Thursday, 17 October 2013

പി സി ജോർജിന്റെ തിരുവെഴുത്തുകൾ.

    പൂഞ്ഞാറിൽ ലയിച്ചില്ലാതായ പഴയ കാഞ്ഞിരപ്പള്ളി നിയോ ജകമണ്ഡലത്തിലെ വോട്ടറായ ഞാൻ കോൾമയിർ കൊണ്ടെഴുതുന്നത്.ഞങ്ങുളുടെ എം എൽ എ പിസി ജോർജ് വായ്മൊഴിയിൽ മാത്രമല്ല വരമൊഴിയിലും   പാടവം    തെളിയിച്ചുകഴിഞിരിക്കുന്നു.നിരന്തരം അദ്ദേഹം രചിക്കുന്ന കത്തുകളും,കഥകളും,ലേഖനങ്ങുളും വായ്മൊഴി പോല തന്നെ പ്രചാരം നേടുന്നു.സാഹിത്യത്തിനുള്ള നൊബേൽ, മാൻ ബുക്കർ, ജ്ഞാനപീഠം, വയലാർ അവാർഡുകൾ ഞങ്ങുളുടെ എം എൽ എ യെത്തേടിയെത്തുന്നതും കാത്ത് ഞങൾ പൂഞ്ഞാറ്റിലെ വൊട്ടർമാർ അക്ഷമരായി കഴിയുന്നു.
     ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യസൃഷ്ടി. പണ്ടൊരു ഗാന്ധിക്ക് ഗാന്ധിയല്ലാത്ത അച്ഛൻ ജയിലിൽ നിന്നയച്ച കത്തുപോലെ മറ്റൊരു ഗാന്ധിക്ക് കത്തെഴുതിക്കൊണ്ടായിരുന്നു ജോർജിന്റെ വിദ്യാരംഭം. കത്തുകൊണ്ടുപോയ കോൺഗ്രസുകാരൻ ദില്ലിയിലെ വിലാസക്കാരിക്കു കൊടുത്തില്ലെന്നു മാത്രമല്ല പത്രക്കാർക്കതു ചോർത്തിനൽകി.കത്തിൽ അക്ഷരത്തെറ്റുകളും, വ്യാകരണപ്പിശകുകളും ആറാട്ടു നടത്തുകയാണെന്ന്  അതു വായിച്ച മുൻ പത്രപ്രവർത്തകനും,ഗ്രന്ഥകാരനുമായ സെബാസ്റ്റ്യൻ പോൾ പറയുന്നു. ഉപരിപഠനത്തിനായി തേവര കോളജിൽ ചേർന്നെങ്കിലും മീനച്ചിൽ താലൂക്കിലെ പ്രകൃതിയിൽ നിന്നും, പ്രാകൃതങ്ങളിൽ നിന്നുമാണത്രെ പൂഞ്ഞാർ ഷേക്സ്പിയർ പറിച്ചുതെളിഞ്ഞത്. അവിടെ അക്ഷരങ്ങൾക്കും,വ്യാകരണത്തിനും എന്തു പ്രസക്തി?
     തിരുവഞ്ചൂരിനെതിരെ ജോർജ് നൽകിയ പരാതി ഉമ്മൻ ചാണ്ടി കൈപ്പറ്റി. യാമിനി തങ്കച്ചി ഗണേഷ് കുമാറിനെതിരെ നൽകിയ പരാതി പിതൃതുല്യമായ വാത്സല്യത്തോടെ തിരിച്ചു നൽകി ഉപദേശിച്ചുവിട്ട മുഖ്യ മന്ത്രി ജോർജിന്റെ കത്തു വാങ്ങുമ്പോൾ ഓർത്തത് പോത്തിന്റെ ചെവിയിൽ അമരകോശം വായിക്കുന്ന കഥയാകാം.
     ജോർജ് ബ്ലോഗിലെഴുതിയ “സേനാധിപനും, ദെല്ലാൾ കുമാരനും“ എന്ന കലാസൃഷ്ടി കഥയാണെന്ന് ഒരു ചാനൽ. ലേഖനമെന്ന് മറ്റൊരു ചാനൽ.രണ്ടായാലും അതു മലയാളസാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണെന്ന കാര്യത്തിൽ
സംശയമില്ല.
     വരമൊഴിയിൽ തിളങ്ങുമ്പോഴും ജോർജ് വായ്മൊഴി കൈവിട്ടില്ല.മുഖ്യ കക്ഷിയുടെ സംസ്ഥാന സമിതിയിൽ മുഴുവൻ അണ്ടനടകോടന്മാരാണെന്ന കാര്യം അവരുടെ വേദിയിൽ തന്നെ തുറന്നു പറയാനുള്ള ആർജവം ജോർജ് കാട്ടി.വേദിയിലിരുന്ന നേതാക്കന്മാർ തല കുനിച്ചും, ശ്രോതാക്കൾ ചിരിച്ചും, കൈഅടിച്ചും അതങ്ങീകരിച്ചു.  110 പേരെ ഉൾക്കൊള്ളിച്ച്  നിർവാഹക സമിതി പുതുക്കുവാനായി ഹൈക്കമാന്റിന്റെ പ്രതിനിധി  കേരളത്തി                     ലെത്തിയ ദിവസം തന്നെയായിരുന്നു ജോർജിന്റെ പരാമർശം.100രൂപ പിരിച്ചാൽ അതിൽ 80രൂപ പോക്കറ്റിൽ ഇടുന്നവരാണ് ആ പാർട്ടിയുടെ നേതാക്കന്മാർ എന്ന കാര്യവും ജോർജ് അവരെ ഓർമിപ്പിച്ചു. പാർട്ടി മന്ദിരങ്ങൾക്കും, പാർട്ടിപത്രത്തിനും പിരിച്ച തുകകൾ ഈ അനുപാതത്തിലാ‍ണ് ചിലവാക്കിയതെന്ന് ആർക്കണ് അറിയാത്തത്. ആ പാർട്ടിയിൽ സത്യസന്ഥർ അവശേഷിക്കുന്നു എന്നതിനു തെളിവാണ് അച്ചടക്കത്തോടെ  ജോർജിന്റെ പ്രസ്താവനകൾ സ്വീകരിച്ച സദസ്.
      വിഘ്നേശ്വര കുമാരന്റെ മന്ത്രിസഭാ പുനർപ്രവേശനത്തെക്കുറിച്ച് ജോർജ് പറയുന്നത് കേട്ടാലും.“എന്നേയും, എന്റെ മകനേയുംകാൾ മോശമായ സ്ത്രീലമ്പടന്മാർ മന്ത്രിസഭയിലുള്ളപ്പോൾ എന്റെ മകനുമാത്രം എന്തിനീ ഐത്തം എന്നു പിള്ളച്ചേട്ടൻ ചോദിച്ചാൽ ഞാനെന്നാ പറയാനാ”: അത്തരക്കാർ 8 പേർ മന്ത്രിസഭയിൽ ഉണ്ടെന്ന് ജോർജ് തറപ്പിച്ചു പറയുന്നു. ജോർജിന്റെ പേനയിൽ ഞങ്ങൾ മഷി നിറയ്ക്കാം അദ്ദേഹം രചന തുടരട്ടെ.
     

Wednesday, 11 September 2013

മന്ത്രിപുംഗവന്മാരോടിടപെടുമ്പോൾ!!

            അഭ്യന്തരമന്ത്രി ബഹു.തിരുവഞ്ചൂർ രാധാകൃഷ്ണനെ ഫോൺ ചെയ്തയാളെ രാത്രി 12 മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.സെപ്റ്റംബർ ആറാം തീയതിയിലെ പത്രങ്ങളിൽ വന്ന വാർത്ത. മാർക്സിസ്റ്റ് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി തുളസീദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
            ജന സമ്പർക്ക പരിപാടിക്കായി 24 മണിക്കൂറും തുറന്നു വച്ച സെക്രട്ടറിയേറ്റും ഉറങ്ങാതിരിക്കുന്ന മന്ത്രിമാരുമുള്ള കേരളത്തിൽ, ഏതു കള്ളനും, കൊലപാതകിയ്ക്കും,വ്യഭിചാരിയ്ക്കും എപ്പോഴും കയറി കാണാൻ കഴിയുന്ന, ഏതു 
പാതിരായ്ക്കും ഫോൺ ചെയ്യാൻ കഴിയുന്ന, മന്ത്രിപുംഗവന്മാരുള്ള കേരളത്തിൽ ഇതു നടന്നു എന്നു വിശ്വസിക്കൻ പ്രയാസം. +                                                                                                                    സോളാർ വിവാദത്തിലെ മുഖ്യ കലാപരിപാടി ഫോൺ   വിളിയിരുന്നല്ലൊ.മുഖ്യമന്ത്രിയെ വിളിക്കുന്നതു കൂടെ നടക്കുന്ന, കിടക്കുന്ന ചപ്രാസികളുടെ ഫോണിലാണെന്നു മാത്രം.തിരുവഞ്ചൂർ ചെരിഞ്ഞും,ചരഞ്ഞും പറഞ്ഞത് എനിക്ക് കഴിഞ്ഞ ഒരു വർഷം 80000ൽ അധികം കോളുകൾ വന്നു എന്നാ ണ്.ഇതിൽ നല്ലൊരു പങ്ക് 
സരിതയുടേയും,ശാലുവിന്റേതുമാകാം.മിസ്റ്റ് കോൾ കണ്ടാൽ തിരിച്ചുവിളിക്കുന്നവരാണ് നമ്മുടെ മന്ത്രിമാരും, വിപ്പൂം. 
             പ്രതിഷേധിക്കാനെത്തിയ DYFI പ്രവർത്തകനെ കോൺസ്റ്റബിൾമാർ കൈകാലുകൾ ബന്ധിച്ചു നിർത്തിയപ്പോൾ ഏമാൻ ജനനേന്ദ്രിയം പിടിച്ചുടക്കുകയും, വയറ്റത്തു തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ടി വി യിൽ കണ്ടു പ്രകോപിതനായി വിളിച്ച ആളേയാണ് അറസ്റ്റ് ചെയ്തത്.മർദിച്ച എസ് ഐ യെ പിരിച്ചുവിടണമെന്നും മറ്റും ആക്രോശിച്ചായിരുന്നു ഫോൺ വിളി എന്നാണ് മനോരമ റിപ്പോർട്ടു ചെയ്യുന്നത്.അശ്ലീലമൊ, അനാവശ്യമൊ ആയി ഒന്നും പറഞ്ഞതായി ഭരണ പക്ഷത്തെ താങ്ങുന്ന പത്രങ്ങൾ പോലും പറ്യുന്നില്ല.
               എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്തെ ഒരു സംഭവം.പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലെ ഡപ്യൂട്ടി ഡിറക്റ്റർ ആയിരുന്ന രാജശേഖരൻ മൂന്നാർ ഗസ്റ്റ് ഹൌസിൽ വച്ച് മന്ത്രി എം എ കുട്ടപ്പന് കൈ കൊടുത്തു എന്ന കാരണത്താൽ സർക്കാർ അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.മന്ത്രി കുട്ടപ്പൻ മുറിയിൽ ഇരിക്കവെ നാലുപേർ കടന്നു വന്നു.ഇതിലൊരാൾ ഖദർധാരിയായിരുന്നു.അദ്ദേഹത്തെ കണ്ടയുടനേ മന്ത്രി എഴുന്നേറ്റ് ഹസ്തദാനം ചെയ്തു.ഖദർധാരി തന്റെ പാർട്ടിക്കാരനായ രാഷ്ട്രീയത്തൊഴിലാളിയാവും 
എന്നാണു മന്ത്രി കരുതിയത്. എന്നാൽ ഖദർധാരിയായ രാജശേഖരൻ താൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലെ ഓഫീസറാണ് എന്നു പരിചയപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങുളുടെ ആരംഭം.ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെക്കുറിച്ച് മന്ത്രികുട്ടപ്പൻ പബ്ലിക്  റിലേഷൻസ് വകുപ്പിന്റെ ചുമതല്യുള്ള മന്ത്രി എം എം ഹസനു പരാതി നൽകി. തങ്ങളുടെ തൊഴിലിന്റെ മാന്യത നിലനിർത്താൻ ഹസൻ രാജശേഖരനെ സസ്പെന്റ് 
ചെയ്തു. ഹസ്തദാനത്തിനുതോന്നിപ്പിക്കും വിധം കൈനീട്ടി മന്ത്രിയുടെ മുന്നിൽ നിന്നു എന്നതായിരുന്നു സസ്പെൻഷൻ ഓർഡറിലെ ആരോപണം.36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കാറായ ശ്രീരാജശേഖരൻ സസ്പെൻഷൻ ഓർഡർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വിശുദ്ധ ആന്റണിക്കു നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.അവസാനം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. വിരമിക്കലിന് ഒരു മാസം മുൻപായി വിഷയത്തിൽ തീരുമാനം എടുക്കണമെന്ന് കോടതി സർക്കാരിനു നിർദേശം നൽകി.
                  ഉദ്ഘാടനത്തിനും, പാലുകാച്ചലിനും, പതിനാറടിയന്തിരത്തിനും എല്ലാവർക്കും  മന്ത്രിപുംഗവന്മാരെ തന്നെ വേണം. അവരുടെ വായിൽ നിന്നു വരുന്ന വങ്കത്തരങ്ങൾ ശ്രവിക്കാൻ ആ  കറപുരണ്ട കരങ്ങൾ ഗ്രഹിയ്ക്കാൻ എന്താണിത്ര വ്യഗ്രത?

Wednesday, 14 August 2013

“സ്വാതന്ത്ര്യം തന്നെയമൃതം”



ഇന്ന് ഓഗസ്റ്റ് 15. എല്ലാ സ്വാതന്ത്ര്യ ദിനത്തിലും ഞാൻ പരമേശ്വരൻനായരെ സ്മരിക്കും.
സ്വതന്ത്രഭാരതത്തിന്റെ പ്രജകളിൽ നിന്നും നിർലോഭം കൈക്കൂലി വാങ്ങി, മൂക്കറ്റം മോന്തി,.ഓഫിസ് സമയത്ത് തീൻമേശയിൽ കിടന്ന് പാരതന്ത്ര്യം മറന്നുറങ്ങുന്ന പരമേസ്വരൻനായരെ. അടുത്തൂൺ പറ്റിയില്ലെങ്കിൽ അദ്ദേഹം ഇപ്പോഴും തന്റെ കലാപരിപാടി സ്വാതന്ത്ര്യത്തോടെ നടത്തുന്നുണ്ടാകും.
ഇടപ്പള്ളിയിൽ ഗീവർഗീസ് പുണ്യവാളന്റെ പള്ളിക്കടുത്താണ് ഇലക്ട്രിസിറ്റി ഓഫിസ്. ഓഫിസിലേക്കു പോകുംവഴി പള്ളിയിൽ കയറി പ്രാർത്ഥിച്ചു.
അഞ്ചാം തവണയാണ് ഇലക്ട്രിക് കണക് ഷനു വേണ്ടി പോകുന്നത്. എന്റെ വ്വീടുപണി കഴിയാറായിരുന്നു.എനിക്കന്നു കണ്ഠകശനിയും.
ഓഫീസിൽ കയറി സ്യൂപ്പർവൈസറെ കണ്ടു.
ഇൻസ്പെക് ഷന് അദ്ദേഹം വരാമെന്നേറ്റു.
കാറിൽവച്ച് ഞാൻ എന്റെ പ്രാരാബ്ധങ്ങുളുടെ കെട്ടഴിച്ചു .വീടും വയറിങ്ങും അദ്ദേഹം പരിശോധിച്ചു. കൊടുക്കുവാനുള്ളതു കൊടുത്തു. തിരിച്ച് ഓഫിസിലെത്തി ഒ വൈ സി സ്കീമിൽ പണമടയ്ക്കാനുള്ള കടലാസുകൾ ശരിയാക്കിത്തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇതുമായി പാലാരിവട്ടത്തുള്ള ഓഫിസിൽ പോയി ഏക്സിക്യൂട്ടിവ് എൻജിനീയറുടെ ഒപ്പുവാങ്ങണം. അവിടെ പരമേസ്വരൻനായർ എന്ന ക്ലർക്കിനെ കണ്ടാൽ മതി”.
രണ്ടുമണിക്കെങ്കിലും എന്റെ ഓഫിസിലെത്തണം. അടിയന്തിരമായി കാണാമെന്നേറ്റ ചിലർ കാത്തിരിക്കും.
ഒരുമണിക്കു പാലാരിവട്ടം ഓഫിസിലെത്തി. പരമേശ്വരൻനായരെ അന്വേഷിച്ചു.
“അയാൾ പുറത്തു പോയി, ഉടനെ വരും”.ആരോ പറഞ്ഞു.
ഞാൻ എന്റെ ആവശ്യം അറിയിച്ചു.
“അതു പ്രമേശ്വരൻനായരുടെ സെക് ഷനാണ്”.സഹപ്രവർത്തകരുടെ മറുപടി.
ഞാൻ വരാന്തയിൽ കാത്തുനിന്നു.
“അതാ പരമേശ്വരൻനായർ വരുന്നു.” അകത്തുനിന്ന് ആരോ വിളിച്ചു പറഞ്ഞു.
ഗേറ്റുകടന്നു വരുന്ന ആളെ പ്രതീക്ഷയോടെ നോക്കി.
പെൻഷൻ പ്രായം കഴിഞ്ഞെന്നു തോന്നിക്കുന്ന പുരുഷരൂപം.ഞരമ്പുരോഗിയെപ്പോലെ കൈകാലുകൾ ഇളക്കി, അയാൾ കെട്ടിടത്തിന്റെ പിൻഭാഗത്തുപോയി ഏതോ മുറിയിൽ മറഞ്ഞു. അയാൾ പോയ ദിശയിൽ നോക്കി ഞാൻ നിന്നു.
മണിക്കൂറുകൾ കടന്നുപോയി.
പലരും വന്നും പോയുമിരുന്നു..
ജീവനക്കർ ഉത്സാഹത്തിമിർപ്പോടെ ചുറ്റിനടക്കുന്നു.
ഇടനാഴിയിൽ കൈയടക്കത്തോടെ ചില വ്യവഹാരങ്ങൾ.
മൂന്നു മണിക്കൂർ കഴിഞ്ഞു.
“നിങ്ങൾ വളരെനേരമായി ഇവിടെ നിൽക്കുന്നു. എന്താണു കാര്യം“ എന്നെ ശ്രദ്ധിച്ച യുവാവായ ഗുമസ്തൻ ചോദിച്ചു.
“എനിക്കു പരമേശ്വരൻനായരെ കാണണം“
പരമേശ്വരൻനായർ ലീവിലാണ്”.യുവാവിന്റെ മറുപടി.
“ഇല്ല ഒരുമണിക്ക് ഞാനയാളെ ഇവിടെ കണ്ടിരുന്നു”
“എങ്കിൽ അയാൾ ഉച്ചയ്ക്കു ശേഷം ലീവായിരിക്കും. മണി നാലു കഴിഞ്ഞില്ലെ”.
“ഈ മതിൽക്കെട്ടിനു പിൻഭാഗത്തു ഗേറ്റുണ്ടോ?” ഞാൻ ചോദിച്ചു.
“ഇല്ല“.
“എങ്കിൽ അയാൾ ഇവിടെത്തന്നെയുണ്ട്“.
“നിങ്ങൾക്കെങ്ങിനെ പറയാൻ കഴിയും?“.യുവാവിന്റെ ചോദ്യം.
“കഴിഞ്ഞ മൂന്നു മണിക്കൂറുകളായി ഞാൻ ഈ ദിശയിൽ മാത്രം നോക്കി നിൽക്കുകയായിരുന്നു”.
കെട്ടിടത്തിനു പിന്നിലേക്കു പോയ യുവാവ് തിരികെ വന്ന് അടക്കം പറഞ്ഞു.”അയാൾ നല്ല ഫിറ്റാണ്, ഡൈനിങ് ടേബിളിൽ കിടന്നുറങ്ങുന്നു, നിങ്ങൾ പോയി വിളിച്ചു നോക്കു”.
വിളിച്ചുണർത്തി അയാളുടെ തെറിവിളി കേൾക്കാൻ ഞാൻ തയ്യാറായില്ല.
എന്റെ പേരും,ജോലിയും ചോദിച്ചറിഞ്ഞ യുവാവ് എന്നെ പരമെശ്വരൻനായരുടെ അടുത്തു കൊണ്ടുപോയി പരിചയപ്പെടുത്തി.
ഒരാൾ ചടിയെണീറ്റു പറഞ്ഞു.“ സാറിതു നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ശരിയാക്കിത്തരുമായിരുന്നല്ലൊ;“
അനാ‍ഥ പ്രേതംപോലെ മേശപ്പുറത്തു കിടക്കുന്ന പരമേശ്വരൻനായരുടെ പേരേടെടുത്ത് അയാൾ എന്റെ പേരെഴുതി, നമ്പറിട്ട്, എന്റെ കടലാസിൽ എക് സിക്യൂറ്റിവ് എൻജിനീയറുടെ സീലടിച്ചു. 
അതുമായി അടുത്ത മുറിയിലെത്തി.  സൌമ്യനായ എൻജിനീയർ കാര്യമന്വേഷിച്ചു. കടലാസുകൾ വാങ്ങി ഒപ്പിട്ടുതന്നു.
മടങ്ങുമ്പോൾ ഞാൻ ഓർത്തത് സ്വാതത്ര്യത്തിനു നാമിന്നും കൊടുക്കുന്ന വിലയെക്കുറിച്ചായിരുന്നു.




ഉയരുന്ന ജലനിരപ്പും, മന്ത്രിപുംഗവന്റെ നിദ്രയും.


                                                     
കേരളത്തിൽ മഴക്കെടുതിയിൽ മരിച്ചവർ 165.
പൂർണമായി തകർന്ന വീടുകൾ 705.
ഭാഗികമായി തകർന്നവ 12482.
ദുരിതാശ്വാസ ക്യാമ്പുകൾ 275.
ക്യാമ്പുകളിൽ താമസക്കാർ15000.
10475 ഹെക്ടറിലെ കൃഷി നശിച്ചു.
നഷ്ഠം 118.77 കോടി രൂപ.അനവ്ദ്യോഗികമായ മറ്റൊരു കണക്കനുസരിച്ച്  5000 കോടി രൂപ.
മഴ മൂലം കൊച്ചി വിമാനത്താവളം അടച്ചു.
അണക്കെട്ടുകൾ തുറന്നതോടെ പെരിയാറിലെ ജല നിരപ്പ് ഉയർന്നു.തീരങ്ങളിൽ ദുരിതം, റേഷൻ കാർഡുകളും, ആധാരങ്ങളും ഉൾപ്പെടെ വിലപ്പെട്ട രേഖകൾ നഷ്ഠമായി.
പെരിയാറിലെ വെള്ളപ്പൊക്കം മൂലം ശിവരാത്രി മണപ്പുറത്തു നടക്കേണ്ട വാവു ബലിതർപ്പണം ആൽമരച്ചുവട്ടിലേയ്ക്കു മാറ്റി.ബലിത്തറകളും, വ്യാപാര സ്റ്റോളുകളിലെ വിൽ‌പ്പനച്ചരക്കുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി.
ഇടുക്കിയിൽ വെള്ളം സംഭരണ ശേഷിയുടെ 87 ശതമാനമായി.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 134.7 അടിയായി.136 അടിയാണ് പരമാവധി  സംഭരണ ശേഷി. അണക്കെട്ടിൽ ചോർച്ച തുടരുന്നു.
ഓഗസ്റ്റ് 6,7 തീയതികളിലെ പത്ര റിപ്പോർട്ടുകളാണിത്.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടാൻ പോകുന്നു എന്നു മുറവിളി കൂട്ടിയ മന്ത്രിപുംഗവന്മാരും,   രാഷ്ട്രീയക്കാരും, അക്ഷരത്തൊഴിലാളികളും എവിടെ?
എനിക്കുറങ്ങാൻ കഴിയുന്നില്ല എന്നു കൈയും, കലാശവുമുയർത്തി ഗോഷ്ടി കാട്ടിനടന്ന മന്ത്രി ജോസഫ് എവിടെ?
ഡാമിലെ ജലനിരപ്പ് ഉയരുന്ന ക്രമത്തിൽ അദ്ദേഹം കഴിച്ചുപോരുന്ന ഉറക്കഗുളികയുടെ അളവു കൂട്ടുന്നുണ്ടാവും.
ചീയപ്പാറയിൽ മണ്ണിടിഞ്ഞ് 4 പേർ മരിക്കുകയും, പലവാഹനങ്ങൾ മണ്ണിനടിയിലാവുകയും, പന്ത്രണ്ടോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുകയും ചെയ്ത ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസിന്റെ ഇരു ഗ്രൂപ്പുകളും ,തിരുവനന്തപുരത്തു യോഗം ചേർന്ന് ആയുധങ്ങൾക്കു മൂർച്ച കൂട്ടുകയായിരുന്നു.
പി ടി തോമസ് എം പി ഒരു ചാനലിൽ പറഞ്ഞത് ഇടുക്കിയിൽ 25 നും, 29നും ഇടയിൽ അണക്കെട്ടുകൾ ഉണ്ടെന്നാണ്. ദിനം പ്രതി വളരുന്ന ഒന്നാണൊ ഡാമുകൾ.സ്വന്തം മണ്ഠലത്തിലെ ഡാമുകളുടെ എണ്ണം ടിയാനു തിട്ടമില്ലത്രെ:

Wednesday, 17 July 2013

കൊച്ചിക്കാരെ ആർത്തുല്ലസിക്കുവിൻ.


കൊച്ചിക്കാരെ ആർപ്പു വിളിക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ റോഡുകൾ സിന്തെറ്റിക് ട്രാക്കു പോലെ മനോഹരമാകാൻ പോകുന്നു.അതിനു ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതൊ കേരള പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും.

“റോഡിൽ യാത്രക്കാരുടെ ജീവൻ വരെ നഷ്ടപ്പെടാൻ വഴിയൊരുക്കുന്ന മരണക്കുഴികൾ കണ്ടെത്താൻ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം.      കൊച്ചി നഗരത്തിലേതുൾപ്പെടെയുള്ള പ്രധാന റോഡുകളിലെ മരണക്കുഴികൾ തേടിയാണു പൊലീസിന്റെ യാത്ര. അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട ഏതാനും കുഴികളുടെ പട്ടിക പൊലീസ് ജില്ല കലക്ടർക്കു സമർപ്പിചിട്ടുണ്ട്.
                                                            മലയാള മനോരമ ജൂലൈ 18, 2013.

ലാത്തി,ഗദ,സ്റ്റെൻ ഗൺ,മൈക്രോസ്കോപ്,റ്റെലിസ്കോപ്, സ്റ്റെതസ്കോപ് മുതലായ മാരകായുധങ്ങളുമായാണത്രെ പുറപ്പാട്

കലക്ടർ ഈറിപ്പോർട്ട് ചീഫ് സെക്രട്ടറിക്കു സമർപ്പിക്കും.
ചീഫ് സെക്രട്ടറി അതു പൊതു മരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞിനും, കുഞ്ഞ് പാണക്കാടു തങ്ങൾക്കും, തങ്ങൾ മുഖ്യ മന്ത്രിക്കും, മുഖ്യൻ രമേശ് ചെന്നിത്തലയ്ക്കും, ചെന്നിത്തല  ഹൈക്കമാന്റിനും,കമാന്റ്  മാഡത്തിനും സമർപ്പിക്കും.ഉടനടി കുഴിയടക്കാ‍നുള്ള നിർദേശവുമായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മുകുൾ വാസ്നിക് കേരളത്തിലേക്കു തിരിക്കും. ഒപ്പം കേരളത്തിൽ നിന്നുള്ള എട്ടു കേന്ദ്ര മന്ത്രിമാരും, ബഹു പി ടി തൊമസ് എം പിയും. ആനന്ദ ലബ്ധിക്കിനി യെന്തു വേണം. 

Wednesday, 10 July 2013

“....ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കണമെ“

               പുണ്യശ്ലോകനായ മന്ത്രി ബഹു കെ സി ജോസഫ് കുറ്റവാളിയായ സരിതയുടെ ഓഫീസ് ഉദ്ഘാടനത്തിനു പോയത് ഒന്നും അറിയാതെ.

                 സ്വന്തമായി മൊബൈൽ ഫോണൊ, ചീപ്പൊ, റ്റൂത്ബ്രഷൊ ഇല്ലാതെ നിഷ്കാമകർമം ചെയ്യുന്ന ഗാന്ധിയുടെ അരുമശിഷ്യൻ ബഹു ഉമ്മൻ ചാണ്ടി ബിജു രാധാക്രിഷ്ണനുമായി അടച്ചിട്ട മുറിയിൽ കുടുംബകാര്യങ്ങൾ ചർച്ച ചെയ്തതും,മേപ്പടിയാന്റെ കയ്യിൽ നിന്നും വണ്ടിച്ചെക്കു വാങ്ങി, ചിത്രമെടുത്തു പരസ്യപ്പെടുത്തുവാൻ പാകത്തിനു നിന്നു കൊടുത്തതും ഒന്നും അറിയാതെ.

               ജസ്റ്റീസ് കെമാൽ പാഷ സോളാർ തട്ടിപ്പുകാർക്ക് ആശംസ നേർന്ന് സന്ദേശം നൽകിയതും ഒന്നും അറിയാതെ.

               മന്ത്രിമാരും,എം എൽ എമാരും,ഉദ്യോഗസ്ഥപ്രമുഖരും സരിതയേയും, ബിജുവിനേയും പാതിരാത്രി വിളിച്ച് ഭാഗവതം വായിച്ചൂ കേൾപ്പിച്ചതും,മെസെജുകളയച്ചതും, ശാലു മേനോന്റെ വീട്ടിൽ കരിക്കു കുടിക്കാൻ പോയതും ഒന്നും അറിയാതെ. മഹാപണ്ഠിതയായ നടികർ തിലകം ശാലുവിനെ സെൻസർ ബോർഡ് അംഗമാക്കിയതും ഒന്നും അറിയാതെ.                ഭരണത്തിൽ സർക്കാരിനെ സഹായിക്കേണ്ട പൊലീസും,ഇന്റലിജൻസ് ഉദ്യോഗസ്ഥരും, എല്ലാം അറിയുന്ന അറിയിക്കുന്ന പത്രപ്രവർത്തകരും ഇത്രകാലം വായടക്കിയിരുന്നതും ഒന്നും അറിയാതെ.

“പിതാവെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കണമെ’


Thursday, 20 June 2013

ആരാധ്യനായ കൊച്ചി മേയർ അറിയാൻ.

   സമാരാധ്യനായ കൊച്ചി മേയർ ശ്രീ. ടോണി ചമ്മണി അറിയാൻ അങ്ങയുടെ ആരാധനാ പരിധിയിൽ വസിക്കുന്നവനും, കോർപറേഷന്റെ നികുതികൾ മുടക്കം കൂടാതെ നൽകുന്നവനുമായ ഒരു എളിയ പ്രജ എഴുതുന്നത്.നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂർവികരും,ഞങ്ങളും അങ്ങയുടെ മുൻഗാമികളെയും അങ്ങയേപ്പോലുള്ള മേയർമാരെയും ആരാധ്യരായി കരുതിപ്പോന്നു. പുതിയൊരു ഓഡറിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ ആ ആരാധന നിഷ്കരുണം നിർത്തലാക്കിയതിൽ ഞങ്ങൾ ഖിന്നരാണ്. അടുത്തിടെ അഞ്ചാം മന്ത്രി ബഹു. അലിസായ്‌വ് വിളിച്ചു ചേർത്ത യോഗം കേരളത്തിലെ ആരാധ്യരായ മേയർമാർ ബഹിഷ്കരിച്ചതിന്റെ കാരണങ്ങളിൽ ഒന്ന് സർക്കാരിന്റെ കണ്ണിൽ ചോരയില്ലാത്ത ഈ തീരുമാനം കൂടിയായതിൽ ഞങ്ങൾ ഹർഷപുളകിതരാണ്. ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.-“ലക്ഷം, ലക്ഷം പിന്നാലെ”.
                                   ആരാധിക്കാൻ ഞങ്ങൾക്ക് മുപ്പത്തുമുക്കോടി ദൈവങ്ങൾ ഉണ്ടെങ്കിലും, അവരെല്ലാം അചേതനരും, കേട്ടറിവിലൂടെ തടിയും, ശിലയും, ശില്പവുമയി എത്തിയവരുമല്ലെ. സചേതനമായ എന്തിനെയെങ്കിലും ആരാധിക്കാനുള്ള ഞങ്ങലുടെ ത്വര ശമിപ്പിക്കുവാൻ നിങ്ങളല്ലാതെ ആരാണുള്ളത്.
                                   സമരാധ്യനായ അങ്ങും, ആരാധ്യയായ ഡപ്യൂട്ടി മേയറും (മേയറുടെ സ്ത്രീലിംഗം എന്ത്?) നാടെങ്ങും നടന്ന് നാട മുറിച്ചും, തിരി തെളിച്ചും നടത്തുന്ന ഉദ്ഘാടനങ്ങളുടെയും, പ്രസംഗങ്ങളുടെയും,പ്രഭാഷണങ്ങളുടെയും, കല്യാണം,മരണം,മറ്റാഘോഷങ്ങൾ എന്നിവ നടക്കുന്നയിടങ്ങൾ സാനിധ്യം കൊണ്ട് അലങ്കരിക്കുന്നതിന്റെയും ദൃശ്യഭംഗി പത്രത്താളുകളിലും,ടിവിയിലും കണ്ട് ഞങ്ങൾ നിർവൃതിയടയ്ന്നു.
                                   നഗരത്തിലെ കുഴികളും, കാനകളും,മാലിന്യക്കൂമ്പാരങുളും, വിജനമായ ഇടങ്ങളിലെ വെള്ളക്കെട്ടുകളും കൊതുകിന്റെ പ്രജനനത്തെ ധ്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കിലും കഴിഞ്ഞ കൌൺസിലിന്റെ കാലത്തെ ഇടയ്ക്കിടെ നടത്തിക്കൊണ്ടിരുന്ന ഫോഗിങ് അങ്ങു നിർതിയതു നന്നായി. ആസ്മയുള്ളവർക്ക് അത് അലോസരമായിരുന്നു.
                                   പെരുകുന്ന കൊതുകുകളും,പടരുന്ന പകർച്ചവ്യാധികളെക്കുറിച്ചുള്ള വാർത്തകളും ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴണ് ജൂൺ 15)0 തീയതിയിലെ പത്രങ്ങളിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ പറസ്യം കണ്ടത്. ചിത്രങ്ങൽ സഹിതമുള്ള പരസ്യത്തിന് വൻ തുക ചിലവാക്കിയതു സാരമില്ല. ജനത്തിന്റെ ആരോഗ്യമാണല്ലൊ സാർ വലുത്.
                                  പരസ്യത്തിൽ ആദ്യം കാണുന്നത്  ആരോഗ്യ മന്ത്രിയുടെ ആഹ്വാനമാണ്.
 “കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികൾ ഭീഷണിയാവുകയാണ്. ഈ സന്ദർഭത്തിൽ, പരിഭ്രാന്തരാകാതെ അവയെ ഫലപ്രദമായി നേരിടുകയാണു വേണ്ടത്. പനിയൊ, അനുബന്ധ ലക്ഷണങ്ങളൊ കണ്ടാൽ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടുക.സ്വയം ചികിത്സ അരുത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വളരാ‍നുള്ള സഹചര്യങ്ങൾ തീരെ ഒഴിവാക്കുക.ഓർക്കുക ആരോഗ്യം നമ്മുടെ അവകാശം മാത്രമല്ല, കടമ കൂടിയണ്.”
                                                     ശ്രീ. വി എസ് ശിവകുമാർ.
                                                      ബഹു. ആരോഗ്യവും, ദേവസ്വവും വകുപ്പു മന്ത്രി.
                                 എത്ര മനോഹരമായ പ്രസ്താവന, എത്ര ദയാലുവയ മന്ത്രി! അശോക ചക്രവർത്തിയുടെ ശിലാ ലിഖിതങ്ങൾ ഓർമ വരുന്നു. പി സി ജോർജിനെപ്പോലുള്ള പാറമട മുതലാളിമാർ “കല്ലിന്മേൽ കല്ലു ശേഷിക്കാത്ത“ വിധം പാറകൾ പൊടിച്ചു വിൽക്കുമ്പോൾ പത്രത്തിലല്ലാതെ ഇന്നെവിടെ എഴുതും! പക്ഷെ ആരോഗ്യം ഞങ്ങുളുടെ കടമയാണെന്നുള്ള അവസാന വരിയിലൂടെ അദ്ദേഹം ഞങ്ങൾക്കിട്ടു പണിയുന്നുണ്ടോ എന്നൊരു സംശയം. മാന്യന്മാർ പേരെഴുതുമ്പോൾ ശ്രീ എന്നൊ, ബഹു എന്നൊ സ്വയം എഴുതാറില്ല. ജനങ്ങളുടെ ദുരവസ്ധയിൽ വേവലാതി പൂണ്ട് എഴുതുമ്പോൾ പ്രയോഗ വൈകല്യങ്ങൾക്കൊ, വ്യാകരണപ്പിശകിനൊ പ്രസക്തിയില്ല. എന്തെല്ലാം ജാറുകളുടെ നടുവിൽ നിന്നാണത്രെ അദ്ദേഹം ഇതെഴുതുന്നത്.സുകുമാരന്നായരുടെ ഇടങ്കോൽ, ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശം, സരിതയുടെ സൌരോർജം.
                                 
                                 ജനങ്ങൽ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ അടിയിൽ ചേർത്തിരിക്കുന്നു.
                                 1) കൊതുകുകളുടെ ഉറവിടം, കണ്ടെത്തി നശിപ്പിക്കുക.
                                 2) കൊതുകുകടി ഏൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക.
                                 3) രോഗ ലക്ഷണം കണ്ടാലുടൻ ചികിത്സ തേടുക.
                                 ആദ്യത്തേത് ആരാധ്യനായ അങ്ങു വിചാരിച്ചാൽ‌പ്പോലും നടക്കാത്തത്. ഉദാഹരണത്തിന് എന്റെ പരിസരത്ത് അഞ്ചേക്കറോളം സ്ഥലം വെള്ളം കെട്ടി, കാടു പിടിച്ചു കിടക്കുന്നു.അന്യനാട്ടിൽ കഴിയുന്ന ഉടമസ്തരോ, കോർപറേഷന്റെ അധികാരികളൊ അവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ല.സ്ഥലത്തിന്റെ വില ദിനം പ്രതി ഉയരുന്നത് ഉടമസ്തർ അറിയുന്നു.
                                 കൈയിൽ കാശുള്ളവനു ചികിത്സ തേടാം. പഠനത്തിനു ക്യാപ്പിറ്റേഷൻ ഫീയായി മുടക്കിയ തുക മുഴുവൻ ഒരു പനി സീസണിൽ തിരിച്ചുപിടിക്കാൻ ഊഴം പാർത്തിരിക്കുകയാ‍ണു ഡോക്ടർമാർ.

                                 എളുപ്പമാർഗം രണ്ടാമത്തേതാണ്. കൊതുകുകടി ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.24 മണിക്കൂറും എ സി മുറിയിൽ അടച്ചിരിക്കാൻ സാധാരണക്കാരനു കഴിയുമോ? പിന്നെ ഈഡിസ് കൊതുകുകളെ നോക്കി ഒഴിഞ്ഞു മാറി നടക്കുക.അതിനായി ഈ ഭീകര പ്രാണിയുടെ എൻലാർജ് ചെയ്ത ചിത്രവും കൊടുത്തിരിക്കുന്നു.  കശ്മലനെ കണ്ടു പേടിച്ചുപൊയവർക്ക് പേടിയകറ്റാൻ നോക്കുവനായി മന്ത്രിയദ്ദേഹത്തിന്റെ സുന്ദര സുസ്മേര വദന ചിത്രം അടുത്തായി കൊടുത്തിരിക്കുന്നു.ഈഡിസിനെ നോക്കി, ഒഴിവാക്കി മന്ദം, മന്ദം നടക്കുമ്പോൾ പിന്നിൽ നിന്നും, വശങ്ങളിൽ നിന്നും ഞങളെ കടിക്കുന്നവയിൽ ഈഡിസുണ്ടൊഎന്ന്  എങ്ങിനെ അറിയും.
                                 ഞങ്ങുളടെ വീടുകളിലെ മാലിന്യം പുലർകാലെ ഞങ്ങളെടുത്തു പുറത്തു വയ്ക്കും. നഗരത്തിൽ സുലഭമായ തെരുവുനായ്ക്കൾ വലിച്ചിഴയ്ക്കാതെ ബക്കറ്റിനു മുകളിൽ കല്ലെടുത്തു വയ്ക്കും.ജോലികഴിഞ്ഞെത്തുമ്പോൾ അതവിടെ സുരക്ഷിതമായിരുന്നാൽ എടുത്ത്  അകത്തു വയ്ക്കും. അടുത്ത ദിവസവും ഇതാവർത്തിക്കും. ചില ദിവസങ്ങളിൽ ബക്കറ്റ് ഒഴിഞ്ഞിരിക്കുന്നത് കാനുമ്പോഴും, മാസത്തിന്റെ ആദ്യ വാരത്തിൽ മാലിന്യമെടുക്കുന്നവർ പണം വാങ്ങാനെത്തുമ്പോഴും ഞങ്ങൾ മനസിലാക്കുന്നു മാലിന്യ നിർമർജനത്തിൽ അങ്ങെത്ര ശ്രദ്ധാലുവാണെന്ന്.
                                പക്ഷെ ഒരു സങ്കടം.ഞങ്ങളുടെ വീടുകളിൽ നിന്ന് പൊട്ടിയ ഗ്ലാസ് ഉപകരണങ്ങളൊ,ട്യൂബ് ലൈറ്റുകളൊ,സി എഫ് എലുകളൊ കൊണ്ടുപോകുന്നില്ല. അവ ശേഖരിയ്ക്കണ്ട ഏന്നാണ് കോർപറേഷൻ നിർദേശം നൽകിയിരിക്കുന്നതെന്ന് മാലിന്യമെടുക്കുന്നവർ പറയുന്നു. പൊതുസ്ഥലത്ത് ഇവ ഉപേക്ഷിച്ചാൽ ഞങ്ങൾ ശിക്ഷിക്കപ്പെടും. ഇവ സൂക്ഷിക്കാനുള്ള സൌകര്യം ഞങളുടെ ചെറിയ വീടുകൾക്കൊ, ഫ്ലാറ്റുകൾക്കൊ ഇല്ല. ഞങ്ങളുടെ ക്ഷേമത്തിന്റെ വഴികൾ തേടി അങ്ങ് യൂറോപ്പിലും, അമേരിക്കയ്ലും ഒക്കെ പോകുന്നതായറിയുന്നു. അവിടെനിന്നും ഇതിനൊരു വഴി കണ്ടെത്തുക.അല്ലെങ്കിൽ അവ തിന്നുതീർക്കുവാൻ ഞങ്ങളെ പഠിപ്പിക്കാൻ ഗോപിനാഥ് മുതുകാടിനെയൊ, സാമ്രാജിനെയൊ ഏർപ്പാടാക്കുക.
                                                                      വിധേയൻ, മാത്യു പി. പോൾ.