Sunday, 26 January 2014

കുമാർ വിശ്വാസിനെ കല്ലെറിയുമ്പോൾ.

   കുമാർ വിശ്വാസ് അങ്ങിനെ കേരളത്തിലും പ്രസിദ്ധനായി.മഹാകവി വാജ്പൈയെപ്പോലെ, സമകാലികരായ മറ്റു ഹിന്ദി കവികളെപ്പോലെ വട്ടമിട്ടിരുന്നു ഹുക്ക വലിയ്ക്കുന്ന ആസ്വാദകരുടെ “വാഹ്ജി വാഹ്“ വിളികൾക്കിടയിൽ പാടുന്ന ഹിന്ദി കവിതകൾ പോലെ തന്നെ  വിശ്വാസിന്റെ കവിതയും.ഈ കവിതകളെ “തുള്ളി നീലം ഹായ്” എന്ന പരസ്യ കവിതയോട് ഉപമിച്ചത് ഒ വി വിജയനാണ്. 
      “പണ്ട് പണ്ട് ഓന്തുകൾക്കും, ഡൈനസോറുകൾക്കും മുൻപ്’,ആപ്പിന്റെ രൂപീകരണത്തിനും ദില്ലി ഭരണത്തിനും മുൻപ്, വെറുമൊരു സരസകവിയായി കുമാർ വിശ്വാസ് പാടി നടന്ന കാലത്ത്  ചൊല്ലിയ ഒരു കവിതയെക്കുറിച്ച് എന്തിനീ പൊല്ലാപ്പ്.
             പ്രതിഷേധവുമായി തെരുവിലിറങ്ങിയവർ ആരൊക്കെയാണ്? സ്ത്രീ വിമോചന സംഘംങ്ങൾ, നേഴ്സുമാരുടെ സംഘടനകൾ, യൂത്തു കോൺഗ്രസുകാർ. കേരള മുഖ്യ മന്ത്രി പ്രതിഷേധം അറിയിച്ചു. കേന്ദ്ര വനിത 
കമ്മീഷൻ വിശ്വാസിനു നോട്ടീസ് അയച്ചു. അൽഫോൻസ് കണ്ണന്താനം നിയമ നടപടികൾ ആരംഭിച്ചു.
             യൂത്തു കോൺഗ്രസുകാർ ആപ്പിന്റെ കൊച്ചിയിലെ ഓഫീസ് തല്ലിത്തകർത്ത് കരി ഓയിൽ ഒഴിച്ചു. കരി ഓയിൽ അവരുടെ പരമ്പരാഗതമായ ആയുധമാണല്ലൊ. തിരുവനന്തപുരത്ത് അവർ ചെറുപ്പക്കാരനായ, പിന്നോക്കക്കാരനായ ഒരു ഐ എ എസ് ഓഫീസറെ കൈയേറ്റം ചെയ്ത് കരി ഓയിൽ അഭിഷേകം ചെയ്തു പ്രതിഷേധിച്ചത് ഒരു വർഷം മുൻപാണ്. യൂത്തു കോൺഗ്രസുകാർക്കെതിരെ നടപടികൾക്കായി മുറവിളി ഉയർന്നപ്പോൾ മുഖ്യ മന്ത്രി പറഞ്ഞു. “നിയമം നിയമത്തിന്റെ വഴിക്കു പോകും” ഇപ്പോഴും നിയമം ആ വഴിക്കു തന്നെയാകും.
             കുമാർ വിശ്വാസ് നിരുപാധികം ക്ഷമ പറഞ്ഞു. നേഴ്സുമാരുടെ ജോലിയുടെ മഹത്വവും,സേവന സന്നാദ്ധതയും,സഹനവും,ത്യാഗവും ഉയർത്തിക്കാട്ടി തെരുവിലിറങ്ങിയവരാരും ചൂഷണത്തിനെതിരെ  തെരുവിലിറങ്ങിയപ്പോൾ അവരെ സഹായിക്കാൻ മുന്നോട്ടുവന്നവരല്ല.
              നേഴ്സുമാരുടെ തൊഴിലിന്റെ മഹത്വം അംഗീകരിയ്ക്കുമ്പോഴും ആതുര സേവനത്തിന്റെ ത്വര ഒന്നുകൊണ്ടുമാത്രം ഈ തൊഴിലിൽ എത്തിപ്പെട്ടവരാണ് എല്ലാവരും എന്ന വാദം അംഗീകരിക്കാൻ കഴിയില്ല.വിശപ്പിന്റെ വിളികേട്ടുള്ള പുറപ്പാടാണ് പലരേയും ഈ തൊഴിലിൽ എത്തിച്ചത്.
            അപക്വമായ മനസ്സിന്റെ അടിയിലെ ആശാസ്യമല്ലാത്ത വർണവ്യത്യാസത്തിന്റെ ധ്വനിയെ ന്യായീകരിക്കാൻ കഴിയില്ല.കലി തുള്ളിയിറങ്ങിയ മലയാളികളുടെ മനസും(കറുത്തവരുടെ പോലും) കറുപ്പിനോടു വിവേചനം കാട്ടുന്നതാണ്. മലയാള പത്രങ്ങളിലെ വിവാഹ  പരസ്യങ്ങളും,കെരളത്തിലെ വിവാഹ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തവരുടെ ഡിമാൻഡുകളും പരിശോധിച്ചാൽ നിരുപദ്രവമെന്നു തോന്നവുന്ന ഈ വർണ വെറിയുടെ ബീജം കാണാൻ കഴിയും.അവയാണത്രെ ചിലപ്പോഴെങ്കിലും മറ നീക്കി പുറത്തു വരുന്നത്.
            യു ട്യൂബിലെ കവിതയെക്കുറിച്ച് യൂത്തു കോൺഗ്രസുകാർക്ക് കേട്ടറിവെ ഉള്ളൂ.  മലയാളി നേഴ്സുമാരെക്കുറിച്ച് വിമർശനാത്മകമായ പരാമർശങ്ങൾ ഇതാദ്യമായല്ല ഉണ്ടാകുന്നത്. അവരുടെ സ്വകാര്യ ജീവിതത്തേക്കുറ്ച്ച് പരുഷമായ ചില പരാമർശങ്ങൾ എം പി നാരയണപിള്ള നടത്തുകയുണ്ടായി.മുംബൈയിലെ ബ്രീച് കാന്റി ഹോസ്പിറ്റലിൽ രോഗാതുരനായി കിടന്നതിനെക്കുറിച്ച് ഇൻഡ്യൻ എക്സ്പ്രസ്സിൽ എഴുതുമ്പോൾ വിഖ്യാത പത്ര പ്രവർത്തകനായ ഡോം മൊറേസ് കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നെത്തുന്ന നേഴ്സുമാരുടെ ഭാഷാപരമാ‍യ പരാധീനതകളെയും, വിയർപ്പിന്റെ ഗന്ധത്തെയും പരിഹസിക്കുന്നുണ്ട്. അക്ഷരങ്ങളോട് അടുപ്പമില്ലാത്ത യൂത്തു കോൺഗ്രസുകാർ ഇതൊന്നും അറിയാൻ വഴിയില്ല

Wednesday, 15 January 2014

“പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ“

 ജനുവരി 14)0 തീയതി കണ്ണൂരിൽ, ദേശീയ പാതയിൽ, കല്യാശേരിയ്ക്കടുത്ത് പാചക വാതക ടാങ്കർ മറിഞ്ഞുവീണു തീപിടിച്ചു. ആളപായമില്ല.പതിനെട്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 10 മണിയോടെ തീയണച്ചു.
     അപകടത്തെക്കുറിച്ചു പ്രതികരിച്ചുകൊണ്ടു മന്ത്രി കെ ബാബു കൊച്ചിയിൽ പറഞ്ഞു “സംസ്ഥാനത്ത് ഇന്ധന നീക്കം ജലമാർഗമാക്കുന്നതിനെക്കുറിച്ചു പറിക്കാൻ കൺസൾറ്റൻസിയെ നിയമിക്കും“.ഇതിന് ഉടൻ ടെൻഡർ വിളിക്കും.കണ്ണൂരിലെ തന്നെ ചാലയിൽ 2 വർഷം മുൻപുണ്ടായ ബുള്ളറ്റ് ടാങ്കർ അപകടത്തിൽ 20 പേർ വെന്തു മരിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാ‍ക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനും, അപകടത്തിൽ മരിച്ചവരുടെ കുഡുംബങ്ങൾക്കും,പരുക്കേറ്റവർക്കും അർഹമായ സഹായങ്ങൾ നൽകാനും അന്നു പ്രഖ്യാപിച്ച പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്.
    കഴിഞ്ഞ 2 വർഷത്തിനിടെ എം എൽ എ മാർ അസംബ്ലിയിൽ ഉന്നയിച്ച 10000 ൽ അധികം ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ സ്പീക്കറോട് പരാതിപ്പെട്ടു. വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്, വസ്തുതകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് മന്ത്രിമാർ ആവർത്തിക്കുന്നത്.ഈ പ്രവണത നല്ലതല്ല എന്നു സ്പീക്കറും സമ്മതിച്ചു.വകുപ്പുകളുടെ വീഴ്ചകൾ പുറത്തുവരാതിരിക്കാനാണത്രെ പഠനവും അന്വേഷണവും വഴി ഉത്തരം മുടക്കുന്നത്.
    പീതാംബരക്കുറുപ്പ് എം പി ശ്വേത മേനോനെ കയറിപ്പിടിച്ച സംഭവത്തെക്കുറിച്ചു പ്രതികരണം ആരാഞ്ഞ പത്രക്കാരോട് കെപിസിസി പ്രസിഡ്ന്റ് രമേഷ് ചെന്നിത്തല പറ്ഞ്ഞു “ഞാൻ പ്രശ്നത്തെക്കുറിച്ചു പഠിച്ചു കൊണ്ടിരിക്കുകയാണ്”. വിഷയം വിഷയാസക്തി ആയതിനാൽ പഠനം ദുഷ്കരമത്രെ.എങ്കിലും ചോദിക്കട്ടെ, സാർ പഠനം തിയറിയൊ, പ്രാക്റ്റിക്കലൊ? റിസൽറ്റ് എന്നറിയാം?

“പഠിക്കണം നാമോരോന്നും,ബാല്യം തൊട്ടു നിരന്തരം,
പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ”.

    കോൺഗ്രസിന്റെ നേതാക്കന്മാരും, മന്ത്രി പുംഗവന്മാരും അക്ഷര വിരോധികളും, അരസികന്മാരും ആണെന്നു പൊതുവെ ഒരു ധാരണയുണ്ട്. പൊതു വേദികളിലേയും, ചാനൽ ചർച്ചളിലേയും അവരുടെ പ്രകടനം ഇതു സാധൂകരിയ്ക്കുന്നു.നിത്യമായ ഈ പഠനം അവരെ പ്രബുദ്ധരാക്കട്ടെ.വായിച്ചും, എഴുതിയും, പ്രസംഗിച്ചും അവർ വളരട്ടെ.

“Reading maketh a full man, writing an exact man, conference a ready man".
                                                                                                              Francis Bacon 

Friday, 10 January 2014

നമ്മുടെ നേതാക്കൾ നിയമത്തിനതീതരാണ്.

ഡിസംബർ 29ലെ പത്രങ്ങളിൽ വന്ന ചില വാർത്തകൾ ശ്രദ്ധിക്കുക.
                                                    ആദർശ രാഷ്ട്രീയത്തിന്റെ അവസാനത്തെ കണ്ണികളിൽ ഒന്നായിരുന്ന റോസമ്മ പുന്നൂസിന്റെ മരണ വാർത്തയാണ് ഒന്ന്.രാഷ്ട്രീയം വയറ്റുപിഴപ്പും,ധന സമ്പാദനത്തിനും,പ്രശസ്തിയ്ക്കും,വിഷയ സുഖാസ്വാദനത്തിനുമുള്ള അവസരവു മായിക്കരുതുന്ന നേതാക്കൾക്കിടയിലെ അപൂർവ ജന്മം ഒരു നൂറ്റാണ്ടു പൂർത്തിയാക്കി വിട വാങ്ങി. കാഞ്ഞിരപ്പള്ളിയിലെ പ്ലാന്റ്ര്മാരുടെ കുടുംബത്തിൽ 
പിറന്ന്, സ്ത്രീകൾക്ക് അന്ന് അപ്രാപ്യമായിരുന്ന കലാശാലാ വിദ്യാഭ്യാ‍സം നേടിയ സ്ത്രീ. അന്നു ലഭിക്കാമായിരുന്ന ഉദ്യോഗങ്ങളും, പദവികളും ഉപേക്ഷിച്ച്, തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച്, അവരുടെ അവകാശ സംരക്ഷണത്തിനായി പോരാടിയ വ്യക്തി. ഇടതു പക്ഷത്ത് ഇടം തേടി അവിടെ നിന്നും ജീവിത പങ്കാളിയെ  കണ്ടെത്തി പൊതു പ്രവർത്തനം തുടർന്ന്,  പ്രയമായപ്പോൾ സജീവരാഷ്ട്രീയത്തിൽ നിന്നു വിരമിച്ച് മക്കളോടൊത്ത് 
ജീവിച്ച് മരണം വരിച്ച സ്ത്രീരത്നം അവരോടിടപെട്ടവർക്കെല്ലാം പറയാൻ ഒന്നു മാത്രം. “സമാനതകളില്ലാത്ത, കറപുരളാത്ത ജീവിതത്തിനുടമയായ,ത്യാഗിയായ,ധൈര്യശാലിയായ മഹിള.”
                                                    രണ്ടാമത്തെ വാർത്ത ദില്ലിയിൽ നിന്നാണ്. രാം ലീല മൈതാനത്തെ ഇളക്കിമറിച്ച, ജനസാഗരത്തിന്റെ ആവേശത്തെ സാക്ഷിയാക്കി അരവിന്ദ് കേജരിവാൾ ദില്ലി മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.
                                                  അമിതവേഗം തടയാൻ സംസ്ഥാനത്തെ ഹൈവേകളിൽ 100 കാമറകൾ സ്ഥാപിച്ചതിന്റെ റിപ്പോർട്ടാണ് മൂന്നാമത്തേത്.പ്രധാന ഹൈവേകളിൽ,ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന 100 സ്ഥലങ്ങളിലായി വിന്യസിച്ച കാമറകൾ അമിതവേഗത്തിലും, അപകടകരമായ വിധത്തിലും പായുന്ന വാഹനങ്ങളെ നിരീക്ഷിച്ചു വിവരം തിരുവനന്തപുരത്തെ ട്രാഫിക് എൻഫോർസ്മെന്റ് കണ്ട്രോൾ റൂമിലെത്തിയ്ക്കും. അതു പരിശോധിച്ചു വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കും.പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 30ന് മുഖ്യ മന്ത്രി നിർവഹിച്ചു.ഇതിനു പുറമെ സർക്കാർ മറ്റൊരു ഉത്തരവിറക്കി.മന്ത്രിമാർ, എം എൽ എ മാർ,എം പിമാർ,എന്നിവരുടെ വാഹനങ്ങളും, കെ എസ് ആർ റ്റി സി  ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളും കാമറയുടെ നിരീക്ഷണത്തിൽ നിന്ന് ഈ ഉത്തരവു വഴി ഒഴിവാക്കി.അനാദികാലം മുതലെ നമ്മുടെ നാട്ടിൽ രണ്ടു നീതിയായിരുന്നു നിലനിന്നു പോന്നത്.മേലാളർക്ക് ഒരു നീതി, അധകൃതർക്ക് വേറൊന്ന്.ജനാധിപത്യത്തിൽ മന്ത്രിപുംഗവന്മാർക്കും,ഉദ്യോഗസ്ഥർക്കും,സമ്പന്നർക്കും ഒരു നീതി, സാധാരണക്കാർക്ക് മറ്റൊന്ന്.
                                                 വഴിയിൽക്കണ്ട കന്നുകാലികളെയും, മനുഷ്യരെയും ഇടിച്ചുതെറിപ്പിച്ച് മെർസിഡസ് കാറിൽ പാഞ്ഞ ഒരു മുഖ്യനെ ഓർമ്മയില്ലെ? അവസാനം ഭഗവാൻ കുഴിച്ച കുഴിയിൽ വീണതോടെയാണ് ആ സ്പീഡ് കുറഞ്ഞത്.പുത്തൻ കാറുകൾക്കും,അവയ്ക്കു മുകളിൽ ചുവന്ന ലൈറ്റിനുമായി നമ്മുടെനേതാക്കളും, ഉദ്യോഗസ്ഥരും നടത്തുന്ന ലജ്ജാകരമായ ശ്രമങ്ങളേക്കുറിച്ച് നാമെത്ര കേട്ടു.ചീഫ് വിപ്പിന് സർക്കാർ വഹനങ്ങൾ രണ്ടാണ്; 
                                                 ദില്ലിയിലെ വാർത്തകൾ ഈ കോമരങ്ങളിൽ മാറ്റം വരുത്തിയില്ല.റോസമ്മ പുന്നൂസിന്റെ അന്ത്യകർമ്മങ്ങൾ ഇവരുടെ സാന്നിധ്യത്താൽ മലീമസമായി.
                                                 പ്രോട്ടോക്കോളിൽ രാഷ്ട്രപതിയുടെ സ്ഥാനം വേണമെന്നാണ് ഉപരാഷ്ട്രപതി ഹമീദ് അൻസാരി ആഗ്രഹിക്കുന്നത്.വിമാനത്താവളങ്ങളിൽ ഗാർഡ് ഓഫ് ഓണർ അനുവദിക്കാത്തതെന്തെന്ന് വ്യോമയാന മന്ത്രാലയത്തോട് ചോദിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഓഫീസ്. ന്യൂ യോർക്കിലെ ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയുടെ അറ്സ്റ്റിനു പ്രതികാരമായി കേന്ദ്രസർക്കാർ സ്വീകരിച്ച പല വങ്കത്തരങ്ങളിലൊന്ന് വളരെ വിചിത്രം തന്നെ. ദില്ലിയിലെ അമേരിക്കൻ എംബസി വളപ്പിലെ ഹോട്ടലും, ബാറും, കളിക്കളങ്ങളും അടച്ചു പൂട്ടാൻ ക്ൽ‌പ്പിച്ചതോടൊപ്പം എംബസിയു ടെയൊ,അമേരിക്കൻ  ഉദ്യോഗസ്ഥരുടെയൊ വാഹനങ്ങൾ ഇനിമേലിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ശിക്ഷിയ്ക്കപ്പെടും എന്നൊരു കൽ‌പ്പനയും പുറപ്പെടുവിച്ചു. അപ്പോൾ ഇതുവരെ സായിപ്പന്മാർ നിയമത്തിന് അതീതരായിരുന്നു. മാനസികമായി നാം ഇന്നും സയിപ്പിന്റെ അടിമകളാണല്ലൊ.
                                                 രാവിലെ പാർലമെന്റിലേയ്ക്കുള്ള യത്രയ്ക്കിടയിൽ സെന്റ്രൽ ലണ്ടനിലെ ട്രാഫിക് ബ്ലോക്കിൽ തന്റെ വാഹനം കുടുങ്ങിയാൽ പ്രധാന മന്ത്രി ടോണി ബ്ലയർ കാറിൽ നിന്നിറങ്ങി മെട്രോയിൽ (ട്യൂബിൽ) യാത്ര ചെയ്യുക പതിവായിരുന്നു.ജനത്തെ വേലി കെട്ടി നിർത്തി പ്രധാന മന്ത്രിക്കു വഴിയൊരുക്കുന്ന ഇന്ത്യയിലെ കലാപരിപാടി അവിടെ നടക്കില്ല.തിരക്കേറിയ സമയത്ത് പ്രധാന മന്ത്രിയുടെ വാഹനം സ്പെഷൽ ബസ് ലെയ്നിലൂടെ തിരിച്ചു വിട്ടതിന് ലണ്ടനിലെ ജനങ്ങളും, പത്രങ്ങളും ശക്തമായി പ്രതിഷേധിച്ചിരുന്നു.
                                                സംസ്കൃതമായ പടിഞ്ഞാറൻ ജനാധിപത്യത്തിൽ ഭരണാധികാരിയും,സിനിമാതാരങ്ങളും,വൻകിട മുതലാളിയും നിയമത്തിന്റെ മുൻപിൽ തുല്യരാണ്. ട്രാഫിക് നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ, മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെട്ടാൽ അവരും ശിക്ഷിയ്ക്കപ്പെടും. ലണ്ടനിൽ പ്രസംഗിക്കാനെത്തിയ അമേരിക്കയുടെ മുൻ സ്റ്റെയ്റ്റ് സെക്രട്ടറി, ഹിലരി ക്ലിന്റൻ സെന്റ്രൽ ലണ്ടനിലെ സെന്റ് ജെയിംസ് സ്ക്വയറിൽ പാർക്കിങ് ഫീസ് നൽകാതെ വഹനം പാർക്കു ചെയ്തതിന് ലണ്ടൻ പൊലീസ് 80 പൌണ്ട് പിഴ ഈടാക്കി. അടുത്ത തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് പാർട്ടിയൂടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഹിലരി കോപിച്ചെങ്കിലും ഫലമുണ്ടായില്ല.ഫിൻലന്റിലെ ശതകോടീശ്വരനായ ആന്റ്രസ് വിക്ലോഫ് 50 കി.മീ. വേഗതയിൽ പോകേണ്ട ഹൈ വേയിൽ 77 കി.മീ വേഗതയിൽ കാറോടിച്ച്തിനു പിഴ ഈടാക്കിയത് $130000 ആണ് (ഏകദേശം 78 ലക്ഷം രൂപ.) ഫിൻലന്റിൽ കുറ്റവാളിയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണത്രെ പിഴ ഈടാക്കുന്നത്. മദ്യപിച്ചു കാറോടിച്ചതിനും, നിയമലംഘനങ്ങൾക്കും കുബേരയും, നടിയും, ഗായികയുമായ പാരിസ് ഹിൽട്ടൻ പല തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
                                               കവലച്ചട്ടമ്പിയെപ്പോലെ ഒരു എം.പി. വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി സി ഐ യെ തെറി വിളിയ്ക്കുന്നതും,അറസ്റ്റ് ചെയ്യപ്പെട്ട പാർട്ടിക്കാരെ ഇറക്കിക്കൊണ്ടുപോകുന്നതും നമ്മൾ ടി വിയിൽ കണ്ടതാണ്.അന്നും നമ്മുടെ മുഖ്യൻ പറഞ്ഞു. “നിയമം  നിയമത്തിന്റെ വഴിക്കു പോകും”.


                                                                                       

Sunday, 22 December 2013

സ്യൂപെർ സ്റ്റാറിന്റെ വെളിപാടുകൾ

                 ധർമ്മം മറന്നതിനുള്ള മറുപടിയാണ് ഡൽഹിയിലെ തോൽവിയെന്ന് ധർമ്മിഷ്ടനായ  സ്യൂപെർ സ്റ്റാർ പദ്മ ഭൂഷൻ, ഡോക്ടർ, ലഫ്. കേണൽ മോഹൻലാൽ  ബ്ലോഗിൽ എഴുതുന്നു.
               "രാഷ്ട്രീയം പച്ചപ്പു മുളയ്ക്കാത്ത തരിശായി മാറി.നിലവിലെ രാഷ്ട്രീയ വ്യവസ്ഥയോടുള്ള മടുപ്പാണ്  ഡൽഹിയിലെ തിരഞ്ഞെടുപ്പു ഫലത്തിൽ നിന്നു വ്യക്തമാകുന്നത്. ഇതു വിപ്ലവമല്ല വെളിപാടാണ്.” ഉണ്ടിരുന്ന നായർക്കു തോന്നിയ വിളി പോലെ താരത്തിനുണ്ടായ വെളിപാട് കേരളത്തിലെ മീഡിയകൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നു.
              കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ പൊതു ജീവിതത്തിൽ എന്നും ഈ അധർമ്മികളോടു തോളു ചേർത്താണു താരം നിലകൊണ്ടത്.അതു തന്റെ താരപദവിയ്ക്കും, ബിസിനസ് സംരംഭങ്ങുൾക്കും ഗുണകരമാണെന്ന വെളിപാടിന്റെ വെളിച്ചത്തിൽ.
              താൻ ഒരു പാർട്ടിയുടെയും വക്താവല്ലെന്നും,ബ്ലോഗ് ഒരു പാർട്ടിക്കുമുള്ള പിന്തുണക്കുറിപ്പല്ലെന്നും പറയുന്ന താരം, തുട്ടു നൽകുന്ന ആർക്കും അംബാസഡറാകാൻ മടിയില്ലാത്തവനാണു താനെന്ന കാര്യം മറക്കുന്നു. പണം വാങ്ങി വട്ടിപ്പണക്കാരനും,കള്ളു കച്ചവടക്കാരനും,കള്ളക്കടത്തു സ്വർണ വിൽ‌പ്പനക്കാരനും ബ്രാൻഡ് അംബാസഡറായി മാന്യത നൽകിയ ലാലേട്ടൻ ഈ ക്രിസ്മസിനെങ്കിലും ഒരു കാര്യം ഓർമിക്കുക.
             “നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും, നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവ നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കെ സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽ നിന്നു കരടെടുത്തു കളയട്ടെ എന്ന് എങ്ങിനെ പറ്യും? കപട നാട്ട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽ നിന്ന് തടിക്കഷണം എടുത്തു മാറ്റുക.അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തു കളയാൻ നിനക്കു കാഴ്ച തെളിയും”.
                                                                                    മത്തായി 7: 3-5.                                                        
                                                                                              
താരത്തെ ആരാധിച്ചു മതിവരാതെ അദ്ദേഹത്തിന്റെ ഡ്രൈവറേയും, കുശിനിക്കാരനേയും, ബിനാമിയേയും ആരാധിച്ചൂതുടങ്ങിയ ജനം കണ്ണു തുറക്കട്ടെ:

Wednesday, 11 December 2013

വിളക്കു കാലിൽ തൂങ്ങി നിൽക്കുന്ന നമ്മുടെ നേതാക്കന്മാർ.

        വഴിയോരത്തെ മരങ്ങളിൽ ആണിയടിച്ചുറപ്പിച്ചിട്ടുള്ള പരസ്യബോർഡുകൾ നീക്കാൻ സർക്കാരിനും,തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിക്കൊണ്ട് കേരള ഹൈക്കോടതിയുടെ, ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ച് ഉത്തരവിറക്കി. കോടതി നിർദേശം പ്രാബല്യത്തിൽ വരുത്തി ഒരു മാസത്തിനകം നടപടി സ്വീകരിക്കാൻ ഡിസംബർ രണ്ടിലെ വിധി സർക്കാരിനോടവശ്യപ്പെടുന്നു. കൊച്ചി നഗരത്തിൽ പൊതുസ്ഥലങ്ങളിലും,ലാംപ് പോസ്റ്റുകളിലും ഉറപ്പിച്ചുട്ടുള്ള അനധികൃത പരസ്യ ബോർഡുകൾ നീക്കാൻ ഹൈക്കോടതി നൽകിയ ഉത്തരവ് ഇന്നും നടപ്പിലാക്കിയിട്ടില്ല.അസംഘടിതരായ വ്യക്തികളുടെയോ, അധികാര സ്ഥാനങ്ങളിൽ സ്വാധീനം ചെലുത്താൻ സാമ്പത്തിക ശേഷിയില്ലാത്ത ചെറുകിട സ്ഥാപനങ്ങളുടെയോ കുറെ ബോർഡുകൾ പേരിനു നീക്കം ചെയ്ത് കോടതി അലക്ഷ്യത്തിൽ നിന്നു തലയൂരാനുള്ള ഒരു ശ്രമം നഗരസഭ നടത്തി. നാൽക്കവലകളിൽ ഡ്രൈവർമാരുടെ കാഴ്ച മറച്ചു കൊണ്ടും, കാൽനടക്കാർക്കു തടസം സൃഷ്ടിച്ചും നിൽക്കുന്ന കൂറ്റൻ ഫ്ലക്സ് ബോർഡുകൾ നീക്കാൻ ഒരു ശ്രമവും നടത്തിയില്ല. രാഷ്ട്രീയപ്പാർട്ട്കളും,മത സംഘടനകളും,അവരുടെ ധനസ്രോതസുകളായ സ്വർണ-വസ്ത്ര വ്യാപാരികളും സ്ഥാപിച്ച പരസ്യ ബോർഡുകളെ തൊടാൻ നഗരസഭാ ഭരണ നേതൃത്വത്തിനു ഭയമാണ്. മന്ത്രിപുംഗവന്മാരുടെയും,പാർട്ടിനേതാക്കന്മാരുടെയും,ജനപ്രതിനിധികളുടെയും ദുർമുഖങ്ങൾക്കൊപ്പം, മേയറുടെയും,ഡപ്യൂട്ടി മേയറുടെയും മുഖ കമലങ്ങളാണ് മിക്ക ബോർഡുകളിലും കാണുന്നത്.
                                വികസന ഫണ്ടിൽ നിന്നും, തുക അനുവദിക്കുന്ന എം എൽ എ ക്കും, എം പി ക്കും അഭിവാദനം അർപ്പിച്ചുകൊണ്ട് കൂറ്റൻ ബോർഡുകൾ പ്രദേശത്തെങ്ങും സ്ഥാപിക്കുന്നതു കണ്ടാൽ വികസന ഫണ്ടിന്റെ വിനിയോഗ നിയമത്തിൽ ഇങ്ങനെ ഒരു കണ്ടീഷൻ ഉൾപ്പെടുത്തിയിരിക്കുന്നതായി തോന്നും.ഫണ്ട് അനുവദിക്കുന്നതിനു പ്രതിഫലമായ് ഇങ്ങനെയൊരു പ്രത്യുപകാരം ജനസേവന തൽ‌പ്പരരും,ഉദാരമതികളുമായ നമ്മുടെ ജനപ്രതിനിധികൾ ചോദിക്കാറുണ്ടെന്ന് ഗുണഭോക്താക്കൾ പറയുന്നു.നടപ്പാക്കുന്ന പദ്ധതികൾക്ക് കണക്കുപറഞ്ഞ് കപ്പം വാങ്ങുന്ന ഭരണാധികാരികളുടെ നാടാണിതെന്നോർക്കുമ്പോൾ നമ്മുടെ ജനപ്രതിനിധികളെയോർത്ത് നമുക്കു കോൾമയിർ കൊള്ളാം! 
                              രഷ്ട്രീയ നേതാക്കൾക്കും,സിനിമാക്കാർക്കും,ക്രിക്കറ്റർമാർക്കും കേരള സമൂഹത്തിൽ അനർഹമായ  പ്രാമുഖ്യം അടുത്ത കലത്ത്  വളർന്നു വന്നു. ഇവർ എത്തുന്നിടത്തു കാണുന്ന ആൾക്കൂട്ടവും, പൊതു പരിപാടികളിൽ ഇവരെ പങ്കെടുപ്പിക്കാനുള്ള വ്യഗ്രതയും, അവരുടെ മുൻപിൽ അടിമയെപ്പോലെ നിൽക്കുന്ന ജനങ്ങളും ദയനീയമായ ഒരു കാഴ്ചയാണ്.സിനിമ നടന്മാരും,നടികളും, ക്രിക്കറ്റർമാരും ഇതിനു പ്രതിഫലം കണക്കു പറഞ്ഞു വാങ്ങും.രാഷ്ട്രീയക്കാർ അതു പലവഴിയിൽ മുതലാക്കും.ഉദ്ഘാടനത്തിനും,വിവാഹ സൽക്കാരത്തിനും,പതിനാറടിയന്തിരത്തിനും മന്ത്രിമാർ വേണം.എറണാകുളത്തെ മിക്ക സമ്മേളനങ്ങൾക്കും ഇപ്പോൾ മുഖ്യ പ്രഭാഷകൻ മഹാ ജ്ഞാനിയായ മദ്യ വകുപ്പു മന്ത്രിയാണ്.
                             ഏതാനും മാസങ്ങൾക്കു മുൻപ് എറണാകുളത്തെ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയ ജനനേതാക്കളുടെ ലിസ്റ്റ് നോക്കു.
                                   ഒരു കേന്ദ്ര സഹ മന്ത്രി (സ്വതന്ത്ര ചുമതല)
                                   ഒരു സംസ്ഥാന മന്ത്രി (പലവക വകുപ്പുകളുടെ ചുമതല)
                                   ഒരു എം പി.
                                  അഞ്ച് എം എൽ എ മാർ.
                                  ആരാധ്യനായ മേയർ.
                                  ആ‍രാധ്യയായ ഡെപ്യൂട്ടി മേയർ.
                                  ജില്ല പഞ്ചായത്ത് പ്രെസിഡന്റ്.
                                  ജി സി  ഡി എ ചെയർമാൻ.  ഇവരുടെ മറ്റുകർമങ്ങളുടെ വ്യർഥതയോർത്താൽ ഇതിൽ ദുഖിയ്ക്കാനൊന്നുമില്ല.
                            ഡിസംബർ 3)0 തീയതിയിലെ മലയാള മനോരമയിൽ നാലിടത്ത് ഒരു കേന്ദ്ര മന്ത്രിയുടെ വർണ ചിത്രങ്ങൾ കാണാം. വനിതാ സുരക്ഷയ്ക്ക് മൊബൈൽഫോൺ ആപ്ലിക്കേഷൻ, ഹെല്പ് ഓൺ മൊബൈൽ ഉദ്ഘാടനം ചെയ്യുന്ന കേന്ദ്ര മന്ത്രി പ്രഫ്. കെവി തൊമസിന്റെ ചിത്രവും പ്രസംഗവും രണ്ടാമത്തെ പേജിൽ. ഫോർട്ടു കൊച്ചി അധികാരി വളപ്പ് സെന്റ് ജോസഫ് ആശ്രമ ദേവാലയത്തോട് ചേർന്നു നിർമിച്ച ഹോളിന്റെ ഉദ്ഘാടനം നടത്തുന്നതിന്റെയും, അയ്യപ്പൻ കാവ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന ചടങ്ങ്  ഉദ്ഘാടനം നടത്തുന്നതിന്റെയും ചിത്രങ്ങളും, വാർത്തകളും ഏഴാമത്തെ പേജിൽ. കോഴിക്കോട് കരുണാകരൻ അനുസ്മരണ സമിതിയുടെ കർമ ശ്രേഷ്റ പുരസ്കാരത്തിന് അർഹനായ പ്രഫ് തോമസിന്റെ ഫോട്ടോയും,വാർത്തയും ഒൻപതാം പേജിൽ കാണാം.
                            തന്റെ ചരിത്ര വീക്ഷണം വഴിതിരിച്ചുവിട്ട ഒരു സുഹൃത്തുമായി പങ്കുവെച്ച കാലഘട്ടവും, ഒന്നിച്ചു കണ്ട കാഴ്ചളും വിവരിക്കുന്നിടത്തു സക്കറിയ പറയ്ന്നു.”മന്ത്രിമാർ രാജാക്കന്മാരായി ചമഞ്ഞ് ഞെളിയുന്നതു കണ്ടു.. ജനപ്രതിനിധികൾ ജനങ്ങളെക്കാൾ വലിയവരായി അഹങ്കരിക്കുന്നതു കണ്ടു. തെറ്റിദ്ധർക്കപ്പെട്ട പൌരൻ അവന്റെ സേവകനായ ജന പ്രതിനിധിയുടെ മുമ്പിൽ അടിമയെപ്പോലെ വാലാട്ടി നിൽക്കുന്നതു കണ്ടു.”
                            കണ്ടു മടുത്ത നേതാക്കന്മാരുടെ ചിത്രങ്ങൾ ഓർമയിൽ നിന്നു തന്നെ വെട്ടിമാറ്റാനുള്ള ശ്രമങ്ങൾക്ക് ദില്ലിയിൽ ജനങ്ങൾ തുടക്കമിട്ടു. കണ്ണുള്ളവർ കാണട്ടെ.

Monday, 2 December 2013

നായ്ക്കളും, നഗരസഭകളും.



            കേരളത്തിലെ നഗരങ്ങളിലും, നാട്ടിൻപുറങ്ങളിലും തെരുവുനായ്ക്കൾ മനുഷ്യനു ഭീഷണിയാകുംവിധം പെരുകുന്നു.തെരുവിൽ വലിച്ചെറിയുന്ന ഭക്ഷണ പദാർഥങ്ങളുടെ അവശിഷ്ടങ്ങളും, കശാപ്പുശാലകളിലെ മാലിന്യങ്ങളും തിന്നു കൊഴുക്കുന്ന ഇവയുടെ ആക്രമണങ്ങുളുടെ ഇരകൾ കാൽനടക്കാരും, ഇരുചക്ര യാത്രികരും, വളർത്തുമൃഗങ്ങളുമാണ്. കൊച്ചിയിൽ തെരുവുനായ്ക്കളുടെ ശല്യം നിത്യവും വാർത്തയാകുന്നു.കൊച്ചി കാണാനെത്തിയ വിദേശ വനിത പട്ടികടിയേറ്റ് നാട്ടിലേയ്ക്കു മടങ്ങി. ഫോർട്ട് കൊച്ചിയിലെ പൈതൃക വഴികളിലൂടെ നായ്ക്കളെ ഭയപ്പെടാതെ നടക്കാൻ കഴിയില്ല. പട്ടികടിയേറ്റ് ചികിത്സയിലായിരുന്ന പള്ളുരുത്തി നമ്പ്യാപുരം സ്വദേശി മരിച്ച സംഭവം കോർപറേഷൻ യോഗത്തിൽ ബഹളത്തിനിടയാക്കി. ഫൊർട്ട്കൊച്ചി കുട്ടികളുടെ പാർക്കിൽ മേഞ്ഞു നടന്ന ആട്ടിൻ കുട്ടിയെ തെരുവു നായ്ക്കൾ കൊന്നു തിന്നു.ഇളങ്കുന്നപ്പുഴയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂക്ക് നായ്ക്കൾ കടിച്ചെടുത്തു.
           “ വയസായതിനാൽ പോറ്റാൻ താല്പര്യമില്ലാതെയും, വീടുമാറിപ്പോകുമ്പോൾ കൂടെക്കൊണ്ടുപോകാൻ കഴിയാതെയും, തങ്ങുളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഷ്ചവയ്ക്കാതെയുംവരുന്ന നായ്ക്കളെയാണ് നിഷ്കരുണം വഴിയിൽ തള്ളുന്നത് “.   കഴിഞ്ഞ രണ്ടു മാസത്തിടെ 246 നായ്ക്കളെ കൊച്ചിയിലെ തെരുവുകളിൽ നിന്നും രക്ഷിച്ച് കർമ എന്ന സംഘടനയുടെ ഭാരവാഹികൾ പറയുന്നു. ഡാൽമീഷ്യൻ, ജർമൻ ഷെപ്പേർഡ്, ഡോബർമാൻ, ബോക്സർ ഇനത്തിൽ‌പ്പെട്ടവയൊക്കെ  ഇക്കൂട്ടത്തിൽ‌പെടുന്നു. പൊങ്ങച്ചത്തിനും, അലങ്കാരത്തിനുമൊക്കെയായി വളർത്തുന്ന നായ്ക്കളോട് തരിമ്പും സ്നേഹം ഉടമകൾക്കില്ലെന്ന് ചില സംഭവങ്ങൾ തെ ളിയിക്കുന്നതായി അവർ പറയുന്നു.ഒരു മുന്തിയയിനം നായയുടെ വായ് ഒട്ടും തുറക്കാൻ കഴിയാത്ത വിധം വരിഞ്ഞുമുറുക്കിക്കെട്ടി  മഞ്ഞുമ്മേൽ പാലത്തിനു സമീപം കൊണ്ടുവന്നു തള്ളിയത് ഇതിനു തെളിവായി അവർചൂണ്ടിക്കാണിക്കുന്നു.    
            നായ്ക്കൾ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ കൈ അല്ല വായ് വച്ചാൽ മനുഷ്യാവകാശ കമ്മീഷനു കണ്ടില്ലെന്നു നടിയ്ക്കാനാകുമൊ? പേപ്പട്ടികളെ പിടികൂടി കൊല്ലുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോടതി വിധികൾ ചൂണ്ടിക്കാണിച്ചു നിശ്ശബ്ദത പാലിച്ചാൽ തെരുവു നായ്ക്കൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കു  സർക്കാരും, തദ്ദേശ ഭരണ സ്ഥാപനങ്ങളും നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും കമ്മീഷൻ അധ്യക്ഷൻ ജെ ബി കോശി ഉത്തരവിട്ടു. തെരുവുനായ്ക്കളെ പിടികൂടുന്ന പ്രശ്നത്തിൽ സർക്കാർ തലത്തിൽ പരിഹാ രം കാണണമെന്നും, തദ്ദേശ, ഭരണ, ധന വകുപ്പുകൾ    സംയുക്തമായി  തീരുമാനമെടുക്കണമെന്നും, ജ. കോശി നിർദേശിച്ചു.ഡിസംബർ 11 നകം ചീഫ് സെക്രട്ടറി വിശദീകരണം നൽകണം.കേസ് ഡിസംബർ19നു പരിഹരിക്കും. മലയാളികൾക്ക്  ഇനി ആശ്വസിക്കാം.ഈ ഉത്തരവു വന്ന നവംബർ 11 നു തന്നെ മൃഗ സ്നേഹിയായ മേനകാ ഗാന്ധി തിരുവനന്തപുരത്തെത്തിയത് ഈ വിധി അറിഞ്ഞിട്ടാണൊ?. വിധിയുടെ ദുരന്ത ഫലം അനുഭവിക്കേണ്ട നായ്ക്കളൊ, വിധിയിൽ പരാമർശിക്കപ്പെടുന്ന വകുപ്പുകളൊ ഇതുവരെ വിധിയോടു പ്രതികരിച്ചില്ല.ശ്വാന നശീകരണത്തിനു തടസമായ കോടതി വിധികൾ ഉണ്ടെന്നു കമ്മീഷന്റെ വിധിയിൽ നിന്നു തന്നെ മനസ്സിലാകും.കമ്മീഷനൊ, കോടതിയൊ മൂത്തത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.
              മനുഷ്യാവകാശ കമ്മീഷന്റെ വിധി വരും മുൻപേ ഭരണകൂടം ഈ വിപത്തിനു തടയിടാൻ തുടങ്ങിയത് കമ്മീഷൻ അറിഞ്ഞില്ല നവംബർ ഒന്നാം തീയതിയിലെ പത്രങ്ങളിൽ എറണാകുളത്തു നിന്നും റിപ്പോർട്ടു ചെയ്ത വാർത്ത. തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം  സ്ഥാപിയ്ക്കാൻ നടപടി തുടങ്ങി. ആനിമൽ ബർത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുർത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു  കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്,മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു  മുൻഗണന.   പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത്.
          ആനന്ദ ലബ്ധിക്കിനിയെന്തുവേണം::മന്ത്രി പുംഗവന്മാർ മാറി മാറി ഉദ്ഘാടനം നടത്തിയ കൊല്ലം - കോട്ടപ്പുറം ജലപാത പോലെ, കഞ്ചിക്കോട്ടെ കോച്ചു ഫക്റ്ററി പോലെ, ചേർത്തലയിലെ കോച്ച് റിപ്പയറിങ്ങ് യാർഡു പോലെ, കായൽ ടൂറിസത്തിനേർപ്പെടുത്തിയ സീപ്ലെയിൻ പോലെ ശ്വാന സങ്കേതവും ഉടനടി തുറക്കും. ഈ തീരുമാനമെടുത്ത നേതാക്കന്മാരുടെ, ഏറ്റവും ചുരുങ്ങിയ്തു കേന്ദ്ര മന്ത്രിയുടേതെങ്കിലും നായ്ക്കളോടൊപ്പം നിൽക്കുന്ന ഫ്ലക്സ്ബോർഡ് സ്ഥാപിക്കേണ്ടതായിരുന്നു.
          തൊഴിലാളികളുടെ ദൌർലഭ്യം രൂക്ഷമായ കേരളത്തിൽ നായ്ക്കളെ പിടിക്കാൻ ആരെ കിയ്യ്ട്ടും? സ്ത്രീകളെ പിടിക്കാനായിരുന്നെങ്കിൽ നമ്മുടെ നേതാക്കന്മാരും, ജനപ്രതിനിധികളും മതിയായിരുന്നു.

Post Script.
ശ്വേതാ മേനോനോട് അപമര്യാദയായി പെരുമാറിയ പീതാമ്പരക്കുറുപ്പിന്റെ നടപടിയെക്കുറിച്ചു പ്രതികരണമാരാഞ്ഞ പത്ര പ്രവർത്തകരോട് കെ പി സി സി പ്രസിഡ്ന്റ് പറഞ്ഞു. ഞാൻ വിഷയം പഠിച്ചുകൊണ്ടിരിക്കുന്നു.പുതിയസെൻസേഷനുകൾക്കു പിറകെ പോകുന്ന പത്രക്കാർ കാര്യം മറന്നു. എന്നാൽ ഞങൾ വോട്ടർമാർക്ക് അതിന്റെ ഉത്തരം അറിയാൻ താല്പര്യമുണ്ട്. 
സാർ,  പറനം പ്രാക്റ്റിക്കലൊ, തിയറിയൊ?
          പഠനം എന്നു കഴിയും?    
          ഏന്താണു റിസൾട്ട്?
         “പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ“ എന്ന മട്ടാണെങ്കിൽ ക്ഷമിക്കുക.

Friday, 29 November 2013

കൊച്ചിയിൽ ട്രാ‍ഫിക് വാർഡന്മാരെ ആവശ്യമുണ്ട്.

                                    



                                       കൊച്ചി മെട്രോയുടെ പണി പുരോഗമിക്കുന്നു. ആലുവ മുതൽ പേട്ട വരെ ട്രാഫിക് നിയന്ത്രിക്കുവാൻ 120 ട്രാഫിക് വാർഡ്ന്മാരെ നിയമിക്കുവാൻ തീരുമാനമായി.നിയമനാധികാരം നഗരത്തിൽ നിന്നുള്ള മന്ത്രിയദ്ദേഹത്തേയും,അഹിംസാ പാർട്ടിയുടെ 3 എം എൽ എ മാരേയും ഏൽ‌പ്പിയ്ക്കണം. അവരുടെ ആശ്രിതർക്കും, ശിങ്കിടികൾക്കും, ധനസ്രോതസുകളായ മാഫിയകൾക്കും, കള്ളപ്പണക്കർക്കും യധേഷ്ടം സഞ്ചരിക്കാൻ തടസമുണ്ടാകരുത്. ഇലക്ഷൻഅടുത്തു വരുമ്പോ‍ൾ നമ്മുടെ പ്രിയങ്കരരായ നേതാക്കന്മാർക്ക് ഇതൊരു ധനാഗമ മാർഗവുമായിത്തീരട്ടെ.