Showing posts with label Vellaappalli Natesan. Show all posts
Showing posts with label Vellaappalli Natesan. Show all posts

Sunday, 24 August 2014

മദ്യ നിരോധകരുടെ ഒളിസേവ.

പൂട്ടിയ 418 ബാറുകൾ തുറക്കേണ്ട എന്ന വാദത്തിൽ ഉറച്ചു നിന്ന സുധീരനെ ശേഷിക്കുന്ന 312 ബാറുകൾ കൂടി അടച്ചുകൊണ്ട് ഉമ്മൻ ചാണ്ടി കടത്തി വെട്ടി. ബാർ തർക്കം തുടർന്നു പോന്ന 
കാലമത്രയും,പ്രായോഗ്യതയുടെ പേരിൽ ബാർ പക്ഷത്തു നിന്ന ഉമ്മെൻ ചാണ്ടിയുടെ ഇപ്പോഴത്തെ തീരുമാനത്തിൽ ആത്മാർത്ഥത ഒട്ടുമില്ല.ബാർ യുദ്ധത്തിൽ തകർന്ന തന്റെ ഇമേജ് 
ഉയർത്താനും,പാതാളത്തിലേക്കു താഴുന്ന കോൺഗ്രസിനെ അടുത്ത തിരഞ്ഞെടുപ്പിലും സംസ്ഥാനത്തു പിടിച്ചു നിർത്താനും എടുത്ത ഒരു സാഹസിക തീരുമാനമാണിത്. എല്ലാ രാഷ്ട്രീയക്കാരും,പാർട്ടി ഫണ്ടിലേക്കും,സ്വന്തം കാര്യങ്ങൾക്കുമായി അബ്കാരികളുടെ മുന്നിൽ കൈനീട്ടാറുണ്ടെന്നും, അവർ ലോപമില്ലാതെ കൊടുക്കാറുണ്ടെന്നും ഒന്നാംതരം അബ്കാരി കൂടിയായ വെള്ളാപ്പള്ളി പറയുന്നു.ഈ തീരുമാനം കൊണ്ട് ഏറെ നഷ്ടമുണ്ടായ വ്യക്തികളിൽ ഒരാളാണല്ലൊ വെള്ളാപ്പള്ളി.ഉമ്മൻ ചാണ്ടി മദ്യപനല്ലായിരിക്കാം. എന്നാൽ എ ഗ്രൂപിന്റെ ഫണ്ട് റെയ്സറായിരുന്ന ഉമ്മൻ ചാണ്ടിക്ക് ബാറുകാരെ 
കൊണ്ടുള്ള പ്രയോജനം നന്നായറിയാം.
                നിരോധിച്ചിടത്തൊക്കെ മദ്യം അനധികൃതമായി ലഭിക്കുന്നുണ്ട്.ശക്തമായ നിയമങ്ങളിലൂടെ മദ്യം നിരോധിച്ച സൗദി അറേബ്യയിൽ പോലും മദ്യം സുലഭമാണ്. ബഹറിൻ എന്ന സ്റ്റെയ്റ്റിന്റെ നിലനില്‍പ്പു തന്നെ സൗദി അറേബ്യയിലേയ്ക്ക് മദ്യം കള്ളക്കടത്തു നടത്താനാണൊ എന്നു സംശയിച്ചു പോകും.പരീക്ഷിച്ച പല രാജ്യങ്ങളും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളും,മദ്യ നിരോധനം പിൻവലിക്കുവാനുണ്ടായ കാരണവും ഇതു തന്നെ.നിലവിലുള്ള പല മാഫിയകൾക്കുമൊപ്പം, ഒരു മദ്യ മാഫിയ കൂടി ഇവിടെ വളർന്നു വരും.നിലവാരമില്ലാത്ത മദ്യം വിറ്റു നാട്ടുകാരെ കൊള്ളയടിച്ചുകൊണ്ടിരുന്ന ബാർമുതലാളിമാർ വെറുതെയിരിക്കുമൊ? ഈ മാഫിയയേയും രാഷ്ട്രീയക്കാർ തന്നെ സംരക്ഷിക്കും. ബാങ്ക് വായ്പയെടുത്തും, ടൂറിസം വകുപ്പിന്റെ സബ്സിഡി വാങ്ങിയും 
നാട്ടിൻപുറങ്ങളിലും, ഹൈവേകളിലും പണിത പല വൻകിട ഹോട്ടലുകളും നില നിന്നു പോന്നത് ബാറിൽ നിന്നുള്ള വരുമാനം ഒന്നു കൊണ്ടു മാത്രമായിരുന്നു.ബാറുകൾ പൂട്ടിയാൽ നിരോധിക്കപ്പെട്ട മറ്റൊരു വ്യവസായത്തിനെ ഈ കെട്ടിടങ്ങൾ ഉപയോഗിക്കാനാവു- ലോകത്തെ ഏറ്റം പുരാതനമായ തൊഴിൽ. 
               1920ൽ അമേരിക്കയിൽ മദ്യനിരോധനം ആരംഭിച്ചതോടെ അവിടെ മദ്യ മാഫിയകൾ വളർന്നു.കപ്പലുകൾ നിറയെ മദ്യം കൊണ്ടുവന്നവർ വൻ സാമ്പത്തിക  ശക്തിയായി.അങ്ങനെ പണക്കാരനായ ആളായിരുന്നു പ്രസിഡന്റ് കെന്നഡിയുടെ മുത്തച്ഛൻ. മദ്യനിരോധനം വളർത്തിയെടുക്കുന്ന മാഫിയക്കുടുംബങ്ങളിൽ നിന്ന് നമുക്കും ഒരു മുഖ്യ മന്ത്രിയേയൊ, പ്രധാനമന്ത്രിയേയൊ ലഭിക്കുമെന്നു പ്രതീക്ഷിക്കാം.
              പരിഷ്കൃത സമൂഹത്തിൽ ജനങ്ങൾ എന്തു കുടിക്കണം എന്നു തീരുമാനിക്കാൻ സ്റ്റെയ്റ്റിന് എന്തവകാശം? നിരോധനമല്ല, നിയന്ത്രണമായിരുന്ന് ആവശ്യം.മലയാളിക്ക് മദ്യത്തോട് മാരകമായ ഒരു ആസക്തി വളർന്നു എന്നതു വാസ്തവം.മലയാളിയുടെ കുടി ഇത്ര പ്രാകൃതമാകുന്നത് ചാരായ നിരോധനത്തിനുശേഷമാണ്.ചാരാ‍യം കുടിച്ചുകൊണ്ടിരുന്നവരുടെ തള്ളിക്കയറ്റം ബാറുകളിലുണ്ടാവുകയും, അവർക്കായിചാരായത്തേക്കാൾ മോശമായ മദ്യം നിറം കലർത്തി വിൽക്കാനും തുടങ്ങി. അതോടെ ബാറുകളുടെ നിലവാരവും തകർന്നു. ഈ നിലവാരത്തകർച്ചയെക്കുറിച്ചുള്ള 
ചർച്ചയാണല്ലൊ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചത്.മദ്യം നിരോധിച്ചു, ഡിസ്കോകൾ പൂട്ടി യുവജനങ്ങൾ വൈകൃതങ്ങളിലേക്കു തിരിയും.  
               ബാറുകൾ പൂട്ടുന്നതോടെ മദ്യക്കടകളുടെ മുൻപിലെ ക്യൂവിനു നീളം കൂടും.പണ്ടു റെയിൽവെ സ്റ്റേഷനുകളിലെ  ബുക്കിങ് കൗണ്ടറുകൾക്കുമുൻപിലുണ്ടായിരുന്നതു പൊലെ തുറക്കും മുൻപെ നീണ്ട ക്യൂ കടകൾക്കു മുൻപിലുണ്ടാകും.ഈ ക്യൂവിൽ നിൽക്കാൻ മടിയുള്ള മാന്യന്മാരായ മദ്യപർ മാർജിൻ കൊടുത്തു ചരക്കു വാങ്ങും.പണക്കാർക്കു ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോയി ഹോട്ട് അടിക്കാം. രാഷ്ട്രീയ നേതക്കന്മാർക്കും, ഉദ്യോഗസ്ഥ പ്രഭുക്കന്മാർക്കും മദ്യത്തിനു മുട്ടുണ്ടാവുകയില്ല.അവർക്കു കൈക്കൂലിയായി മദ്യം ലഭിക്കും.ഫൈവ് സ്റ്റാർ ഹോട്ടലുകളും അവ്ര്ക്ക് അപ്രാപ്യമല്ല.
                മദ്യനിരോധനത്തിനു ജയ് വിളിക്കുന്നവർ ആരൊക്കെയാണ്? അഹിംസാ പാർട്ടിക്കാർ പണ്ടേ മദ്യ വിരോധികളാണല്ലൊ.കേറള കാത്തലിക് ബിഷപ് കോൺഫറ ൻസും, ശ്രീ ശ്രീ രവിശങ്കറും നിരോധനത്തെ സ്വാഗതം ചെയ്തു.മുസ്ലിം ലീഗും, കേരള കോൺഗ്രസും തങ്ങളുടെ നിലപാടുകളാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും, നിരോധനത്തിന്റെ ക്രെഡിറ്റ് അവർക്കാണെന്നുംവാദിക്കുന്നു.
             സമ്പൂർണ മദ്യ നിരോധനത്തിന്റെ വക്താവായ മാണിയുടെ കേരള കോൺഗ്രസിന്റെ കാഞ്ഞിരപ്പള്ളി ഓഫീസ് പാർട്ടിക്കാരുടെ പരസ്യമായ മദ്യപാനവും, ബഹളവും, അടിപിടിയും മൂലം അയൽക്കാരുടെ പരാതിയെത്തുടർന്ന് ഓഗസ്റ്റ് 12)0 തീയതി പാർട്ടിയുടെ ജില്ലാ നേതൃത്വം ഇടപെട്ടു പൂട്ടി. യുവജന വിഭാഗത്തിനായിരുന്നു കലാപരിപാടിയുടെ നേതൃത്വം. ഓഫീസിനു മുൻപിൽ ഉണ്ടായിരുന്ന ബാർ പൂട്ടിയതോടെയാണ് ഓഫിസിൽ കുടി കൂടിയത്. ഓഫീസ് പരിസരങ്ങളിൽ ഒഴിഞ്ഞ കുപ്പികളുടെ കൂമ്പാരമായിരുന്നു.എം എൽ എ ഹോസ്റ്റലിന്റെ പിന്നിലെ കുപ്പികളുടെ ചിത്രങ്ങൾ നമ്മൾ കണ്ടതാണല്ലൊ. പള്ളിമേടകൾക്കു പിന്നിലും തപ്പിയാൽ കാണും കാലിക്കുപ്പികൾ.മദ്യവിരുദ്ധരുടെ ഇരട്ടത്താപ്പിന് വേറെ എന്തു തെളിവു വേണം?
             മദ്യനിരോധനത്തിന്റെ മുൻ നിർക്കാരായ ക്രിസ്തീയ മത മേലധ്യക്ഷന്മാർക്കു ഭീഷണീയുടെ സ്വരമായിരുന്നു.സമ്പൂർണ മദ്യ നിരോധനത്തെ പിന്താങ്ങാത്തവർക്കു വോട്ടില്ല എന്നവർ പറഞ്ഞു. അവർ മേയ്ക്കുന്ന കുഞ്ഞാടുകൾ പോലും അവരുടെ വാക്കുകൾക്ക് വില കല്പിക്കാതായാൽ പാവം പിതാക്കന്മാർ എന്തു ചെയ്യും?