Showing posts with label KCBC. Show all posts
Showing posts with label KCBC. Show all posts

Wednesday, 14 October 2015

ഇവര്‍ ചെയ്യുന്നതെന്തെന്ന്‍ ഇവരറിയുന്നില്ല

            
                                                        
                        ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവോടെ കത്തോലിക്കാ സഭയിലും, സഭയുടെ നിലപാടുകളിലും വന്ന മാറ്റങ്ങള്‍ ലോകം 
പ്രതീക്ഷയോടെയാണ് കാണുന്നത്. മാര്‍പാപ്പയുടെ പല നിലപാടുകളും യാഥാസ്ഥിതികരും, മാര്‍പ്പാപ്പാമാരുടെ തീരുമാനങ്ങളെ, ഇത്രയുംകാലം 
നിയന്ത്രിച്ചു പോന്നവരുമായ സഭാനെത്രുത്വത്തെ തൃപ്തിപ്പെടുത്തുന്നില്ല. പാപ്പയുടെ വ്യക്തി പ്രഭാവവും,ലോകമെങ്ങും അദ്ദേഹത്തിനു ലഭിക്കുന്ന 
അംഗീകാരവും ഭയന്നാണ് ഇവര്‍ അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ എതിര്‍ക്കാത്തത്.
                                         കുടുംബ ജീവിതം നേരിടുന്ന  വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനായി ലോകമെങ്ങും നിന്നുള്ള മുന്നൂറ് മെത്രാന്‍മാര്‍ പങ്കെടുക്കുന്ന 
സിനഡ് റോമില്‍ ഇപ്പോള്‍ നടന്നുവരുന്നു. സെപ്തംബര്‍ 24 വരെ നീളുന്ന സിനഡില്‍ 18 പൊതു സമ്മേളനങ്ങള്‍ നടക്കും. ഭാഷടിസ്ഥാനത്തില്‍ 13 ചര്‍ച്ചാ 
സമ്മേളനങ്ങളും. വിവാഹ ബന്ധം വേര്‍പെടുത്തി വീണ്ടും വിവാഹം ചെയ്തവര്‍, സ്വവര്‍ഗാനുരാഗികളൂടെ വിവാഹം, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്ന പ്രമേയം 24 ലെ പോതുസമ്മേളനത്തില്‍ വായിച്ച് വോട്ടിനിടും.അതിന്‍റെ അടിസ്ഥാനത്തില്‍ സഭയുടെ പ്രാബോധനം ഉണ്ടാവും. സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു." കാരുണ്യത്തിന്റെയും,അംഗീകാരത്തിന്ടെയും ലേപനത്തിലൂടെ പ്രശ്നദാമ്പത്യങ്ങള്‍ക്ക് സ്വാന്തനമേകുകയാണ് അല്ലാതെ വിധിക്കുകയല്ല സഭയുടെ ദൌത്യം. സമൂഹത്തിലെ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സഭാക്കാവില്ല. വിവാഹ ബന്ധങ്ങള്‍ പരാജയപ്പെടുന്നത് അംകരിക്കേണ്ടിയിരിക്കുന്നു. സഭ മാതാവാണ്. മക്കളെ കുറ്റപ്പെടുത്തുകയും,വിധിക്കുകയും ചെയ്യാത്ത മാതാവ്.ദൈവത്തിലേക്കുള്ള മാര്‍ഗത്തിലെ വിലങ്ങു തടിയാകാനല്ല ദൈവത്തിലേക്കുള്ള മാര്‍ഗമാവുകയാണ് സഭയുടെ ദൌത്യം."രണ്ടു വര്ഷം മുന്‍പ് 39 ചോദ്യങ്ങള്‍ മേത്രാന്മാര്‍ക്കും, കത്തോലിക്ക കുടുംബാഗങ്ങള്‍ക്കും അയച്ചു കൊടുത്തതിന് ലഭിച്ച ഉത്തരങ്ങളെ അടിസ്ഥാനമാക്കിയാണ് സിനഡ് ചര്‍ച്ച. ലൈംഗികത,വിവാഹം,സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ പOനങ്ങളും, വിശ്വാസികളുടെ ജീവിതരീതികളും തമ്മിലുള്ള പോരുത്തക്കേട് പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു.
                           കത്തോലിക്ക സഭയ്ക്ക് കേരളത്തിലുള്ള മൂന്നു റിത്തുകളിലും ഇങ്ങനെ ഒരു ചര്‍ച്ച നടന്നതായറിയില്ല. ഇത്തരം ഒരു ചോദ്യാവലിയെക്കുറിച്ച് 
കേരളത്തിലെ വിശ്വാസികള്‍ അജ്ഞരാണ്. കേരളത്തില്‍ സഭയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ വിശ്വാസികളെ സഭാനേതൃത്വം പണ്ടെ 
അനുവദിക്കാറില്ല. പ്രകടന പരങ്ങളായ  അനുഷ്ഠാനങ്ങളും, യുക്തിരഹിതമായ വിശകലനങ്ങളും,നിരര്‍ത്ഥകമായ ചര്‍ച്ചകളും കൊണ്ട്ട് 
പള്ളിയോഗങ്ങളും,കുടുംബ കൂട്ടായ്മകളും മാറ്റമില്ലാതെ തുടരുന്നു. സഭാ നേതൃത്വം ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്നു 
നടിക്കുന്നു.     

Tuesday, 21 July 2015

കുടിയന്മാരെ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടുവാനുള്ളത് നിങ്ങളുടെ കരളുകള്‍ മാത്രം.



                                                     
                                                                                                                        
                         കേരളത്തിലെ എഴുനുറ്റി മുപ്പതു ബാറുകളും പൂട്ടി സാദാ മദ്യപന്റെ വയറ്റത്തടിച്ച ഉമ്മന്‍ സര്‍ക്കാര്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മാത്രം മദ്യം വിളമ്പാന്‍ അനുവദിച്ചത് അവിടെപ്പോയി സക്കാത്തടിക്കുന്ന രാശ്ട്രീയ നേതാക്കന്മാരുടെ കാര്യം കൂടി പരിഗണിച്ചാണ്.
                               മദ്യം വിളമ്പുന്ന മുന്നൂറില്‍ അധികം ക്ലബുകളൂടെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയ സര്‍ക്കാര്‍ തീരുമാനം കറ തീര്‍ന്ന വഞ്ചനയും, ഇരട്ടത്താപ്പുമാണ്. ഇതു കണ്ടില്ലെന്നു നടിക്കുകയാണ് മദ്യ വിരുദ്ധരും, അവരുടെ നേതാക്കന്മാരും ചെയ്യുന്നത്.മദ്യനിരോധനത്തിലേക്ക് നയിച്ച സുധീര്‍ ഗാന്ധിയോ, കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെ സംസ്ഥാന ചെയര്‍മാന്‍ മാര്‍ രെമജിയോസ് ഇന്ചനാനിയിലോ, സമിതി സേക്രട്ടറി ഫാ.ടി ജെ ആന്റണിയോ, ജേക്കബ്  മണ്ണാറപ്രായില്‍ മാര്‍ എപിസ്കൊപ്പയോ, അഴിമതി നിരോധനത്തിന്റെ മൊത്തവ്യാപാരിയും ഇപ്പോള്‍  പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ആളുമായ പുഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജോ, എന്തു കാര്യത്തിലും പ്രതികരിക്കുന്ന ജാതി മത നേതൃത്വമോ,പ്രതികരണം തൊഴിലാക്കിയ മുന്‍ ന്യാധിപന്മാരോ, രാശ്ട്രീയ നേതാക്കളോ, സാംസ്കാരിക നായന്മാരോ ഇക്കാര്യത്തില്‍ മൌനംപാലിക്കുകയാണ്. ഇവരുടെ അരുമകളും, ധാനസ്രോതസുകളും  ആണല്ലോ ക്ലബുകളിലെ മദ്യപന്മാര്‍. ബാറുകളിലെ കുടിയന്മാരെപ്പോലെ വെറുംഅലമ്പന്മാരല്ലല്ലോ അവര്‍. എസ്റ്റേറ്റ് മുതലാളിമാര്‍,ഐ എ എസ- ഐ പി എസ് ഒഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, എന്ജിനീയര്‍മാര്‍, വക്കിലന്മാര്‍, ജഡ്ജിമാര്‍,പത്രപ്രവര്‍ത്തകര്‍, രാശ്ട്രീയ നേതാക്കന്മാര്‍, ജനപതിനിധികള്‍  ഇങ്ങനെ സമൂഹത്തില്‍ നി ലയും,വിലയുമുള്ളവരല്ലേ അവരെല്ലാം. അവരൊക്കെ 
മദ്യപിക്കുന്നതില്‍ ഉമ്മന്‍ ഗാന്ധിക്കോ, സുധീര്‍ ഗാന്ധിക്കോ ഒരു ബേജാറുമില്ല.                                         ഗാന്ധി പ്രതിമകള്‍ക്ക് മുന്‍പിലും, ഹൈക്കോര്‍ട്ട് ജംഗ്ഷനിലും മദ്യത്തിനെതിരെ കുത്തിയിരുന്ന്‍ പ്രതിഷേധിക്കുന്ന ഫാ.ആന്റണി എന്തുകൊണ്ടു ഈ ക്ലബുകള്‍ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നില്ല?   
                                     കേരളത്തിലെ പ്രബുദ്ധരായ കുടിയന്മാര്‍ പോലും നാട് ഭരിക്കുന്ന വങ്കന്മാരുടെ ഈ ഇരട്ടത്താപ്പിനെതിരെ  
ഒരു പ്രതിഷേധവും ഉയര്‍ത്തുന്നില്ല. അവര്‍ അസംഘടിതരായതാകാം ഇതിനു കാരണം. എന്‍ എം ബാലകൃഷ്ണന്‍ ആയിരുന്നു ആ വഴിക്കൊരു ശ്രമം 
നടത്തിയത്. അദ്ദേഹത്തിന്‍റെ മരണത്തോടെ ആ പ്രതീക്ഷയും ഇല്ലാതായി. കേരളത്തിലെ മദ്യപര്‍ സംഘടിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. പത്തു  
വര്ഷം കൊണ്ട്ട് സമ്പൂര്‍ണ്ണ മദ്യം നിരോധനം വരുന്നതോടെ സംഘടിക്കാനുള്ള അവകാശവും നിങ്ങള്ക്ക് നഷ്ടമാകും. ക്ളബുകളിലെ ബാറുകള്‍ 
ക്കെതിരെ നമുക്കു സമരം നടത്താം.

Wednesday, 9 April 2014

പിതാവേ ഇവരോടു പൊറുക്കണമെ.

        കോതമംഗലം രൂപതയുടെ കീഴിലുള്ള, തൊടുപുഴ ന്യൂമാൻ കോളജിൽ നിന്നു ചൊദ്യപേപ്പർ വിവാദത്തെ തുടർന്നു പുറത്താക്കപ്പെട്ട പ്രഫ.റ്റി ജെ ജോസഫിനെ സെർവീസിൽ തിരികെ പ്രവേശിപ്പിച്ചത്,മാനുഷിക പരിഗണന അടിസ്ഥാനമാക്കിയാണെന്നു കോതമംഗലം രൂപത വികാരിജനറൽ റവ.ഡോ ഫ്രാൻസിസ് ആലപ്പാട്ട് ഏപ്രിൽ 2ലെ പത്രങ്ങളിൽ പ്രസിദ്ധീകരണത്തിനു നൽകിയ പ്രസ്താവനയിലൂടെ അറിയിക്കുന്നു.
                              കോളജിലെ സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച ചോദ്യക്കടലാസിന്റെ ഉത്തരവാദിത്തം മുഴുവൻ പ്രഫ. ജോസഫിന്റെ തലയിൽ കെട്ടിവച്ച്, അദ്ദേഹത്തെ ബലിമൃഗമാക്കിയ  കോളജ് മാനേജ്മെന്റ് അന്നു മുതൽ തുടർന്നുപോന്നത് നികൃഷ്ഠവും, മാനുഷിക പരിഗണന ഇല്ലാത്തതുമായ നിലപാടാണ്. ഈ നിലപാടിൽ അവർ ഇന്നും ഉറച്ചു നിൽക്കുന്നു എന്നു മനസിലാക്കുവാൻ ആലപ്പാട്ടിന്റെ പ്രസ്താവനയുടെ തുടർവായന തുണയാകും.ക്രിസ്തുവിന്റെ ബലിയുടെ ഓർമ ആചരിക്കുന്ന നോമ്പുകാലത്തിന്റെ സ്പിരിറ്റിനു തീരെ നിരക്കാത്തതാണ് ഈ പ്രസ്താവന.
                             പ്രസ്താവനയുടെ പ്രസക്ത ഭാഗങൾ.“ പരീക്ഷണ ഘട്ടങ്ങളിൽ എടുക്കേണ്ടിവന്നിട്ടുള്ള തീരുമാനങ്ങൾ വിഷമകരമായിരുന്നു.ഏതെങ്കിലും മതവിഭാഗത്തിൽ പെട്ടവരോട് വിവേചനം പുലർത്തുന്ന സമീപനം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കില്ല. അതിനു മുടക്കം വരാൻ രൂപതയുടെ സ്ഥാപനം കാരണമായത് വേദനയോടെയാണു കണ്ടത്.
                             ചോദ്യ പേപ്പർ വിവാദത്തെ തുടർന്നുണ്ടായ സംഭവങ്ങൾ വ്യത്യസ്ത ജനവിഭാഗങ്ങളിലുണ്ടാക്കിയ അകൽച്ച നിസാരവൽക്കരിക്കാനാകില്ല.ന്യൂമാൻ കോളജിലെ 60% കുട്ടികളും ഇതര വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. അവർക്കും, രക്ഷിതാക്കൾക്കും സുരക്ഷിതത്തവും,ആൽമാഭിമാനവും നൽകേണ്ടത് മാനെജ്മെന്റിന്റെ ഉത്തരവാദിത്തമായിരുന്നു.”
                            പ്രഫ്. ജോസഫിനെതിരെ കൈക്കൊണ്ട ശിക്ഷണം എന്തിനായിരുന്നു എന്നതിനു കാരണം വേറെങ്ങും അന്വേഷിക്കേണ്ട. കോടതിയും, യൂണിവേഴ്സിറ്റി അപ്പല്ലേറ്റ് ട്രൈബ്യൂണലും കുറ്റ വിമുക്തനാക്കിയ ജോസ്ഫിന്റെ കോളജിലേക്കുള്ള പുന പ്രവേശനം തടയാനും,പെൻഷൻ വാങ്ങിയെങ്കിലും, ദുരിതക്കയത്തിൽ നിന്നും കരകയറാമെന്ന പ്രതീക്ഷയറ്റ അദ്ദെഹത്തിന്റെ ഭാര്യയെ ആത്മഹത്യയിലേക്കു തള്ളിയിടാനും മാനേജ്മെന്റിനെ പ്രെരിപ്പിച്ചത് അദ്ദേഹത്തെ ശിക്ഷിക്കാൻ അവരെ പ്രേരിപ്പിച്ച വികാരം തന്നെ. രൂപത നടത്തുന്ന വിദ്യാഭ്യാസ വ്യാപരങ്ങളുടെ ഗുണഭോക്താക്കളുടെ പ്രീണനം തുടർ വ്യവഹാരങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണല്ലൊ.  പ്രഫ്. ജോസഫിന്റെ കുടുംബത്തോട് രൂപതാധികൃതർ കാട്ടിയ അനീതിയിൽ അവർക്ക് ഇന്നും പശ്ചാദ്ധാപമില്ല. സാമൂഹിക പ്രശ്നങ്ങളിൽ കേരള കത്തോലിക്ക സഭ സ്വീകരിച്ചുപോന്ന പ്രതിലോമവും, നികൃഷ്ഠവുമായ നിലപാടുകളുടെ തുടർച്ചയാണിത്. ഈ പ്രസ്താവന ഇടയ ലേഖനമായി ഏപ്രിൽ 6ന് രൂപതയിലെ പള്ളികളിൽ വായിക്കുകയുണ്ടായി. എന്നാൽ ശ്രീ ജോസഫിന്റെ ഇടവകയുൾപ്പെടെ ചില പള്ളികളിൽ ഇതു വായിക്കാതിരുന്നത് വിചിത്രവും,കത്തോലിക്ക സഭയുറ്ടെ നടപടിക്രമങ്ങൾക്കു വിപരീതവുമാണ്. സത്യവിരുദ്ധവും,കരുണാരഹിതവുമായ ലേഖനം എതിരഭിപ്രായമുള്ളവർ കൂടുതലുള്ള പള്ളികളിൽ ഒഴിവാക്കുകയായിരുന്നു രൂപതാധികൃതർ ചെയ്തത്. ഒരു ശനിയാഴ്ച രാവിലെ കുർബാനയിൽ പങ്കെടുത്ത് ക്ന്യാസ്ത്രിയായ സഹോദരിയോടൊത്തു കാറിൽ വരുമ്പോഴായിരുന്നു ജോസ്ഫിനു വെട്ടേറ്റത് എന്നോർക്കണം.   ”പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോടു  പൊറുക്കേണമേ.”

Tuesday, 11 March 2014

ചില യൂണിഫോം ചിന്തകൾ.

       വസ്ത്രം എന്ന സങ്കല്പത്തിൽ യൂണിഫോം എന്ന വാക്കിനർത്ഥം ഐകരൂപ്യമുള്ള വേഷം എന്നാണ്. അൻപത് വർഷങ്ങൾക്കപ്പുറം നാട്ടിൻപുറത്തെ സ്കൂളിൽ പഠിച്ചു വളർന്നവർക്ക് പട്ടാളത്തിലൊ, റെയിൽവേയിലൊ, വൈദ്യം, നിയമം മുതലായ മേഖലകളിലൊ അല്ല ജോലിയെങ്കിൽ ജീവിതത്തിലൊരിക്കലും, യൂണിഫോമിനുള്ളിൽ കയറാൻ അവസരമുണ്ടാകില്ല. അക്കാലത്ത് വസ്ത്രം തന്നെ വിരളവും, ആഡംബര രഹിതവുമായിരുന്നു. തോരാതെ പെയ്യുന്ന കർക്കിടകത്തിൽ,പാതിയുണങ്ങിയ വസ്ത്രങ്ങളൊ,തേച്ചുണക്കിയ വസ്ത്രങ്ങളൊ ധരിച്ചു സ്കൂളിൽ പോയ അവസരങ്ങളും ഉണ്ടാകും. ഇന്നു നാടെങ്ങും കാണുന്ന സി ബി എസ് ഇ സ്കൂളുകളും, സെൽഫ് ഫൈനാൻസിങ് കോളജുകളും നിലനിൽക്കുന്നതു തന്നെ യൂണിഫോമിന്റെ ബലത്തിലാണ്.അർഹമായ ശമ്പളം നൽകാത്ത ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ യോഗ്യതയൊ, കഴിവൊ ഉള്ള അദ്ധ്യാപകരുടെ അഭാവം യൂണിഫോമും,പരസ്യങ്ങളും,പുറം മോടികളും കൊണ്ടു മറയ്ക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.
             കമ്പനിയുടെ എംഡി മുതൽ താഴെത്തട്ടിലുള്ള തൊഴിലാളി വരെ ഒരേ യൂണിഫോം ധരിക്കുന്ന യൂറോപ്പിയൻ പാരമ്പര്യം സ്വാതന്ത്ര്യത്തിനു ശേഷവും അവർ നടത്തിയ ഫാക്റ്ററികളിലും, എസ്റ്റെയ്റ്റുകളിലും തുടർന്നു പോന്നു.എന്നാൽ ശിപായിമാരെ മാത്രം യൂണിഫോം ധരിപ്പിക്കാനായിരുന്നു ഇന്ത്യൻ കമ്പനികളുടെ ശ്രമം.സ്വകാര്യ ബാങ്കിലെ 36 വർഷത്തെ സേവനകാലത്ത് ശിപായിമാരെ യൂണിഫോം ധരിപ്പിക്കാനുള്ള ബുദ്ധിമുട്ട് എനിക്കു ബോദ്ധ്യമായി. കാഷുമായി പോകുമ്പോഴും, വരുമ്പോഴും സംഭവിക്കാവുന്ന അപകടങ്ങളിൽ ഇൻഷ്വറൻസിന്റെ പരിരക്ഷ ലഭിയ്ക്കണമെങ്കിൽ ഡ്യൂട്ടിയിലുള്ള ശിപായി യൂണിഫോമിലായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.എന്നാൽ യൂണിഫോം ധരിക്കാൻ സ്വകാര്യ ബാങ്കിലെ പിയുൺ എന്നും വിമുഖനാണ്. അവരെ യൂണിഫോം ധരിപ്പിക്കാനുള്ള മാനേജരുടെ ശ്രമം വ്യർഥവും.ബാങ്കിലെ പിയുണിന്റെ വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി പാസാകാതിരിക്കുക എന്നതാണ്.ഇതു മുതലാക്കി സ്വകാര്യ ബാങ്കിൽ ശിപായിയുടെ ജോലിക്കെത്തുന്നവരിലധികവും വൻ തുക ഡിപ്പോസിറ്റുള്ള സ്ഥാപനങ്ങളുടെയും, സർക്കാർ വകുപ്പുകളുടെയും, മത സ്ഥാപനങ്ങുളുടെയും അധിപന്മാരുടെ ബന്ധുക്കളായിരിയ്ക്കും. കേരളത്തിലെ സ്വകാര്യ ബാങ്കുകളിൽ ശിപയിമാരായി ജോലിക്കുകയറിയവരിൽ  ഭൂരിപക്ഷവും, മെത്രാന്മാർ, മന്ത്രിമാർ, തന്ത്രിമാർ,കോർപറേഷനുകളുടെ അധിപന്മാർ, എം എൽ എ മാർ, എം പി മാർ,ന്യായധിപന്മാർ എന്നിവരുടെ ബന്ധുക്കളായിരുന്നു.പഠിക്കാൻ പിന്നോക്കമായ കുടുംബാഗങ്ങളെ, ബാങ്കിൽ പിയുൺ ആക്കി, കുറച്ചു കഴിയുമ്പോൾ സ്വാധീനം ഉപയോഗിച്ച് പ്രമോഷൻ തരപ്പെടുത്തുക എന്നതായിരുന്നു കലാപരിപാടി. ഇങ്ങനെ ചേർന്നവരിലധികവും മാനേജർമാരും, ചിലഭാഗ്യശാലികൾ അതിലുപരിയും വളർന്നു.
            കേരളത്തിലെ സ്വകാര്യബസുകളിലെ, കിളികൾ എന്നറിയപ്പെടുന്ന ഡോർ ചെക്കർമാരെ, യൂണിഫോം ധരിപ്പിക്കാൻ കേരള സർക്കാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ആയി. പരാജയപ്പെട്ട ഈ ശ്രമം ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്.
            ജയിൽ ഓഫീസർമാരുടെയും, വാർഡർമാരുടെയും യൂണിഫോമിന്റെ നിറം നീലയാക്കണമെന്ന നിയമ ഭേദഗതി, നിയമസഭ സബ്ജക്റ്റ് കമ്മിറ്റി തടഞ്ഞ വാർത്തയാണ് ഈ യൂണിഫോം ചിന്തയ്ക്കു കാരണം. കാക്കിയുടെ ബലം പോയാൽ തടവുകാരുടെ പീഡനം കൂടുമെന്നതിനാൽ കാക്കി തന്നെ വേണമെന്ന ജയിൽജീവനക്കാരുടെ അഭ്യർത്ഥനയെ തുടർന്നാണു ജയിൽ ഡി ജി പി യുടെ നിർദേശം നിയമസഭ കമ്മിറ്റി തടഞ്ഞത്. കേരളത്തിലെ ജയിലുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 1991ൽ നിയോഗിച്ച എ പി ഉദയഭാനു കമ്മീഷൻ റിപ്പൊർട്ടിന്റെ ചുവടുപിടിച്ചാണു ജയിൽ യൂണിഫോം പരിഷ്കരണത്തിനു ജയിൽ ഡി ജി പി യുടെ നിർദേശമുണ്ടായത്. സ്വാതന്ത്ര്യ സമര സേനാനിനിയും,പത്രാധിപരും, എഴുത്തുകാരനും, ആദർശ രാഷ്ട്രീയത്തിന്റെ ആൾപവുമായ എ പി ഉദയഭാനു മരിച്ചിട്ടും, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഓർമ്മയിൽ നിന്നുപോലും അദ്ദേഹം മാഞ്ഞുപോയിട്ടും വർഷങ്ങളായി.”അതിവേഗം, ബഹുദൂരം‘ സഞ്ചരിക്കുന്ന കോൺഗ്രസ് സർക്കാരുകളുടെ ഭരണ പരിഷ്കാരങ്ങളുടെ വേഗത കണ്ടാലും.1991ൽ കോൺഗ്രസ് സർക്കാർ നിയോഗിച്ച കമ്മീഷൻ നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതു തന്നെ 23 വർഷങ്ങൾക്കു 
ശേഷം.അതാണു നിയമ സഭ കമ്മിറ്റി തടഞ്ഞത്. ജയിലിൽ കഴിയുന്ന കുറ്റവാളികളിൽ അധികവും, രാഷ്ട്രീയനേതാക്കന്മാരുടെ സംരക്ഷണയിലുള്ളവരാകുമ്പോൾ അവരെ ഭയപ്പെടുന്ന ജയിലധികൃതർ ഇത്തരം ബാലിശമായ ന്യായങ്ങളുയർത്തിയും രക്ഷാകവചം തീർക്കാൻ ന്യായമായും ശ്രമിക്കും. അതു സ്വീകരിക്കാൻ രഷ്ട്രീയക്കാർ ബാധ്യസ്തരും.