Wednesday, 14 August 2013

“സ്വാതന്ത്ര്യം തന്നെയമൃതം”



ഇന്ന് ഓഗസ്റ്റ് 15. എല്ലാ സ്വാതന്ത്ര്യ ദിനത്തിലും ഞാൻ പരമേശ്വരൻനായരെ സ്മരിക്കും.
സ്വതന്ത്രഭാരതത്തിന്റെ പ്രജകളിൽ നിന്നും നിർലോഭം കൈക്കൂലി വാങ്ങി, മൂക്കറ്റം മോന്തി,.ഓഫിസ് സമയത്ത് തീൻമേശയിൽ കിടന്ന് പാരതന്ത്ര്യം മറന്നുറങ്ങുന്ന പരമേസ്വരൻനായരെ. അടുത്തൂൺ പറ്റിയില്ലെങ്കിൽ അദ്ദേഹം ഇപ്പോഴും തന്റെ കലാപരിപാടി സ്വാതന്ത്ര്യത്തോടെ നടത്തുന്നുണ്ടാകും.
ഇടപ്പള്ളിയിൽ ഗീവർഗീസ് പുണ്യവാളന്റെ പള്ളിക്കടുത്താണ് ഇലക്ട്രിസിറ്റി ഓഫിസ്. ഓഫിസിലേക്കു പോകുംവഴി പള്ളിയിൽ കയറി പ്രാർത്ഥിച്ചു.
അഞ്ചാം തവണയാണ് ഇലക്ട്രിക് കണക് ഷനു വേണ്ടി പോകുന്നത്. എന്റെ വ്വീടുപണി കഴിയാറായിരുന്നു.എനിക്കന്നു കണ്ഠകശനിയും.
ഓഫീസിൽ കയറി സ്യൂപ്പർവൈസറെ കണ്ടു.
ഇൻസ്പെക് ഷന് അദ്ദേഹം വരാമെന്നേറ്റു.
കാറിൽവച്ച് ഞാൻ എന്റെ പ്രാരാബ്ധങ്ങുളുടെ കെട്ടഴിച്ചു .വീടും വയറിങ്ങും അദ്ദേഹം പരിശോധിച്ചു. കൊടുക്കുവാനുള്ളതു കൊടുത്തു. തിരിച്ച് ഓഫിസിലെത്തി ഒ വൈ സി സ്കീമിൽ പണമടയ്ക്കാനുള്ള കടലാസുകൾ ശരിയാക്കിത്തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇതുമായി പാലാരിവട്ടത്തുള്ള ഓഫിസിൽ പോയി ഏക്സിക്യൂട്ടിവ് എൻജിനീയറുടെ ഒപ്പുവാങ്ങണം. അവിടെ പരമേസ്വരൻനായർ എന്ന ക്ലർക്കിനെ കണ്ടാൽ മതി”.
രണ്ടുമണിക്കെങ്കിലും എന്റെ ഓഫിസിലെത്തണം. അടിയന്തിരമായി കാണാമെന്നേറ്റ ചിലർ കാത്തിരിക്കും.
ഒരുമണിക്കു പാലാരിവട്ടം ഓഫിസിലെത്തി. പരമേശ്വരൻനായരെ അന്വേഷിച്ചു.
“അയാൾ പുറത്തു പോയി, ഉടനെ വരും”.ആരോ പറഞ്ഞു.
ഞാൻ എന്റെ ആവശ്യം അറിയിച്ചു.
“അതു പ്രമേശ്വരൻനായരുടെ സെക് ഷനാണ്”.സഹപ്രവർത്തകരുടെ മറുപടി.
ഞാൻ വരാന്തയിൽ കാത്തുനിന്നു.
“അതാ പരമേശ്വരൻനായർ വരുന്നു.” അകത്തുനിന്ന് ആരോ വിളിച്ചു പറഞ്ഞു.
ഗേറ്റുകടന്നു വരുന്ന ആളെ പ്രതീക്ഷയോടെ നോക്കി.
പെൻഷൻ പ്രായം കഴിഞ്ഞെന്നു തോന്നിക്കുന്ന പുരുഷരൂപം.ഞരമ്പുരോഗിയെപ്പോലെ കൈകാലുകൾ ഇളക്കി, അയാൾ കെട്ടിടത്തിന്റെ പിൻഭാഗത്തുപോയി ഏതോ മുറിയിൽ മറഞ്ഞു. അയാൾ പോയ ദിശയിൽ നോക്കി ഞാൻ നിന്നു.
മണിക്കൂറുകൾ കടന്നുപോയി.
പലരും വന്നും പോയുമിരുന്നു..
ജീവനക്കർ ഉത്സാഹത്തിമിർപ്പോടെ ചുറ്റിനടക്കുന്നു.
ഇടനാഴിയിൽ കൈയടക്കത്തോടെ ചില വ്യവഹാരങ്ങൾ.
മൂന്നു മണിക്കൂർ കഴിഞ്ഞു.
“നിങ്ങൾ വളരെനേരമായി ഇവിടെ നിൽക്കുന്നു. എന്താണു കാര്യം“ എന്നെ ശ്രദ്ധിച്ച യുവാവായ ഗുമസ്തൻ ചോദിച്ചു.
“എനിക്കു പരമേശ്വരൻനായരെ കാണണം“
പരമേശ്വരൻനായർ ലീവിലാണ്”.യുവാവിന്റെ മറുപടി.
“ഇല്ല ഒരുമണിക്ക് ഞാനയാളെ ഇവിടെ കണ്ടിരുന്നു”
“എങ്കിൽ അയാൾ ഉച്ചയ്ക്കു ശേഷം ലീവായിരിക്കും. മണി നാലു കഴിഞ്ഞില്ലെ”.
“ഈ മതിൽക്കെട്ടിനു പിൻഭാഗത്തു ഗേറ്റുണ്ടോ?” ഞാൻ ചോദിച്ചു.
“ഇല്ല“.
“എങ്കിൽ അയാൾ ഇവിടെത്തന്നെയുണ്ട്“.
“നിങ്ങൾക്കെങ്ങിനെ പറയാൻ കഴിയും?“.യുവാവിന്റെ ചോദ്യം.
“കഴിഞ്ഞ മൂന്നു മണിക്കൂറുകളായി ഞാൻ ഈ ദിശയിൽ മാത്രം നോക്കി നിൽക്കുകയായിരുന്നു”.
കെട്ടിടത്തിനു പിന്നിലേക്കു പോയ യുവാവ് തിരികെ വന്ന് അടക്കം പറഞ്ഞു.”അയാൾ നല്ല ഫിറ്റാണ്, ഡൈനിങ് ടേബിളിൽ കിടന്നുറങ്ങുന്നു, നിങ്ങൾ പോയി വിളിച്ചു നോക്കു”.
വിളിച്ചുണർത്തി അയാളുടെ തെറിവിളി കേൾക്കാൻ ഞാൻ തയ്യാറായില്ല.
എന്റെ പേരും,ജോലിയും ചോദിച്ചറിഞ്ഞ യുവാവ് എന്നെ പരമെശ്വരൻനായരുടെ അടുത്തു കൊണ്ടുപോയി പരിചയപ്പെടുത്തി.
ഒരാൾ ചടിയെണീറ്റു പറഞ്ഞു.“ സാറിതു നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ശരിയാക്കിത്തരുമായിരുന്നല്ലൊ;“
അനാ‍ഥ പ്രേതംപോലെ മേശപ്പുറത്തു കിടക്കുന്ന പരമേശ്വരൻനായരുടെ പേരേടെടുത്ത് അയാൾ എന്റെ പേരെഴുതി, നമ്പറിട്ട്, എന്റെ കടലാസിൽ എക് സിക്യൂറ്റിവ് എൻജിനീയറുടെ സീലടിച്ചു. 
അതുമായി അടുത്ത മുറിയിലെത്തി.  സൌമ്യനായ എൻജിനീയർ കാര്യമന്വേഷിച്ചു. കടലാസുകൾ വാങ്ങി ഒപ്പിട്ടുതന്നു.
മടങ്ങുമ്പോൾ ഞാൻ ഓർത്തത് സ്വാതത്ര്യത്തിനു നാമിന്നും കൊടുക്കുന്ന വിലയെക്കുറിച്ചായിരുന്നു.




ഉയരുന്ന ജലനിരപ്പും, മന്ത്രിപുംഗവന്റെ നിദ്രയും.


                                                     
കേരളത്തിൽ മഴക്കെടുതിയിൽ മരിച്ചവർ 165.
പൂർണമായി തകർന്ന വീടുകൾ 705.
ഭാഗികമായി തകർന്നവ 12482.
ദുരിതാശ്വാസ ക്യാമ്പുകൾ 275.
ക്യാമ്പുകളിൽ താമസക്കാർ15000.
10475 ഹെക്ടറിലെ കൃഷി നശിച്ചു.
നഷ്ഠം 118.77 കോടി രൂപ.അനവ്ദ്യോഗികമായ മറ്റൊരു കണക്കനുസരിച്ച്  5000 കോടി രൂപ.
മഴ മൂലം കൊച്ചി വിമാനത്താവളം അടച്ചു.
അണക്കെട്ടുകൾ തുറന്നതോടെ പെരിയാറിലെ ജല നിരപ്പ് ഉയർന്നു.തീരങ്ങളിൽ ദുരിതം, റേഷൻ കാർഡുകളും, ആധാരങ്ങളും ഉൾപ്പെടെ വിലപ്പെട്ട രേഖകൾ നഷ്ഠമായി.
പെരിയാറിലെ വെള്ളപ്പൊക്കം മൂലം ശിവരാത്രി മണപ്പുറത്തു നടക്കേണ്ട വാവു ബലിതർപ്പണം ആൽമരച്ചുവട്ടിലേയ്ക്കു മാറ്റി.ബലിത്തറകളും, വ്യാപാര സ്റ്റോളുകളിലെ വിൽ‌പ്പനച്ചരക്കുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി.
ഇടുക്കിയിൽ വെള്ളം സംഭരണ ശേഷിയുടെ 87 ശതമാനമായി.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 134.7 അടിയായി.136 അടിയാണ് പരമാവധി  സംഭരണ ശേഷി. അണക്കെട്ടിൽ ചോർച്ച തുടരുന്നു.
ഓഗസ്റ്റ് 6,7 തീയതികളിലെ പത്ര റിപ്പോർട്ടുകളാണിത്.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടാൻ പോകുന്നു എന്നു മുറവിളി കൂട്ടിയ മന്ത്രിപുംഗവന്മാരും,   രാഷ്ട്രീയക്കാരും, അക്ഷരത്തൊഴിലാളികളും എവിടെ?
എനിക്കുറങ്ങാൻ കഴിയുന്നില്ല എന്നു കൈയും, കലാശവുമുയർത്തി ഗോഷ്ടി കാട്ടിനടന്ന മന്ത്രി ജോസഫ് എവിടെ?
ഡാമിലെ ജലനിരപ്പ് ഉയരുന്ന ക്രമത്തിൽ അദ്ദേഹം കഴിച്ചുപോരുന്ന ഉറക്കഗുളികയുടെ അളവു കൂട്ടുന്നുണ്ടാവും.
ചീയപ്പാറയിൽ മണ്ണിടിഞ്ഞ് 4 പേർ മരിക്കുകയും, പലവാഹനങ്ങൾ മണ്ണിനടിയിലാവുകയും, പന്ത്രണ്ടോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുകയും ചെയ്ത ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസിന്റെ ഇരു ഗ്രൂപ്പുകളും ,തിരുവനന്തപുരത്തു യോഗം ചേർന്ന് ആയുധങ്ങൾക്കു മൂർച്ച കൂട്ടുകയായിരുന്നു.
പി ടി തോമസ് എം പി ഒരു ചാനലിൽ പറഞ്ഞത് ഇടുക്കിയിൽ 25 നും, 29നും ഇടയിൽ അണക്കെട്ടുകൾ ഉണ്ടെന്നാണ്. ദിനം പ്രതി വളരുന്ന ഒന്നാണൊ ഡാമുകൾ.സ്വന്തം മണ്ഠലത്തിലെ ഡാമുകളുടെ എണ്ണം ടിയാനു തിട്ടമില്ലത്രെ: