Tuesday, 7 November 2017

കുഞ്ഞിക്ക ഒരു ഓര്‍മ്മക്കുറിപ്പ്.

1970ല്‍ ചങ്ങനാശ്ശേരി എസ് ബി കോളജില്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പരിചയപ്പെടുന്നത്.പുസ്തകങ്ങളിലൂടെയുള്ള അടുപ്പം.
ആദ്യം വായിച്ചത് "അലിഗഡിലെ തടവുകാരന്‍" പുനത്തില്‍ - വിചിത്രമായി തോന്നിയ ആ പേരിന്‍റെ ഉടമ വടകരയിലെ ഡോക്ടര്‍ ആണെന്നു പറഞ്ഞു തന്നത് എസ് ബി യിലെ 
പ്രോഫസ്സര്‍ എന്‍ എസ് സെബാസ്റ്റ്യന്‍.അദ്ദേഹത്തിന്‍റെ എല്ലാ കൃതികളും തേടിപ്പിടിച്ചു വായിച്ചു.
മലമുകളിലെ അബ്ദുള്ള
കാലാള്‍പ്പടയുടെ വരവ്
സ്മാരക ശിലകള്‍
കന്യാവനങ്ങള്‍
മരുന്ന്
സുര്യന്‍
കത്തി
കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍
,, ,,,
1991ല്‍ വടകരയില്‍ എത്തുമ്പോള്‍ ആദ്യം അന്വേഷിച്ചത് പുനത്തിലിനെ ആയിരുന്നു.ആല്‍മ ഹോസ്പിറ്റലില്‍ എത്തി പരിചയപ്പെടുമ്പോള്‍ ചിര പരിചിതനായ ഒരു സുഹൃത്തിനോടെന്നപോലെ
അദ്ദേഹം എന്നോടിടപെട്ടു. കോട്ടയം കാരുടെ കുടംപുളിയിട്ട മിന്‍ കറിയും,പാലപ്പവും,താറാവ് റോസ്റ്റും ഇഷ്ടപ്പെടുന്ന പുനത്തില്‍ കാഞ്ഞിരപ്പള്ളിക്കാരന്‍ നസ്രാണി എന്നു പറഞ്ഞാണ് എന്നെ
സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ഞാ ന്‍ അദ്ദേഹത്തെ കുഞ്ഞിക്ക എന്നും വിളിച്ചു.ചിരിയും,തമാശകളും, നിറഞ്ഞോഴുകുന്ന സ്നേഹവും ഇല്ലാതെ കുഞ്ഞിക്കയെ കാണാന്‍
കഴിയില്ല.നാട്യങ്ങളോ, കോപമോ അദ്ദേഹത്തിനില്ല.വടകര ടൌണില്‍ അദ്ദേഹമെന്‍റെ അയല്‍ക്കാരന്‍ ആയിരുന്നു മഴയുള്ള ഒരു രാത്രിയില്‍ അക്ബര്‍ കക്ക്ട്ടിലിനൊപ്പം കഥയും,കവിതയും,
തമാശകളുമായി പുലരുവോളം കുഞ്ഞിക്കയുടെ വീട്ടില് ആഘോഷിച്ചതിന്റെ ഓര്‍മ. പിന്നെ എത്രയോ സൌഹൃദ സദസ്സുകള്‍. നിങ്ങള്‍ പഴയ പരിചയക്കാര്‍ ആണോ എന്നു പലരും ചോദിച്ചു.
അവരോട് കുഞ്ഞിക്ക പറയും,"ഞങ്ങള്‍ ഇപ്പോഴാണ് പരിചയപ്പെടുന്നത്,എന്നാല്‍ ഞങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍ പരിചയക്കാര്‍ ആയിരുന്നു എന്നു തോന്നുന്നു"
കുഞ്ഞിക്കയുടെ ഹോസ്പിറ്റലില്‍ വച്ച് എന്‍റെ കൈയില്‍ ചെറിയൊരു ശസ്ത്രക്രിയ നടത്തി. സര്‍ജന്‍ വരാന്‍ വൈകിയപ്പോള്‍ പതിവു സുരപാനം. ഓപ്പറേഷന് മുന്പ് കുഞ്ഞിക്ക സര്‍ജനോടു പറഞ്ഞു.
ഇനി ലോക്കല്‍ അനസ്തീസിയ വേണ്ട. സര്‍ജറി കഴിയും വരെ കുഞ്ഞിക്ക കുഞ്ഞുണ്ണിക്കവിതകള്‍ പാടി എന്‍റെ അരികെ നിന്നു.
ഓപ്പറേഷന്‍ തിയേറ്റര്‍ വിപുലീകരിക്കാന്‍ അദ്ദേഹം ലോണ്‍ ചോദിച്ചപ്പോള്‍ എനിക്ക് പുനരാലോചന ഇല്ലായിരുന്നു. കൊലാറ്റരല്‍ ഇല്ലാതെ ലോണ്‍ പാസ്സാക്കാന്‍ പ്രശസ്തരുടെ സൗഹൃദം
ബലഹീനത ആയിരുന്ന ചെയര്‍മാന്‍ ഉത്സാഹിച്ചു. ജാമ്യം നില്‍ക്കമേന്നെറ്റ ഡോക്ടര്‍മാര്‍ രഹസ്യമായി ലോണ്‍ എങ്ങനെയെങ്കിലും മുടക്കണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു. കച്ചവടക്കാരന്‍ അല്ലാത്ത
പുനത്തില്‍ പരാജയപ്പെട്ടലോ എന്ന ഭയം അവരെ ബാധിച്ചിരുന്നു.ഞാന്‍ വാക്കു മാറാന്‍ തയ്യാറായില്ല.
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കുഞ്ഞിക്കയെ വിളിച്ചത് ഒരു പ്രസംഗത്തിനു ക്ഷണിക്കാന്‍ ആയിരുന്നു.ഞാനന്ന് എറണാകുളം ബാങ്കേര്‍സ് ക്ലബ് സെക്രട്ടറി ആയിരുന്നു.
മലയാളികളുടെ സദാചാര ബോധം എന്ന ഞാന്‍ നിര്‍ദേശിച്ച വിഷയം കുഞ്ഞിക്കക്ക് നന്നേ ബോധിച്ചു. കുഞ്ഞിക്ക കടുപ്പിച്ചു പറഞ്ഞു "എനിക്ക് പ്രസംഗത്തിനു 50000 ക. കിട്ടണം.
സ്യുപ്പര്‍സ്റ്റാര്‍ു കള്‍ക്ക്,പത്തു ലക്ഷം രുപ എക്സ്ട്രകള്‍ക്ക് ഒരു ലക്ഷം റുപാ,അലവലാതി മിമിക്രിക്കാര്‍ക്ക് 50000ക. നിങ്ങളുടെ ലോണിനു ഞാന്‍ പലിശയും, പിഴപ്പലിശയും തന്നില്ലേ.
അറുപതു വര്‍ഷമായി സാഹിത്യ ലോകത്തുള്ള ഒരു കലാകാരനാണ് ഞാനും.എനിക്കും ജിവിക്കണം." അദ്ദേഹത്തിന്‍റെ നിലപാട് ശരിയെന്ന് എനിക്കും തോന്നി.കുഞ്ഞിക്ക എനിക്കായി
നിരക്കു കുറച്ചു.പതിനായിരത്തില്‍ എത്തി.ഇതെല്ലാം കുഞ്ഞിക്കയുടെ തമാശ ആണെന്ന്‍ എനിക്കറിയാം എന്തുകൊണ്ടോ പരിപാടി നടന്നില്ല.പിന്നീട്‌ സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തിന്
എറണാകുളത്തെത്തിയപ്പോള്‍ ഞാന്‍ കുഞ്ഞിക്കയെ കണ്ടു. അദ്ദേഹം ക്ഷിണിതന്‍ ആയിരുന്ന.കുഞ്ഞിക്കയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ കടലാസ് ശേഖരംത്തില്‍ പരതി .കഴിഞ്ഞ
ആഴ്ച വരെ ഞാന്‍ നിധി പോലെ സുക്ഷിച്ചിരുന്ന കുഞ്ഞിക്കയുടെ ഒരു കത്ത് കാണ്മാനില്ല.കുഞ്ഞിക്ക മണ്‍മറഞ്ഞതു പോലെ എന്‍റെ കൈയില്‍ ഇരുന്ന കത്തും മറഞ്ഞു പോയി.സ്വര്‍ഗത്തിലും കുഞ്ഞിക്ക തിമര്‍ത്തു വാഴട്ടെ

നീതിമാന്റെ രക്തത്തിനു നൊക്കുകൂലി

കേരളപ്പിറവിയുടെ അറുപത്തി ഒന്നാം വാര്‍ഷികത്തില്‍ ഒരു അവലോകനം
"നിഷ്കളങ്ക രകതത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു.....വെള്ളി നാണയങ്ങള്‍ ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ് അവന്‍ പോയി കെട്ടി ഞാന്ന് ചത്തു. മത്തായി 27/4
കൊച്ചിയില്‍ ആശുപത്രിയില്‍ ആയിരുന്ന ബന്ധുവിനെ കണ്ടു സ്കൂട്ടറില്‍ മടങ്ങുമ്പോള്‍ ദമ്പതികള്‍ ലോറി ഇടിച്ചു മരിച്ചു. ആലുവ സെമിനാരിപ്പടിയില്‍ ഒക്ടോബര്‍
ഇരുപത്തെട്ടു ശനിയാഴ്ച ആയിരുന്നു അപകടം. അങ്കമാലിക്കാരായ പെരുമ്പിള്ളില്‍ പരമേശ്വരന്‍നായര്‍, ഭാര്യ ലളിത എന്നിവരാണ് മരിച്ചത്. ലോറി നിര്‍ത്താതെ
ഓടിച്ചു പോയി.ഒരു ദൃക്സാക്ഷിയുടെ മൊഴിയുടെയും, ചില സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നിശിതമായ തിരച്ചിലിനൊടുവില്‍
ഡ്രൈവറെ സേലത്തു നിന്ന് അറസ്റ്റ് ചെയ്തു.അറിഞ്ഞോ അറിയാതെയോ ഉണ്ടായ അപകടത്തില്‍ ആളുകള്‍ മരിച്ചാല്‍ പൊലീസില് അറിയിച്ച് കീഴടങ്ങുകയാണ്
പരമമായ ധര്‍മം എന്നു കരുതുന്നവര്‍ അപൂര്‍വ്വം. അപകടം കണ്ടുനില്‍ക്കുന്ന ജനം നിയമം കൈയില്‍ എടുക്കുന്നത് സാധാരണം ആയ ഇന്ത്യ പോലുള്ള പ്രാകൃത
സമൂഹത്തില്‍ പ്രാണനും കൊണ്ട് ഒടാനാകും ആരും ആദ്യം ശ്രമിക്കുക.
സംഭവത്തിന് മനുഷ്യത്ത രഹിതമായ ഒരു ഉപകഥ ഉണ്ട്. സംഭവം കണ്ടു നിന്ന രണ്ടു പേര്‍ അധികാരികളെ വിവരം അറിയിക്കാതിരിക്കുവാന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി
പണം പിടുങ്ങി. അവരെ രക്ഷിക്കാനോ, പൊലീസില്‍ അറിയിക്കാനോ ശ്രമിക്കാതെ ഈ നരാധമര്‍ അത്യാഹിതം ഒരു ധനാഗമ മാര്‍ഗം ആക്കി.
ഒളിഞ്ഞു നോട്ടത്തിനും,നോക്കുകുലിക്കും പുകള്‍പെറ്റ മലയാളി കേരളപ്പിറവിയുടെ അറുപത്തി ഒന്നാം വാര്‍ഷികത്തില്‍ അവന്‍റെ ഉള്ളിലെ മനുഷ്യത്വത്തിന്റെ
അവസാനത്തെ ശേഷിപ്പുകളും നഷ്ടപ്പെടുത്തി നീതിമാന്റെ രക്തത്തിനു നോക്കുകൂലി വാങ്ങി.ഇവരാണത്രെ പെരുവഴിയിലും,സമൂഹ മ്മധ്യമാങ്ങളിലും ധര്‍മ രോഷം
കൊള്ളുന്നവര്‍ - തെളിവെടുപ്പിനു കൊണ്ടുപോകുന്ന പ്രതികളെ കല്ലെറിയുന്നതും,ആരോപിതരുടെ അഭിഭാഷകരെ വസ്ത്രം ഉയര്ത്തിക്കാട്ടുന്നതും.പണക്കൊതിയന്മാരും,
നെറികെട്ടവരും, അല്പ്പബുധ്ധികളും ആയ സിനിമ താരങ്ങളുടെയും,ക്രിക്കറ്റര്‍മാരുടേയും, രാശ്ട്രീയക്കാരുടെയും കാലു നക്കുന്നതും അവരെ താരങ്ങള്‍ ആക്കുന്നതും.
ഇവരാണ്. ആരാധിക്കുന്നവരും,ആരാധനാപാത്രങ്ങളും ഒരുപോലെ നികൃഷ്ടര്‍.