കേരളത്തിലെ നഗരങ്ങളിലും, നാട്ടിൻപുറങ്ങളിലും തെരുവുനായ്ക്കൾ മനുഷ്യനു ഭീഷണിയാകുംവിധം പെരുകുന്നു.തെരുവിൽ വലിച്ചെറിയുന്ന ഭക്ഷണ പദാർഥങ്ങളുടെ അവശിഷ്ടങ്ങളും, കശാപ്പുശാലകളിലെ മാലിന്യങ്ങളും തിന്നു കൊഴുക്കുന്ന ഇവയുടെ ആക്രമണങ്ങുളുടെ ഇരകൾ കാൽനടക്കാരും, ഇരുചക്ര യാത്രികരും, വളർത്തുമൃഗങ്ങളുമാണ്. കൊച്ചിയിൽ തെരുവുനായ്ക്കളുടെ ശല്യം നിത്യവും വാർത്തയാകുന്നു.കൊച്ചി കാണാനെത്തിയ വിദേശ വനിത പട്ടികടിയേറ്റ് നാട്ടിലേയ്ക്കു മടങ്ങി. ഫോർട്ട് കൊച്ചിയിലെ പൈതൃക വഴികളിലൂടെ നായ്ക്കളെ ഭയപ്പെടാതെ നടക്കാൻ കഴിയില്ല. പട്ടികടിയേറ്റ് ചികിത്സയിലായിരുന്ന പള്ളുരുത്തി നമ്പ്യാപുരം സ്വദേശി മരിച്ച സംഭവം കോർപറേഷൻ യോഗത്തിൽ ബഹളത്തിനിടയാക്കി. ഫൊർട്ട്കൊച്ചി കുട്ടികളുടെ പാർക്കിൽ മേഞ്ഞു നടന്ന ആട്ടിൻ കുട്ടിയെ തെരുവു നായ്ക്കൾ കൊന്നു തിന്നു.ഇളങ്കുന്നപ്പുഴയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂക്ക് നായ്ക്കൾ കടിച്ചെടുത്തു.
“ വയസായതിനാൽ പോറ്റാൻ താല്പര്യമില്ലാതെയും, വീടുമാറിപ്പോകുമ്പോൾ കൂടെക്കൊണ്ടുപോകാൻ കഴിയാതെയും, തങ്ങുളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഷ്ചവയ്ക്കാതെയുംവരുന്ന നായ്ക്കളെയാണ് നിഷ്കരുണം വഴിയിൽ തള്ളുന്നത് “. കഴിഞ്ഞ രണ്ടു മാസത്തിടെ 246 നായ്ക്കളെ കൊച്ചിയിലെ തെരുവുകളിൽ നിന്നും രക്ഷിച്ച് കർമ എന്ന സംഘടനയുടെ ഭാരവാഹികൾ പറയുന്നു. ഡാൽമീഷ്യൻ, ജർമൻ ഷെപ്പേർഡ്, ഡോബർമാൻ, ബോക്സർ ഇനത്തിൽപ്പെട്ടവയൊക്കെ ഇക്കൂട്ടത്തിൽപെടുന്നു. പൊങ്ങച്ചത്തിനും, അലങ്കാരത്തിനുമൊക്കെയായി വളർത്തുന്ന നായ്ക്കളോട് തരിമ്പും സ്നേഹം ഉടമകൾക്കില്ലെന്ന് ചില സംഭവങ്ങൾ തെ ളിയിക്കുന്നതായി അവർ പറയുന്നു.ഒരു മുന്തിയയിനം നായയുടെ വായ് ഒട്ടും തുറക്കാൻ കഴിയാത്ത വിധം വരിഞ്ഞുമുറുക്കിക്കെട്ടി മഞ്ഞുമ്മേൽ പാലത്തിനു സമീപം കൊണ്ടുവന്നു തള്ളിയത് ഇതിനു തെളിവായി അവർചൂണ്ടിക്കാണിക്കുന്നു.
നായ്ക്കൾ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ കൈ അല്ല വായ് വച്ചാൽ മനുഷ്യാവകാശ കമ്മീഷനു കണ്ടില്ലെന്നു നടിയ്ക്കാനാകുമൊ? പേപ്പട്ടികളെ പിടികൂടി കൊല്ലുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോടതി വിധികൾ ചൂണ്ടിക്കാണിച്ചു നിശ്ശബ്ദത പാലിച്ചാൽ തെരുവു നായ്ക്കൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കു സർക്കാരും, തദ്ദേശ ഭരണ സ്ഥാപനങ്ങളും നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും കമ്മീഷൻ അധ്യക്ഷൻ ജെ ബി കോശി ഉത്തരവിട്ടു. തെരുവുനായ്ക്കളെ പിടികൂടുന്ന പ്രശ്നത്തിൽ സർക്കാർ തലത്തിൽ പരിഹാ രം കാണണമെന്നും, തദ്ദേശ, ഭരണ, ധന വകുപ്പുകൾ സംയുക്തമായി തീരുമാനമെടുക്കണമെന്നും, ജ. കോശി നിർദേശിച്ചു.ഡിസംബർ 11 നകം ചീഫ് സെക്രട്ടറി വിശദീകരണം നൽകണം.കേസ് ഡിസംബർ19നു പരിഹരിക്കും. മലയാളികൾക്ക് ഇനി ആശ്വസിക്കാം.ഈ ഉത്തരവു വന്ന നവംബർ 11 നു തന്നെ മൃഗ സ്നേഹിയായ മേനകാ ഗാന്ധി തിരുവനന്തപുരത്തെത്തിയത് ഈ വിധി അറിഞ്ഞിട്ടാണൊ?. വിധിയുടെ ദുരന്ത ഫലം അനുഭവിക്കേണ്ട നായ്ക്കളൊ, വിധിയിൽ പരാമർശിക്കപ്പെടുന്ന വകുപ്പുകളൊ ഇതുവരെ വിധിയോടു പ്രതികരിച്ചില്ല.ശ്വാന നശീകരണത്തിനു തടസമായ കോടതി വിധികൾ ഉണ്ടെന്നു കമ്മീഷന്റെ വിധിയിൽ നിന്നു തന്നെ മനസ്സിലാകും.കമ്മീഷനൊ, കോടതിയൊ മൂത്തത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.
മനുഷ്യാവകാശ കമ്മീഷന്റെ വിധി വരും മുൻപേ ഭരണകൂടം ഈ വിപത്തിനു തടയിടാൻ തുടങ്ങിയത് കമ്മീഷൻ അറിഞ്ഞില്ല നവംബർ ഒന്നാം തീയതിയിലെ പത്രങ്ങളിൽ എറണാകുളത്തു നിന്നും റിപ്പോർട്ടു ചെയ്ത വാർത്ത. തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം സ്ഥാപിയ്ക്കാൻ നടപടി തുടങ്ങി. ആനിമൽ ബർത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുർത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്,മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു മുൻഗണന. പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത്.
ആനന്ദ ലബ്ധിക്കിനിയെന്തുവേണം::മന്ത്രി പുംഗവന്മാർ മാറി മാറി ഉദ്ഘാടനം നടത്തിയ കൊല്ലം - കോട്ടപ്പുറം ജലപാത പോലെ, കഞ്ചിക്കോട്ടെ കോച്ചു ഫക്റ്ററി പോലെ, ചേർത്തലയിലെ കോച്ച് റിപ്പയറിങ്ങ് യാർഡു പോലെ, കായൽ ടൂറിസത്തിനേർപ്പെടുത്തിയ സീപ്ലെയിൻ പോലെ ശ്വാന സങ്കേതവും ഉടനടി തുറക്കും. ഈ തീരുമാനമെടുത്ത നേതാക്കന്മാരുടെ, ഏറ്റവും ചുരുങ്ങിയ്തു കേന്ദ്ര മന്ത്രിയുടേതെങ്കിലും നായ്ക്കളോടൊപ്പം നിൽക്കുന്ന ഫ്ലക്സ്ബോർഡ് സ്ഥാപിക്കേണ്ടതായിരുന്നു.
തൊഴിലാളികളുടെ ദൌർലഭ്യം രൂക്ഷമായ കേരളത്തിൽ നായ്ക്കളെ പിടിക്കാൻ ആരെ കിയ്യ്ട്ടും? സ്ത്രീകളെ പിടിക്കാനായിരുന്നെങ്കിൽ നമ്മുടെ നേതാക്കന്മാരും, ജനപ്രതിനിധികളും മതിയായിരുന്നു.
Post Script.
ശ്വേതാ മേനോനോട് അപമര്യാദയായി പെരുമാറിയ പീതാമ്പരക്കുറുപ്പിന്റെ നടപടിയെക്കുറിച്ചു പ്രതികരണമാരാഞ്ഞ പത്ര പ്രവർത്തകരോട് കെ പി സി സി പ്രസിഡ്ന്റ് പറഞ്ഞു. ഞാൻ വിഷയം പഠിച്ചുകൊണ്ടിരിക്കുന്നു.പുതിയസെൻസേഷനുകൾക്കു പിറകെ പോകുന്ന പത്രക്കാർ കാര്യം മറന്നു. എന്നാൽ ഞങൾ വോട്ടർമാർക്ക് അതിന്റെ ഉത്തരം അറിയാൻ താല്പര്യമുണ്ട്.
സാർ, പറനം പ്രാക്റ്റിക്കലൊ, തിയറിയൊ?
പഠനം എന്നു കഴിയും?
ഏന്താണു റിസൾട്ട്?
“പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ“ എന്ന മട്ടാണെങ്കിൽ ക്ഷമിക്കുക.
No comments:
Post a Comment