കോശി ഉത്തരവിട്ടു. തെരുവുനായ്ക്കളെ പിടികൂടുന്ന പ്രശ്നത്തിൽ സർക്കാർ തലത്തിൽ പരിഹാ രം കാണണമെന്നും, തദ്ദേശ, ഭരണ, ധന വകുപ്പുകൾ സംയുക്തമായി തീരുമാനമെടുക്കണമെന്നും, ജ. കോശി നിർദേശിച്ചു.ഡിസംബർ 11 നകം ചീഫ് സെക്രട്ടറി വിശദീകരണം നൽകണം.കേസ് ഡിസംബർ19നു പരിഹരിക്കും. മലയാളികൾക്ക് ഇനി ആശ്വസിക്കാം.ഈ ഉത്തരവു വന്ന നവംബർ 11 നു തന്നെ മൃഗ സ്നേഹിയായ മേനകാ ഗാന്ധി തിരുവനന്തപുരത്തെത്തിയത് ഈ വിധി അറിഞ്ഞിട്ടാണൊ?. വിധിയുടെ ദുരന്ത ഫലം അനുഭവിക്കേണ്ട നായ്ക്കളൊ, വിധിയിൽ പരാമർശിക്കപ്പെടുന്ന വകുപ്പുകളൊ ഇതുവരെ വിധിയോടു പ്രതികരിച്ചില്ല.ശ്വാന നശീകരണത്തിനു തടസമായ കോടതി വിധികൾ ഉണ്ടെന്നു കമ്മീഷന്റെ വിധിയിൽ നിന്നു തന്നെ മനസ്സിലാകും.കമ്മീഷനൊ, കോടതിയൊ മൂത്തത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.
മനുഷ്യാവകാശ കമ്മീഷന്റെ വിധി വരും മുൻപേ ഭരണകൂടം ഈ വിപത്തിനു തടയിടാൻ തുടങ്ങിയത് കമ്മീഷൻ അറിഞ്ഞില്ല നവംബർ ഒന്നാം തീയതിയിലെ പത്രങ്ങളിൽ എറണാകുളത്തു നിന്നും റിപ്പോർട്ടു ചെയ്ത വാർത്ത. തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം സ്ഥാപിയ്ക്കാൻ നടപടി തുടങ്ങി. ആനിമൽ ബർത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുർത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്,മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു മുൻഗണന. പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത്.
ആനന്ദ ലബ്ധിക്കിനിയെന്തുവേണം::മന്ത്രി പുംഗവന്മാർ മാറി മാറി ഉദ്ഘാടനം നടത്തിയ കൊല്ലം - കോട്ടപ്പുറം ജലപാത പോലെ, കഞ്ചിക്കോട്ടെ കോച്ചു ഫക്റ്ററി പോലെ, ചേർത്തലയിലെ കോച്ച് റിപ്പയറിങ്ങ് യാർഡു പോലെ, കായൽ ടൂറിസത്തിനേർപ്പെടുത്തിയ സീപ്ലെയിൻ പോലെ ശ്വാന സങ്കേതവും ഉടനടി തുറക്കും. ഈ തീരുമാനമെടുത്ത നേതാക്കന്മാരുടെ, ഏറ്റവും ചുരുങ്ങിയ്തു കേന്ദ്ര മന്ത്രിയുടേതെങ്കിലും നായ്ക്കളോടൊപ്പം നിൽക്കുന്ന ഫ്ലക്സ്ബോർഡ് സ്ഥാപിക്കേണ്ടതായിരുന്നു.
തൊഴിലാളികളുടെ ദൌർലഭ്യം രൂക്ഷമായ കേരളത്തിൽ നായ്ക്കളെ പിടിക്കാൻ ആരെ കിയ്യ്ട്ടും? സ്ത്രീകളെ പിടിക്കാനായിരുന്നെങ്കിൽ നമ്മുടെ നേതാക്കന്മാരും, ജനപ്രതിനിധികളും മതിയായിരുന്നു.
Post Script.
ശ്വേതാ മേനോനോട് അപമര്യാദയായി പെരുമാറിയ പീതാമ്പരക്കുറുപ്പിന്റെ നടപടിയെക്കുറിച്ചു പ്രതികരണമാരാഞ്ഞ പത്ര പ്രവർത്തകരോട് കെ പി സി സി പ്രസിഡ്ന്റ് പറഞ്ഞു. ഞാൻ വിഷയം പഠിച്ചുകൊണ്ടിരിക്കുന്നു.പുതിയസെൻസേഷനുകൾക്കു പിറകെ പോകുന്ന പത്രക്കാർ കാര്യം മറന്നു. എന്നാൽ ഞങൾ വോട്ടർമാർക്ക് അതിന്റെ ഉത്തരം അറിയാൻ താല്പര്യമുണ്ട്.
സാർ, പറനം പ്രാക്റ്റിക്കലൊ, തിയറിയൊ?
പഠനം എന്നു കഴിയും?
ഏന്താണു റിസൾട്ട്?
“പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ“ എന്ന മട്ടാണെങ്കിൽ ക്ഷമിക്കുക.