Wednesday, 15 January 2014

“പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ“

 ജനുവരി 14)0 തീയതി കണ്ണൂരിൽ, ദേശീയ പാതയിൽ, കല്യാശേരിയ്ക്കടുത്ത് പാചക വാതക ടാങ്കർ മറിഞ്ഞുവീണു തീപിടിച്ചു. ആളപായമില്ല.പതിനെട്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 10 മണിയോടെ തീയണച്ചു.
     അപകടത്തെക്കുറിച്ചു പ്രതികരിച്ചുകൊണ്ടു മന്ത്രി കെ ബാബു കൊച്ചിയിൽ പറഞ്ഞു “സംസ്ഥാനത്ത് ഇന്ധന നീക്കം ജലമാർഗമാക്കുന്നതിനെക്കുറിച്ചു പറിക്കാൻ കൺസൾറ്റൻസിയെ നിയമിക്കും“.ഇതിന് ഉടൻ ടെൻഡർ വിളിക്കും.കണ്ണൂരിലെ തന്നെ ചാലയിൽ 2 വർഷം മുൻപുണ്ടായ ബുള്ളറ്റ് ടാങ്കർ അപകടത്തിൽ 20 പേർ വെന്തു മരിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാ‍ക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനും, അപകടത്തിൽ മരിച്ചവരുടെ കുഡുംബങ്ങൾക്കും,പരുക്കേറ്റവർക്കും അർഹമായ സഹായങ്ങൾ നൽകാനും അന്നു പ്രഖ്യാപിച്ച പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്.
    കഴിഞ്ഞ 2 വർഷത്തിനിടെ എം എൽ എ മാർ അസംബ്ലിയിൽ ഉന്നയിച്ച 10000 ൽ അധികം ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ സ്പീക്കറോട് പരാതിപ്പെട്ടു. വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്, വസ്തുതകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് മന്ത്രിമാർ ആവർത്തിക്കുന്നത്.ഈ പ്രവണത നല്ലതല്ല എന്നു സ്പീക്കറും സമ്മതിച്ചു.വകുപ്പുകളുടെ വീഴ്ചകൾ പുറത്തുവരാതിരിക്കാനാണത്രെ പഠനവും അന്വേഷണവും വഴി ഉത്തരം മുടക്കുന്നത്.
    പീതാംബരക്കുറുപ്പ് എം പി ശ്വേത മേനോനെ കയറിപ്പിടിച്ച സംഭവത്തെക്കുറിച്ചു പ്രതികരണം ആരാഞ്ഞ പത്രക്കാരോട് കെപിസിസി പ്രസിഡ്ന്റ് രമേഷ് ചെന്നിത്തല പറ്ഞ്ഞു “ഞാൻ പ്രശ്നത്തെക്കുറിച്ചു പഠിച്ചു കൊണ്ടിരിക്കുകയാണ്”. വിഷയം വിഷയാസക്തി ആയതിനാൽ പഠനം ദുഷ്കരമത്രെ.എങ്കിലും ചോദിക്കട്ടെ, സാർ പഠനം തിയറിയൊ, പ്രാക്റ്റിക്കലൊ? റിസൽറ്റ് എന്നറിയാം?

“പഠിക്കണം നാമോരോന്നും,ബാല്യം തൊട്ടു നിരന്തരം,
പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ”.

    കോൺഗ്രസിന്റെ നേതാക്കന്മാരും, മന്ത്രി പുംഗവന്മാരും അക്ഷര വിരോധികളും, അരസികന്മാരും ആണെന്നു പൊതുവെ ഒരു ധാരണയുണ്ട്. പൊതു വേദികളിലേയും, ചാനൽ ചർച്ചളിലേയും അവരുടെ പ്രകടനം ഇതു സാധൂകരിയ്ക്കുന്നു.നിത്യമായ ഈ പഠനം അവരെ പ്രബുദ്ധരാക്കട്ടെ.വായിച്ചും, എഴുതിയും, പ്രസംഗിച്ചും അവർ വളരട്ടെ.

“Reading maketh a full man, writing an exact man, conference a ready man".
                                                                                                              Francis Bacon 

No comments:

Post a Comment