Thursday, 9 October 2014

ജീൻസും ചില വസ്ത്ര വിചാരങ്ങളും

                             


                        “സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം, നമുക്കു പറ്റിയ വസ്ത്രങ്ങൾ മാത്രമെ ധരിക്കാവു.സ്ത്രീകൾ ജീൻസ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്.മറച്ചുവയ്ക്കേണ്ടത് മറച്ചു തന്നെ വയ്ക്കണം”. ആസ്ഥാന ഗായകൻ സ്ത്രീകൾക്കു നൽകുന്ന ഉപദേശം.
                               സാമൂഹികമായ ഇടപെടലുകളിൽ ഈ ഗായകൻ എന്നും പ്രതിലോമകാരിയും, നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ സംരക്ഷകനുമായിരുന്നു. മതസൗഹാർദവും, മദ്യവർജനവും, മകര ജ്യോതീയും അദ്ദേഹം ഇങ്ങിനെ പ്രയോജനപ്പെടുത്തിയ വിഷയങ്ങളാണ്. പരിപാടികൾക്ക് കണക്കുപറ്ഞ്ഞ് കാശു വാങ്ങുന്ന അദ്ദേഹത്തിന് അകമ്പടിക്കാരായ ഉപകരണ വാദകർക്ക് കണക്കു തീർത്തു കൊടുക്കുവാൻ മടിയാണ്.കുടുംബ സമേതം എത്തുന്ന അദ്ദേഹത്തിന് എക്സിക്യൂട്ടിവ് ക്ളാസിൽ യാത്രയും, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവും നിർബന്ധമാണ്.
                              എന്തു കുടിക്കണം, എന്തു തിന്നണം, എന്തുടുക്കണം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിൽ സർക്കാരൊ, സംഘടനകളൊ, വ്യക്തികളൊ നിർബന്ധ ബുദ്ധിയോടെ ഇടപെടുമ്പോൾ അതു ഫാഷിസമാകും. സ്ത്രീയുടെ ഏതവയവമാണ് ജീൻസു മറയ്ക്കാത്തത്.വർഷത്തിൽ പകുതി അമേരിക്കയിൽകഴിയുന്ന ഗായകനെ അമേരിക്കൻ സ്ത്രീകളുടെ വസ്ത്രധാരണം വല്ലാതെ വിഷമിപ്പിക്കുന്നുണ്ടാവും? താനിനി താടിയും മുടിയും ഡൈ ചെയ്യില്ല എന്ന് ആരാധകർക്കിടയിൽനിന്നു പ്രഖ്യാപിക്കുകയും ഒരാഴ്ച കഴിഞ്ഞു തീരുമാനം മാറ്റുകയും ചെയ്ത ഗായകൻ തന്റെ മാംസാഹര താല്‍പ്പര്യം ന്യായീകരിക്കാൻ പല വാദങ്ങളും ഉയർത്താറുണ്ട്.
                            ആദവും, ഹവ്വയും നഗ്നരായിരുന്നെന്നും,വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനി തിന്ന അവർ ലജ്ജിതരായി ഓടി ഒളിച്ചെന്നും, ഇലകൾ പറിച്ചു നഗ്നത മറച്ചുവെന്നും ബൈബിൾ പറയുന്നു.ഏദൻ തോട്ടത്തിന്റെ സുഖശീതളിമയിൽ നിന്നു പുറത്തുകടന്ന അവർക്കും, സന്തതികൾക്കും കാലാവസ്ഥയും വസ്ത്രങ്ങൾ അനിർവാര്യമാക്കി.
                           “മനുഷ്യൻ വസ്ത്രമുടുത്തുതുടങ്ങിയത് ഈശ്വരനെ പൂജിക്കാനായിരുന്നില്ല, നാണം മറയ്ക്കുവാനും കാലാവസ്ഥയോടു സന്ധിയുണ്ടാക്കുവാനുമായിരുന്നു. വിവിധ വസ്ത്ര ശൈലികളുടെ നിർണായക ഘടകം കാലാവസ്ഥയാണ്.അറേബ്യൻ മണലാരണ്യത്തിലെ സ്ത്രീയ്ക്കും,പുരുഷനും ഒരുപോലെ ദേഹം മുഴുവൻ മൂടുന്ന വസ്ത്രം ആവശ്യമായി വന്നത് അതു മണൽക്കാറ്റിനും, വരണ്ട ചൂടിനുമെതിരെയുള്ള സംരക്ഷണമാകയലാണ്.യൂറോപ്പിലെ കൊടും തണുപ്പിനെതിരെയാണ് അവിടത്തെ സന്യാസിമാർ പല അടുക്കുകളായി ശരീരം മൂടുന്ന വസ്ത്രം അണിഞ്ഞുതുടങ്ങിയത്.ശുദ്ധമായ മണ്ണുചാലിച്ചു നിറം പിടിപ്പിച്ചെടുത്ത കാവി വസ്ത്രം പ്രകൃതിദത്തവും ആധ്യാത്മികവുമായ പരിശുദ്ധി പ്രതിഫലിപ്പിച്ചിരുന്നു.ഇന്നത് രക്തപങ്കിലമായ അധികാരത്തിന്റെ സാംസ്കാരിക ചിഹ്നമായി തട്ടിയെടുക്കപ്പെട്ടിരിക്കുന്നു.”
                                              തട്ടിയെടുക്കപ്പെട്ട ജീവിതങ്ങൾ - സക്കറിയ.   

                           ഇരുപത്തൊന്നാം നൂറ്റാണ്ടോടെ മലയാളികളുടെ വസ്ത്ര സങ്കല്‍പ്പങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. മന്ത്രിത്തൊഴിലാളികളും, പരാഹ്നഭോജികളായ പൊതു
പ്രവർത്തകരും ഒഴികെ പുരുഷന്മാരധികവും പശ്ചാത്യ വേഷം ധരിച്ചു തുടങ്ങിയപ്പോൾ സ്ത്രീകൾ മുഗൾ-പഞ്ചാബി വസ്ത്രങ്ങൾ സൗകര്യപ്രദവും,സൗന്ദര്യവർത്തകവും ആണെന്നു കരുതി അണിഞ്ഞു തുടങ്ങി.ചുരിദാർ മധ്യവയസ്കകളുടേയും,വൃദ്ധകളുടേയും വസ്ത്രമായി മാറി. അടുത്ത കാലത്ത് അവർ ലഗ്ഗിൻസും ജീൻസും അണിയാൻ ആരംഭിച്ചു.മധ്യവയസ്കയായ അമ്മയും, യുവതിയായ മകളും ഒരുപോലെയുള്ള ലഗ്ഗിൻസൊ ജീൻസൊ ധരിച്ചു നടക്കുന്നത് കേരളത്തിലെ നഗരങ്ങളിലെ ഒരു സാധാരണ കാഴ്ചയാണ്. അമ്മയുടെ കാലിലെ കാച്ചിലും, ചേമ്പും പോലുള്ള മുഴകൾ ലഗ്ഗിൻസുമായി ബലാബലം നടത്തി മുഴച്ചു നിൽക്കുന്ന കാഴ്ച അറപ്പുളവാക്കും.അമ്പതുകളിൽ ജനിച്ച് സെപ്റ്റിക് ടാങ്കുകൾ പോലുമില്ലാത്ത ഗ്രാമങ്ങളിൽ വളർന്നവരാണ് ഇവരിലധികവും. ഇവർക്ക് മുണ്ടോ സാരിയോ ധരിക്കുന്നവരോട് പരമ പുച്ഛമാണ്.വസ്ത്രം തിരഞ്ഞെടുക്കുവാനുള്ള അവകാശം ധരിക്കുന്നവന്റേതാണെങ്കിലും, തനിക്കു ചേരുന്നവ തിരഞ്ഞെടുക്കുവാനുള്ള ഔചിത്യം കാട്ടിയാൽനന്ന്.
                          പുതുവസ്ത്രങ്ങളുടെ കട്ന്നുകയറ്റത്തിലും സാരി ഒരു  ആർഭാടമായി നിലനിൽക്കുന്നു
.”അവളുടെ മെലിഞ്ഞ ശരീരം ഒരു ചലിക്കുന്ന കവിതയായിരുന്നു.അയാൾ പറഞ്ഞു, സാരി ഒരത്ഭുതമാണ്. ഒരു തുണ്ടു തുണി,വെട്ടണ്ട, തയ്ക്കണ്ട. അതുടുക്കുക എന്നാൽ അലങ്കരിക്കുക എന്നാണർത്ഥം ആ ശരീരത്തെ അർഹിക്കുന്ന മറ്റൊരു വസ്ത്രമില്ല.”
                                                                                                                                                                                                                                 പരിദാനം - വിക്റ്റർ ലീനസ്
                               

Wednesday, 1 October 2014

നമുക്കു കരിങ്കോഴികളെ തിന്നു രോഗങ്ങളെ പ്രതിരോധിക്കാം.

                                                      അത്യപൂർവമായ കരിങ്കോഴികളെ വിരിയിച്ചെടുത്ത് ഇറച്ചിയും മുട്ടയുംവിപണിയിലെത്തിക്കുന്ന കരിങ്കോഴിഗ്രാമം പദ്ധതിക്ക് എറണാകുളം ജില്ലാ പ്ഞ്ചായത്ത്  തുടക്കം കുറിച്ചു. ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി.ഇറച്ചിക്കോഴികളിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ മനുഷ്യരിലെ പ്രതിരോധ ശേഷി നശിപ്പിക്കുന്നുവെന്ന പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഔഷധ ഗുണമുള്ള കരിങ്കോഴികളെ വ്യാപകമായി ലഭ്യമാക്കുകയാണു ലക്ഷ്യം.കുടുംബശ്രീ അംഗങ്ങളായ 10 വനിതകളെ ഉൾപ്പെടുത്തി മണീട് ഗ്രാമ പഞ്ചായത്തിലാണ് ആദ്യ കരിങ്കോഴി യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നത്.
                                                                കരിങ്കോഴിയുടെ ഇറ്ച്ചിക്കും മുട്ടയ്ക്കും വില അല്‍പ്പം കൂടുതലാണെങ്കിലും ഔഷധ ഗുണം മുൻനിർത്തി മെച്ചപ്പെട്ട വില്‍പ്പനയാണു പ്രതീക്ഷിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷം വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പള്ളി പറഞ്ഞു. പ്ദ്ധതിക്കായി 10 ലക്ഷം രൂപ ജില്ലാ പ്ഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്.
                                                              പണ്ടൊക്കെ കരിങ്കുരങ്ങു രസായനമായരുന്നല്ലൊ മലയാളികളുടെ സിദ്ധൗഷധം.കരിങ്കുരങ്ങുകൾക്കു വംശ നാശം സംഭവിക്കുകയും, വന നിയമങ്ങൾ  കർക്കശമാക്കുകയം ചെയ്തപ്പോൾ കരിങ്കുരങ്ങു രസായനം അപ്രത്യക്ഷമായി. അപ്പൊഴാണ് ഈ സിദ്ധൗഷധവുമായി ജില്ലാ പഞ്ചായ്ത്ത് പ്രസിഡന്റിന്റെ അവതാരം
                                                            ഉദ്ഘാടനത്തിന് ആരാധ്യനായ ചീഫ് വിപ്പിനെത്തന്നെ ക്ഷണിച്ചത് ഉചിതമായി.അദ്ദേഹവും കോഴികളുമായുള്ള അഭേദ്യബന്ധം ആർക്കാണറിയാത്തത്.മുകളിൽ ചുവന്ന ലൈടും, 30 പേഴ്സനൽ സ്റ്റാഫുമായി അദ്ദേഹം സദാ സേവന സന്നദ്ധനായ് ഇരിക്കുകയല്ലെ.തന്റെ ഭാഷാപ്രാവീണ്യം പ്രകടിപ്പിക്കുവാൻ അടുത്ത കാലത്ത് അദ്ദേഹത്തിന് അവസരങ്ങൾ തീരെ കുറവാണല്ലൊ. 
                                                             പദ്ധതി കുടുംബശ്രീയെ ഏല്‍പ്പിച്ചത് എം എം ഹസൻജിക്കു പിടിച്ചിട്ടുണ്ടാവുകയില്ല. 10 ലക്ഷവും,70000 കരിങ്കോഴികളേയും കോൺഗ്രസ്കാരെത്തന്നെ ഏല്‍പ്പിക്കുകയായിരുന്നു നല്ലത്.         
                                                              ഇങ്ങനെ ഭാവനാപൂർണമായ,എത്രയെത്ര മഹത്തായ പരിപാടികളാണ് എൽദോസ് കുന്നപ്പള്ളി ആരംഭിച്ചത്.തെരുവു നായ്ക്കളുടെ ശല്യം 
അവസാനിപ്പിക്കുന്നതിനായി 2013 നവംബറിൽ തുടങ്ങിയ പദ്ധതി തന്നെ ഇതിനു തെളിവാണ്. തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം  സ്ഥാപിയ്ക്കാനായിരുന്നു തീരുമാനം. ആനിമൽ ബർത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുരത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു  കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്,മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു  മുൻഗണന.   പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന 
സമിതിയിൽ ഉന്നയിച്ചത്.കൂടുതൽ ദിവസത്തെ ശുശ്രൂഷയിലൂടെ ഖജനാവിനുണ്ടാകവുന്ന നഷ്ടം ഒഴിവാക്കാനായി ആൺനായ്ക്കളെത്തന്നെ തിരഞ്ഞു പിടിക്കുന്നതിലെ ആത്മാർത്ഥത എത്ര ശ്ലാഘനീയമാണ്. നാ‍യ്ക്കളുടെ നിസ്സഹകരണം കൊണ്ട് പദ്ധതി ഇതുവരെ തുടങ്ങാനായില്ല.