Sunday, 28 June 2015

" അവര്‍ എന്‍റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുത്തു, എന്‍റെ മേലങ്കിക്കായ് അവര്‍ ചിട്ടിയിട്ടു"


                                 വന്‍ തുക കോഴ കൊടുത്ത് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ വാങ്ങി പഠിച്ചും, പഠിക്കാതയും ബിരുദം
നേടി പുറത്തു വരുന്ന ഡോക്റ്റര്‍മാരുടെ മുഖ്യ അജണ്ട ധന സമ്പാദനം തന്നെ. രോഗിയുടെ മുഖത്തെ ദൈന്യഭാവം കണ്ടാല്‍
 കണക്കു പറഞ്ഞ് കാശു വാങ്ങാന്‍ അത് തടാസമാകും എന്ന് കരുതിയാണ് ഇവര്‍ രോഗികളുടെ മുഖത്ത് നോക്കാത്തതെന്ന
 സക്കറിയുടെ അഭിപ്രായം ശരി വയ്ക്കുന്നതാണ് ഇവരുടെ പ്രവൃത്തികള്‍. പെരുവഴിയിലും, നാല്‍ക്കവലകളിലും പോലും ഈ
അല്പന്മാരുടെ   ധാര്‍ഷ്ട്യവും, സ്വാര്‍ധതയും സാധാരണക്കാരനു വിനയാകുന്നതിന്‍റെ   ഉദാഹാരണം ആണ് ജൂണ്‍ 24ന്
കൊച്ചിയില്‍ സംഭവിച്ചത് .
                                                     ഹൈക്കോടതിക്കും, ട്രാഫിക് പൊലീസ് സ്റ്റേഷനും സമീപം പൂത്തോളി ജംഗ്ഷനില്‍ വച്ച് ദിപു എന്ന
 ഡോക്ടര്‍ ഓടിച്ചിരുന്ന ടൊയോട്ട ഫൊര്ച്യൂണര്‍ കാറിനു പിന്നില്‍ ജോസ്ലിന്‍  എന്ന  സ്ത്രീയുടെ സ്കൂട്ടര്‍ തട്ടി, കാറിന്‍റെ  ബംപറില്‍
പോറല്‍ ഉണ്ടായി. മഴയത്ത് മുന്‍പില്‍ പോയ ഡോക്ടറുടെ കാര്‍ പെട്ടെന്ന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വഴുവഴുപ്പുള്ള റോഡില്‍ ബ്രേക്ക്
കിട്ടാതെ സ്കൂട്ടര്‍ തട്ടുകയായിരുന്നു. തിരക്കിനിടയില്‍ വണ്ടി നിര്‍ത്തി ആക്രോശിച്ചുകൊണ്ട് പുറത്തിറങ്ങിയ ഡോക്ടര്‍ സ്ത്രീയോട്
നഷ്ടപരിഹാരം ചോദിച്ചു. പണമില്ലെന്നു പറഞപ്പോള്‍ കൈയില്‍ കിടന്ന കല്യാണ മോതിരം അയാള്‍ ഊരി വാങ്ങി.
കല്യാണ മോതിരത്തിന് തുക്കം പോരെന്നു തോന്നി കൈ വിരലില്‍ ശേഷിച്ച മോതിരവും അയാള്‍ കൈവശപ്പെടുത്തി. സ്ത്രീയുടെ
നിസ്സഹായത കണ്ട് ഓടിക്കൂടിയ നാട്ടുകാരും, ചില വക്കീല്‍മാരും ഇടപെട്ടപ്പോള്‍ അയാള്‍ മോതിരങ്ങള്‍ തിരികെ നല്‍കി.
സ്ഥലത്തെത്തിയ പൊലീസുകാര്‍  രണ്ടു പേരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭയന്നുപോയ പാവം സ്ത്രീ പരാതിയില്ലെന്ന്
പറഞ്ഞു പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷ പെട്ടൂ. പരാതിയുമായെത്തുന്ന സ്ത്രീകളൂടെ പരാതി തിരിച്ചു നല്‍കി ഉപദേശിച്ചു  വിടുന്ന
 മുഖ്യന്‍റെ നാട്ടില്‍ ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍ കഴിയും?
                                      മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം ഈ വാര്‍ത്ത തമസ്കരിച്ചു. ഇവിടെ വില്ലന്‍ നഗരത്തിലെ  പണവും, സ്വാധീനവു
മുള്ള ഭിഷഗ്വരനാണല്ലോ. ശവശരീരം തടഞ്ഞു  വച്ച് വില പേശുന്ന ആസ്‌പത്രികളുള്ള നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ജാഗ്രതൈ.ഇനി
 ഡോക്ടര്‍മാരുടെ അടുത്തു പോകുമ്പോള്‍ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.    
       

Tuesday, 9 June 2015

മാഗിയും, മമതയും, സുനാമിക്കോയയും

             

ഉത്തരാ ഖന്ധിലെ ഒരു ലാബില്‍ നടന്ന ടെസ്റ്റിന്റെ തുടര്‍ക്കഥ ആണല്ലോ മാഗിക്കെതിരെ നാട്ടിലെങ്ങും ഉണ്ടായ കോലാഹലങ്ങള്‍. ഒരു പിന്നോക്ക സംസ്ഥാനത്തെ സര്‍ക്കാര്‍ ലാബിലെ പരിമിതികള്‍ക്കുള്ളില്‍ നടന്ന  ഈ ടെസ്റ്റിന്‍റെ   ചോദ്യം ചെയ്യപ്പെടാവുന്ന ഫലത്തെ പിന്തുടര്‍ന്ന്‍ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും നെസലെയുടെ ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ലാബുകളിലെ ടെസ്ടുകളൂടെ ഫലങ്ങള്‍ പലപ്പോഴും നിര്‍ണയിക്കുന്നത് രാസ പരീക്ഷണങ്ങളെക്കാള്‍ കൈമാറപ്പെടുന്ന കറന്‍സി നോട്ടുകളാണ്.
                   കേരളത്തിലെ ആരോഗ്യ മന്ത്രി ഒരു പടി കുടി കടന്ന്‍ എല്ലാ നുഡില്‍സുകളും പരിശോധിക്കുവാന്‍ ഉത്തരവിട്ടു. ഈ വങ്കന്മാരുടെ പ്രഖ്യാപനങ്ങളും, ഉത്തരവുകളും കേട്ടാല്‍ തോന്നും ഇന്ത്യാക്കാരുടെ രോഗങ്ങള്‍ക്ക് കാരണം   മാഗി നുഡില്‍സിന്‍റെ ഉപയോഗം ഒന്ന്‍ മാത്രമാ നെന്ന്‍. നൂഡില്‍സിലെ ഈ യവും, കോളയിലെ കാഡമിയവും കൊണ്ടല്ല ഇന്ത്യയില്‍ ആളുകള്‍ മരിക്കുന്നത് . 48 ഡിഗ്രി സെല്‍ഷിയസ്‌ ചൂടില്‍ കുടിവെള്ളം തേടിയുള്ള യാത്രയില്‍ മരിച്ചു വീഴുന്നവരെ ഇവര്‍ കാണുന്നില്ല. തമിഴ് നാടു മുതല്‍ വടക്കോട്ടുള്ള സംസ്ഥാനങ്ങളില്‍ പൊതു പൈപ്പില്‍ നിന്നും, കുളങ്ങളില്‍ നിന്നും വെള്ളം നിഷേധിക്കപ്പെടുന്ന  ദളിതരുടെ ദുരിതങ്ങളും ഇവര്‍ക്ക് പ്രശ്നം അല്ല  .
           ഇന്ത്യയില്‍ ഉല്‍പാദിക്കപ്പെടുടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ ആഹാര പദാര്ഥങ്ങളിലും കീടനാശിനികളും, മായവും അപകടകരമാം വിധം അടങ്ങിയിരിക്കുന്നു. നമ്മുടെ കുളങ്ങളിലേയും,കിണറുകളിലെയും, നദികളിലെയും വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയും, മറ്റു മലിനതകളും  നിറഞ്ഞു നില്‍ക്കുന്നു. ഭക്ഷ്യ സാധനങ്ങളിലെ മായം കണ്ടുപിടിക്കാന്‍ സ്ത്യസന്ധ മായ ശ്രമങ്ങളോ കണ്ടുപിടിച്ചാല്‍ തന്നെ ശക്തമായ ശിക്ഷണ നടപടികള്‍ക്കോ  ശ്രമിക്കാതെ, കൈക്കൂലി വാങ്ങി രക്ഷിക്കാറാണ്. പതിവ്.
         കാശുള്ളവരാണല്ലോ മാഗിയും, കോളയും വാങ്ങി കഴിക്കുന്നത്. ജനസംഖ്യയുടെ എത്ര ശതമാനം വരും ഇത്തരക്കാര്‍. ജനങ്ങള്‍ക്ക് കുടിക്കാന്‍ ശുദ്ധ ജലം നല്‍കാന്‍ കഴിയാത്ത ശുംഭന്‍മാരുടെ ഈ ബേജാര്‍ കാണുമ്പോഴാണ് നമുക്ക് മമതയെ നമിക്കാന്‍ തോന്നുന്നത്.
       കൊച്ചിയിലെ ബേക്കറികളില്‍ വില്‍ക്കുന്ന പഫ്സിനുള്ളില്‍ നിറക്കുന്നത് ആന്ദ്ധ്രയില്‍ നിന്നുള്ള പഴകിയ ബീഫാണ് .സുനാമി ഇറച്ചി എന്നറിയപ്പെടുന്ന ഈ വസ്തുവിന് ബീഫിന്ടെ നാലിലൊന്ന് വില കൊടുത്താല്‍ മതി. ഒരു വര്‍ഷം മുന്‍പ് ആയിരം കിലോ ഇത്തരം ബീഫ് മട്ടാഞ്ചേരിയില്‍ നിന്ന്‍ പിടിച്ചെടുക്കുകയും, വ്യാപാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുനാമിക്കോയ എന്നറിയപ്പെടുന്ന ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ പ്രകാരാമാണ് കേസെടുത്തത് . നഗര സഭയുടെ ആരോഗ്യ വകുപ്പ് പിടിച്ചെടുത്ത ബിഫ് കത്തിച്ചുകലയുകയാണ് ആദ്യം ചെയ്തത്‌. അങ്ങനെ പരമ പ്രധാനമായ
തെളിവ് നശിപ്പിക്കപ്പെടുകയും , കേസ് ദുര്‍ബലമാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതി ഇപ്പോഴും ബിസിനസ് തുടരുന്നുണ്ടാവും.
       വിദേശത്തേക്ക് കയറ്റി അയച്ചതും, ഗുണ നിലവാരമില്ലാത്തതിനാല്‍ തിരിച്ചയച്ചതുമായ മിട്ടായികള്‍ വില്ലിംഗ്ടന്‍ ഐലന്ടിലെ വാത്തുരുത്തില്‍ വഴിയരുകില്‍ കുഴിച്ചിട്ടതും,, പിറ്റെന്ന്‍ ആരോ അത് മാന്തിയെടൂത്തു കടന്നു കളഞ്ഞതും വാര്‍ത്ത ആയിരുന്നു. ഇതേക്കുറിച്ച്  ഒരു അന്വേഷണവും നടന്നില്ല..മാന്തിയെടുത്ത് വണ്ടിയില്‍ കൊണ്ടുപോകാനുള്ള സൌകര്യത്തിനാവാം വഴിയരുകില്‍ തന്നെ കുഴിച്ചിട്ടത്. അത് നാട്ടില്‍ വില്‍ക്കപ്പെടുകയും,നമ്മുടെ കുട്ടികള്‍ വാങ്ങി കഴിക്കുകയും ചെയ്തിട്ടുണ്ടാകും.
        വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ വിയര്‍പ്പും, വിഷ നിറങ്ങളും, അജിനോമോട്ടോയും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ തിന്നു ശിലിച്ച ഞങ്ങളെ വെറുതെ വിട് ആശാന്മാരെ. ഒരു മാഗി ഫെസ്റ്റ്‌ നടത്തി നമുക്ക് പ്രതിഷേധിക്കാം. ഉദ്ഘാടനത്തിനു മമത ബാനര്‍ജിയെ ക്ഷണിക്കാം. പിരിവും, ഫ്ലെക്സും കൊണ്ട്ട് പരിപാടി കൊഴുപ്പിക്കാം.                
     
                             





             


                                                                           
                                                                                                                                                          

Thursday, 4 June 2015

നിയമം നിയമത്തിന്‍റെ വഴിക്കും, മന്ത്രിമാര്‍ അവരുടെ വഴിക്കും.

    അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കും, രാശ്ട്രീയ നേതാക്കന്മാര്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും, അന്വേഷണം നടക്കുമ്പോഴും മുഖ്യമന്ത്രിയുടെ പ്രതികരണo  തേടിയാല്‍ അദ്ദേഹം പറയും, “നിയമം നിയമത്തിന്‍റെ വഴിക്കു പോകും” എന്നാല്‍  നിയമം നിയമത്തിന്‍റെ വഴിക്കും, അധികാരവും, പണവും, സ്വാധീനവും ഉള്ളവര്‍ അവരുടെ വഴിക്കുമാണ് പോകുന്നതെന്ന്‍ അനുഭവങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നു.
       ഏപ്രില്‍ 15 മുതല്‍ മേയ് 15  വരെയുള്ള ഒരു മാസക്കാലം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് നാല് ലക്ഷത്തിലധികം പേരെ കേരളത്തില്‍ ശിക്ഷിക്കുകയും,ആറു കോടി  രൂപ പിഴ ഈടാക്കുകയും ചെയ്തു. ട്രാഫിക് എ ഡി ജി പി അരുണ്‍കുമാര്‍ സിന്‍ഹ മെയ് പതിനെട്ടാം തീയതി തിരുവനന്തപുരത്ത് പുറപ്പെടുവിച്ച പത്രകകുറിപ്പിലുള്ള വിവരങ്ങളാണിത്.തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ നടപടികള്‍ തുടരുമെന്ന്‍ സിന്‍ഹ പറഞ്ഞു.ഇവരില്‍ 14870 പേര്‍ മദ്യപിച്ച് വണ്ടി ഓടിച്ചവരും, 24464 പേര്‍ സ്പീഡ് ലിമിറ്റ് ലംഘിച്ചവരും, 33454  പേര്‍ സീറ്റ് ബെല്‍റ്റ്‌ ഉപയോഗിക്കാത്തവരും, 155678 പേര്‍ ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരു ചക്ര വാഹനം ഓടിച്ചവരും, 1771  പേര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരും ആയിരുന്നു. സണ് കണ്ട്രോള്‍ ഫിലിം നീക്കാത്തവരും,ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാരും, അനുവദനീയമായ രീതിയിലും, വലുപ്പത്തിലും അല്ലാത്ത നംബര്‍ പ്ലേറ്റുകള്‍ വച്ച വാഹനങ്ങളും പിടിയില്‍ ആയവയില്‍ പെടുന്നു.
      പൊലീസിന്റ്റെ ഈ പരാക്രമങ്ങള്‍ തുടരുമ്പോഴും റോഡുകളില്‍ അപകടങ്ങള്‍ക്ക് കുറവില്ല. മെയ് പതിനെട്ടാം തീയതി കായംകുളത്ത് നാഷണല്‍ ഹൈവേയില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ കോളജ് പ്രഫസര്‍ മരിച്ചു. മലപ്പുറം സ്വദേശിയായ യുസഫ് സി കെ വി എന്നയാളുടെ പേരില്‍ രെജിസ്ടര്‍ ചെയ്ത KL56/J /999 എന്ന രേന്ജ് റോവര്‍ കാറാണ് അപകട കാരണ0. അപകടത്തിലായ കാറില്‍ ഇങ്ങനെ ഒരു നമ്പര്‍ എവിടെയും കാണുന്നില്ല. പകരം കേരള സ്റ്റേറ്റ് 17  എന്ന നംബര്‍ കാണാം. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തതായി പറയപ്പെടുന്നു. അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കാര്‍ പൊലീസ് ഉടനെ സംഭവ സ്ഥലത്ത് നിന്ന് നീക്കി. കാരണം കാറിലെ യാത്രികന്‍ ഒരു മന്ത്രി പുംഗവനായിരുന്നു – സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്.
     അന്‍പതു ലക്ഷത്തില്‍ ഏറെ വില വരുന്നതും, സ്വകാര്യ വ്യക്തിയുടെ          പേരിലുള്ളതുമായ കാര്‍ വാടകയ്ക്കെടുത്തതൊ,സമ്മാനമോ,ദാനമോ, സംഭാവനയോ, എന്നറിയില്ല. മന്ത്രിമാര്‍ സ്വകാര്യ വാഹങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ് മുഖ്യന്‍റെ ഭാഷ്യം.സ്വകാര്യ വാഹനങ്ങ്ങ്ങള്‍ ഉപയോഗിക്കുന്ന മന്ത്രിമാര്‍ വേറെയും ഉണ്ടത്രേ.
   മന്ത്രിമാരുടെ ഉപയോഗത്തിനായി 20 ടൊയോട്ട ഇന്നോവ കാറുകളും, 2  ഇന്നോവ ഒള്ടിസ് കാറുകുമുണ്ട്. ഇവക്ക് സുഖവും, സൗകര്യവും പോരാത്തവരാണ് സ്വകാര്യ കാറുകള്‍ ഉപയോഗിക്കുന്നത്. ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ആര്‍ ശ്രിലേഖ സംഭവത്തെ ക്കുറിച്ച് ആലപ്പുഴ RTO യുടെ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് തേടലില്‍ അവസാനിക്കും.
           ഈ കാറിലെ യാത്രികന്‍ ഞാനോ, നിങ്ങളോ ആയിരുന്നങ്കില്‍ എന്താണ് സംഭവിക്കുക? പ്രത്യേകിച്ച് മരിച്ച ആള്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു കോളജ് പ്രഫസര്‍ കുടി ആയാല്‍. ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കു  കേസ്, നംബര്‍ പ്ലേറ്റ് ഇല്ലാതെ വണ്ടി ഒടിച്ചതിനു കേസ്, അറസ്റ്റ്, കോടതി, നിയമ യുദ്ധം.ഇവിടെ മന്ത്രി തിരുവനന്തപുരത്തേയ്ക്കും, വണ്ടി മലപ്പുറത്തേയ്ക്കും യാത്ര ആയി. നമ്മള്‍ നിയമത്തിനു കീഴ്പെട്ട് നമ്മുടെ വഴിക്കും.        



     
                .       .