Showing posts with label Mohanlal Fans Association. Show all posts
Showing posts with label Mohanlal Fans Association. Show all posts

Wednesday, 23 November 2016

പുലി മുരുകന്‍ ഒരു വിയോജനക്കുറിപ്പ്


വിഗതകുമാരനില്‍ തുടങ്ങിയ മലയാള സിനിമ അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു പുലിമുരുകനില്‍ എത്തി നില്‍ക്കുമ്പോള്‍ നിസ്സംശയം പറയാം ആ യാത്ര
പിന്നോട്ടായിരുന്നു എന്ന്. നൂറു കോടി കലക്ഷന്‍ നേടി സര്‍വകാല റിക്കോഡ്‌ സൃഷ്ടിച്ച മുരുകന്‍ ഹിന്ദി, തമിഴ്,തെലുഗു ഭാഷകളിലെ തട്ടുപൊളിപ്പന്‍ തറപ്പടങ്ങളുടെ നിലവാരത്തിലേക്ക്
മലയാള സിനിമയെ തരം താഴ്ത്തുന്ന പ്രക്രിയയിലെ അവസാനത്തേതും ,അതുല്യവുമായ ഒരു ശ്രമത്തിന്‍റെ ഫലമാണ്.
മലയാറ്റൂര്‍ മലമടക്കിലെവിടയോ ഉള്ള പുലിയൂര്‍ എന്ന സാങ്കല്പിക ഗ്രാമം.അവിടെ വായു ഭക്ഷിച്ചു കഴിയുന്ന ഗ്രാമവാസികള്‍ -ഇതുപോലെയുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍
കൃഷി ചെയ്തു ജിവിക്കുമ്പോള്‍ ചില്ലറ കഞ്ചാവ് കൃഷി ഒഴികെ ഇവിടെ അതിന്‍റെ ലക്ഷണം ഒന്നും തന്നെയില്ല.വടിവൊത്ത മലയാളത്തില്‍ സംവദിക്കുന്ന മൂപ്പന്ടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍
എത്തുന്ന ആദിവാസികള്‍. ഗ്രാമ നാമത്തിന്‍റെ യശസ് നിലനിര്‍ത്താനെന്നവണ്ണം ഇടയ്ക്കിടെ അതിഥികളായി എത്തുന്ന പുലികള്‍. പുലികളെ കൊന്ന് പ്രജകളെ കാക്കാന്‍ മീശ പിരിച്ച്, കുന്തവും,ചാട്ടുളിയും,
ബുമരാങ്ങുമായി വായുവില്‍ പറന്നു പൊരുതുന്ന പുലിമുരുകന്‍.മുരുകന്‍റെ ആദര്‍ശവതിയും, ആലിലപ്പരുവവും ആയ കാമുകി,പിന്നിട് ഭാര്യ. ഭര്‍തൃമതി ആയിട്ടും,വടക്കോട്ട് എടുത്തിട്ടും
മുരുകനെ തേടിയെത്തുന്ന എസ്റ്റേറ്റ് മുതലാളിയുടെ വില്ലത്തി മകള്‍. മദ്യപനും,ഭോഗിയുമായ മുരുകന്‍റെ അമ്മാവന്‍.സ്ത്രീകളുടെ കുളിമുറികളിലും,കിടപ്പറകളിലും ഒളിഞ്ഞു നോക്കി ഹാസ്യം
തിരയുന്ന തമാശക്കാരന്‍. പുലിയൂരില്‍ വന്നും, ചേര്‍ക്കളയിലും,മംഗലാപുരത്തും എത്തിച്ചും അജയ്യനും, അമാനുഷനുമായ മുരുകനോട് ഏറ്റുമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ട പരശതം വില്ലന്മാര്‍.
ഇവരെല്ലാം ചേര്‍ന്ന് തിമര്‍ത്ത് കളിക്കുന്ന മൂന്നു മണിക്കുര്‍ നീണ്ട സിനിമയുടെ ആരവം അടങ്ങി തിയേറ്ററിനു പുറത്തു കടക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം ചില്ലറയല്ല.
ഫാന്ടസി, സയന്‍സ് ഫിക്ഷന്‍,അഡ്വഞ്ചര്‍, ജങ്ങ്ളി ഈ ഗണത്തില്‍ ഏതില്‍ പെടുത്താം ഈ സിനിമ എന്ന് നിര്‍മാതാവിനോ,സംവിധായകനോ നിശ്ചയം ഉണ്ടാവില്ല. 'മുരുകാ,മുരുകാ
പുലിമുരുകാ എന്ന കീര്ത്തനം പോലുള്ള ഗാനത്തിന്‍റെ ആവര്‍ത്തനത്തോടെ അവതരിപ്പിക്കപ്പെടുന്ന മോഹന്‍ലാലിന്റെ കഥാപാത്രം അതിമാനുഷനും,അജയ്യനും അത്രേ. ചാട്ടുളി എറിഞ്ഞ്
ദന്ത വൈദ്യനെപ്പോലെ പല്ലുകള്‍ പിഴുതെടുത്തും,കോര്‍ത്തു വലിച്ചും, പുലിയെ കൊല്ലുന്നതും,തന്നോളം പോന്ന അനുജന്‍റെ മൃതപ്രായമായ ശരിരം തോളിലേറ്റി രണ്ടു ഡസന്‍ വില്ലന്മാരെ
പുല്ലുപോലെ അടിച്ചു വീഴ്ത്തുന്നതും പോലുള്ള പ്രേക്ഷകരെ വടിയാക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ട്.
നല്ല നടനായ മോഹന്‍ലാല്‍ കോമാളി വേഷം കെട്ടി ഇങ്ങനെ തരം താഴുന്നത് എന്തിന്നാണ്? പൂര്‍ണ നടന്‍ (complete actor) എന്ന ടൈറ്റില്‍ വിശേഷണത്തോടെ മോഹന്‍ലാലിനെ
അവതരിപ്പിക്കുന്ന സംവിധായകന്‍ അദ്ദേഹത്തെ പരിമിതന്‍ (incomplete) ആക്കുകയാണ് ചെയ്യുന്നത്. എസ് ജാനകിയുടെ ഹംസ ഗാനം ആണ് ഈ ചിത്രത്തിലെ ഏക ആശ്വാസം.
അത് ഇത്തരം ഒരു ചിത്രത്തില്‍ ആയിപ്പോയത് ഒരു ദൌര്ഭാഗ്യം. പടത്തില്‍ മുക്കാല്‍ നേരവും മുന്‍പില്‍ എത്തുന്ന സമ്മോഹനമായ കാനന ഭംഗി അലോസരപ്പെടുത്തുന്ന ആരവങ്ങളിലും
അരോചകമായ സംഘട്ടനങ്ങളിലും മുങ്ങി ആസ്വദിക്കാനാവാതെ പോകുന്നു.
പ്രേക്ഷകന്‍റെ സംവേദനക്ഷമതയെ പരിഹസിക്കുന്നതും, അസംബന്ധങ്ങളില്‍ ആറാട്ടു നടത്തുന്നതുമായ ഈ പീറപ്പടം കണ്ട് കോള്‍മയിര്‍ കൊള്ളുന്ന മലയാളികളെ ഓര്‍ത്ത്
ഞാന്‍ ലജ്ജിക്കുന്നു.

www.mathewpaulvayalil.blogspot.in

Tuesday, 3 February 2015

Mohanlal I am sorry for you

പദ്മശ്രീ, ഭരത്, ലഫ്. കേണൽ മോഹൻലാലിന്,                                                                              താങ്കളുടെ അഭിനയ മികവ് ആരും ചോദ്യം ചെയ്യില്ല,അതിനുള്ള അംഗീകാരമാണല്ലൊ താങ്കൾക്കു ലഭിച്ച അവാർഡുകളും, ബഹുമതികളും. പക്ഷെ 
താങ്കൾ ഒരു ഗായകനല്ല എന്ന തിരിച്ചറിവ് എന്തുകൊണ്ട് താങ്കൾക്കുണ്ടാകതെ പോയി? സിനിമയിലും, സ്റ്റേജിലും, പൊതുപരിപാടികളിലും താങ്കൾ പാടിയ പാട്ടുകൾ ആരെങ്കിലും ആസ്വദിക്കുന്നുണ്ടെങ്കിൽ അവർ അന്ധമായ ആരാധന മൂത്ത ഫാൻസോ, രക്ത-വ്യക്തി ബന്ധങ്ങളാൽ താങ്കൾക്ക് ഉറ്റവരോ ആകാം. താങ്കളുടെ മറ്റു കഴിവുകളെ അംഗീകരിക്കുന്നവരും മൗനാനുവാദത്തിലൂടെ താങ്കളെ പ്രോത്സാഹിപ്പിച്ചിരിക്കാം.
                                                                 പ്രകൃതിയുടെ താളങ്ങളും, ലയങ്ങളും മനുഷ്യ മനസ്സിൽ ഉണർത്തുന്ന അനുരണനങ്ങൾ ആണല്ലൊ സംഗീതത്തിന്റെ ആദിമ ഭാവം.താളമില്ലാതെ 
പ്രകൃതിയില്ല,സംഗീതമില്ലാത്ത മനുഷ്യരില്ല.എല്ലാ മനുഷ്യരും സംഗീതത്തെ സ്നേഹിക്കുന്നു, ഏകാന്തതയിലെങ്കിലും ഒന്നു പാടാൻ അവർ മോഹിക്കുന്നു.മലയാളികളുടെ ഗാനാലാപനാസക്തി വെളിയിൽ വരുന്ന അവസരമാണല്ലൊ മദിരോത്സവങ്ങൾ.ഇവിടെ ഏതു പോത്തിനും ഗായകനാകാം.ഗായകനും, ശ്രോതാക്കളും ഉന്മാദികളാകയാൽ ഗായകനു ലജ്ജ തോന്നേണ്ട കാര്യമില്ല.ഉടുതുണിക്കു പോലും പ്രസക്തിയില്ലാതാകുമ്പോൾ സ്വര വൈരൂപ്യത്തിൽ എന്തിനു ലജ്ജിക്കണം. ഉത്തരവാദപ്പെട്ട ഒരു കലാകാരൻ ഇങ്ങനെ ആകാൻ പാടില്ലല്ലൊ? പാട്ടുകാരനാകാൻ നിറുകയിൽ നിയതിയുടെ വരയുമായ് ജനിക്കണം.അല്ലാത്തവർ പാട്ട് ഭാര്യയും, കുട്ടികളും, സുഹൃത്തുക്കളും മാത്രമുള്ള സദസുകളിൽ ഒതുക്കണം.പ്രശസ്തിയും, പണവും, അധികാരവുമുണ്ടെങ്കിൽ ലജ്ജാരഹിതനായ ഏതൊരാൾക്കും പാടാൻ വേദികൾ കിട്ടും. “വാഹ്ജി വാഹ്” പറഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ആളുകളുമുണ്ടാകും. കേരളത്തിലെ  ഒരു സ്വകാര്യ ബാങ്കിന്റെ മേധാവി അധികാരത്തിലിരുന്നപ്പോൾ നാടു നീളെ നടന്നു പാടി കോൾമയിർ കൊണ്ടു.ബാങ്കിന്റെ പരസ്യ ബജറ്റിൽ കണ്ണുള്ള ചാനലുകൾ അദ്ദേഹത്തിന്റെ പാട്ടുകൾ തുടരെ പ്രക്ഷേപണം ചെയ്തു.
                                                               കഴിഞ്ഞ തലമുറയിലെ സ്യൂപ്പർ സ്റ്റാറുകൾ (അങ്ങനെ ഒരു പദവി അന്നില്ലായിരുന്നു) സ്വപ്നാന്വേഷികൾ ആയിരുന്നു.മദ്യവും, സ്ത്രീയും,ദീനാനുകമ്പയും 
അവരുടെ സമ്പാദ്യമെല്ലാം കവർന്നെടുക്കുകയും, അവരുടെ മക്കൾ ഇന്നു നിത്യവൃത്തിക്കായ് വിയർപ്പൊഴുക്കുകയും ചെയ്യുന്നു.താങ്കളുടെ തലമുറ ബൈബിളിലെ താലന്തുകളുടെ ഉപമയിലെ ബുദ്ധിമാനായ ഭൃത്യനെപ്പോലെ കിട്ടിയ പണമൊക്കെ ബിസിനസിൽ നിക്ഷേപിച്ച് വർധിപ്പിക്കുന്നു.ഭരണ നേതൃത്വവുമായി തോളുരുമ്മി നിൽക്കുന്ന നിങ്ങൾക്ക് റെയ്ഡുകളെ ഭയപ്പെടേണ്ട. സ്വർണവും,മദ്യവും, വട്ടിപ്പലിശയും എൻഡോർസ് ചെയ്യുവാൻ താങ്കൾക്കുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം?
                                                               അധികാരം കൈയാളുന്ന കശ്മലരുമായുള്ള അടുപ്പമായിരിക്കാം താങ്കളെ ദേശീയ ഗയിംസിന്റെ അരീനയിൽ എത്തിച്ചതും, അ പഹാസ്യനാക്കിയതും.അതിലെ കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് എനിക്കു ബേജാറില്ല.രാഷ്ട്രീയക്കാർ ഇടപെടുന്നതെന്തും ഇന്ന് കണ്ണിൽ ചോരയില്ലാത്ത കച്ചവടങ്ങളാണല്ലൊ.ആ പരിപാടി പരമ ബോറാണെന്നു മനസ്സിലാക്കുവാനുള്ള കലാപാണ്ഠിത്യം തിരുവഞ്ചൂരിനൊഴികെ ആർക്കും ഉണ്ടാകും.താങ്കളുടെ പാട്ടും,പറയലും, ആട്ടവും അരോചകമായിരുന്നു.ലാലിസം എന്ന പേരിൽ സ്വത്വം കച്ചവടം ചെയ്യാനിറങ്ങുമ്പോൾ കുറെക്കൂടി ബുദ്ധിയും,ശ്രദ്ധയും വേണ്ടിയിരുന്നു.ദേശീയ ഗയിംസിൽ നിന്ന് അകന്നു നിന്നാൽ പോലും ഇതു താങ്കളുടെ സ്വപ്ന പദ്ധതിയാണല്ലൊ. ഇത്തരം തരം താണ ഒരു പരിപാടിയിലൂടെ നിത്യതയെ പുൽകാൻ മോഹിച്ച താങ്കളെയോർത്ത് ഞാൻ ലജ്ജിക്കുന്നു.