Thursday, 20 June 2013

ആരാധ്യനായ കൊച്ചി മേയർ അറിയാൻ.

   സമാരാധ്യനായ കൊച്ചി മേയർ ശ്രീ. ടോണി ചമ്മണി അറിയാൻ അങ്ങയുടെ ആരാധനാ പരിധിയിൽ വസിക്കുന്നവനും, കോർപറേഷന്റെ നികുതികൾ മുടക്കം കൂടാതെ നൽകുന്നവനുമായ ഒരു എളിയ പ്രജ എഴുതുന്നത്.നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂർവികരും,ഞങ്ങളും അങ്ങയുടെ മുൻഗാമികളെയും അങ്ങയേപ്പോലുള്ള മേയർമാരെയും ആരാധ്യരായി കരുതിപ്പോന്നു. പുതിയൊരു ഓഡറിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ ആ ആരാധന നിഷ്കരുണം നിർത്തലാക്കിയതിൽ ഞങ്ങൾ ഖിന്നരാണ്. അടുത്തിടെ അഞ്ചാം മന്ത്രി ബഹു. അലിസായ്‌വ് വിളിച്ചു ചേർത്ത യോഗം കേരളത്തിലെ ആരാധ്യരായ മേയർമാർ ബഹിഷ്കരിച്ചതിന്റെ കാരണങ്ങളിൽ ഒന്ന് സർക്കാരിന്റെ കണ്ണിൽ ചോരയില്ലാത്ത ഈ തീരുമാനം കൂടിയായതിൽ ഞങ്ങൾ ഹർഷപുളകിതരാണ്. ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.-“ലക്ഷം, ലക്ഷം പിന്നാലെ”.
                                   ആരാധിക്കാൻ ഞങ്ങൾക്ക് മുപ്പത്തുമുക്കോടി ദൈവങ്ങൾ ഉണ്ടെങ്കിലും, അവരെല്ലാം അചേതനരും, കേട്ടറിവിലൂടെ തടിയും, ശിലയും, ശില്പവുമയി എത്തിയവരുമല്ലെ. സചേതനമായ എന്തിനെയെങ്കിലും ആരാധിക്കാനുള്ള ഞങ്ങലുടെ ത്വര ശമിപ്പിക്കുവാൻ നിങ്ങളല്ലാതെ ആരാണുള്ളത്.
                                   സമരാധ്യനായ അങ്ങും, ആരാധ്യയായ ഡപ്യൂട്ടി മേയറും (മേയറുടെ സ്ത്രീലിംഗം എന്ത്?) നാടെങ്ങും നടന്ന് നാട മുറിച്ചും, തിരി തെളിച്ചും നടത്തുന്ന ഉദ്ഘാടനങ്ങളുടെയും, പ്രസംഗങ്ങളുടെയും,പ്രഭാഷണങ്ങളുടെയും, കല്യാണം,മരണം,മറ്റാഘോഷങ്ങൾ എന്നിവ നടക്കുന്നയിടങ്ങൾ സാനിധ്യം കൊണ്ട് അലങ്കരിക്കുന്നതിന്റെയും ദൃശ്യഭംഗി പത്രത്താളുകളിലും,ടിവിയിലും കണ്ട് ഞങ്ങൾ നിർവൃതിയടയ്ന്നു.
                                   നഗരത്തിലെ കുഴികളും, കാനകളും,മാലിന്യക്കൂമ്പാരങുളും, വിജനമായ ഇടങ്ങളിലെ വെള്ളക്കെട്ടുകളും കൊതുകിന്റെ പ്രജനനത്തെ ധ്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കിലും കഴിഞ്ഞ കൌൺസിലിന്റെ കാലത്തെ ഇടയ്ക്കിടെ നടത്തിക്കൊണ്ടിരുന്ന ഫോഗിങ് അങ്ങു നിർതിയതു നന്നായി. ആസ്മയുള്ളവർക്ക് അത് അലോസരമായിരുന്നു.
                                   പെരുകുന്ന കൊതുകുകളും,പടരുന്ന പകർച്ചവ്യാധികളെക്കുറിച്ചുള്ള വാർത്തകളും ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴണ് ജൂൺ 15)0 തീയതിയിലെ പത്രങ്ങളിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ പറസ്യം കണ്ടത്. ചിത്രങ്ങൽ സഹിതമുള്ള പരസ്യത്തിന് വൻ തുക ചിലവാക്കിയതു സാരമില്ല. ജനത്തിന്റെ ആരോഗ്യമാണല്ലൊ സാർ വലുത്.
                                  പരസ്യത്തിൽ ആദ്യം കാണുന്നത്  ആരോഗ്യ മന്ത്രിയുടെ ആഹ്വാനമാണ്.
 “കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികൾ ഭീഷണിയാവുകയാണ്. ഈ സന്ദർഭത്തിൽ, പരിഭ്രാന്തരാകാതെ അവയെ ഫലപ്രദമായി നേരിടുകയാണു വേണ്ടത്. പനിയൊ, അനുബന്ധ ലക്ഷണങ്ങളൊ കണ്ടാൽ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടുക.സ്വയം ചികിത്സ അരുത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വളരാ‍നുള്ള സഹചര്യങ്ങൾ തീരെ ഒഴിവാക്കുക.ഓർക്കുക ആരോഗ്യം നമ്മുടെ അവകാശം മാത്രമല്ല, കടമ കൂടിയണ്.”
                                                     ശ്രീ. വി എസ് ശിവകുമാർ.
                                                      ബഹു. ആരോഗ്യവും, ദേവസ്വവും വകുപ്പു മന്ത്രി.
                                 എത്ര മനോഹരമായ പ്രസ്താവന, എത്ര ദയാലുവയ മന്ത്രി! അശോക ചക്രവർത്തിയുടെ ശിലാ ലിഖിതങ്ങൾ ഓർമ വരുന്നു. പി സി ജോർജിനെപ്പോലുള്ള പാറമട മുതലാളിമാർ “കല്ലിന്മേൽ കല്ലു ശേഷിക്കാത്ത“ വിധം പാറകൾ പൊടിച്ചു വിൽക്കുമ്പോൾ പത്രത്തിലല്ലാതെ ഇന്നെവിടെ എഴുതും! പക്ഷെ ആരോഗ്യം ഞങ്ങുളുടെ കടമയാണെന്നുള്ള അവസാന വരിയിലൂടെ അദ്ദേഹം ഞങ്ങൾക്കിട്ടു പണിയുന്നുണ്ടോ എന്നൊരു സംശയം. മാന്യന്മാർ പേരെഴുതുമ്പോൾ ശ്രീ എന്നൊ, ബഹു എന്നൊ സ്വയം എഴുതാറില്ല. ജനങ്ങളുടെ ദുരവസ്ധയിൽ വേവലാതി പൂണ്ട് എഴുതുമ്പോൾ പ്രയോഗ വൈകല്യങ്ങൾക്കൊ, വ്യാകരണപ്പിശകിനൊ പ്രസക്തിയില്ല. എന്തെല്ലാം ജാറുകളുടെ നടുവിൽ നിന്നാണത്രെ അദ്ദേഹം ഇതെഴുതുന്നത്.സുകുമാരന്നായരുടെ ഇടങ്കോൽ, ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശം, സരിതയുടെ സൌരോർജം.
                                 
                                 ജനങ്ങൽ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ അടിയിൽ ചേർത്തിരിക്കുന്നു.
                                 1) കൊതുകുകളുടെ ഉറവിടം, കണ്ടെത്തി നശിപ്പിക്കുക.
                                 2) കൊതുകുകടി ഏൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക.
                                 3) രോഗ ലക്ഷണം കണ്ടാലുടൻ ചികിത്സ തേടുക.
                                 ആദ്യത്തേത് ആരാധ്യനായ അങ്ങു വിചാരിച്ചാൽ‌പ്പോലും നടക്കാത്തത്. ഉദാഹരണത്തിന് എന്റെ പരിസരത്ത് അഞ്ചേക്കറോളം സ്ഥലം വെള്ളം കെട്ടി, കാടു പിടിച്ചു കിടക്കുന്നു.അന്യനാട്ടിൽ കഴിയുന്ന ഉടമസ്തരോ, കോർപറേഷന്റെ അധികാരികളൊ അവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ല.സ്ഥലത്തിന്റെ വില ദിനം പ്രതി ഉയരുന്നത് ഉടമസ്തർ അറിയുന്നു.
                                 കൈയിൽ കാശുള്ളവനു ചികിത്സ തേടാം. പഠനത്തിനു ക്യാപ്പിറ്റേഷൻ ഫീയായി മുടക്കിയ തുക മുഴുവൻ ഒരു പനി സീസണിൽ തിരിച്ചുപിടിക്കാൻ ഊഴം പാർത്തിരിക്കുകയാ‍ണു ഡോക്ടർമാർ.

                                 എളുപ്പമാർഗം രണ്ടാമത്തേതാണ്. കൊതുകുകടി ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.24 മണിക്കൂറും എ സി മുറിയിൽ അടച്ചിരിക്കാൻ സാധാരണക്കാരനു കഴിയുമോ? പിന്നെ ഈഡിസ് കൊതുകുകളെ നോക്കി ഒഴിഞ്ഞു മാറി നടക്കുക.അതിനായി ഈ ഭീകര പ്രാണിയുടെ എൻലാർജ് ചെയ്ത ചിത്രവും കൊടുത്തിരിക്കുന്നു.  കശ്മലനെ കണ്ടു പേടിച്ചുപൊയവർക്ക് പേടിയകറ്റാൻ നോക്കുവനായി മന്ത്രിയദ്ദേഹത്തിന്റെ സുന്ദര സുസ്മേര വദന ചിത്രം അടുത്തായി കൊടുത്തിരിക്കുന്നു.ഈഡിസിനെ നോക്കി, ഒഴിവാക്കി മന്ദം, മന്ദം നടക്കുമ്പോൾ പിന്നിൽ നിന്നും, വശങ്ങളിൽ നിന്നും ഞങളെ കടിക്കുന്നവയിൽ ഈഡിസുണ്ടൊഎന്ന്  എങ്ങിനെ അറിയും.
                                 ഞങ്ങുളടെ വീടുകളിലെ മാലിന്യം പുലർകാലെ ഞങ്ങളെടുത്തു പുറത്തു വയ്ക്കും. നഗരത്തിൽ സുലഭമായ തെരുവുനായ്ക്കൾ വലിച്ചിഴയ്ക്കാതെ ബക്കറ്റിനു മുകളിൽ കല്ലെടുത്തു വയ്ക്കും.ജോലികഴിഞ്ഞെത്തുമ്പോൾ അതവിടെ സുരക്ഷിതമായിരുന്നാൽ എടുത്ത്  അകത്തു വയ്ക്കും. അടുത്ത ദിവസവും ഇതാവർത്തിക്കും. ചില ദിവസങ്ങളിൽ ബക്കറ്റ് ഒഴിഞ്ഞിരിക്കുന്നത് കാനുമ്പോഴും, മാസത്തിന്റെ ആദ്യ വാരത്തിൽ മാലിന്യമെടുക്കുന്നവർ പണം വാങ്ങാനെത്തുമ്പോഴും ഞങ്ങൾ മനസിലാക്കുന്നു മാലിന്യ നിർമർജനത്തിൽ അങ്ങെത്ര ശ്രദ്ധാലുവാണെന്ന്.
                                പക്ഷെ ഒരു സങ്കടം.ഞങ്ങളുടെ വീടുകളിൽ നിന്ന് പൊട്ടിയ ഗ്ലാസ് ഉപകരണങ്ങളൊ,ട്യൂബ് ലൈറ്റുകളൊ,സി എഫ് എലുകളൊ കൊണ്ടുപോകുന്നില്ല. അവ ശേഖരിയ്ക്കണ്ട ഏന്നാണ് കോർപറേഷൻ നിർദേശം നൽകിയിരിക്കുന്നതെന്ന് മാലിന്യമെടുക്കുന്നവർ പറയുന്നു. പൊതുസ്ഥലത്ത് ഇവ ഉപേക്ഷിച്ചാൽ ഞങ്ങൾ ശിക്ഷിക്കപ്പെടും. ഇവ സൂക്ഷിക്കാനുള്ള സൌകര്യം ഞങളുടെ ചെറിയ വീടുകൾക്കൊ, ഫ്ലാറ്റുകൾക്കൊ ഇല്ല. ഞങ്ങളുടെ ക്ഷേമത്തിന്റെ വഴികൾ തേടി അങ്ങ് യൂറോപ്പിലും, അമേരിക്കയ്ലും ഒക്കെ പോകുന്നതായറിയുന്നു. അവിടെനിന്നും ഇതിനൊരു വഴി കണ്ടെത്തുക.അല്ലെങ്കിൽ അവ തിന്നുതീർക്കുവാൻ ഞങ്ങളെ പഠിപ്പിക്കാൻ ഗോപിനാഥ് മുതുകാടിനെയൊ, സാമ്രാജിനെയൊ ഏർപ്പാടാക്കുക.
                                                                      വിധേയൻ, മാത്യു പി. പോൾ.

2 comments:

  1. thakarppan!! Very appropriate use of humour also.
    Your last paragraph about disposing harmful waste is a main problem people are facing, I don't think the Govt even realizes it. This even includes some of the plastic which we can't avoid coming to our house (eg: Milk packets, bread packets etc).

    ReplyDelete