കൊച്ചിയിൽ “പരിശുദ്ധ പൊന്നിനോടൊപ്പം, പട്ടിന്റെ പുതുലോകം” തുറക്കാനെത്തിയ മഹാരഥന്മാരുടെ പട്ടിക കണ്ടാലും.
ഷോറൂം ഉദ്ഘാടനം. പ്രൊ. കെ. വി.തോമസ്. ബഹു.കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി (സ്വതന്ത്ര ചുമലത എന്നെഴുതേണ്ടതായിരുന്നു.)
ഭദ്രദീപം പ്രകാശനം ശ്രീ. ടോണി ചമ്മിണി, ബഹു.മേയർ കൊച്ചി കോർപറേഷൻ.(ആരാധ്യനായ എന്ന മനോഹര പ്രയോഗം, കേരള സർക്കാർ അടുത്തിടെ നിഷ്കരുണം നീക്കം ചെയ്തു)
ജൂവലറി ഉദ്ഘാടനം. ശ്രീ. ഹൈബി ഈഡൻ, ബഹു.എം. എൽ. എ.
ടെക്സ്റ്റൈൽ ഉദ്ഘാടനം. ശ്രീ. കെ. ബാബു,ബഹു.എക്സൈസ് & സിവിൽ സപ്ലൈസ് മന്ത്രി.
ഡയ്മണ്ട് ഷോറൂം ഉദ്ഘാടനം. ശ്രീ. പി. രാജീവ്, ബഹു.എം.പി.
വെഡിങ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. എസ്.ശർമ, ബഹു. എം.എൽ.എ.
കിഡ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. വി.ഡി. സതീശൻ, ബഹു.എം.എൽ.എ.
ജെന്റ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ.ബെന്നി ബെഹ്നാൻ,ബഹു. എം.എൽ.എ.
ബ്യൂട്ടി ഓഫ് ഗാലക്സി ഉദ്ഘാടനം. ശ്രീ.ഡൊമിനിക് പ്രസന്റേഷൻ,ബഹു. എം.എൽ.എ.
ഭദ്രദീപത്തിന്റെ ശേഷിക്കുന്ന തിരികൾ തെളിക്കുന്നതും, മറ്റു മംഗള കർമ്മങ്ങൾ നിർവഹിക്കുന്നവരുമായ ബഹുമാന്യരുടെ നിര നീളുകയാണ്.
മോൺ.വെരി.റെവ്.ഡോ.ഡൊമിനിക് പിൻഹീറോ, ബഹു. വികാരി ജനറൽ, കോട്ടപ്പുറം രൂപത.
വെരി.റെവ്.ഫാ.ജറോം ചമ്മിണിക്കോടത്ത്, ബഹു. പ്രൊക്യുറേറ്റർ,വരാപ്പ്ഴ അതിരൂപത.
ശ്രീ. പി എ എം ഇബ്രാഹിം, ബഹു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ്.
ശ്രീ. എൽദോസ് കുന്നപ്പള്ളി,ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ശ്രീമതി. ബി ഭദ്ര, ബഹു. ഡപ്യൂട്ടി മേയർ, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ വേണുഗോപാൽ, ബഹു.ജി സി ഡി എ ചെയർമാൻ.
ശ്രീ.കെ ജെ ജേക്കബ്, ബഹു. പ്രതിപക്ഷ നേതാവ്, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ രാധാക്രിഷ്ണൻ,ബഹു. സ്റ്റെയ്റ്റ് സെക്രട്ടറി, ബി ജെ പി.
ശ്രീ. കെ എ ജലീൽ, ബഹു.അഡി.അഡ്വക്കേറ്റ് ജനറൽ.
കുറച്ചുകൂടി തെക്കായിരുന്നുവെങ്കിൽ വിഘടിച്ചും, അടിച്ചും കഴിയുന്ന ഒരേ സഭയുടെ രണ്ടു വിഭാഗങ്ങളുടേയും ശ്രേഷ്ടരും,പരിശുദ്ധരും ആയ തിരുമേനിമാർ കൂടി തിരി തെളിക്കുവാൻ എത്തുമായിരുന്നു.സഭയുടെ വേദികളിൽ കണ്ണോടു കണ്ണ് നോക്കത്ത ഇവരെ ഒരു വേദിയിൽ കാണുക ഇത്തരം പരിപാടികളിൽ ആയിരിക്കും.
ഇതിൽ വികാരി ജനറലും,പ്രൊക്യുറേറ്ററും, പാർട്ടി പ്രസിഡന്റും ഒഴികെ എല്ലാ ബഹു.ക്കളും സർക്കാരിൽ നിന്നും മാസ്പടിയും,യാത്ര ബത്തയും വാങ്ങുന്നവരാണ്.ആദ്യം പറഞ്ഞവർക്കാകെട്ടെ സഭയും,പാർട്ടിയും നൽകുന്നു.
ഈ ജനസേവകരുടെ മറ്റു കർമങ്ങളുടെ വ്യർഥത ഓർത്താൽ ഇതിൽ ദു:ഖിക്കാൻ ഒന്നുമില്ല. ആതിഥേയരുടെ ബിസിനസ്സിന്റെ ഹ്രസ്വകാല ബ്രാന്റ് അംബാസഡർമാരായി അവർ മാറുന്നു. സിനിമ താരങ്ങൾ ഇതിനു കണക്കു പറഞ്ഞ് കാശു വാങ്ങാറുന്ണ്ട്, മറ്റുള്ളവർ സമ്മാനങൾ കൊണ്ടു തൃപ്തരാകുന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സ്വകാര്യ വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
അഭിനയ സമ്രാട്ടെന്നും, ലെജന്ററി ആക്ടറെന്നും വാഴ്തപ്പെടുന്ന പദ്മശ്രീ, ഭരത്, ഡോക്ടർ,ലെഫ്.കേണൽ. ബഹു. മോഹൻലാൽ സ്വർണക്കടയുടെ അംബാസഡറായി കാലത്തെ ടിവിയിൽ പ്രത്യക്ഷപ്പെട്ട് ആഹ്വാനം ചെയ്യും.സ്വർണം വാങ്ങി ജീവിതം ആഘോഷിക്കുവാൻ. (celebrate the beauty of life)ഉച്ചക്കു വട്ടിപ്പണക്കാരന്റെ അംബാസഡറായെത്തി ലാലേട്ടൻ ചോദിക്കും “സ്വർണം വീട്ടിൽ വെച്ചിട്ടെന്തിന്”. പണയം വെച്ച് ആഘോഷത്തിനു പണം കണ്ടെത്താൻ.കള്ളിന്റെ അംബാസഡറായെത്തി ചോദിക്കും “വൈകിട്ടെന്താ പരിപാടി?“. എന്റെ ബ്രാന്റു തന്നെ വാങ്ങി അടിച്ച് ആഘോഷം പൂർണമാക്കുവാൻ.ടച്ചിങ്സിനു മുട്ടുണ്ടാകാതിരിക്കുവാൻ സ്വന്തം ബ്രാന്റ് അച്ചാറുകളും അദ്ദേഹം ഉണ്ടാക്കി വിൽക്കുന്നു. ആരാധകരെ നെഞ്ചോടു ചേർത്തു നിർത്തുന്ന രജനികാന്തും, കമലഹാസനും ഒരു ഉല്പന്നവും തുട്ടു വാങ്ങി എൻഡോർസ് ചെയ്യുന്നില്ല.
സാക്ഷരതയിലും, മദ്യ ഉപഭോഗത്തിലും, ആത്മഹത്യയിലും മലയാളി മുന്നിലാണല്ലൊ. അനുകരണവും,ആഡംബര ഭ്രമവും,അതിരുകളില്ലാത്ത മോഹങ്ങളും കടക്കെണിയിലാക്കി ആത്മഹത്യാമുനമ്പിലേക്കു നയിക്കുന്ന മലയാളിയുടെ പ്രയാണത്തെ ത്വരിതപ്പെടുത്തുവാൻ ഈ അംബാസഡർമാരും സഹായിക്കുന്നു..