Sunday, 24 August 2014

മദ്യ നിരോധകരുടെ ഒളിസേവ.

പൂട്ടിയ 418 ബാറുകൾ തുറക്കേണ്ട എന്ന വാദത്തിൽ ഉറച്ചു നിന്ന സുധീരനെ ശേഷിക്കുന്ന 312 ബാറുകൾ കൂടി അടച്ചുകൊണ്ട് ഉമ്മൻ ചാണ്ടി കടത്തി വെട്ടി. ബാർ തർക്കം തുടർന്നു പോന്ന 
കാലമത്രയും,പ്രായോഗ്യതയുടെ പേരിൽ ബാർ പക്ഷത്തു നിന്ന ഉമ്മെൻ ചാണ്ടിയുടെ ഇപ്പോഴത്തെ തീരുമാനത്തിൽ ആത്മാർത്ഥത ഒട്ടുമില്ല.ബാർ യുദ്ധത്തിൽ തകർന്ന തന്റെ ഇമേജ് 
ഉയർത്താനും,പാതാളത്തിലേക്കു താഴുന്ന കോൺഗ്രസിനെ അടുത്ത തിരഞ്ഞെടുപ്പിലും സംസ്ഥാനത്തു പിടിച്ചു നിർത്താനും എടുത്ത ഒരു സാഹസിക തീരുമാനമാണിത്. എല്ലാ രാഷ്ട്രീയക്കാരും,പാർട്ടി ഫണ്ടിലേക്കും,സ്വന്തം കാര്യങ്ങൾക്കുമായി അബ്കാരികളുടെ മുന്നിൽ കൈനീട്ടാറുണ്ടെന്നും, അവർ ലോപമില്ലാതെ കൊടുക്കാറുണ്ടെന്നും ഒന്നാംതരം അബ്കാരി കൂടിയായ വെള്ളാപ്പള്ളി പറയുന്നു.ഈ തീരുമാനം കൊണ്ട് ഏറെ നഷ്ടമുണ്ടായ വ്യക്തികളിൽ ഒരാളാണല്ലൊ വെള്ളാപ്പള്ളി.ഉമ്മൻ ചാണ്ടി മദ്യപനല്ലായിരിക്കാം. എന്നാൽ എ ഗ്രൂപിന്റെ ഫണ്ട് റെയ്സറായിരുന്ന ഉമ്മൻ ചാണ്ടിക്ക് ബാറുകാരെ 
കൊണ്ടുള്ള പ്രയോജനം നന്നായറിയാം.
                നിരോധിച്ചിടത്തൊക്കെ മദ്യം അനധികൃതമായി ലഭിക്കുന്നുണ്ട്.ശക്തമായ നിയമങ്ങളിലൂടെ മദ്യം നിരോധിച്ച സൗദി അറേബ്യയിൽ പോലും മദ്യം സുലഭമാണ്. ബഹറിൻ എന്ന സ്റ്റെയ്റ്റിന്റെ നിലനില്‍പ്പു തന്നെ സൗദി അറേബ്യയിലേയ്ക്ക് മദ്യം കള്ളക്കടത്തു നടത്താനാണൊ എന്നു സംശയിച്ചു പോകും.പരീക്ഷിച്ച പല രാജ്യങ്ങളും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളും,മദ്യ നിരോധനം പിൻവലിക്കുവാനുണ്ടായ കാരണവും ഇതു തന്നെ.നിലവിലുള്ള പല മാഫിയകൾക്കുമൊപ്പം, ഒരു മദ്യ മാഫിയ കൂടി ഇവിടെ വളർന്നു വരും.നിലവാരമില്ലാത്ത മദ്യം വിറ്റു നാട്ടുകാരെ കൊള്ളയടിച്ചുകൊണ്ടിരുന്ന ബാർമുതലാളിമാർ വെറുതെയിരിക്കുമൊ? ഈ മാഫിയയേയും രാഷ്ട്രീയക്കാർ തന്നെ സംരക്ഷിക്കും. ബാങ്ക് വായ്പയെടുത്തും, ടൂറിസം വകുപ്പിന്റെ സബ്സിഡി വാങ്ങിയും 
നാട്ടിൻപുറങ്ങളിലും, ഹൈവേകളിലും പണിത പല വൻകിട ഹോട്ടലുകളും നില നിന്നു പോന്നത് ബാറിൽ നിന്നുള്ള വരുമാനം ഒന്നു കൊണ്ടു മാത്രമായിരുന്നു.ബാറുകൾ പൂട്ടിയാൽ നിരോധിക്കപ്പെട്ട മറ്റൊരു വ്യവസായത്തിനെ ഈ കെട്ടിടങ്ങൾ ഉപയോഗിക്കാനാവു- ലോകത്തെ ഏറ്റം പുരാതനമായ തൊഴിൽ. 
               1920ൽ അമേരിക്കയിൽ മദ്യനിരോധനം ആരംഭിച്ചതോടെ അവിടെ മദ്യ മാഫിയകൾ വളർന്നു.കപ്പലുകൾ നിറയെ മദ്യം കൊണ്ടുവന്നവർ വൻ സാമ്പത്തിക  ശക്തിയായി.അങ്ങനെ പണക്കാരനായ ആളായിരുന്നു പ്രസിഡന്റ് കെന്നഡിയുടെ മുത്തച്ഛൻ. മദ്യനിരോധനം വളർത്തിയെടുക്കുന്ന മാഫിയക്കുടുംബങ്ങളിൽ നിന്ന് നമുക്കും ഒരു മുഖ്യ മന്ത്രിയേയൊ, പ്രധാനമന്ത്രിയേയൊ ലഭിക്കുമെന്നു പ്രതീക്ഷിക്കാം.
              പരിഷ്കൃത സമൂഹത്തിൽ ജനങ്ങൾ എന്തു കുടിക്കണം എന്നു തീരുമാനിക്കാൻ സ്റ്റെയ്റ്റിന് എന്തവകാശം? നിരോധനമല്ല, നിയന്ത്രണമായിരുന്ന് ആവശ്യം.മലയാളിക്ക് മദ്യത്തോട് മാരകമായ ഒരു ആസക്തി വളർന്നു എന്നതു വാസ്തവം.മലയാളിയുടെ കുടി ഇത്ര പ്രാകൃതമാകുന്നത് ചാരായ നിരോധനത്തിനുശേഷമാണ്.ചാരാ‍യം കുടിച്ചുകൊണ്ടിരുന്നവരുടെ തള്ളിക്കയറ്റം ബാറുകളിലുണ്ടാവുകയും, അവർക്കായിചാരായത്തേക്കാൾ മോശമായ മദ്യം നിറം കലർത്തി വിൽക്കാനും തുടങ്ങി. അതോടെ ബാറുകളുടെ നിലവാരവും തകർന്നു. ഈ നിലവാരത്തകർച്ചയെക്കുറിച്ചുള്ള 
ചർച്ചയാണല്ലൊ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചത്.മദ്യം നിരോധിച്ചു, ഡിസ്കോകൾ പൂട്ടി യുവജനങ്ങൾ വൈകൃതങ്ങളിലേക്കു തിരിയും.  
               ബാറുകൾ പൂട്ടുന്നതോടെ മദ്യക്കടകളുടെ മുൻപിലെ ക്യൂവിനു നീളം കൂടും.പണ്ടു റെയിൽവെ സ്റ്റേഷനുകളിലെ  ബുക്കിങ് കൗണ്ടറുകൾക്കുമുൻപിലുണ്ടായിരുന്നതു പൊലെ തുറക്കും മുൻപെ നീണ്ട ക്യൂ കടകൾക്കു മുൻപിലുണ്ടാകും.ഈ ക്യൂവിൽ നിൽക്കാൻ മടിയുള്ള മാന്യന്മാരായ മദ്യപർ മാർജിൻ കൊടുത്തു ചരക്കു വാങ്ങും.പണക്കാർക്കു ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോയി ഹോട്ട് അടിക്കാം. രാഷ്ട്രീയ നേതക്കന്മാർക്കും, ഉദ്യോഗസ്ഥ പ്രഭുക്കന്മാർക്കും മദ്യത്തിനു മുട്ടുണ്ടാവുകയില്ല.അവർക്കു കൈക്കൂലിയായി മദ്യം ലഭിക്കും.ഫൈവ് സ്റ്റാർ ഹോട്ടലുകളും അവ്ര്ക്ക് അപ്രാപ്യമല്ല.
                മദ്യനിരോധനത്തിനു ജയ് വിളിക്കുന്നവർ ആരൊക്കെയാണ്? അഹിംസാ പാർട്ടിക്കാർ പണ്ടേ മദ്യ വിരോധികളാണല്ലൊ.കേറള കാത്തലിക് ബിഷപ് കോൺഫറ ൻസും, ശ്രീ ശ്രീ രവിശങ്കറും നിരോധനത്തെ സ്വാഗതം ചെയ്തു.മുസ്ലിം ലീഗും, കേരള കോൺഗ്രസും തങ്ങളുടെ നിലപാടുകളാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും, നിരോധനത്തിന്റെ ക്രെഡിറ്റ് അവർക്കാണെന്നുംവാദിക്കുന്നു.
             സമ്പൂർണ മദ്യ നിരോധനത്തിന്റെ വക്താവായ മാണിയുടെ കേരള കോൺഗ്രസിന്റെ കാഞ്ഞിരപ്പള്ളി ഓഫീസ് പാർട്ടിക്കാരുടെ പരസ്യമായ മദ്യപാനവും, ബഹളവും, അടിപിടിയും മൂലം അയൽക്കാരുടെ പരാതിയെത്തുടർന്ന് ഓഗസ്റ്റ് 12)0 തീയതി പാർട്ടിയുടെ ജില്ലാ നേതൃത്വം ഇടപെട്ടു പൂട്ടി. യുവജന വിഭാഗത്തിനായിരുന്നു കലാപരിപാടിയുടെ നേതൃത്വം. ഓഫീസിനു മുൻപിൽ ഉണ്ടായിരുന്ന ബാർ പൂട്ടിയതോടെയാണ് ഓഫിസിൽ കുടി കൂടിയത്. ഓഫീസ് പരിസരങ്ങളിൽ ഒഴിഞ്ഞ കുപ്പികളുടെ കൂമ്പാരമായിരുന്നു.എം എൽ എ ഹോസ്റ്റലിന്റെ പിന്നിലെ കുപ്പികളുടെ ചിത്രങ്ങൾ നമ്മൾ കണ്ടതാണല്ലൊ. പള്ളിമേടകൾക്കു പിന്നിലും തപ്പിയാൽ കാണും കാലിക്കുപ്പികൾ.മദ്യവിരുദ്ധരുടെ ഇരട്ടത്താപ്പിന് വേറെ എന്തു തെളിവു വേണം?
             മദ്യനിരോധനത്തിന്റെ മുൻ നിർക്കാരായ ക്രിസ്തീയ മത മേലധ്യക്ഷന്മാർക്കു ഭീഷണീയുടെ സ്വരമായിരുന്നു.സമ്പൂർണ മദ്യ നിരോധനത്തെ പിന്താങ്ങാത്തവർക്കു വോട്ടില്ല എന്നവർ പറഞ്ഞു. അവർ മേയ്ക്കുന്ന കുഞ്ഞാടുകൾ പോലും അവരുടെ വാക്കുകൾക്ക് വില കല്പിക്കാതായാൽ പാവം പിതാക്കന്മാർ എന്തു ചെയ്യും?

Tuesday, 19 August 2014

അഭിനവ സാംസ്കാരിക നായന്മാർ.

പണ്ടൊക്കെ സാംസ്കാരിക നാ യകന്മാരുടെ കു പ്പായമണിഞെത്തിയിരുന്നവർ ആരൊക്കെയായിരുന്നു- റിട്ടയേർഡ്    ന്യായാധി        പന്മാർ,കവികൾ,കഥാകൃത്തുകൾ,വൈസ് ചൻസലർമാർ,
കോളജ് പ്രഫസർമാർ, ചരിത്രകാരന്മാർ,രാഷ്ട്രീയപ്പാർട്ടികളിൽ വിരളമായെങ്കിലും അന്നുണ്ടായിരുന്ന ബുദ്ധിജീവികൾ.അവർക്കു ചില വ്യക്തിതാല്‍പ്പര്യങ്ങളും,ചായ്‌വുകളും ഉണ്ടായിരുന്നെങ്കിലും ജനങ്ങൾ അവരെ ഗൗരവമായികാണുകയും, അവർ കാലികമായ ചില കടമകൾ നിറവേറ്റുകയും ചെയ്തിരുന്നു.
                  ഇന്നു ബുദ്ധിജീവി വേഷമണിഞ്ഞെത്തുന്നത് അല്‍പ്പന്മാരും, അല്‍പ്പബുദ്ധികളുമായ രാഷ്ട്രീയക്കാരും, സിനിമാതാരങ്ങളുമാണ്.. എറണാകുളത്തെ   കലാ ലയങ്ങളിലും, സാംസ്കാരിക സമ്മേളനങ്ങളിലും മുഖ്യ പ്രഭാഷകൻ ഇന്നു മദ്യവകുപ്പു മന്ത്രിയാണ്.ഉദ്ഘാടനങ്ങളും,നാട മുറിക്കലും, പ്രസംഗങ്ങളും,ആഹ്വാനങ്ങളുമായി നടികർതിലകങ്ങളും പുറകെയുണ്ട്. രണ്ടാമത്തെ കൂട്ടർ ഇതിനൊക്കെ തുട്ടു കണക്കുപറഞ്ഞു മേടിക്കുകയും ചെയ്യും.
                 ഗുജറാത്തിലെ ചോരപ്പാടങ്ങളിൽ നിന്നു പടർന്നു പന്തലിച്ച നവഭാരതശില്‍പ്പിയുടെ മുഖകമല ദർശനത്തിനു ശേഷം വർധിതവീരനായി മടങ്ങിയെത്തിയ ഇടിപ്പടങ്ങളിലെ കത്തിവേഷമാണല്ലൊ എവിടെയൊക്കെ വിമാനത്താവളം വേണമെന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചത്.വിഷമയമില്ലാത്ത പച്ചക്കറികൾ മലയാളികൾ മുറ്റത്തു നട്ടു നനച്ചു വളർത്തി പറിച്ചു തിന്നണമെന്നു മുൻകലാതിലകവും, നടിയുമായ മഞ്ജു വാര്യർ പറ്ഞ്ഞപ്പോഴല്ലെ മലയാളികളുടെ തലയിൽ വെളിച്ചം വീശിയത്.
                 കൊച്ചിയിലെ പൊക്കാളിപ്പാടങ്ങളിൽ വിത്തുവിതച്ചും, കൊയ്തും,പങ്കുവച്ചും,ശ്രീനിവാസൻ. വൈക്കത്തെ പാടങ്ങളിൽ തലക്കെട്ടുമായി ട്രാക്ടറോടിച്ചു മമ്മുട്ടി.ശുഭ്രവസ്ത്രധാരിയായി പ്രസംഗിച്ചും,പ്രകോപിപ്പിച്ചും,ഗുണദോഷിച്ചും ദേവൻ.സോഷ്യൽ മീഡിയയിലൂടെ സാരോപദേശം നൽകുന്ന മോഹൻലാലിനെപ്പോലുള്ള നടന്മാരുമുണ്ട്. അവ പുനപ്രസിദ്ധീകരിക്കാൻ പത്രക്കാരും തല്‍പ്പര്യം കാട്ടുന്നു.
                 സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് ലാഘവത്തോടെ കാണരുതെന്ന് നടി കാവ്യാമാധവൻ.”വലിയ ആപത്തിലേക്കാണു സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം നീളുന്നത്. ഈ വിഷയത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണം.”ഓഗസ്റ്റ് 18ന് കൊച്ചിയിൽ നടന്ന ഒരു യോഗത്തിലായിരുന്നു നടിയുടെ ആഹ്വാനം.തിരുവനന്തപുരം ഡിസിപി അജിതാ ബീഗം,എഡിജിപി കെ പദ്മകുമാർ,ഐജി മനോജ് ഏബ്രഹം,സിറ്റി പൊലീസ്  കമ്മീഷണർ കെജി ജയിംസ് ഡിസിപി ആർ നിശാന്തിനി എന്നിവർ അണിനിരന്ന വേദിയിൽ നൽകിയ നിർദേശം  ചെവികൂർപ്പിച്ചു കേട്ടിരുന്ന പൊലീസ് ഒഫീസർമാർ  നടപ്പാക്കുമെന്നുറപ്പ്.
                   മന്ത്രിമാർ, ചീഫ് വിപ്പ്,എം പി മാർ,എം എൽ എ മാർ,മുതലായവർ അവരുടെ പദവിയുടെ ബലത്തിൽതന്നെ സാംസ്കാരിക നായന്മാരാണല്ലൊ.അവരുടെ വായ്മൊഴികൾക്കു കാതോർത്ത് വാലാട്ടി നിൽക്കുന്ന പ്രജകൾ അവരുടെ പ്രസക്തി വർധിപ്പിക്കുന്നു.
                   ഇതു കൂടാതെ ഒരു പുതുവർഗത്തെക്കൂടി സാംസ്കാരിക നായകരുടെ കൂടെ ചേർക്കാം.9 മണി നേരത്തെ ചാനൽ ചർച്ചകളിലെ സ്ഥിരം കലാകാർന്മാർ. ഇവരിലും പ്രമാണിത്തം സർവഞ്ജനായ ചീഫ് വിപ്പിനു തന്നെ.ഈ മാന്യൻ വായ് തുറന്നാലുണ്ടാകുന്ന മലിനീകരണം ചില്ലറയല്ല .ദേശീയ ചാനലുകളിൽ കേരളത്തിന്റെ സ്ഥിരം പ്രതിനിധിയായെത്തുന്നത് ഒരു കോമാളിച്ചെക്കനും.

കുരങ്ങന്മാരെന്തറിയുന്നു?

 

         ഡൽഹിയിലെ VIP ഏരിയകളിൽ വാനര ശല്യം നിയന്ത്രാണാതീതമായി.പരമോന്നത നിയമ നിർമാണ സഭയായ പാർലമെന്റും,നിയമ വാഴ്ചയുടെ കടിഞ്ഞാണേന്തുന്ന സുപ്രീം കോടതിയും കുരങ്ങന്മാരുടെ പരാക്രമത്തിൽ ബുദ്ധിമുട്ടുന്നു. പരിണാമ ദശയിൽ രൂപാന്തരം വന്നുവെങ്കിലും തങ്ങളോടടുത്തു നിൽക്കുന്നവർ അധിവസിക്കുന്ന സ്ഥലങ്ങളായതിനാലാകാം വാനരർ ഈ മന്ദിരങ്ങൾ തന്നെ ലക്ഷ്യം വയ്ക്കുന്നത്. ഏങ്കിലും ഡെൽഹി മുനിസിപൽ കോർപറേഷനു ഇതു കണ്ടില്ലെന്നു നടിക്കാനാവുമൊ? അവർ പ്രശ്നത്തിനൊരു പരിഹാരം കണ്ടുപിടിച്ചു.40 ചെറുപ്പക്കാരെ വാനര വേഷം കെട്ടിച്ച് ശല്യം അധികമുള്ള സ്ഥലങ്ങളിൽ നിയോഗിച്ചു.മരങ്ങളിലും, കുറ്റിക്കാടുകളിലും ഒളിച്ചിരിക്കുന്ന ഇവർ കുരങ്ങന്മാരെക്കണ്ടാൽ ചാടി വീണ് ചേഷ്ടകളും, ശബ്ദങ്ങളും കൊണ്ട് അവയെ ഓടിക്കും 700 രൂപ് മുതൽ 800 രൂപ വരെ ഇവർക്കു ദിവസം ലഭിക്കും.നഗര വികസന വകുപ്പു മന്ത്രി വെങ്കയ്യ നായിഡു രാജ്യ സഭയയിൽ വെളിപ്പെടുത്തിയതാണ് ഈ വിവരം.വളരെക്കാലം 
                          അധികാരത്തിലിരുന്നവരും, ഇപ്പോൾ തൊഴിൽ രഹിതരുമായ അഹിംസാപ്പാർട്ടിയുടെ നേതാക്കന്മാർക്ക് ഈ തൊഴിൽ നൽകിയാൽ അവർക്കൊരു വരുമാന മാർഗമാകും. മുൻകാലസേവനങ്ങളും,അവരുടെ ഉയർന്ന ജീവിത നിലവാരവും കണക്കിലെടുത്തു വേതനം കുറച്ചുകൂടി ഉയർത്താം.വേഷപ്പകർച്ചയ്ക്ക് പലർക്കും അധികം മേക്ക്പ്പും ആവശ്യമില്ല.അഞ്ചു വർഷങ്ങൾക്കു ശേഷം അഴിമതിയുടെ വിഴിപ്പു കെട്ടുമാ യി പടിയിറങ്ങുമ്പോൾ നായിഡുവിന്റെ പാർട്ടിക്കാർക്കും ഇതു ഗുണകരമാവും.



Thursday, 14 August 2014

തൊഴിലാളി ഐക്യം സിന്ദാബാദ്

                                                                           
                                                      
                              ഉദാരവൽക്കരണം സാമ്പത്തിക മേഘലയിൽ വരുത്തിയ മാറ്റങ്ങളിൽ ഒന്നാണ് തൊഴിലാളി സംഘടനകൾഅ പ്രസക്തമായത്..അവകാശ സംരക്ഷണത്തിനും,
കൂട്ടായ വിലപേശലനുമായി തുടങ്ങിയ യൂണിയനുകൾ  നേതൃത്വത്തിന്റെ ധന സമ്പാദനത്തിനും,സംഘടിതമായ തെമ്മാടിത്തത്തിനുമായി ഉപയോഗിച്ചു തുടങ്ങിയപ്പോൾ ജനങ്ങൾ അവയെ വെറുത്തു.
പല തൊഴിലാളി സംഘടനകളും, ജനങ്ങളുടെ സ്വൈരജീവിതം  തടസപ്പെടുത്തുകയും,ജനത്തെ വെല്ലുവിളിക്കുകയും ചെയ്തപ്പോൾ കോടതികൾ പ്രശ്നത്തിലിടപെട്ടു. ഇടതു വലതു വ്യത്യാസമില്ലാതെ തൊഴിലാളി സംഘടനകൾ നടത്തിയ കൊള്ളരുതായ്മൾക്ക് അവയെ നയിക്കുന്ന പാർട്ടികൾ ഒത്താശ ചെയ്യുകയും,സർക്കാരും, സർക്കാരിന്റെ വാലാട്ടികളായ പൊലീസും അവ കണ്ടില്ലെന്നു നടിക്കുകയും  ചെയ്തു.
                                   ഈ സാഹചര്യത്തിൽ തൊഴിലാളി സംഘടനകളുടെ മരണം ആശ്വാസമായെ ജനം കരുതുകയുള്ളു.എന്നാൽ അസംഘടിത തൊഴിൽ   മേഘലകളിലും   പുത്തൻ വ്യവസായങ്ങളിലും,വിദ്യാഭ്യാസ വിപണനത്തിലും,ആരോഗ്യ കച്ചവടത്തിലും, ഐ റ്റി വ്യവസായത്തിലും വലിയ ചൂഷണത്തിന് ഇതു വഴിവെച്ചു. തൊഴിൽ വകുപ്പു മന്ത്രി ഇടക്കിടെ നടത്തുന്ന ചില മണ്ടൻ പ്രസ്താവനകൾ ഒഴികെ ഈ ചൂഷണത്തിനെതിരെ ആരും ഒന്നും ചെയ്യുന്നില്ല. പണക്കൊയ്ത്തു നടക്കുന്ന കെട്ടിട നിർമാണം,ക്വാറി,ഹോട്ടൽ,തടിമില്ലുകൾ. കരാർജോലികൾ എന്നിവയിലാണ് വലിയ
ചൂഷണം നടക്കുന്നത്.ഇവയുടെ ഇരകൾ അന്യസംസ്ഥാന തൊഴിലാളികളും.ഐ റ്റി മേഘലയെ വെറുതെ വിടാം. സ്വന്തം സുഖവും,അന്നന്നത്തെ കാര്യങ്ങൾക്കുമപ്പുറം റ്റെക്കികൾക്ക് വേറെ ചിന്തയില്ല.
                                  ആലുവായിലെ സൈറ്റിൽ തൊഴിൽ ചെയ്തിരുന്ന മഹാരാഷ്ട്രക്കാരനായ സുഖ്റാം എന്ന തൊഴിലാളിക്ക് ജോലിക്കിടെ പരുക്കേറ്റു.ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് മുതലാളി അയാളെ കാറിൽ കയറ്റി കൊച്ചിയിലെത്തിച്ചു. കുണ്ടനൂരിലെ ബസ്റ്റോപ്പിനരികെ അയാളെ ഇരുത്തി ഉടനെ വരാമെന്നു പറഞ്ഞ് മുതലാളി മുങ്ങി.തന്റെ മാലിക് വരുമെന്ന പ്രതീക്ഷയിൽ ആ പാവം ഒരാഴ്ച പെരുമഴയത്ത് വഴിയരുകിൽ കാത്തിരുന്നു.ഉദാരമതികൾ നൽകിയ ഭക്ഷണമാണ് അയാളുടെ ജീവൻ നിലനിർത്തിയത്.ഓഗസ്റ്റ് 12ലെ പത്രങ്ങൾ ചിത്രം സഹിതം ഈ വാർത്ത
പ്രസിദ്ധീകരിച്ചെങ്കിലും, തൊഴിലാളി സംഘടനകളൊ,രാഷ്ട്രീയക്കാരൊ,ജില്ലാ ഭരണകൂടമൊ തിരിഞ്ഞുനോക്കിയില്ല.ബാറുടമകളുടെ വരെ മനുഷ്യാവകാശത്തിൽ തല്പരനായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഈ സാധുവിന്റെ അവകാശത്തിൽ താല്പര്യം കാട്ടിയില്ല.
                              ജീവനക്കാരെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കുന്നതിനെതിരെ എറണാകുളം കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരും,പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.ഭരണ, പ്രതിപക്ഷ സർവീസ് സംഘടനകൾ സംയുക്തമായി ഓഗസ്റ്റ് 13നു നടത്തിയ പ്രകടനത്തിലും, പ്രതിഷേധ യോഗത്തിലും വനിതകൾ ഉൾപ്പെടെ എല്ലാ ജീവനക്കാരും പങ്കെടുത്തു. കലക്ടറേറ്റിന്റെ പ്രവർത്തനം കാര്യക്ഷമവും, സുതാര്യവുമാക്കാൻ പുതിയ കലക്ടർ എടുത്ത തീരുമാനമായിരുന്നു പ്രത്ഷേധത്തിനു കാരണമായത്.നിരീക്ഷണ കാമറകൾ സ്ഥാപിച്ച് ജീവനക്കാരെ സംശയത്തിന്റെ നിഴലിലാക്കുന്നു എന്നും,അവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നേതാക്കന്മാർ വാദിക്കുന്നു.
                               ജീവനക്കാരുടെ എന്തവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്?
                               ഓഫീസിൽ തോന്നുമ്പോൾ വരാനും പോകാനുമുള്ള അവകാശം.
                              ഓഫീസിലിരുന്ന് വർത്തമാനം പറയാനും,വായിക്കാനും, ആഹരിക്കാനും, തരം കിട്ടിയാൽ മദ്യപിക്കാനുമുള്ള അവകാശം.
                               അപേക്ഷകളും, ആവശ്യങ്ങളുമായി വരുന്ന പാവങ്ങളിൽ നിന്നു നിർലോഭം കോഴ വാങ്ങാനുള്ള അവകാശം.
                              തൊഴിലാളി ഐക്യം സിന്ദാബാദ്



 .


                                  

Tuesday, 5 August 2014

അരുന്ധതി റോയിയെ ആർക്കാണു ഭയം?

              അതിബുദ്ധിമാനായിരുന്നില്ലെങ്കിലു ചുറ്റുപാടുകളോടും,  കാലത്തോടും,കാലാനുബന്ദികളായ പ്രശ്നങ്ങളോടും ചടുലമായി പ്രതികരിക്കുന്ന ഒരു മനസയിരുന്നു ഗാന്ധിജിയുടേത്.
പക്ഷെ അദ്ദേഹത്തിന്റെ മക്കളിൽ ചിലരെങ്കിലും, ഗജ പോക്കിരികളും അനുചരർ മന്ദ ബുദ്ധികളും ആയി മാറിയത് ഒരു ക്ളീഷെ ഉപയോഗിച്ചുപറഞ്ഞാൽ വിരോധാഭാസമാണ്.
               കേരളാ യൂണിവേർസിറ്റിയുടെ അയ്യങ്കാളി ചെയർ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അരുന്ധതി റോയ് നടത്തിയ “Changing our heroes" എന്ന പ്രഭാഷണം ഗാന്ധിജിയുടെ മന്ദബുദ്ധികളായ ശിഷ്യന്മാർ അറിഞ്ഞത് രണ്ടാഴ്ച കഴിഞ്ഞാണ്.                                തന്നെപ്പോലുള്ള ഗാന്ധിയന്മാരുടെ സ്വകാര്യ അഹങ്കാരമായ ഗാന്ധിജിയെ വിമർശിച്ചതിലുള്ള വേദനയും,അതിനോടു വൃദ്ധയും,രോഗിയുമായ സുഗതകുമാരിറ്റീച്ചർ പ്രതികരിക്കാത്തതിലുള്ള അമർഷവും പ്രകടിപ്പിച്ചുകൊണ്ട് സ്പീക്കർ ശ്രീ കാർത്തികേയൻ മനോരമയിൽ ലേഘനം എഴുതുന്നതു വരെ അഹിംസാ പാർട്ടിയൊ,പാർട്ടിയുടെമുഖ്യമന്ത്രിയൊ,മറ്റു ഖദർധാരികളൊ ഇക്കാര്യമറിഞ്ഞില്ല. “കാർത്തികേയന്റെ ലേഖനവും,തുടർന്നുണ്ടായ പ്രതികരണങ്ങളും വാ   വായിച്ചാണു ഞാൻ വിഷയം അറിഞ്ഞത്“. കോൺഗ്രസിന്റെ അഖിലേന്ത്യ
നേതാവ് വി ഡി സതീശൻജി ചാനൽ ചർച്ചയിൽ പറഞ്ഞു. ഗാന്ധിയുടെയും,നെഹൃവിന്റെയും, നാരായണഗുരുവിന്റെയും കൃതികളും, അവരെക്കുറിച്ചുള്ള എല്ലാ പുസ്തകങ്ങളുംവായിച്ചിട്ടുള്ള സതീശൻ
തിരുവനന്തപുരത്തെ ഏതോ പത്രത്തിന്റെ പ്രാദേശികപ്പേജിൽ വന്ന ഈ വാർത്ത കണ്ടില്ല.അവിഹിതങ്ങളിൽ അഭിരമിക്കുന്ന മലയാള ചാനലുകൾ തമസ്കരിച്ചെങ്കിലും പത്രം വായിക്കുന്ന മലയാളികളെല്ലാം ഈവാർത്ത അടുത്ത ദിവസം തന്നെ അറിഞ്ഞു   സതീശാ.
                             ഗാന്ധിയനായ സ്പീകറുടെ അധികാര പരിധിയിൽ നിന്നായിരുന്നുവല്ലൊ, മാംസവ്യാപാരിയായ മറ്റൊരു ഗാന്ധിയനെ പൊലീസ് പൊക്കിയത്. അതും ഗാന്ധിയനായ മുൻ എം എൽ എ യുടെ മുറിയിൽ നിന്ന്.അറിവോടെയല്ലങ്കിൽ പോലും, ഒരു ഗാന്ധിയന് അഭയം നൽകുക വഴി ചരിത്രപരമായ ഒരു കടമ ഇവിടെ നിറവേറ്റപ്പെട്ടിരിക്കുന്നു..
                             “ഗാന്ധിജിയെ അപമാനിച്ചാൽ സർക്കാർ നോക്കിയിരിക്കുകയില്ല“ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരിൽ നിന്നുള്ള കാലഹരണം വന്ന ഒരു നേതാവ് അയച്ചുതന്ന ഒരു പരാതി മുഖ്യമന്ത്രി ഡി ജി പി യെ ഏല്‍പ്പിച്ചു. അദേഹത്തിന്റെ മൂക്കിനു താഴെ സെനറ്റ് ഹാളിൽ നടന്ന പ്രഭാഷണത്തിന്റെ സിഡിക്കായി കേരള പൊലീസ് ശക്തമായ അന്വേഷനം ആരംഭിച്ചു.
                            ജഡ്ജിയുടെയൊ, കോടതികളുടെയൊ അവകാശ സംരക്ഷനത്തിനായി ഉപയോഗിക്കരുത് എന്നുകരുതുന്ന കോടതിയലക്ഷ്യത്തിന്റെ വാളെടുത്തു വീശി സുപ്രീം കോടതി ഭയപ്പെടുത്തിയിട്ടും പേടിക്കാത്ത അരുന്ധതിയേയാണ് മുഖ്യമന്ത്രി ചൗക്കിദാരെ വിട്ടു വിർട്ടാൻ ശ്രമിക്കുന്നത്.ഒന്നുവല്ലേലും നമ്മളെല്ലാം  കോട്ടയംകാരല്ലെ?