Monday, 17 October 2016

സര്‍വ ധനാല്‍ പ്രധാനം ... ധനം.

           
                                                                     കേരളത്തിലെ സര്‍വ്വകലാശാലകളില്‍  നടക്കുന്ന അഴിമതികളും,അധികാരികളുടെ അനാസ്ഥയും മൂലം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മനോരമയില്‍ വന്ന അന്വേഷണ പരമ്പര വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്ന എന്‍റെ ഒരു അനുഭവം. ഇതിലെ മുഖ്യ കഥാപാത്രം ജീവിച്ചിരിപ്പില്ല.സങ്കോചത്തോടും,ക്ഷമാപണത്തോടും കൂടി ഞാന്‍ ഇതു കുറിക്കുന്നു.
                          2006 മാര്‍ച്ചില്‍ എന്‍റെ മകള്‍ ഇംഗ്ലിഷ് സാഹിത്യത്തില്‍ എം എ പഠനം പുര്‍ത്തിയാക്കി അവസാന സെമസ്ടര്‍ പരീക്ഷ എഴുതി.മഹാല്‍മാവിന്‍റെ പേരിലുള്ളതാണ് സര്‍വകലാശാല.
റിസള്‍ട്ട് വന്നപ്പോള്‍ അവള്‍ ഒന്നൊഴികെ എല്ലാ വിഷയങ്ങളിലും ജയിച്ചു. തോറ്റതാകട്ടെ ഏറ്റം നന്നായി എഴുതി എന്ന് വിദ്യാര്‍ത്ഥിക്ക് ബോധ്യമുള്ള ലിറ്റററി ക്രിട്ടിസിസം എന്ന വിഷയത്തിലും. റിവാല്യുവേഷന് അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു അറിയിപ്പും ലഭിക്കാതെ വന്നപ്പോള്‍ കോട്ടയത്തു പോയി നേരിട്ട് അന്വേഷണം ആരംഭിച്ചു. ചുമതല ഉള്ള ലേഡി ഓഫീസര്‍ ക്ഷമാപണത്തോടെ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
നേരിട്ടും,ഫോണിലും അന്വേഷിക്കുമ്പോള്‍ പ്രധിരോധത്ത്തില്‍ ആയതുപോലെ അവര്‍ ക്ഷമാപണം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഉത്തരക്കടലാസ് അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല എന്നു മനസിലായപ്പോള്‍ കാഞ്ഞിരപ്പള്ളി സെന്‍ ഡോമിനിക് കോളജിലെ അധ്യാപകന്‍ ആയ സുഹൃത്തിനോട് ഞാന്‍ കാര്യം പറഞ്ഞു. " താന്‍ യൂണിവേര്സിറ്റിയില്‍ പോയി ജബ്ബാറിനെ കാണണം.(ശരിയായ പേരല്ല) സര്‍വകലാശാലയിലെ തൊഴിലാളി നേതാവാണ്. അവന്‍ വിചാരിച്ചാല്‍ അവിടെ നടക്കാത്ത കാര്യങ്ങളില്ല.പണം ചോദിച്ചാല്‍ കൊടുക്കരുത്. വെള്ളം മേടിച്ചു കൊടുത്താല്‍ സന്തോഷം ആയിരിക്കും." 
                                                                      ഒരു പ്രഭാതത്തില്‍ ഞാന്‍ സര്‍വകലാശാലയില്‍ എത്തി. കക്ഷിയെ കണ്ടു. അശുവായ മദ്ധ്യവയസ്കന്‍. മഹാല്മാവിന്‍റെ ഇഷ്ട വസ്ത്രം.അഹിംസ പാര്‍ട്ടിയുടെ ട്രേഡ് യുണിയന്‍ നേതാവ്.ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. നേതാവ് കേട്ടു കൊണ്ട് കലാശാല വളപ്പിനു വെളിയിലേക്കു നടന്നു  വഴിയില്‍ കണ്ടവരൊക്കെ കൈ ഉയര്‍ത്തി  ഇക്കയെ അഭിവാദ്യം ചെയ്തു.ആദ്യം കണ്ട ഓട്ടോയില്‍ ഞങ്ങള്‍ 
രണ്ടാളും കയറി.പറയാതെ തന്നെ ഡ്രൈവര്‍ മെഡിക്കല്‍കോളേജ് കോളജ് ഭാഗത്തേക്ക് വണ്ടി പായിച്ചു. ഒരു ബാറിന്‍റെ മുന്നില്‍ വണ്ടി നിന്നു . ബാറില്‍ കയറി അയാള്‍ മദ്യം ഓര്ഡര്‍ ചെയ്തു. കുടിച്ചു കൊണ്ട് സംഭാഷണം തുടര്‍ന്നു."ഞാന്‍ സാറിന്റെ തറവാടിന്റെ അടുത്ത്  ആയിരുന്നു. ഇപ്പോള്‍ മാറി താമസിക്കുന്നു. കുറച്ചു പണം മുടക്കാന്‍ തയ്യാറായാല്‍ ഞാന്‍ സാറ് പറയുന്ന മാര്‍ക്ക് മകള്‍ക്ക് വാങ്ങിച്ചു തരാം." ഞാന്‍ അതിനു തയ്യാറായില്ല.
"ഒരു അധ്യാപികയുടെ മകനാണ് ഞാന്‍ . എഴുതിയ എല്ലാ പരിഇക്ഷകളും ഫസ്റ്റ് ക്ലാസില്‍ ആണ് പാസ്സായത്." എന്‍റെ മറുപടി കേട്ട അയാള്‍ പറഞ്ഞു . "സാറേ ഇവിടെ നടക്കുന്നത് മുഴുവന്‍ തരികിടയാണ്."കസേരയില്‍ നിന്ന്‍ എഴുന്നേറ്റ് അയാള്‍ കൌണ്ടറില്‍ എത്തി രണ്ടു പെഗ് കുടി ഓര്ഡര്‍ ചെയ്ത് കൊണ്ട് പറഞ്ഞു "ഫോര്‍ ദ റോഡ്‌" രണ്ടു ഗ്ലാസിലും സോഡ ഒഴിച്ച് ഒന്നിനു പുറകെ ഒന്നായി രണ്ടും വലിച്ചു കുടിച്ചു കൊണ്ടു പറഞ്ഞു. "ഇനി സാറിനു വേണേ വേറെ പറയാം"
                                                                    പുറത്തിറങ്ങി ആദ്യം കണ്ട ഓട്ടോറിക്ഷയില്‍ കയറി അയാള്‍ യൂണിവേര്‍സിറ്റിയിലേക്കും ഞാന്‍ അടുത്ത വണ്ടിയില്‍ എറണാകുളത്തെക്കും തിരിച്ചു.
                                                                    മകള്‍ വീണ്ടും പരീക്ഷ എഴുതി എം എ പാസ്സായി. റിവാല്യുവേഷനെക്കുറിച്ച് ഇന്നു വരെ സര്‍വ്വകലാശാലയില്‍ നിന്ന്‍ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.
                                                                   ഒരു വര്‍ഷം കഴിഞ്ഞ് സര്‍വ്വകലാശാലയെ സംബന്ധിച്ച ഏതോ കാര്യം അറിയാന്‍ നേതാവിന് ഫോണ്‍ ചെയ്തു. മറുപടി കിട്ടാതായപ്പോള്‍ സുഹൃത്തിനെ വിളിച്ചു. സുഹൃത്ത് പറഞ്ഞു 
"അവന്‍ പോയി" നേതാവ് പറഞ്ഞ ഒരു കാര്യം. ഞാന്‍ ഓര്‍മിച്ചു. കഴിഞ്ഞ 26 വര്‍ഷങ്ങള്‍ ആയി ഒറ്റ ദിവസം പോലും ഞാന്‍ മദ്യപിക്കാതെ ഇരുന്നിട്ടില്ല.൯അതാകാം അയാളുടെ സര്‍വിസിന്‍റെ നീളം.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു ലേഖനത്തിന്റെ ടൈറ്റില്‍ ഇങ്ങനെയാണ്" അധികം കുടിച്ചാല്‍ അലക്സാണ്ടറും മരിക്കും"
mathewpaulvayalil.blogspot.in

No comments:

Post a Comment