പദ്മശ്രീ, ഭരത്, ലഫ്. കേണൽ മോഹൻലാലിന്, താങ്കളുടെ അഭിനയ മികവ് ആരും ചോദ്യം ചെയ്യില്ല,അതിനുള്ള അംഗീകാരമാണല്ലൊ താങ്കൾക്കു ലഭിച്ച അവാർഡുകളും, ബഹുമതികളും. പക്ഷെ
താങ്കൾ ഒരു ഗായകനല്ല എന്ന തിരിച്ചറിവ് എന്തുകൊണ്ട് താങ്കൾക്കുണ്ടാകതെ പോയി? സിനിമയിലും, സ്റ്റേജിലും, പൊതുപരിപാടികളിലും താങ്കൾ പാടിയ പാട്ടുകൾ ആരെങ്കിലും ആസ്വദിക്കുന്നുണ്ടെങ്കിൽ അവർ അന്ധമായ ആരാധന മൂത്ത ഫാൻസോ, രക്ത-വ്യക്തി ബന്ധങ്ങളാൽ താങ്കൾക്ക് ഉറ്റവരോ ആകാം. താങ്കളുടെ മറ്റു കഴിവുകളെ അംഗീകരിക്കുന്നവരും മൗനാനുവാദത്തിലൂടെ താങ്കളെ പ്രോത്സാഹിപ്പിച്ചിരിക്കാം.
പ്രകൃതിയുടെ താളങ്ങളും, ലയങ്ങളും മനുഷ്യ മനസ്സിൽ ഉണർത്തുന്ന അനുരണനങ്ങൾ ആണല്ലൊ സംഗീതത്തിന്റെ ആദിമ ഭാവം.താളമില്ലാതെ
പ്രകൃതിയില്ല,സംഗീതമില്ലാത്ത മനുഷ്യരില്ല.എല്ലാ മനുഷ്യരും സംഗീതത്തെ സ്നേഹിക്കുന്നു, ഏകാന്തതയിലെങ്കിലും ഒന്നു പാടാൻ അവർ മോഹിക്കുന്നു.മലയാളികളുടെ ഗാനാലാപനാസക്തി വെളിയിൽ വരുന്ന അവസരമാണല്ലൊ മദിരോത്സവങ്ങൾ.ഇവിടെ ഏതു പോത്തിനും ഗായകനാകാം.ഗായകനും, ശ്രോതാക്കളും ഉന്മാദികളാകയാൽ ഗായകനു ലജ്ജ തോന്നേണ്ട കാര്യമില്ല.ഉടുതുണിക്കു പോലും പ്രസക്തിയില്ലാതാകുമ്പോൾ സ്വര വൈരൂപ്യത്തിൽ എന്തിനു ലജ്ജിക്കണം. ഉത്തരവാദപ്പെട്ട ഒരു കലാകാരൻ ഇങ്ങനെ ആകാൻ പാടില്ലല്ലൊ? പാട്ടുകാരനാകാൻ നിറുകയിൽ നിയതിയുടെ വരയുമായ് ജനിക്കണം.അല്ലാത്തവർ പാട്ട് ഭാര്യയും, കുട്ടികളും, സുഹൃത്തുക്കളും മാത്രമുള്ള സദസുകളിൽ ഒതുക്കണം.പ്രശസ്തിയും, പണവും, അധികാരവുമുണ്ടെങ്കിൽ ലജ്ജാരഹിതനായ ഏതൊരാൾക്കും പാടാൻ വേദികൾ കിട്ടും. “വാഹ്ജി വാഹ്” പറഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ആളുകളുമുണ്ടാകും. കേരളത്തിലെ ഒരു സ്വകാര്യ ബാങ്കിന്റെ മേധാവി അധികാരത്തിലിരുന്നപ്പോൾ നാടു നീളെ നടന്നു പാടി കോൾമയിർ കൊണ്ടു.ബാങ്കിന്റെ പരസ്യ ബജറ്റിൽ കണ്ണുള്ള ചാനലുകൾ അദ്ദേഹത്തിന്റെ പാട്ടുകൾ തുടരെ പ്രക്ഷേപണം ചെയ്തു.
കഴിഞ്ഞ തലമുറയിലെ സ്യൂപ്പർ സ്റ്റാറുകൾ (അങ്ങനെ ഒരു പദവി അന്നില്ലായിരുന്നു) സ്വപ്നാന്വേഷികൾ ആയിരുന്നു.മദ്യവും, സ്ത്രീയും,ദീനാനുകമ്പയും
അവരുടെ സമ്പാദ്യമെല്ലാം കവർന്നെടുക്കുകയും, അവരുടെ മക്കൾ ഇന്നു നിത്യവൃത്തിക്കായ് വിയർപ്പൊഴുക്കുകയും ചെയ്യുന്നു.താങ്കളുടെ തലമുറ ബൈബിളിലെ താലന്തുകളുടെ ഉപമയിലെ ബുദ്ധിമാനായ ഭൃത്യനെപ്പോലെ കിട്ടിയ പണമൊക്കെ ബിസിനസിൽ നിക്ഷേപിച്ച് വർധിപ്പിക്കുന്നു.ഭരണ നേതൃത്വവുമായി തോളുരുമ്മി നിൽക്കുന്ന നിങ്ങൾക്ക് റെയ്ഡുകളെ ഭയപ്പെടേണ്ട. സ്വർണവും,മദ്യവും, വട്ടിപ്പലിശയും എൻഡോർസ് ചെയ്യുവാൻ താങ്കൾക്കുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം?
അധികാരം കൈയാളുന്ന കശ്മലരുമായുള്ള അടുപ്പമായിരിക്കാം താങ്കളെ ദേശീയ ഗയിംസിന്റെ അരീനയിൽ എത്തിച്ചതും, അ പഹാസ്യനാക്കിയതും.അതിലെ കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് എനിക്കു ബേജാറില്ല.രാഷ്ട്രീയക്കാർ ഇടപെടുന്നതെന്തും ഇന്ന് കണ്ണിൽ ചോരയില്ലാത്ത കച്ചവടങ്ങളാണല്ലൊ.ആ പരിപാടി പരമ ബോറാണെന്നു മനസ്സിലാക്കുവാനുള്ള കലാപാണ്ഠിത്യം തിരുവഞ്ചൂരിനൊഴികെ ആർക്കും ഉണ്ടാകും.താങ്കളുടെ പാട്ടും,പറയലും, ആട്ടവും അരോചകമായിരുന്നു.ലാലിസം എന്ന പേരിൽ സ്വത്വം കച്ചവടം ചെയ്യാനിറങ്ങുമ്പോൾ കുറെക്കൂടി ബുദ്ധിയും,ശ്രദ്ധയും വേണ്ടിയിരുന്നു.ദേശീയ ഗയിംസിൽ നിന്ന് അകന്നു നിന്നാൽ പോലും ഇതു താങ്കളുടെ സ്വപ്ന പദ്ധതിയാണല്ലൊ. ഇത്തരം തരം താണ ഒരു പരിപാടിയിലൂടെ നിത്യതയെ പുൽകാൻ മോഹിച്ച താങ്കളെയോർത്ത് ഞാൻ ലജ്ജിക്കുന്നു.
No comments:
Post a Comment