Showing posts with label Rajani Kant. Show all posts
Showing posts with label Rajani Kant. Show all posts

Saturday, 6 August 2016

കബാലി ഡാ, തരിപ്പ് ഡാ.




                സിനിമ പോലെ ജനങ്ങളെ സ്വാധീനിച്ച മറ്റൊരു കലാരൂപം ഇന്ത്യയിലില്ല.ലോകത്ത് ഏറ്റവുമധികം സിനിമകള്‍ നിര്‍മിക്കപ്പെടുന്ന രാജ്യവും ഇന്ത്യ തന്നെ - ഇവയില്‍ തൊണ്ണൂറ്റൊന്പതു ശതമാനവും
കലാമൂല്യം ഇല്ലാത്ത ചിത്രങ്ങളും. വിശ്വസിനിമയില്‍ ഇടം നേടിയ ചുരുക്കം ചില ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത് ബംഗാളി,മലയാളം, മറാത്തി,കന്നഡ എന്നീ ഭാഷകളില്‍ ആണ്.
                                     ഒരു സിനിമ എങ്ങിനെ ആയിരിക്കരുത് എന്നതിന് ഉദാഹരണം ആയി കാണിക്കാന്‍ പറ്റിയവകള്‍ ആണ് ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന മുഖ്യധാരാ സിനിമള്‍. ഹിന്ദിയിലും, പ്രാദേശിക ഭാഷകളിലും പടച്ചുവിടുന്ന ചവറു സിനിമകളുടെ പ്രേക്ഷകര്‍ ,അവരുടെ ശുഷകമായ ആസ്വാദന നിലവാരത്തെ തൃപ്തിപ്പെടുത്തന്ന ഫോര്മുലകളാലും , താരാരധനയാലും ആകര്ഷിക്കപ്പെടുന്നവരാണ്. ദാരിദ്ര്യത്തിലും,നിരക്ഷരതയിലും കഴിയുന്നവര്‍ക്ക്, പകല്‍ നേരത്തെ അധ്വാനത്തിനു ശേഷം രണ്ടോ, മൂന്നൊ പെഗ് പോലെ സുഖദായകം ആണ് രണ്ടോ മൂന്നൊ മണിക്കൂര്‍ നേരം സ്വപ്ന ലോകത്തേക്ക് ഒരു പ്രയാണം.അവിടെ അവര്‍ കാണാന്‍ കൊതിക്കുന്നത് അവര്‍ക്ക് നിഷേധിക്കപ്പെട്ട മോഹവും, കാമവും, ക്രോധവും, താപവും, സമ്പത്തിന്‍റെ ധാരാളിത്തവുമാണ്, ഇത് സ്വാതന്ത്രിയത്തിനു തൊട്ടു മുന്‍പും,പിന്‍പും ഉണ്ടായിരുന്ന അവസ്ഥ. എന്നാല്‍ നാട് വളര്‍ന്നിട്ടും,സാമ്പത്തികവും,വിദ്യാഭ്യാസപരവുമായ പുരോഗതി ഉണ്ടായിട്ടും സിനിമയുടെ മായിക വലയത്തില്‍ നിന്നും അവര്‍ രക്ഷപ്പെട്ടില്ല.ദൃശ്യ മാധ്യമങ്ങള്‍ സാമ്പത്തിക പുരോഗതി നേടിയവരെയും, വിദ്യാസംപന്നരെയും നിരക്ഷരരെ പോലെ സിനിമയുടെ ലഹരിയാല്‍ ബന്ധിച്ചു.
                                            സി രാജഗോപാലാചാരി, ടി ടി കൃ ഷ്ണമാചാരി,ഭക്തവത്സലം,കെ കാമരാജ്, അണ്ണാ ദുരൈ തുടങ്ങിയ പ്രഗല്‍ഭരായ നേതാക്കന്മാരാല്‍ നയിക്കപ്പെട്ട തമിഴകത്തിന്‍റെ ഭരണം അമ്പതു വര്‍ഷങ്ങളായി ഒരു തിരക്കഥാകൃത്തും, വാള്‍ പയറ്റുകാരനായ നടനും, അയാളുടെ ആട്ടക്കാരിയായ നായികയും കുടി പങ്കുവയ്ക്കുന്ന ദുരവസ്ഥക്ക് കാരണവും, സിനിമയുടെ സ്വാധീനവു, അന്ധമായ താരാരാധനയും തന്നെ.
തമിഴ്നാടിന്‍റെ നിലവാരത്തിലേക്ക് താഴ്നിട്ടില്ലങ്കിലും കേരളവും ആവഴിക്കാണൂ പ്രയാണം. മൂഹത്തിലും,മാധ്യമങ്ങളിലും,കലാലയങ്ങളിലും,കുടുംബങ്ങളിലും, സിനിമക്കും, സിനിമാതാരങ്ങള്‍ക്കുംലഭിക്കുന്ന അഭിലഷണീയമല്ലാത്ത സ്വീകാര്യത ഇതിനു തെളിവാണ്. അക്ഷര ശ്ലോകങ്ങളെ അന്താക്ഷരി കീഴ്പെടുത്തി. സിനിമയിലെ വിഡ്ഢിയായ നായകന്‍റെ, തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍,ചെറുപ്പക്കാര്‍ ലുത്തിയനകള്‍ പോലെ ആവര്ത്തിച്ച് ഉരുവിട്ട് കോള്‍മയിര്‍ കൊള്ളുന്നു. അങ്ങിനെ സവാരി ഗിരിഗിരിയും, പോ മോനേ ദിനേശയും, വിദ്യാ സമ്പന്നരുടെ പോലും ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മാറി.
                                                 സൗന്ദര്യം ഉള്ള കുട്ടികളുണ്ടാകാന്‍ മാതാപിതാക്കള്‍ നേര്‍ച്ച കാഴ്ചകള്‍ നടത്തുന്നു. മക്കള്‍ താരങ്ങള്‍ ആയാല്‍ തങ്ങളുടെ തലവര മാറ്റി എഴുതപ്പെടും എന്നാണവരുടെ പ്രതിക്ഷ.
                                                 ഈയിടെ റിലിസ് ആയ ഒരു തമിഴ് സിനിമ ഉണ്ടാക്കിയ പ്രതികരണം താരാരാധനയുടെ ലജ്ജാകരമായ വിസ്ഫോടനം ആയിരുന്നു. അതിലെ വൃദ്ധനായ നായകന്‍റെ ചേഷ്ടകളും, ഗോഷ്ടികളും കാണാന്‍ 24 മണിക്കൂര്‍ മുന്‍പേ ജനങ്ങള്‍ ക്യൂവില്‍ നില കൊണ്ടു. ജീവനക്കാര്ക്കു കളി കാണാന്‍ ചെന്നൈയിലെ കമ്പനികള്‍ക്ക് അവധി നല്‍കി. (കൊച്ചിയില്‍ നടന്ന ആദ്യത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം കാണാന്‍
ഹൈക്കോടതിക്ക് അവധി നല്‍കി ന്യായാധിപന്മാര് പോയത് അനുസ്മരിക്കുക) മതിലുകളില്‍ പതിച്ച താരത്തിന്‍റെ പോസ്ടറിന് ആരതി ഉഴിഞ്ഞു. പടുകൂറ്റന്‍ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തി. 100 രൂപയുടെ ടിക്കറ്റ് 500 ഉം 5000 ഉം കൊടുത്തു വാങ്ങി.
                                                      വെള്ളിത്തിര നിറഞ്ഞാടുന്ന സ്റ്റൈല്‍ മന്നന്‍റെ കൈകളും, കാലുകളും, മുഖകമലം കൊണ്ടുമുള്ള ഗോഷ്ടികള്‍ കണ്ടും,നിരര്‍ത്ഥകമായ ഡയലോഗുകള്‍ കേട്ടും വിജ്രുംഭിതര്‍ ആകുന്നവരുടെ മാനസികനില തീര്ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.

www.mathewpaulvayalil.blogspot.in