Showing posts with label Federal Bank. Show all posts
Showing posts with label Federal Bank. Show all posts

Monday, 17 October 2016

നിയമം നിയമത്തിന്‍റെ വഴിക്കും, ബാങ്കുകള്‍ അവയുടെ വഴിക്കും.


                                                                         

                       എറണാകുളം ജില്ലയിലെ വിവിധ ബാങ്കുകളെ വഞ്ചിച്ച് ലോണ്‍ എടുത്ത് 27 പോഷ് കാറുകള്‍ വാങ്ങി മറിച്ചു വിറ്റ ഒരു സംഘത്തിലെ ഏതാനും പ്രതികളെ ഈയിടെ അറസ്റ്റ്ചെയ്തു. പല പ്രതികളും ഒളിവിലാണ്.ബാങ്കുകളില്‍ ലോണിനായി അവര്‍ നല്‍കിയ ആധാര്‍ കാര്‍ഡുകള്‍,പാന്‍ കാര്‍ഡുകള്‍,ഇന്‍കം സര്‍ടിഫിക്കറ്റുകള്‍,സാലറി സര്‍ടിഫിക്കറ്റുകള്‍ മുതാലായ എല്ലാ രേഖകളും വ്യാജം ആയിരുന്നു.ഈ കേസിലെ പ്രതികളില്‍ ചിലര്‍ എന്‍റെ ആവാസ കേന്ദ്രത്തിന് അടുത്തു താമസിക്കുന്നവരും,ഞാന്‍ 37 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം‍ (അങ്ങിനെ ആര്‍ക്കെങ്കിലും തോന്നുന്നില്ലെങ്കില്‍ 
കര്‍ത്താവേ അവരോട് ക്ഷമിക്കണമേ) ബാങ്കില്‍നിന്ന് റിട്ടയര്‍ ചെയ്ത ആള്‍ ആയതുകൊണ്ടും, പലരും എന്നോടു ചോദിച്ചു "ഇതെങ്ങിനെ സാധിക്കുന്നു? ഞങ്ങള്‍ ഒരു ലോണ്‍ ചോദിച്ചു ബാങ്കില്‍ ചെന്നാല്‍ 
വരുമാനത്തിനു തെളിവു ചോദിക്കും,കിടപ്പാടത്തിന്‍റെ ആധാരം ചോദിക്കും, 36 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ് ചോദിക്കും, കൈവശ സര്‍ടിഫിക്കറ്റ് ചോദിക്കും,വസ്തുവിന്‍റെ സ്കെച്ച് ചോദിക്കും,
പൊതു നിരത്തില്‍ നിന്നും വണ്ടി ഓടിച്ചു കയറാനുള്ള വഴി ഉണ്ടോ എന്നു ചോദിക്കും."വസ്തുവിന്‍റെ പരിശോധനയും, ആധാരങ്ങളുടെ നിയമ സാധുതയും ഉറപ്പിച്ച് വക്കീലിന്‍റെ സര്‍ട്ടിഫിക്കറ്റും വാങ്ങിയ ശേഷം ലോണ്‍ വേണമെങ്കില്‍ ആള്‍ ജാമ്യവും, ഭാര്യയുടെ പണയവും ആവശ്യപ്പെടും. അപ്പോള്‍ ഇതെങ്ങിനെ സാധിക്കുന്നു?"
                      രണ്ടു വര്ഷം മുന്പ് വായിച്ച മറ്റൊരു വഞ്ചനയുടെ വാര്‍ത്ത ഓര്‍മ വരുന്നു. തട്ടൂകടകളില്‍ പൊറോട്ട അടിച്ചു നടന്ന കൊച്ചി കടവന്ത്ര സ്വദേശി സതീശ് കുമാര്‍ സിതാര എന്ന ക്രിമിനല്‍  ഡോക്ടര്‍ സതീശ് കുമാര്‍ ആയി നുറനാട്, ഇളവനക്കാട് അര്‍ച്ചന എഞ്ചിനീയറിംഗ് കോളജില്‍ പ്രിന്‍സിപ്പല്‍ ആയി സ്തുത്യര്‍ഹമായ സേവനം ചെയ്തുകൊണ്ടിരിക്കെ അറസ്റ്റിലായി.വിദ്യാഭ്യാസം വില്പനച്ചരക്കായ ഇക്കാലത്ത് നിരക്ഷര കുക്ഷികള്‍ 
അധ്യാപഹയര്‍ ആകുന്നതിലോ, പ്രിന്‍സിപ്പല്‍ ആകുന്നതിലോ അതിശയമില്ല. എന്നാല്‍ ഈ മഹാന്‍ സമീപ പ്രദേശങ്ങളിലെ ബാങ്കുകളില്‍ നിന്ന് വന്‍ തുകകള്‍ കടമെടുക്കുകയും, രണ്ട് പോഷ് കാറുകള്‍ വാങ്ങുകയും ചെയ്തു. അപ്പോഴും പലരും എന്നോട് ചോദിച്ചു ഇതെങ്ങിനെ സാധിക്കുന്നു?
                       അര ലക്ഷം രുപ വായ്പ വാങ്ങി തിരിച്ചടവു മുടങ്ങിയാല്‍ ഞാനും,നിങ്ങളും ജയിലില്‍ ആകും. എന്നാല്‍ 9000 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വിജയ് മല്യ സുന്ദരികളുടെ തോളില്‍ കൈയിട്ട് പറന്നു നടന്നപ്പോഴും, എം പി ആയി തുടര്‍ന്നപ്പോഴും, രക്ഷപ്പെട്ടു പോയപ്പോഴും പലരും ചോദിച്ചു.ഇതെങ്ങിനെ സാധിക്കുന്നു?
                         ജനകോടികളുടെ മധ്യസ്ഥന്‍ വഞ്ചനക്കേസില്‍ അകത്തായത് മിഡില്‍ ഈസ്ടിലെ ശക്തമായ നിയമ വാഴ്ച കാരണമാണ്.അയാള്‍ വഞ്ചിച്ച ഇന്ത്യയിലെ ബാങ്കുകള്‍ എന്ത് ചെയ്യുന്നു? ഇപ്പോള്‍ ഞാന്‍ എന്നോടു 
തന്നെ ചോദിക്കുന്നു ഇതൊക്കെ എങ്ങിനെ സാധിക്കുന്നു?
                         നിയമം നിയമത്തിന്‍റെ വഴിക്ക് പോകും എന്ന ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുന്ന ആപ്ത വാക്യത്തിന്‍റെ പ്രസക്തി ഇവിടെയാണ്‌.നിയമം എങ്ങോട്ട് പോകും എന്ന്‍ അറിയാവുന്നതു കൊണ്ടാണ് അദ്ദേഹം ചിരിക്കുന്നത്.
                       ആംഗ്ലോ ഐറിഷ് നോവലിസ്റ്റ് ഒലിവര്‍ ഗോള്‍ഡ്‌സ്മിത്ത് കുറേക്കുടി ലളിതമായി പറഞ്ഞു "നിയമം പാവപ്പെട്ടവനെ അരക്കും , പണക്കാരന്‍ നിയമത്തെ ഭരിക്കും."(Law grinds the poor,rich men rule
the law)
                കിട്ടാക്കടങ്ങള്‍ പൊതുമുതല്‍ ആയതുകൊണ്ട് ബാങ്ക് മേധാവികള്‍ക്കോ, ധനകാര്യ മന്ത്രിമാര്‍ക്കോ ബേജാര്‍ ആകേണ്ട കാര്യമില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പൊയ്ക്കോണ്ടേയിരിക്കും. 
mathewpaulvayalil.blogspot.in