Thursday, 9 October 2014

ജീൻസും ചില വസ്ത്ര വിചാരങ്ങളും

                             


                        “സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം, നമുക്കു പറ്റിയ വസ്ത്രങ്ങൾ മാത്രമെ ധരിക്കാവു.സ്ത്രീകൾ ജീൻസ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്.മറച്ചുവയ്ക്കേണ്ടത് മറച്ചു തന്നെ വയ്ക്കണം”. ആസ്ഥാന ഗായകൻ സ്ത്രീകൾക്കു നൽകുന്ന ഉപദേശം.
                               സാമൂഹികമായ ഇടപെടലുകളിൽ ഈ ഗായകൻ എന്നും പ്രതിലോമകാരിയും, നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ സംരക്ഷകനുമായിരുന്നു. മതസൗഹാർദവും, മദ്യവർജനവും, മകര ജ്യോതീയും അദ്ദേഹം ഇങ്ങിനെ പ്രയോജനപ്പെടുത്തിയ വിഷയങ്ങളാണ്. പരിപാടികൾക്ക് കണക്കുപറ്ഞ്ഞ് കാശു വാങ്ങുന്ന അദ്ദേഹത്തിന് അകമ്പടിക്കാരായ ഉപകരണ വാദകർക്ക് കണക്കു തീർത്തു കൊടുക്കുവാൻ മടിയാണ്.കുടുംബ സമേതം എത്തുന്ന അദ്ദേഹത്തിന് എക്സിക്യൂട്ടിവ് ക്ളാസിൽ യാത്രയും, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവും നിർബന്ധമാണ്.
                              എന്തു കുടിക്കണം, എന്തു തിന്നണം, എന്തുടുക്കണം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിൽ സർക്കാരൊ, സംഘടനകളൊ, വ്യക്തികളൊ നിർബന്ധ ബുദ്ധിയോടെ ഇടപെടുമ്പോൾ അതു ഫാഷിസമാകും. സ്ത്രീയുടെ ഏതവയവമാണ് ജീൻസു മറയ്ക്കാത്തത്.വർഷത്തിൽ പകുതി അമേരിക്കയിൽകഴിയുന്ന ഗായകനെ അമേരിക്കൻ സ്ത്രീകളുടെ വസ്ത്രധാരണം വല്ലാതെ വിഷമിപ്പിക്കുന്നുണ്ടാവും? താനിനി താടിയും മുടിയും ഡൈ ചെയ്യില്ല എന്ന് ആരാധകർക്കിടയിൽനിന്നു പ്രഖ്യാപിക്കുകയും ഒരാഴ്ച കഴിഞ്ഞു തീരുമാനം മാറ്റുകയും ചെയ്ത ഗായകൻ തന്റെ മാംസാഹര താല്‍പ്പര്യം ന്യായീകരിക്കാൻ പല വാദങ്ങളും ഉയർത്താറുണ്ട്.
                            ആദവും, ഹവ്വയും നഗ്നരായിരുന്നെന്നും,വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനി തിന്ന അവർ ലജ്ജിതരായി ഓടി ഒളിച്ചെന്നും, ഇലകൾ പറിച്ചു നഗ്നത മറച്ചുവെന്നും ബൈബിൾ പറയുന്നു.ഏദൻ തോട്ടത്തിന്റെ സുഖശീതളിമയിൽ നിന്നു പുറത്തുകടന്ന അവർക്കും, സന്തതികൾക്കും കാലാവസ്ഥയും വസ്ത്രങ്ങൾ അനിർവാര്യമാക്കി.
                           “മനുഷ്യൻ വസ്ത്രമുടുത്തുതുടങ്ങിയത് ഈശ്വരനെ പൂജിക്കാനായിരുന്നില്ല, നാണം മറയ്ക്കുവാനും കാലാവസ്ഥയോടു സന്ധിയുണ്ടാക്കുവാനുമായിരുന്നു. വിവിധ വസ്ത്ര ശൈലികളുടെ നിർണായക ഘടകം കാലാവസ്ഥയാണ്.അറേബ്യൻ മണലാരണ്യത്തിലെ സ്ത്രീയ്ക്കും,പുരുഷനും ഒരുപോലെ ദേഹം മുഴുവൻ മൂടുന്ന വസ്ത്രം ആവശ്യമായി വന്നത് അതു മണൽക്കാറ്റിനും, വരണ്ട ചൂടിനുമെതിരെയുള്ള സംരക്ഷണമാകയലാണ്.യൂറോപ്പിലെ കൊടും തണുപ്പിനെതിരെയാണ് അവിടത്തെ സന്യാസിമാർ പല അടുക്കുകളായി ശരീരം മൂടുന്ന വസ്ത്രം അണിഞ്ഞുതുടങ്ങിയത്.ശുദ്ധമായ മണ്ണുചാലിച്ചു നിറം പിടിപ്പിച്ചെടുത്ത കാവി വസ്ത്രം പ്രകൃതിദത്തവും ആധ്യാത്മികവുമായ പരിശുദ്ധി പ്രതിഫലിപ്പിച്ചിരുന്നു.ഇന്നത് രക്തപങ്കിലമായ അധികാരത്തിന്റെ സാംസ്കാരിക ചിഹ്നമായി തട്ടിയെടുക്കപ്പെട്ടിരിക്കുന്നു.”
                                              തട്ടിയെടുക്കപ്പെട്ട ജീവിതങ്ങൾ - സക്കറിയ.   

                           ഇരുപത്തൊന്നാം നൂറ്റാണ്ടോടെ മലയാളികളുടെ വസ്ത്ര സങ്കല്‍പ്പങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. മന്ത്രിത്തൊഴിലാളികളും, പരാഹ്നഭോജികളായ പൊതു
പ്രവർത്തകരും ഒഴികെ പുരുഷന്മാരധികവും പശ്ചാത്യ വേഷം ധരിച്ചു തുടങ്ങിയപ്പോൾ സ്ത്രീകൾ മുഗൾ-പഞ്ചാബി വസ്ത്രങ്ങൾ സൗകര്യപ്രദവും,സൗന്ദര്യവർത്തകവും ആണെന്നു കരുതി അണിഞ്ഞു തുടങ്ങി.ചുരിദാർ മധ്യവയസ്കകളുടേയും,വൃദ്ധകളുടേയും വസ്ത്രമായി മാറി. അടുത്ത കാലത്ത് അവർ ലഗ്ഗിൻസും ജീൻസും അണിയാൻ ആരംഭിച്ചു.മധ്യവയസ്കയായ അമ്മയും, യുവതിയായ മകളും ഒരുപോലെയുള്ള ലഗ്ഗിൻസൊ ജീൻസൊ ധരിച്ചു നടക്കുന്നത് കേരളത്തിലെ നഗരങ്ങളിലെ ഒരു സാധാരണ കാഴ്ചയാണ്. അമ്മയുടെ കാലിലെ കാച്ചിലും, ചേമ്പും പോലുള്ള മുഴകൾ ലഗ്ഗിൻസുമായി ബലാബലം നടത്തി മുഴച്ചു നിൽക്കുന്ന കാഴ്ച അറപ്പുളവാക്കും.അമ്പതുകളിൽ ജനിച്ച് സെപ്റ്റിക് ടാങ്കുകൾ പോലുമില്ലാത്ത ഗ്രാമങ്ങളിൽ വളർന്നവരാണ് ഇവരിലധികവും. ഇവർക്ക് മുണ്ടോ സാരിയോ ധരിക്കുന്നവരോട് പരമ പുച്ഛമാണ്.വസ്ത്രം തിരഞ്ഞെടുക്കുവാനുള്ള അവകാശം ധരിക്കുന്നവന്റേതാണെങ്കിലും, തനിക്കു ചേരുന്നവ തിരഞ്ഞെടുക്കുവാനുള്ള ഔചിത്യം കാട്ടിയാൽനന്ന്.
                          പുതുവസ്ത്രങ്ങളുടെ കട്ന്നുകയറ്റത്തിലും സാരി ഒരു  ആർഭാടമായി നിലനിൽക്കുന്നു
.”അവളുടെ മെലിഞ്ഞ ശരീരം ഒരു ചലിക്കുന്ന കവിതയായിരുന്നു.അയാൾ പറഞ്ഞു, സാരി ഒരത്ഭുതമാണ്. ഒരു തുണ്ടു തുണി,വെട്ടണ്ട, തയ്ക്കണ്ട. അതുടുക്കുക എന്നാൽ അലങ്കരിക്കുക എന്നാണർത്ഥം ആ ശരീരത്തെ അർഹിക്കുന്ന മറ്റൊരു വസ്ത്രമില്ല.”
                                                                                                                                                                                                                                 പരിദാനം - വിക്റ്റർ ലീനസ്
                               

No comments:

Post a Comment