Wednesday, 14 August 2013

ഉയരുന്ന ജലനിരപ്പും, മന്ത്രിപുംഗവന്റെ നിദ്രയും.


                                                     
കേരളത്തിൽ മഴക്കെടുതിയിൽ മരിച്ചവർ 165.
പൂർണമായി തകർന്ന വീടുകൾ 705.
ഭാഗികമായി തകർന്നവ 12482.
ദുരിതാശ്വാസ ക്യാമ്പുകൾ 275.
ക്യാമ്പുകളിൽ താമസക്കാർ15000.
10475 ഹെക്ടറിലെ കൃഷി നശിച്ചു.
നഷ്ഠം 118.77 കോടി രൂപ.അനവ്ദ്യോഗികമായ മറ്റൊരു കണക്കനുസരിച്ച്  5000 കോടി രൂപ.
മഴ മൂലം കൊച്ചി വിമാനത്താവളം അടച്ചു.
അണക്കെട്ടുകൾ തുറന്നതോടെ പെരിയാറിലെ ജല നിരപ്പ് ഉയർന്നു.തീരങ്ങളിൽ ദുരിതം, റേഷൻ കാർഡുകളും, ആധാരങ്ങളും ഉൾപ്പെടെ വിലപ്പെട്ട രേഖകൾ നഷ്ഠമായി.
പെരിയാറിലെ വെള്ളപ്പൊക്കം മൂലം ശിവരാത്രി മണപ്പുറത്തു നടക്കേണ്ട വാവു ബലിതർപ്പണം ആൽമരച്ചുവട്ടിലേയ്ക്കു മാറ്റി.ബലിത്തറകളും, വ്യാപാര സ്റ്റോളുകളിലെ വിൽ‌പ്പനച്ചരക്കുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി.
ഇടുക്കിയിൽ വെള്ളം സംഭരണ ശേഷിയുടെ 87 ശതമാനമായി.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 134.7 അടിയായി.136 അടിയാണ് പരമാവധി  സംഭരണ ശേഷി. അണക്കെട്ടിൽ ചോർച്ച തുടരുന്നു.
ഓഗസ്റ്റ് 6,7 തീയതികളിലെ പത്ര റിപ്പോർട്ടുകളാണിത്.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടാൻ പോകുന്നു എന്നു മുറവിളി കൂട്ടിയ മന്ത്രിപുംഗവന്മാരും,   രാഷ്ട്രീയക്കാരും, അക്ഷരത്തൊഴിലാളികളും എവിടെ?
എനിക്കുറങ്ങാൻ കഴിയുന്നില്ല എന്നു കൈയും, കലാശവുമുയർത്തി ഗോഷ്ടി കാട്ടിനടന്ന മന്ത്രി ജോസഫ് എവിടെ?
ഡാമിലെ ജലനിരപ്പ് ഉയരുന്ന ക്രമത്തിൽ അദ്ദേഹം കഴിച്ചുപോരുന്ന ഉറക്കഗുളികയുടെ അളവു കൂട്ടുന്നുണ്ടാവും.
ചീയപ്പാറയിൽ മണ്ണിടിഞ്ഞ് 4 പേർ മരിക്കുകയും, പലവാഹനങ്ങൾ മണ്ണിനടിയിലാവുകയും, പന്ത്രണ്ടോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുകയും ചെയ്ത ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസിന്റെ ഇരു ഗ്രൂപ്പുകളും ,തിരുവനന്തപുരത്തു യോഗം ചേർന്ന് ആയുധങ്ങൾക്കു മൂർച്ച കൂട്ടുകയായിരുന്നു.
പി ടി തോമസ് എം പി ഒരു ചാനലിൽ പറഞ്ഞത് ഇടുക്കിയിൽ 25 നും, 29നും ഇടയിൽ അണക്കെട്ടുകൾ ഉണ്ടെന്നാണ്. ദിനം പ്രതി വളരുന്ന ഒന്നാണൊ ഡാമുകൾ.സ്വന്തം മണ്ഠലത്തിലെ ഡാമുകളുടെ എണ്ണം ടിയാനു തിട്ടമില്ലത്രെ:

Wednesday, 17 July 2013

കൊച്ചിക്കാരെ ആർത്തുല്ലസിക്കുവിൻ.


കൊച്ചിക്കാരെ ആർപ്പു വിളിക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ റോഡുകൾ സിന്തെറ്റിക് ട്രാക്കു പോലെ മനോഹരമാകാൻ പോകുന്നു.അതിനു ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതൊ കേരള പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും.

“റോഡിൽ യാത്രക്കാരുടെ ജീവൻ വരെ നഷ്ടപ്പെടാൻ വഴിയൊരുക്കുന്ന മരണക്കുഴികൾ കണ്ടെത്താൻ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം.      കൊച്ചി നഗരത്തിലേതുൾപ്പെടെയുള്ള പ്രധാന റോഡുകളിലെ മരണക്കുഴികൾ തേടിയാണു പൊലീസിന്റെ യാത്ര. അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട ഏതാനും കുഴികളുടെ പട്ടിക പൊലീസ് ജില്ല കലക്ടർക്കു സമർപ്പിചിട്ടുണ്ട്.
                                                            മലയാള മനോരമ ജൂലൈ 18, 2013.

ലാത്തി,ഗദ,സ്റ്റെൻ ഗൺ,മൈക്രോസ്കോപ്,റ്റെലിസ്കോപ്, സ്റ്റെതസ്കോപ് മുതലായ മാരകായുധങ്ങളുമായാണത്രെ പുറപ്പാട്

കലക്ടർ ഈറിപ്പോർട്ട് ചീഫ് സെക്രട്ടറിക്കു സമർപ്പിക്കും.
ചീഫ് സെക്രട്ടറി അതു പൊതു മരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞിനും, കുഞ്ഞ് പാണക്കാടു തങ്ങൾക്കും, തങ്ങൾ മുഖ്യ മന്ത്രിക്കും, മുഖ്യൻ രമേശ് ചെന്നിത്തലയ്ക്കും, ചെന്നിത്തല  ഹൈക്കമാന്റിനും,കമാന്റ്  മാഡത്തിനും സമർപ്പിക്കും.ഉടനടി കുഴിയടക്കാ‍നുള്ള നിർദേശവുമായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മുകുൾ വാസ്നിക് കേരളത്തിലേക്കു തിരിക്കും. ഒപ്പം കേരളത്തിൽ നിന്നുള്ള എട്ടു കേന്ദ്ര മന്ത്രിമാരും, ബഹു പി ടി തൊമസ് എം പിയും. ആനന്ദ ലബ്ധിക്കിനി യെന്തു വേണം. 

Wednesday, 10 July 2013

“....ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കണമെ“

               പുണ്യശ്ലോകനായ മന്ത്രി ബഹു കെ സി ജോസഫ് കുറ്റവാളിയായ സരിതയുടെ ഓഫീസ് ഉദ്ഘാടനത്തിനു പോയത് ഒന്നും അറിയാതെ.

                 സ്വന്തമായി മൊബൈൽ ഫോണൊ, ചീപ്പൊ, റ്റൂത്ബ്രഷൊ ഇല്ലാതെ നിഷ്കാമകർമം ചെയ്യുന്ന ഗാന്ധിയുടെ അരുമശിഷ്യൻ ബഹു ഉമ്മൻ ചാണ്ടി ബിജു രാധാക്രിഷ്ണനുമായി അടച്ചിട്ട മുറിയിൽ കുടുംബകാര്യങ്ങൾ ചർച്ച ചെയ്തതും,മേപ്പടിയാന്റെ കയ്യിൽ നിന്നും വണ്ടിച്ചെക്കു വാങ്ങി, ചിത്രമെടുത്തു പരസ്യപ്പെടുത്തുവാൻ പാകത്തിനു നിന്നു കൊടുത്തതും ഒന്നും അറിയാതെ.

               ജസ്റ്റീസ് കെമാൽ പാഷ സോളാർ തട്ടിപ്പുകാർക്ക് ആശംസ നേർന്ന് സന്ദേശം നൽകിയതും ഒന്നും അറിയാതെ.

               മന്ത്രിമാരും,എം എൽ എമാരും,ഉദ്യോഗസ്ഥപ്രമുഖരും സരിതയേയും, ബിജുവിനേയും പാതിരാത്രി വിളിച്ച് ഭാഗവതം വായിച്ചൂ കേൾപ്പിച്ചതും,മെസെജുകളയച്ചതും, ശാലു മേനോന്റെ വീട്ടിൽ കരിക്കു കുടിക്കാൻ പോയതും ഒന്നും അറിയാതെ. മഹാപണ്ഠിതയായ നടികർ തിലകം ശാലുവിനെ സെൻസർ ബോർഡ് അംഗമാക്കിയതും ഒന്നും അറിയാതെ.                ഭരണത്തിൽ സർക്കാരിനെ സഹായിക്കേണ്ട പൊലീസും,ഇന്റലിജൻസ് ഉദ്യോഗസ്ഥരും, എല്ലാം അറിയുന്ന അറിയിക്കുന്ന പത്രപ്രവർത്തകരും ഇത്രകാലം വായടക്കിയിരുന്നതും ഒന്നും അറിയാതെ.

“പിതാവെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോടു പൊറുക്കണമെ’


Thursday, 20 June 2013

ആരാധ്യനായ കൊച്ചി മേയർ അറിയാൻ.

   സമാരാധ്യനായ കൊച്ചി മേയർ ശ്രീ. ടോണി ചമ്മണി അറിയാൻ അങ്ങയുടെ ആരാധനാ പരിധിയിൽ വസിക്കുന്നവനും, കോർപറേഷന്റെ നികുതികൾ മുടക്കം കൂടാതെ നൽകുന്നവനുമായ ഒരു എളിയ പ്രജ എഴുതുന്നത്.നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂർവികരും,ഞങ്ങളും അങ്ങയുടെ മുൻഗാമികളെയും അങ്ങയേപ്പോലുള്ള മേയർമാരെയും ആരാധ്യരായി കരുതിപ്പോന്നു. പുതിയൊരു ഓഡറിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ ആ ആരാധന നിഷ്കരുണം നിർത്തലാക്കിയതിൽ ഞങ്ങൾ ഖിന്നരാണ്. അടുത്തിടെ അഞ്ചാം മന്ത്രി ബഹു. അലിസായ്‌വ് വിളിച്ചു ചേർത്ത യോഗം കേരളത്തിലെ ആരാധ്യരായ മേയർമാർ ബഹിഷ്കരിച്ചതിന്റെ കാരണങ്ങളിൽ ഒന്ന് സർക്കാരിന്റെ കണ്ണിൽ ചോരയില്ലാത്ത ഈ തീരുമാനം കൂടിയായതിൽ ഞങ്ങൾ ഹർഷപുളകിതരാണ്. ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.-“ലക്ഷം, ലക്ഷം പിന്നാലെ”.
                                   ആരാധിക്കാൻ ഞങ്ങൾക്ക് മുപ്പത്തുമുക്കോടി ദൈവങ്ങൾ ഉണ്ടെങ്കിലും, അവരെല്ലാം അചേതനരും, കേട്ടറിവിലൂടെ തടിയും, ശിലയും, ശില്പവുമയി എത്തിയവരുമല്ലെ. സചേതനമായ എന്തിനെയെങ്കിലും ആരാധിക്കാനുള്ള ഞങ്ങലുടെ ത്വര ശമിപ്പിക്കുവാൻ നിങ്ങളല്ലാതെ ആരാണുള്ളത്.
                                   സമരാധ്യനായ അങ്ങും, ആരാധ്യയായ ഡപ്യൂട്ടി മേയറും (മേയറുടെ സ്ത്രീലിംഗം എന്ത്?) നാടെങ്ങും നടന്ന് നാട മുറിച്ചും, തിരി തെളിച്ചും നടത്തുന്ന ഉദ്ഘാടനങ്ങളുടെയും, പ്രസംഗങ്ങളുടെയും,പ്രഭാഷണങ്ങളുടെയും, കല്യാണം,മരണം,മറ്റാഘോഷങ്ങൾ എന്നിവ നടക്കുന്നയിടങ്ങൾ സാനിധ്യം കൊണ്ട് അലങ്കരിക്കുന്നതിന്റെയും ദൃശ്യഭംഗി പത്രത്താളുകളിലും,ടിവിയിലും കണ്ട് ഞങ്ങൾ നിർവൃതിയടയ്ന്നു.
                                   നഗരത്തിലെ കുഴികളും, കാനകളും,മാലിന്യക്കൂമ്പാരങുളും, വിജനമായ ഇടങ്ങളിലെ വെള്ളക്കെട്ടുകളും കൊതുകിന്റെ പ്രജനനത്തെ ധ്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കിലും കഴിഞ്ഞ കൌൺസിലിന്റെ കാലത്തെ ഇടയ്ക്കിടെ നടത്തിക്കൊണ്ടിരുന്ന ഫോഗിങ് അങ്ങു നിർതിയതു നന്നായി. ആസ്മയുള്ളവർക്ക് അത് അലോസരമായിരുന്നു.
                                   പെരുകുന്ന കൊതുകുകളും,പടരുന്ന പകർച്ചവ്യാധികളെക്കുറിച്ചുള്ള വാർത്തകളും ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴണ് ജൂൺ 15)0 തീയതിയിലെ പത്രങ്ങളിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ പറസ്യം കണ്ടത്. ചിത്രങ്ങൽ സഹിതമുള്ള പരസ്യത്തിന് വൻ തുക ചിലവാക്കിയതു സാരമില്ല. ജനത്തിന്റെ ആരോഗ്യമാണല്ലൊ സാർ വലുത്.
                                  പരസ്യത്തിൽ ആദ്യം കാണുന്നത്  ആരോഗ്യ മന്ത്രിയുടെ ആഹ്വാനമാണ്.
 “കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികൾ ഭീഷണിയാവുകയാണ്. ഈ സന്ദർഭത്തിൽ, പരിഭ്രാന്തരാകാതെ അവയെ ഫലപ്രദമായി നേരിടുകയാണു വേണ്ടത്. പനിയൊ, അനുബന്ധ ലക്ഷണങ്ങളൊ കണ്ടാൽ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടുക.സ്വയം ചികിത്സ അരുത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വളരാ‍നുള്ള സഹചര്യങ്ങൾ തീരെ ഒഴിവാക്കുക.ഓർക്കുക ആരോഗ്യം നമ്മുടെ അവകാശം മാത്രമല്ല, കടമ കൂടിയണ്.”
                                                     ശ്രീ. വി എസ് ശിവകുമാർ.
                                                      ബഹു. ആരോഗ്യവും, ദേവസ്വവും വകുപ്പു മന്ത്രി.
                                 എത്ര മനോഹരമായ പ്രസ്താവന, എത്ര ദയാലുവയ മന്ത്രി! അശോക ചക്രവർത്തിയുടെ ശിലാ ലിഖിതങ്ങൾ ഓർമ വരുന്നു. പി സി ജോർജിനെപ്പോലുള്ള പാറമട മുതലാളിമാർ “കല്ലിന്മേൽ കല്ലു ശേഷിക്കാത്ത“ വിധം പാറകൾ പൊടിച്ചു വിൽക്കുമ്പോൾ പത്രത്തിലല്ലാതെ ഇന്നെവിടെ എഴുതും! പക്ഷെ ആരോഗ്യം ഞങ്ങുളുടെ കടമയാണെന്നുള്ള അവസാന വരിയിലൂടെ അദ്ദേഹം ഞങ്ങൾക്കിട്ടു പണിയുന്നുണ്ടോ എന്നൊരു സംശയം. മാന്യന്മാർ പേരെഴുതുമ്പോൾ ശ്രീ എന്നൊ, ബഹു എന്നൊ സ്വയം എഴുതാറില്ല. ജനങ്ങളുടെ ദുരവസ്ധയിൽ വേവലാതി പൂണ്ട് എഴുതുമ്പോൾ പ്രയോഗ വൈകല്യങ്ങൾക്കൊ, വ്യാകരണപ്പിശകിനൊ പ്രസക്തിയില്ല. എന്തെല്ലാം ജാറുകളുടെ നടുവിൽ നിന്നാണത്രെ അദ്ദേഹം ഇതെഴുതുന്നത്.സുകുമാരന്നായരുടെ ഇടങ്കോൽ, ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശം, സരിതയുടെ സൌരോർജം.
                                 
                                 ജനങ്ങൽ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ അടിയിൽ ചേർത്തിരിക്കുന്നു.
                                 1) കൊതുകുകളുടെ ഉറവിടം, കണ്ടെത്തി നശിപ്പിക്കുക.
                                 2) കൊതുകുകടി ഏൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക.
                                 3) രോഗ ലക്ഷണം കണ്ടാലുടൻ ചികിത്സ തേടുക.
                                 ആദ്യത്തേത് ആരാധ്യനായ അങ്ങു വിചാരിച്ചാൽ‌പ്പോലും നടക്കാത്തത്. ഉദാഹരണത്തിന് എന്റെ പരിസരത്ത് അഞ്ചേക്കറോളം സ്ഥലം വെള്ളം കെട്ടി, കാടു പിടിച്ചു കിടക്കുന്നു.അന്യനാട്ടിൽ കഴിയുന്ന ഉടമസ്തരോ, കോർപറേഷന്റെ അധികാരികളൊ അവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ല.സ്ഥലത്തിന്റെ വില ദിനം പ്രതി ഉയരുന്നത് ഉടമസ്തർ അറിയുന്നു.
                                 കൈയിൽ കാശുള്ളവനു ചികിത്സ തേടാം. പഠനത്തിനു ക്യാപ്പിറ്റേഷൻ ഫീയായി മുടക്കിയ തുക മുഴുവൻ ഒരു പനി സീസണിൽ തിരിച്ചുപിടിക്കാൻ ഊഴം പാർത്തിരിക്കുകയാ‍ണു ഡോക്ടർമാർ.

                                 എളുപ്പമാർഗം രണ്ടാമത്തേതാണ്. കൊതുകുകടി ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.24 മണിക്കൂറും എ സി മുറിയിൽ അടച്ചിരിക്കാൻ സാധാരണക്കാരനു കഴിയുമോ? പിന്നെ ഈഡിസ് കൊതുകുകളെ നോക്കി ഒഴിഞ്ഞു മാറി നടക്കുക.അതിനായി ഈ ഭീകര പ്രാണിയുടെ എൻലാർജ് ചെയ്ത ചിത്രവും കൊടുത്തിരിക്കുന്നു.  കശ്മലനെ കണ്ടു പേടിച്ചുപൊയവർക്ക് പേടിയകറ്റാൻ നോക്കുവനായി മന്ത്രിയദ്ദേഹത്തിന്റെ സുന്ദര സുസ്മേര വദന ചിത്രം അടുത്തായി കൊടുത്തിരിക്കുന്നു.ഈഡിസിനെ നോക്കി, ഒഴിവാക്കി മന്ദം, മന്ദം നടക്കുമ്പോൾ പിന്നിൽ നിന്നും, വശങ്ങളിൽ നിന്നും ഞങളെ കടിക്കുന്നവയിൽ ഈഡിസുണ്ടൊഎന്ന്  എങ്ങിനെ അറിയും.
                                 ഞങ്ങുളടെ വീടുകളിലെ മാലിന്യം പുലർകാലെ ഞങ്ങളെടുത്തു പുറത്തു വയ്ക്കും. നഗരത്തിൽ സുലഭമായ തെരുവുനായ്ക്കൾ വലിച്ചിഴയ്ക്കാതെ ബക്കറ്റിനു മുകളിൽ കല്ലെടുത്തു വയ്ക്കും.ജോലികഴിഞ്ഞെത്തുമ്പോൾ അതവിടെ സുരക്ഷിതമായിരുന്നാൽ എടുത്ത്  അകത്തു വയ്ക്കും. അടുത്ത ദിവസവും ഇതാവർത്തിക്കും. ചില ദിവസങ്ങളിൽ ബക്കറ്റ് ഒഴിഞ്ഞിരിക്കുന്നത് കാനുമ്പോഴും, മാസത്തിന്റെ ആദ്യ വാരത്തിൽ മാലിന്യമെടുക്കുന്നവർ പണം വാങ്ങാനെത്തുമ്പോഴും ഞങ്ങൾ മനസിലാക്കുന്നു മാലിന്യ നിർമർജനത്തിൽ അങ്ങെത്ര ശ്രദ്ധാലുവാണെന്ന്.
                                പക്ഷെ ഒരു സങ്കടം.ഞങ്ങളുടെ വീടുകളിൽ നിന്ന് പൊട്ടിയ ഗ്ലാസ് ഉപകരണങ്ങളൊ,ട്യൂബ് ലൈറ്റുകളൊ,സി എഫ് എലുകളൊ കൊണ്ടുപോകുന്നില്ല. അവ ശേഖരിയ്ക്കണ്ട ഏന്നാണ് കോർപറേഷൻ നിർദേശം നൽകിയിരിക്കുന്നതെന്ന് മാലിന്യമെടുക്കുന്നവർ പറയുന്നു. പൊതുസ്ഥലത്ത് ഇവ ഉപേക്ഷിച്ചാൽ ഞങ്ങൾ ശിക്ഷിക്കപ്പെടും. ഇവ സൂക്ഷിക്കാനുള്ള സൌകര്യം ഞങളുടെ ചെറിയ വീടുകൾക്കൊ, ഫ്ലാറ്റുകൾക്കൊ ഇല്ല. ഞങ്ങളുടെ ക്ഷേമത്തിന്റെ വഴികൾ തേടി അങ്ങ് യൂറോപ്പിലും, അമേരിക്കയ്ലും ഒക്കെ പോകുന്നതായറിയുന്നു. അവിടെനിന്നും ഇതിനൊരു വഴി കണ്ടെത്തുക.അല്ലെങ്കിൽ അവ തിന്നുതീർക്കുവാൻ ഞങ്ങളെ പഠിപ്പിക്കാൻ ഗോപിനാഥ് മുതുകാടിനെയൊ, സാമ്രാജിനെയൊ ഏർപ്പാടാക്കുക.
                                                                      വിധേയൻ, മാത്യു പി. പോൾ.

Monday, 20 May 2013

ഭാഷാപരമായ ചില ക്ലാസിക്കൽ സന്ദേഹങ്ങൾ.

    ആംഗലഭാഷയെ മേച്ചില്പുറമാക്കി മാറ്റിയ പ്രഖ്യാത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ് മാതൃഭാഷ തരുന്ന രോമഞ്ചത്തെ പരാ‍മർശിച്ചുകൊണ്ട് എഴുതി “ഒരു വശത്തു മലയാളത്തിനു ക്ലാസിക്കൽ പദവി വേണമെന്ന പൊള്ള അജന്റയുടെ പേരിൽ നേതാക്കന്മാർ കളിയ്ക്കാവുന്നിടത്തോളം കളിക്കും. മറുവശത്തു മലയാള സർവകലശാല മുതലായ ആശയങ്ങളിൽ അള്ളിപ്പിടിച്ച് ഐ എ എസ് കാരും, രാഷ്ട്രീയക്കാരും അവർക്കുവേണ്ട മേച്ചിൽ സ്ഥലങ്ങൾ തരപ്പെടുത്തും. മറ്റെല്ലാ വിഷയങ്ങുളും പോലെ ഭാഷയും ഭരണവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിയ്ക്കാനുള്ള ഒരു സംവിധാനമായി ചുരുങ്ങും. ഭാഗ്യവശാൽ ഒരു മന്ത്രിക്കും, ഒരുദ്യോഗസ്ഥനും നശിപ്പിക്കാനാവത്ത വലിയൊരു മേന്മ മാതൃഭാഷയ്ക്കുണ്ട്.”
                         എം എം മണിയുടെ മണക്കാട്ടെ പ്രസംഗത്തിന്റെ പൊരുളും,നീതിന്യായങ്ങളും, നിയമപണ്ഠിതരും,കോടതികളും തീരുമാനിക്കട്ടെ. രാഷ്ട്രീയക്കൊലകളുടെ ചരിത്രം പഠിച്ചാൽ കോൺഗ്രസും, ബി ജെ പി യും തന്നെ മുന്നിൽ. ദില്ലിയിലെ സിക്കുകാരുടെ കൂട്ടക്കുരുതി,ഗുജറാത്തിൽ മോഡി നയിച്ച കലാപം, മുംബൈയിൽ രണ്ടു പാർട്ടികളും ചേർന്നു നയിച്ച നരഹത്യ. കുന്തവും, പന്തവുമേന്തി അലറിക്കൊണ്ട് അലയായെത്തിയ അനുചരന്മാരെ പിന്നിൽ നിന്നു മാരൊ, മാരൊ എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച നേതാക്കന്മാർ ഇന്ന് ദില്ലിയിലും,അഹമ്മദബാദിലും നിരുപാധികം മന്ത്രിപ്പണിയിലേർപ്പെട്ടിരിക്കുന്നു.
                         ബിരുദങ്ങളുടെയൊ, നിയമപഠനത്തിന്റെയൊ പിൻബലമില്ലെങ്കിലും വ്യക്തമായും, ശക്തമായും കാര്യങ്ങൾ പറയാനുള്ള കഴിവ് മണിയ്ക്കുണ്ട്.അറ്റാക്കിന് ഓർഡർ കൊടുക്കുന്ന ജനറലിനേപ്പോലയല്ലെ മണിയുടെ കൌണ്ട് ഡൌൺ വൺ, ടു, ത്രി. അടുത്ത നാളിൽ മണി ഒരു പ്രസംഗത്തിൽ മന്ത്രി ആര്യാടനെ പരാമർശിച്ചുകൊണ്ടു പറഞ്ഞു. “അയാൾ ആട്ടി ആട്ടി പറഞ്ഞു കഴിയുമ്പോൾ നേരം വെളുക്കും”.പരീക്ഷയ്ക്കു  പഠിക്കുന്ന ഒരു കുട്ടി രാത്രിയിൽ ഇലക്ട്രിസിറ്റി ഇല്ലാതെ വിഷമിച്ച് ആര്യാടനെ ഫോൺ ചെയ്യുന്നത് ഒന്നു സങ്കൽ‌പ്പിക്കുക. ആര്യാടൻ  പറ്ഞ്ഞു കഴിയുമ്പോൾ നേരം വെളുക്കുകയും, കുട്ടിയുടെ സമയം നഷ്ടപ്പെടുകയും ചെയ്യും.ആര്യാടൻ സായ്‌വ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്നും,മന്ത്രിത്തൊഴിൽ അവസാനിപ്പിക്കുകയാണെന്നും പ്രസ്താവിച്ചു കണ്ടു. വയസ് 80 കഴിഞ്ഞത്രെ. പക്ഷെ  രാഷ്ട്രീയം ഉപേക്ഷിക്കാൻ സായ്‌വ് തയ്യാറല്ല. വയസായയിട്ടും ജനങ്ങളെ സേവിച്ചു മതി വന്നില്ല.
                     പ്രതിരോധമന്ത്രി ആന്റണിയുടെ ഇംങ്ളിഷ് പ്രസംഗങ്ങളും, മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്നെ പിന്നെ ചേർത്തുള്ള ഇംങ്ളിഷ് മറുപടികളും ദില്ലിയിലെ പത്രക്കാരെ കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്. ഇവർ രണ്ടാളും കർണാടകയിൽ പോയി പ്രചാരണ സമ്മേളനങ്ങളിൽ  ഇംങ്ളിഷിൽ പ്രസംഗിച്ചില്ലായിരുന്നെങ്കിൽ അവിടെ കോൺഗ്രസിന്റെ ഭൂരിപക്ഷം കൂടുമായിരുന്നു എന്നാണ് അവിടുത്തെ മലയാളി ടെക്കികൾ പറയുന്ന്ത്.കേരളത്തിനു പുറത്ത് മലയാളം പറയുവാൻ അവരെന്തിനു മടിക്കണം.സ്വാതന്ത്ര്യാനന്തരദില്ലിയിൽ തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെല്ലാം വെറും മദ്രാസികൾ ആയിരുന്ന കാലത്ത് വെള്ള ഖദർ മുണ്ടുടുത്ത്, തമിഴ് പേശി തല ഉയർത്തി നടന്ന കിംഗ് മെയ്ക്കർ കെ കാമരാജ്, എവിടെയും ഗുജറാത്തിയിലൊ, ഹിന്ദിയിലൊ  വ്യക്തതയോടെ സംസാരിക്കുന്ന നരേന്ദ്ര മോഡി (പ്രസംഗത്തിനിടെ ഉയർത്തുന്ന കരങ്ങളിൽ പുരണ്ട രെക്തക്കറ കണ്ടുകൊണ്ടു തന്നെ) എന്നിവരെ ഓർക്കുക.
                   റഷ്യ, ചൈന,ജപ്പാൻ, ലാറ്റിനമേരിക്കൻ രജ്യങ്ങൾ,യൂറോപ്യൻ രാഷ്ട്രങ്ങൾ എന്നിവകളിൽ സ്വന്തം ഭാഷകളിൽ നടക്കുന്ന ഗവേഷണങളും,പഠനങ്ങളും, ലോകമെങ്ങും അവരുഅടെ രാഷ്ട്രത്തലവന്മാർ സ്വന്തം ഭാഷയിൽ നടത്തുന്ന പ്രസംഗങ്ങളും അവരുടെ മാതൃഭാഷ സ്നേഹത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും ഫലമാണ്.സുസ്മേരവദനനായി ശശി തരൂർ ഇംങ്ളിഷിലും,മലയാളത്തിലും പ്രസംഗിക്കുന്നത് എത്ര ആത്മവിശ്വാസത്തോടെയാണ്.

Wednesday, 8 May 2013

വിനാശത്തിന്റെ ബ്രാന്റ് അംബാസഡർമാർ.



                                                                               
              കൊച്ചിയിൽ “പരിശുദ്ധ പൊന്നിനോടൊപ്പം, പട്ടിന്റെ പുതുലോകം” തുറക്കാനെത്തിയ മഹാ‍രഥന്മാരുടെ പട്ടിക കണ്ടാലും.


ഷോറൂം ഉദ്ഘാടനം. പ്രൊ. കെ. വി.തോമസ്. ബഹു.കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി (സ്വതന്ത്ര ചുമലത എന്നെഴുതേണ്ടതായിരുന്നു.)
ഭദ്രദീപം പ്രകാശനം ശ്രീ. ടോണി ചമ്മിണി, ബഹു.മേയർ കൊച്ചി കോർപറേഷൻ.(ആരാധ്യനായ എന്ന മനോഹര പ്രയോഗം, കേരള സർക്കാർ അടുത്തിടെ നിഷ്കരുണം നീക്കം ചെയ്തു)
ജൂവലറി ഉദ്ഘാടനം. ശ്രീ. ഹൈബി ഈഡൻ, ബഹു.എം. എൽ. എ.
ടെക്സ്റ്റൈൽ ഉദ്ഘാടനം. ശ്രീ. കെ. ബാബു,ബഹു.എക്സൈസ് & സിവിൽ സപ്ലൈസ് മന്ത്രി.
ഡയ്മണ്ട് ഷോറൂം ഉദ്ഘാടനം. ശ്രീ. പി. രാജീവ്, ബഹു.എം.പി.
വെഡിങ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. എസ്.ശർമ, ബഹു. എം.എൽ.എ.
കിഡ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. വി.ഡി. സതീശൻ, ബഹു.എം.എൽ.എ.
ജെന്റ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ.ബെന്നി ബെഹ്നാൻ,ബഹു. എം.എൽ.എ.
ബ്യൂട്ടി ഓഫ് ഗാലക്സി ഉദ്ഘാടനം. ശ്രീ.ഡൊമിനിക് പ്രസന്റേഷൻ,ബഹു. എം.എൽ.എ.
ഭദ്രദീപത്തിന്റെ ശേഷിക്കുന്ന തിരികൾ തെളിക്കുന്നതും, മറ്റു മംഗള കർമ്മങ്ങൾ നിർവഹിക്കുന്നവരുമായ ബഹുമാന്യരുടെ നിര നീളുകയാണ്.
മോ‍ൺ.വെരി.റെവ്.ഡോ.ഡൊമിനിക് പിൻഹീറോ, ബഹു. വികാരി ജനറൽ, കോട്ടപ്പുറം രൂപത.
വെരി.റെവ്.ഫാ.ജറോം ചമ്മിണിക്കോടത്ത്, ബഹു. പ്രൊക്യുറേറ്റർ,വരാപ്പ്ഴ അതിരൂപത.
ശ്രീ. പി എ എം ഇബ്രാഹിം, ബഹു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ്.
ശ്രീ. എൽദോസ് കുന്നപ്പള്ളി,ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ശ്രീമതി. ബി ഭദ്ര, ബഹു. ഡപ്യൂട്ടി മേയർ, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ വേണുഗോപാൽ, ബഹു.ജി സി ഡി എ ചെയർമാൻ.
ശ്രീ.കെ ജെ ജേക്കബ്, ബഹു. പ്രതിപക്ഷ നേതാവ്, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ രാധാക്രിഷ്ണൻ,ബഹു. സ്റ്റെയ്റ്റ് സെക്രട്ടറി, ബി ജെ പി.
ശ്രീ. കെ എ ജലീൽ, ബഹു.അഡി.അഡ്വക്കേറ്റ് ജനറൽ.
             കുറച്ചുകൂടി തെക്കായിരുന്നുവെങ്കിൽ വിഘടിച്ചും, അടിച്ചും കഴിയുന്ന ഒരേ സഭയുടെ രണ്ടു വിഭാഗങ്ങളുടേയും ശ്രേഷ്ടരും,പരിശുദ്ധരും ആയ തിരുമേനിമാർ കൂടി തിരി തെളിക്കുവാൻ എത്തുമായിരുന്നു.സഭയുടെ വേദികളിൽ കണ്ണോടു കണ്ണ് നോക്കത്ത ഇവരെ ഒരു വേദിയിൽ കാണുക ഇത്തരം പരിപാടികളിൽ ആയിരിക്കും.
             ഇതിൽ വികാരി ജനറലും,പ്രൊക്യുറേറ്ററും, പാർട്ടി പ്രസിഡന്റും ഒഴികെ എല്ലാ ബഹു.ക്കളും സർക്കാരിൽ നിന്നും മാസ്പടിയും,യാത്ര ബത്തയും വാങ്ങുന്നവരാണ്.ആദ്യം പറഞ്ഞവർക്കാകെട്ടെ സഭയും,പാർട്ടിയും നൽകുന്നു.
        ഈ 
ജനസേവകരുടെ മറ്റു കർമങ്ങളുടെ വ്യർഥത ഓർത്താൽ ഇതിൽ ദു:ഖിക്കാൻ ഒന്നുമില്ല. ആതിഥേയരുടെ ബിസിനസ്സിന്റെ ഹ്രസ്വകാല ബ്രാന്റ് അംബാസഡർമാരായി അവർ മാറുന്നു. സിനിമ താരങ്ങൾ ഇതിനു കണക്കു പറഞ്ഞ് കാശു വാങ്ങാറുന്ണ്ട്, മറ്റുള്ളവർ സമ്മാനങൾ കൊണ്ടു  തൃപ്തരാകുന്നു.  പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സ്വകാര്യ വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
             അഭിനയ സമ്രാട്ടെന്നും, ലെജന്ററി ആക്ടറെന്നും വാഴ്തപ്പെടുന്ന പദ്മശ്രീ, ഭരത്, ഡോക്ടർ,ലെഫ്.കേണൽ. ബഹു. മോഹൻലാൽ സ്വർണക്കടയുടെ അംബാസഡറായി കാലത്തെ ടിവിയിൽ പ്രത്യക്ഷപ്പെട്ട് ആഹ്വാനം ചെയ്യും.സ്വർണം വാങ്ങി ജീവിതം ആഘോഷിക്കുവാൻ. (celebrate the beauty of life)ഉച്ചക്കു വട്ടിപ്പണക്കാരന്റെ അംബാസഡറായെത്തി ലാലേട്ടൻ ചോദിക്കും “സ്വർണം വീട്ടിൽ വെച്ചിട്ടെന്തിന്”. പണയം വെച്ച് ആഘോഷത്തിനു പണം കണ്ടെത്താൻ.കള്ളിന്റെ അംബാസഡറായെത്തി ചോദിക്കും “വൈകിട്ടെന്താ പരിപാടി?“. എന്റെ ബ്രാന്റു തന്നെ വാങ്ങി അടിച്ച് ആഘോഷം പൂർണമാക്കുവാൻ.ടച്ചിങ്സിനു മുട്ടുണ്ടാകാതിരിക്കുവാൻ സ്വന്തം ബ്രാന്റ് അച്ചാറുകളും അദ്ദേഹം ഉണ്ടാക്കി വിൽക്കുന്നു. ആരാധകരെ നെഞ്ചോടു ചേർത്തു നിർത്തുന്ന രജനികാന്തും, കമലഹാസനും ഒരു ഉല്പന്നവും തുട്ടു വാങ്ങി  എൻഡോർസ് ചെയ്യുന്നില്ല.
             സാക്ഷരതയിലും, മദ്യ ഉപഭോഗത്തിലും, ആത്മഹത്യയിലും മലയാളി മുന്നിലാണല്ലൊ. അനുകരണവും,ആഡംബര ഭ്രമവും,അതിരുകളില്ലാത്ത മോഹങ്ങളും കടക്കെണിയിലാക്കി ആത്മഹത്യാ‍മുനമ്പിലേക്കു നയിക്കുന്ന മലയാളിയുടെ പ്രയാണത്തെ  ത്വരിതപ്പെടുത്തുവാൻ ഈ അംബാസഡർമാരും സഹായിക്കുന്നു..

Tuesday, 30 April 2013

ആരോഗ്യ ദായക അന്തോണീസ് പുണ്യവാള ഞങ്ങളെ കാക്കണെ:

                  സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജന്മാരായി നിയമിക്കുവാൻ പി എസ് സി തിരഞ്ഞെടുത്ത ഡോക്ടർമാർക്ക് പൊതുവിജ്ഞാനം ഇല്ലെന്ന്പി എസ് സി  ചെയർമാൻ സർക്കാരിനു കത്തു നൽകി. പത്ര വായനാശീലം ഇല്ലാത്തതാണത്രെ ഇതിനു കാരണം.ചോദിച്ചതാകട്ടെ മന്ത്രിത്തൊഴിലാളികളുടേയും വിപ്പന്മാരുടേയും പേരും വിലാസവും.കേരളത്തിലെ പത്രങൾ വിജ്ഞാനത്തിന്റെ അക്ഷയ ഖനികളാണല്ലോ;

                  സർക്കാർ ഡോക്ടർമാർക്കു പൊതുവിജ്ഞാനം കുറവാണെന്ന പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാക്രിഷ്ണന്റെ കത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ  മന്ത്രി വി. എസ്. ശിവകുമാർ. രണ്ടാളും ചേർന്ന് ഡോക്ടർമാർക്കു ട്യൂഷൻ
തുടങിയുട്ടുണ്ടാകുമെന്നു കരുതാം.മന്ത്രിയുടെ പീഡനത്തിനു ശമനമുണ്ടായതും, വിപ്പിന്റെ വായ്ത്താരി കുറഞ്ഞതും കാരണം മുഖ്യനു സമയം ധാ‍രാളം.

                കഴിഞ്ഞ തവണ എഴുത്തുപരീക്ഷയുടെ അടിസ്താനത്തിൽ 3500 പേരുടെ പട്ടിക പ്രസിധ്ധീകരിച്ചു.പരീക്ഷയിൽ പൂജ്യം മാർക്കു ലഭിച്ച ഡോക്ടർമാർക്കും നിയമന ഉത്തരവു നൽകി. അന്നു നടത്തിയ പരീക്ഷ വൈദ്യശാസ്ത്രത്തെ അടിസ്താനമാ‍ക്കി ആയിരുന്നു.പൂജ്യവാന്മാർ നമ്മുടെ സർക്കാർ ആശുപത്രികളിൽ ചികിത്സ നിർബാധം തുടരുന്നു.ആരോഗ്യ ദായക അന്തോണീസ് പുണ്യവാള ഞങ്ങളെ കാക്കണെ:

                 ആവശ്യത്തിനു ഡോക്ടർമാരെ കിട്ടാതെ വന്നതുകൊണ്ടാണ് ഇത്തവണ എഴുത്തു പരീക്ഷ ഒഴിവാക്കി ഇന്റർവ്യൂ മത്രമാക്കി നിയമനം നടത്തിയത്.