Thursday, 4 June 2015

നിയമം നിയമത്തിന്‍റെ വഴിക്കും, മന്ത്രിമാര്‍ അവരുടെ വഴിക്കും.

    അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കും, രാശ്ട്രീയ നേതാക്കന്മാര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും, അന്വേഷണം നടക്കുമ്പോഴും മുഖ്യമന്ത്രിയുടെ പ്രതികരണo  തേടിയാല്‍ അദ്ദേഹം പറയും, “നിയമം നിയമത്തിന്‍റെ വഴിക്കു പോകും” എന്നാല്‍  നിയമം നിയമത്തിന്‍റെ വഴിക്കും, അധികാരവും, പണവും, സ്വാധീനവും ഉള്ളവര്‍ അവരുടെ വഴിക്കുമാണ് പോകുന്നതെന്ന്‍ അനുഭവങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നു.
       ഏപ്രില്‍ 15 മുതല്‍ മേയ് 15  വരെയുള്ള ഒരു മാസക്കാലം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് നാല് ലക്ഷത്തിലധികം പേരെ കേരളത്തില്‍ ശിക്ഷിക്കുകയും,ആറു കോടി  രൂപ പിഴ ഈടാക്കുകയും ചെയ്തു. ട്രാഫിക് എ ഡി ജി പി അരുണ്‍കുമാര്‍ സിന്‍ഹ മെയ് പതിനെട്ടാം തീയതി തിരുവനന്തപുരത്ത് പുറപ്പെടുവിച്ച പത്രകകുറിപ്പിലുള്ള വിവരങ്ങളാണിത്.തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ നടപടികള്‍ തുടരുമെന്ന്‍ സിന്‍ഹ പറഞ്ഞു.ഇവരില്‍ 14870 പേര്‍ മദ്യപിച്ച് വണ്ടി ഓടിച്ചവരും, 24464 പേര്‍ സ്പീഡ് ലിമിറ്റ് ലംഘിച്ചവരും, 33454  പേര്‍ സീറ്റ് ബെല്‍റ്റ്‌ ഉപയോഗിക്കാത്തവരും, 155678 പേര്‍ ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരു ചക്ര വാഹനം ഓടിച്ചവരും, 1771  പേര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരും ആയിരുന്നു. സണ് കണ്ട്രോള്‍ ഫിലിം നീക്കാത്തവരും,ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാരും, അനുവദനീയമായ രീതിയിലും, വലുപ്പത്തിലും അല്ലാത്ത നംബര്‍ പ്ലേറ്റുകള്‍ വച്ച വാഹനങ്ങളും പിടിയില്‍ ആയവയില്‍ പെടുന്നു.
      പൊലീസിന്റ്റെ ഈ പരാക്രമങ്ങള്‍ തുടരുമ്പോഴും റോഡുകളില്‍ അപകടങ്ങള്‍ക്ക് കുറവില്ല. മെയ് പതിനെട്ടാം തീയതി കായംകുളത്ത് നാഷണല്‍ ഹൈവേയില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ കോളജ് പ്രഫസര്‍ മരിച്ചു. മലപ്പുറം സ്വദേശിയായ യുസഫ് സി കെ വി എന്നയാളുടെ പേരില്‍ രെജിസ്ടര്‍ ചെയ്ത KL56/J /999 എന്ന രേന്ജ് റോവര്‍ കാറാണ് അപകട കാരണ0. അപകടത്തിലായ കാറില്‍ ഇങ്ങനെ ഒരു നമ്പര്‍ എവിടെയും കാണുന്നില്ല. പകരം കേരള സ്റ്റേറ്റ് 17  എന്ന നംബര്‍ കാണാം. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തതായി പറയപ്പെടുന്നു. അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കാര്‍ പൊലീസ് ഉടനെ സംഭവ സ്ഥലത്ത് നിന്ന് നീക്കി. കാരണം കാറിലെ യാത്രികന്‍ ഒരു മന്ത്രി പുംഗവനായിരുന്നു – സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്.
     അന്‍പതു ലക്ഷത്തില്‍ ഏറെ വില വരുന്നതും, സ്വകാര്യ വ്യക്തിയുടെ          പേരിലുള്ളതുമായ കാര്‍ വാടകയ്ക്കെടുത്തതൊ,സമ്മാനമോ,ദാനമോ, സംഭാവനയോ, എന്നറിയില്ല. മന്ത്രിമാര്‍ സ്വകാര്യ വാഹങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ് മുഖ്യന്‍റെ ഭാഷ്യം.സ്വകാര്യ വാഹനങ്ങ്ങ്ങള്‍ ഉപയോഗിക്കുന്ന മന്ത്രിമാര്‍ വേറെയും ഉണ്ടത്രേ.
   മന്ത്രിമാരുടെ ഉപയോഗത്തിനായി 20 ടൊയോട്ട ഇന്നോവ കാറുകളും, 2  ഇന്നോവ ഒള്ടിസ് കാറുകുമുണ്ട്. ഇവക്ക് സുഖവും, സൗകര്യവും പോരാത്തവരാണ് സ്വകാര്യ കാറുകള്‍ ഉപയോഗിക്കുന്നത്. ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ആര്‍ ശ്രിലേഖ സംഭവത്തെ ക്കുറിച്ച് ആലപ്പുഴ RTO യുടെ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് തേടലില്‍ അവസാനിക്കും.
           ഈ കാറിലെ യാത്രികന്‍ ഞാനോ, നിങ്ങളോ ആയിരുന്നങ്കില്‍ എന്താണ് സംഭവിക്കുക? പ്രത്യേകിച്ച് മരിച്ച ആള്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു കോളജ് പ്രഫസര്‍ കുടി ആയാല്‍. ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കു  കേസ്, നംബര്‍ പ്ലേറ്റ് ഇല്ലാതെ വണ്ടി ഒടിച്ചതിനു കേസ്, അറസ്റ്റ്, കോടതി, നിയമ യുദ്ധം.ഇവിടെ മന്ത്രി തിരുവനന്തപുരത്തേയ്ക്കും, വണ്ടി മലപ്പുറത്തേയ്ക്കും യാത്ര ആയി. നമ്മള്‍ നിയമത്തിനു കീഴ്പെട്ട് നമ്മുടെ വഴിക്കും.        



     
                .       .  
    

No comments:

Post a Comment