Saturday, 12 April 2014

ചാവറയച്ചൻ സ്വർഗത്തിലിരുന്നു കരയുന്നു


        കാർമലൈറ്റ്  ഓഫ് മേരി ഇമ്മാക്കുലെയ്റ്റ്.(CMI) സന്യാസ സമൂഹ സ്ഥാപകനായ വാഴ്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും,ഏവു പ്രസ്യാമ്മയേയും വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ കത്തോലിക്കാസഭ തീരുമാനിച്ചു. ഒക്ടോബറിൽ വത്തിക്കാനിൽ സിനഡിനോടനുബന്ധിച്ചാവും നാമകരണച്ചടങ്ങുകൾ. നാമകരണത്തിന്റെ ആദ്യപടിയായി ഇരുവരുടേയും മധ്യസ്ഥാൽ നടന്ന അദ്ഭുതങ്ങൾ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ  ഒപ്പുവച്ചു.
        കേരളത്തിലെ കത്തോലിക്കർക്കു മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങൾക്കും സന്ദോഷകരമായ ഒരു വാർത്തയാണിത്. ഈ പുണ്യാത്മാക്കൾ മരണാനന്തരം പ്രവർത്തിച്ച അദ്ഭുതങ്ങളും രോഗശാന്തിയുമല്ല, ജീവിതകാലത്ത് അവർ പ്രവൃത്തിച്ചതും, സമൂഹത്തിൽ പുരോഗമനാ‍ത്മകമായ മാറ്റങ്ങൾ ഉണ്ടാക്കിയതുമായ അദ്ഭുതങ്ങളാണ് മതേതര സമൂഹം കൃതജ്ഞതയോടെ സ്മരിക്കുന്നത്.
       മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. ഇക്ബാൽ എഴുതുന്നു. “ ചാവറയച്ചൻ നടത്തിയ ഏറ്റവും സാമൂഹിക പ്രസക്തിയുള്ള അദ്ഭുത പ്രവൃത്തിയെ സംബന്ധിച്ച് പൊതു സമൂഹത്തിനു വേണ്ടത്ര അറിവുണ്ടെന്നു തോന്നുന്നില്ല. 1846ൽ ആണു ചാവറയച്ചൻ മാന്നാനത്തു സ്കൂൾ സ്ഥാപിച്ചത്. അധ:സ്ഥിത വിഭാഗത്തിലെ കുട്ടികളെ അവരുടെ കുടിലുകളിൽ പോയി വിളിച്ചുകൊണ്ടുവന്ന് വസ്ത്രവും, ഭക്ഷണവും,പാഠപുസ്തകവും നൽകി അദ്ദെഹം താൻ സ്ഥാപിച്ച സ്കൂളിൽ ചെർത്തു പഠിപ്പിച്ചു. അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരങ്ങളെത്തുടർന്ന് , 1910ൽ ആണ് അധ:സ്ഥിതർക്ക് സ്കൂൾ പ്രവെശനം അനുവദിക്കപ്പെട്ടത്. അതിനും 6 പതിറ്റാണ്ടു മുൻപ് താൻ സ്ഥാപിച്ച സ്കൂളിൽ പൊതുസമൂഹത്തിൽ നിന്നു തിരസ്കൃതരായവർക്കു വിദ്യാഭാസം നൽകിയതാണ് ചാവറയച്ചൻ സാമൂഹികമായി നടത്തിയ അദ്ഭുത പ്രവൃത്തിയായി മാറുന്നത്. പാവപ്പെട്ട വിദ്യാർത്ഥികൾക്കു വിദ്യാഭ്യാസം നൽകുന്നതിനായി എല്ലാ പള്ളികളോടുമൊപ്പം പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നതും അദ്ദേഹമായിരുന്നു.പള്ളിക്കൂടം സ്ഥാപിക്കാത്ത പള്ളികളിൽ പ്രാർത്ഥന അനുവദിക്കില്ലെന്ന് 1864ൽ നടത്തിയ പ്രഖ്യാപനത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസ വിപ്ലവത്തിന് അദ്ദേഹം തിരി കൊളുത്തുകയായിരുന്നു.സ്ത്രീ വിദ്യാഭ്യാസത്തിനും ചാവറയച്ച്ൻ പ്രാധാന്യം നൽകിയിരുന്നു. അദ്ദെഹം രൂപം നൽകിയ സി എം സി സന്യാസ സഭയിലെ അംഗമായിരുന്നു  ഇപ്പോൾ അദ്ദേഹത്തോടൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഏവുപ്രസ്യാമ്മ.”
        നൂറ്റമ്പതു വർഷങ്ങൾക്കപ്പുറം,ജാതി വ്യവസ്ഥയും,അന്ധവിശ്വാസങ്ങളും പ്രാകൃതമാക്കിയ ഒരു സമൂഹത്തിൽ, രോഗങ്ങളും,പട്ടിണിയും കൊണ്ടു  ക്ലേശിച്ചിരുന്ന ജനങ്ങൾക്കിടയിലായിരുന്നു  ചാവറയച്ചന്റെ തനിച്ചുള്ള പ്രവർത്തനങ്ങൾ.  അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഫലവത്താവുകയും,അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങൾ വളർന്നു പന്തലിക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങളിൽ പഠിച്ചു വളർന്ന പലരും ഉയർന്ന പദവിയിലെത്തുകയും,സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ഉണ്ടായി.
       ചാവറയച്ചൻ ആരംഭിച്ച സന്യാസ സഭകൾ 21)0 നൂറ്റാണ്ടിലെത്തുമ്പോൾ അച്ചന്റെ ലക്ഷ്യങ്ങളിൽ നിന്ന് അകന്നു പോയി.പള്ളികളോടു ചേർന്നു പള്ളിക്കൂടം പണിത ചാവറയച്ചന്റെ പിന്മുറക്കാർ , പള്ളികളുപേക്ഷിച്ച് ഏക്കറുകൾ വാങ്ങിക്കൂട്ടി, രാജഗിരികളും, വിദ്യാനഗരികളും പണിതു (മെഡി സിറ്റി). മറ്റു സ്വാശ്രയ കോളജുകളുമായി താരതമ്യം ചെയ്യുമ്പോൾ,സി എം ഐ സഭയുടെ കോളജുകൽക്ക് മെച്ചപ്പെട്ട ഇൻഫ്രാ സ്ട്രക്ച്കറും, പഠന നിലവാരവും, അദ്ധ്യാപകർക്ക് തരക്കേടില്ലാത്ത ശമ്പളവും ഉണ്ടെന്നു സമ്മതിക്കാം. എന്നാൽ ചാവറയച്ചൻ അധ:സ്ഥിതരുടെ കുട്ടികളെ വീട്ടിൽ നിന്നു വിളിച്ചിറക്കി വിദ്യാലയങ്ങളിൽ എത്തിച്ചിരുന്നെങ്കിൽ ഇന്നു കൈയിൽ തുട്ടില്ലാത്തവരുടെ മക്കൾക്ക് അവിടേയ്ക്ക് അടുക്കൻ കഴിയില്ല. എങ്ങിനയും പണമുണ്ടാക്കുക എന്ന ഏക അജൻഡയിൽ പ്രവർത്തിക്കുന്ന സെൽഫ് ഫൈനാൻസിങ് കോളജുകളുമായി ആ ലക്ഷ്യത്തിനു മത്സരിക്കാനും, മേൽക്കൈ നേടാനും സഭയുടെ കോളജുകൾക്കു കഴിഞ്ഞു. സെൽഫ് ഫൈനാൻസിങ് കോളജുകളുടെ പകൽക്കൊള്ള സർക്കാരും സമൂഹവും ഒരളവു വരെ അംഗീകർച്ചതാണെങ്കിലും, വിശ്വാസികൾ പണവും, ശ്രമദാനവും കൊണ്ടു പണിതുയർത്തിയതും,സർക്കാരും, യൂണിവെഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും പണം നൽകി പുലർത്തുന്നതും, നൂറ്റാണ്ടു പഴക്കമുള്ളതുമായ എയ്ഡഡ് കോളജുകളിൽ അദ്ധ്യാപക നിയമനത്തിനും,വിദ്യാർഥികളുടെ അഡ്മിഷനും മനുഷ്യപ്പറ്റില്ലാതെ കോഴ വാങ്ങുന്നത് എങ്ങിനെ ന്യായീകരിക്കും? ഇതെല്ലാം കണ്ട് ചാവറയച്ചൻ സ്വർഗത്തിലിരുന്നു കണ്ണീ‍ർ പൊഴിക്കുന്നുണ്ടാവും.ഇന്നു കത്തോലിക്കർ പോലും സി എം ഐ യുടെ 
ഫുൾ ഫോം കാഷ് മെയ്കിങ് ഇൻസ്റ്റിട്യൂഷൻസ് എന്നാണു പറയാറ്.

No comments:

Post a Comment