Sunday, 2 November 2014

സർവ കശാപ്പുശാലകൾ

                                                 
 കേരളത്തിലെ സർവകലാശാലകളിലെ പ്രശ്നങ്ങളെക്കുറിച്ചു ലഭിച്ച പരാതികൾക്കു പരിഹാരം കാണാനുള്ള ചാൻസലർ കൂടിയായ ഗവർണറുടെ ഇടപെടലുകൾ വിദ്യാഭ്യാസത്തെ 
കറവപ്പശുവായി കാണുന്ന രാഷ്ട്രീയക്കാർക്കു രസിക്കുന്നില്ല. വൈസ്ചാൻസലർമാരുടെ യോഗം ഗവർണർ വിളിച്ചു ചേർത്തത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്നും,നിയമവിരുദ്ധമാണെന്നും കെ പി സി സി വൈസ് പ്രസിഡന്റും, നിയമ വിശാരദനുമായ ശ്രീ എം എം ഹസൻജി. മുസ്ലിം യൂത് ലീഗും ഗർണറുടെ നടപടിയിൽ പ്രതിഷേധിച്ചു.
                രാഷ്ട്രീയക്കാർ സർവകലാശാലകളുടെ ഭരണത്തിൽ നേരിട്ട് ഇടപെടാനും, വൈസ് ചാൻസലർ പോസ്റ്റ് പാർട്ടി അടിസ്ഥാനത്തിൽ വീതം വയ്ക്കാനും തുടങ്ങിയിട്ടു കാലമേറെയായി. സർവകലാശാല സെനറ്റിലും, സിൻഡിക്കേറ്റിലും അക്ഷര വൈരികളും, പരാന്ന ഭോജികളുമായ രാഷ്ട്രീയക്കാരും, നേതാക്കന്മാരുടെ അടിമകളായ ദല്ലാളുകളും മാത്രമായി..വൈസ്ചാൻസലർ പദവിയിലെത്തിയ അല്പന്മാർ ധന സമ്പാദനവും,അധികാര ദുർവിനിയോഗവും,രാഷ്ട്രീയ പ്രീണനവുമായി ഭരണം തുടർന്നപ്പൊൾ സർവകലാശാലകളിൽ അരുതാത്തതെല്ലാം അരങ്ങേറി.
                കേരള കോൺഗ്രസ് നോമിനിയായി എം ജി യൂണിവേർസിറ്റി വൈസ് ചാൻസലറായ വ്യക്തിയെ പരാതികളും, വിജിലൻസ് റിപ്പോർട്ടുകളും, ക്രിമിനൽ കേസുകൾക്കുമൊടുവിൽ പുറത്താക്കേണ്ടി വന്നു.അധികാരത്തിൽ കടിച്ചു തൂങ്ങാൻ  നടത്തിയ ശ്രമങ്ങൾ അയാൾ ഉപേക്ഷിച്ചത് എല്ലാ തെളിവുകളും, കോടതി വിധികളും തനിക്കെതിരാണെന്നു മനസിലായപ്പോൾ മാത്രം
പകരക്കാരനും,പാർട്ടിയുടെ നോമിനിയും, നേതാവിന്റെ അയൽക്കാരനും.
               കാലിക്കറ്റ് സർവകലാശാല കലാപ ഭൂമിയായിട്ട് കുറെ നാളുകളായി.വിദ്യാർഥികൾ അനിശ്ചിത കാല സമരത്തിലാണ്.സിൻഡിക്കറ്റ് യോഗത്തിൽ നടന്ന കയ്യാംകളിയിൽ, വൈസ് ചാൻസലർക്കും,പി വി സി ക്കും,സിൻഡിക്കേറ്റ് അംഗത്തിനും പരിക്കു പറ്റി.ഗൾഫിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന വ്യക്തി കോളജിൽ അറാബിക് പ്രഫസറായിരുന്നു സർക്കർ ശമ്പളം വാങ്ങിയതും, സിൻഡിക്കറ്റ്മെംബറായിരുന്ന് യാ‍ത്രപ്പടിയും മറ്റ് ആനുകൂല്യങ്ങളും വാങ്ങിയതും കാലിക്കറ്റ് യൂണിവേർസിറ്റിയിലാണ്.ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്ത് പ്രഫസറുടെ സാലറി വാങ്ങാൻ ഇലക്ട്രീഷ്യൻ കോളജിലെ അറ്റൻഡൻസ് രജിസ്റ്റർ തിരുത്തിയതും, കോളജ് അധികൃതർ ഈ തട്ടിപ്പിനു കൂട്ടു നിന്നതും വിജിലൻസ് വകുപ്പക   ണ്ടെത്തിയിരുന്നു.ഇയാൾക്കെതിരെ എന്തു നടപടിയുണ്ടായി 
എന്നു വ്യക്തമല്ല.ഇരട്ട ശമ്പളം വാങ്ങിയതിന് അന്വേഷണം നേരിടുന്ന വൈസ്ചൻസലർ മൂന്നു ശമ്പളം വാങ്ങിയ ഇലക്ട്രീഷ്യൻ പ്രഫസർക്കെതിരെ നടപടി എടുക്കാൻ ധൈര്യപ്പെടില്ല. മന്ത്രിപുംഗവന്റെ പാർട്ടി നേതാവായ മേപ്പടിയാൻ തന്റെ കലാപരിപാടികൾ അനുസ്യൂതം തുടരുന്നുവെന്ന് അനുമാനിക്കാം.
                 ദീർഘമായ തർക്കങ്ങൾക്കും, വിലപേശലുകൾക്കുമൊടുവിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വൈസ്ചാൻസലർ നിയമനം നടന്നത്.വീതം വയ്ക്കലിൽ കോൺഗ്രസിലെ ഒരു ഗ്രൂപ്പിന് തീറു കൊടുത്തതായിരുന്നത്രെ വൈസ്ചാൻസലർ ഉദ്യോഗം.സിൻഡിക്കറ്റ് മീറ്റിങ്ങിൽ കോൺഗ്രസ് എം എൽ എ യും, വ്യവസായികളുടെ പ്രതിനിധിയും തമ്മിലുണ്ടായ തർക്കങ്ങൾ തെരുവിൽ തല്ലിലാണ് അവസാനിച്ചത്. തൃശൂർ കേന്ദ്രമായ സ്വകാര്യ ബാങ്കിലെ മുൻ ക്ലർക്കാണ്  വ്യവസായ പ്രതിനിധിയായ ഈ മഹാപണ്ഠിതൻ.
                 വെറ്ററിനറി സർവകലാശാലയിലെ അഞ്ച് അധ്യാപകർ വ്യാജ പി എച് ഡി നേടിയവരാണെന്ന് കണ്ടെത്തി. വ്യാജ പി എച് ഡി ഉപയോഗിച്ച് ഇവർ സ്ഥാനക്കയറ്റവും, ശമ്പള വർധനയും നേടിയതായും തെളിഞ്ഞിട്ടുണ്ട്.  ഒരു പ്രഫസറും, നാല് അസിസ്റ്റന്റ് പ്രഫസർമാരുമാണ് വ്യാജ പി എച് ഡി സ്വന്തമാക്കിയത്.അസിസ്റ്റന്റ് പ്രഫസർക്ക് പി എച് ഡി ഉണ്ടെങ്കിൽ രണ്ട് ഇൻക്രിമെന്റ് ലഭിക്കും. അസിസ്റ്റന്റ് പ്രഫസറിൽ നിന്നു സ്ഥാനക്കയറ്റം ലഭിക്കാൻ പി എച് ഡി നിർബന്ധമാണ്.
                 സർവകലാശാലാ ഭരണം രാഷ്ട്രീയക്കാർ പൊറാട്ടു നടകമാക്കുമ്പോൾ എങ്ങനെയും കാശുണ്ടാക്കുവാനുള്ള ശ്രമത്തിലാണ് ഡീംഡ് യൂണിവേർസിറ്റികളും, സെൽഫ് ഫൈനാൻസിങ് കോളജുകളും. പല ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു പത്താം ക്ലാസുകാരൻ വ്യാജ പി എച് ഡി യുടെ ബലത്തിൽ നൂറനാട് അർചന എൻജനീയറിങ് കോളജിൽ പ്രിൻസിപ്പലായിരുന്നു. സംശയം തോന്നിയ വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. കൃത്യമായി ശമ്പളം കൊടുക്കാത്ത പ്രൈവറ്റ് കോളജുകൾ വഴിയെ പൊകുന്ന ആരേയും പിടിച്ച് അധ്യാപകരാക്കും.അവരുടെ അയോഗ്യതകളിൽ സംശയം തോന്നാനുള്ള യോഗ്യതയൊ, വിദ്യാഭ്യാസമൊ കോൾജ് നടത്തുന്നവർക്ക് ഇല്ലല്ലൊ?.
                മഹാത്മാവിന്റെ നാമത്തിലുള്ള സർവകലാശാലയിൽ എനിക്കുണ്ടായ ഒരു അനുഭവം.ഇംഗ്ലിഷ് എം എ പരീക്ഷ എഴുതിയ മകൾക്ക് ഒരു പേപ്പറിനു പ്രതീക്ഷിച്ച മാർക്ക് 
ലഭിച്ചില്ല.റീവാല്യുവേഷനു പണം അടച്ച് അപേക്ഷ നൽകി കാത്തിരുന്നു.മറുപടികാത്ത് മടുത്ത്പ്പോൾ നെരിട്ട് പോയി അന്വേഷിച്ചു.ചാർജുള്ള അസിസ്റ്റന്റ് രജിസ്റ്റാറുടെ ക്ഷമാപണവും, വിനയുവം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു തോന്നി.പല യാത്രകൾക്കും, അന്വേഷണങ്ങൾക്കുമൊടുവിൽ ഉത്തരക്കടലാസ് കണ്ടെത്താൻ കഴിയുന്നില്ലന്ന് മനസിലായി.സുഹൃത്തായ കോളജ് പ്രഫസർ ഒരു പോംവഴി നിർദേശിച്ചു. അഹിംസാപാർട്ടിയുടെ ട്രേഡ് യൂണിയൻ നേതാവിനെ പോയി കണ്ടാൽ കാര്യം നടക്കും.പത്തര മണിക്ക് യൂണിവേർസിറ്റിയിൽ എത്തി, ചുറ്റി നടക്കുകയായിരുന്ന ഖദർധാരിയെ കണ്ടുപിടിച്ചു. സംസാരിച്ചു നടക്കുമ്പോൾ ആദ്യം കണ്ട ഓട്ടോറിക്ഷയിൽ കയറി അയാൾ നേരെ പോയത് അടുത്ത ബാറിലേയ്ക്ക്. അരണ്ട വെളിച്ചത്തിൽ സ്വരം താഴ്തി അയാൾ പറഞ്ഞു. “സാർ കുറച്ചു കാശു മുടക്കിയാൽ കൊച്ചിനു പറയുന്ന മാർക്ക് ഞാൻ വാങ്ങിത്തരാം, ആൻസർ പേപ്പർ ക്ണ്ടുപിടിക്കാനൊന്നും പറ്റില്ല”.അതിനു വഴങ്ങാതിരുന്ന എന്നോട് അയാൾ പരഞ്ഞു. “ആദർശം പറ്ഞ്ഞിട്ടൊന്നും 
കാര്യമില്ല, ഇവിടെ നടക്കുന്നതൊക്കെ തരികിടയാണ്”.വീണ്ടും പരീക്ഷ എഴുതി കുട്ടി പാസായി. ഒരു വർഷവു കുറച്ചു പണവും പാഴായി.
             രാജ്യ്യാന്തര തലത്തിൽ അംഗീകാരമുള്ള Q S റാങ്കിങ് പ്രകാരം ആദ്യത്തെ 200 യൂണിവേർസിറ്റികളിൽ ഒന്നു പോലും ഇന്ത്യയിൽ നിന്ന് ഇല്ല.കേരളത്തിലെ സർവകലാശാലകൾ പട്ടികയുടെ ഏഴയലത്തില്ല.ഒന്നായിരുന്ന കേരള സർവകലാശാല വിഭജിച്ച് നാലാക്കി. മലയാളത്തിനു പ്രത്യേകം സർവകലാശാല സ്ഥാപിച്ചു. കലാമണ്ഠലം സർവകലാശാലയാക്കി.കാർഷിക                   
സർവകലാശാലയ്ക്കു പുറമേ,മൃഗങ്ങൾക്കും, മത്സ്യങ്ങൾക്കും വേറെ വേറെ സർവകലാസാലകൾ ഉണ്ടാക്കി. വെറ്ററിനറി & ആനിമൽ സർവീസ് യൂണിവേർസിറ്റിയിൽ നിന്ന് പക്ഷികളെ അടർത്തിയെടുത്ത് പുതിയൊരു യൂണിവേർസിറ്റി ഉണ്ടാക്കാനായിരിക്കും അടുത്ത ശ്രമം. മുഖ്യമന്ത്രി വിസിറ്ററും, അഭ്യന്തിര മന്ത്രി ചാൻസലറുമായി പൊലീസ് സർവൽകലാശാല സ്ഥാപിക്കാനുള്ള ശ്രമം,സംസ്ഥാന സർക്കാർ തുടങ്ങി.ട്രൈബൽ സ്റ്റഡീസിന് ഒരു സർവകലാശാല തുടങ്ങാനും പ്ലാനുണ്ട്.സെക്രട്ടറിയേറ്റിനു മുൻപിൽ ആദിവാസികൾ നടത്തുന്ന നില്‍പ്പു സ്മരം 100 ദിവസം പിന്നിട്ടിട്ടും 
തിരിഞ്ഞു നോക്കാത്ത മുഖ്യനാണത്രെ അവർക്കായി സർവകലാശാലയ്ക്കു ശ്രമിക്കുന്നത്.വിദ്യാഭ്യാസ രംഗത്തെ മികവൊ,നിലവാരത്തിന്റെ ഉയർച്ചയൊ ഒന്നുമല്ല ഈ പുതിയ സംരഭങ്ങൾക്കു  സർക്കാരിനെ പ്രേ   രിപ്പിക്കുന്നത്.രാഷ്ട്രീയക്കോമരങ്ങൾക്കും,ശിങ്കിടികൾക്കും കയറി നിരങ്ങാനൊരിടം,കൈയിട്ടു വാരാൻ ഒരു അവസരം, പാദസേവകരെ വലിയ ശമ്പളത്തിൽ നിയമിക്കാൻ  പറ്റിയ ഒരു ഇടം. ഇത്രയൊക്കെയേ നമ്മുടെ മന്ത്രി പുംഗവന്മാർ സർവകലാശാലകളിൽ നിന്നു പ്രതീക്ഷിക്കുന്നുള്ളു.
                                                                                
                                                        സപ്ത ശ്രീ തസ്കര::


No comments:

Post a Comment