Monday 20 May 2013

ഭാഷാപരമായ ചില ക്ലാസിക്കൽ സന്ദേഹങ്ങൾ.

    ആംഗലഭാഷയെ മേച്ചില്പുറമാക്കി മാറ്റിയ പ്രഖ്യാത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ് മാതൃഭാഷ തരുന്ന രോമഞ്ചത്തെ പരാ‍മർശിച്ചുകൊണ്ട് എഴുതി “ഒരു വശത്തു മലയാളത്തിനു ക്ലാസിക്കൽ പദവി വേണമെന്ന പൊള്ള അജന്റയുടെ പേരിൽ നേതാക്കന്മാർ കളിയ്ക്കാവുന്നിടത്തോളം കളിക്കും. മറുവശത്തു മലയാള സർവകലശാല മുതലായ ആശയങ്ങളിൽ അള്ളിപ്പിടിച്ച് ഐ എ എസ് കാരും, രാഷ്ട്രീയക്കാരും അവർക്കുവേണ്ട മേച്ചിൽ സ്ഥലങ്ങൾ തരപ്പെടുത്തും. മറ്റെല്ലാ വിഷയങ്ങുളും പോലെ ഭാഷയും ഭരണവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിയ്ക്കാനുള്ള ഒരു സംവിധാനമായി ചുരുങ്ങും. ഭാഗ്യവശാൽ ഒരു മന്ത്രിക്കും, ഒരുദ്യോഗസ്ഥനും നശിപ്പിക്കാനാവത്ത വലിയൊരു മേന്മ മാതൃഭാഷയ്ക്കുണ്ട്.”
                         എം എം മണിയുടെ മണക്കാട്ടെ പ്രസംഗത്തിന്റെ പൊരുളും,നീതിന്യായങ്ങളും, നിയമപണ്ഠിതരും,കോടതികളും തീരുമാനിക്കട്ടെ. രാഷ്ട്രീയക്കൊലകളുടെ ചരിത്രം പഠിച്ചാൽ കോൺഗ്രസും, ബി ജെ പി യും തന്നെ മുന്നിൽ. ദില്ലിയിലെ സിക്കുകാരുടെ കൂട്ടക്കുരുതി,ഗുജറാത്തിൽ മോഡി നയിച്ച കലാപം, മുംബൈയിൽ രണ്ടു പാർട്ടികളും ചേർന്നു നയിച്ച നരഹത്യ. കുന്തവും, പന്തവുമേന്തി അലറിക്കൊണ്ട് അലയായെത്തിയ അനുചരന്മാരെ പിന്നിൽ നിന്നു മാരൊ, മാരൊ എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച നേതാക്കന്മാർ ഇന്ന് ദില്ലിയിലും,അഹമ്മദബാദിലും നിരുപാധികം മന്ത്രിപ്പണിയിലേർപ്പെട്ടിരിക്കുന്നു.
                         ബിരുദങ്ങളുടെയൊ, നിയമപഠനത്തിന്റെയൊ പിൻബലമില്ലെങ്കിലും വ്യക്തമായും, ശക്തമായും കാര്യങ്ങൾ പറയാനുള്ള കഴിവ് മണിയ്ക്കുണ്ട്.അറ്റാക്കിന് ഓർഡർ കൊടുക്കുന്ന ജനറലിനേപ്പോലയല്ലെ മണിയുടെ കൌണ്ട് ഡൌൺ വൺ, ടു, ത്രി. അടുത്ത നാളിൽ മണി ഒരു പ്രസംഗത്തിൽ മന്ത്രി ആര്യാടനെ പരാമർശിച്ചുകൊണ്ടു പറഞ്ഞു. “അയാൾ ആട്ടി ആട്ടി പറഞ്ഞു കഴിയുമ്പോൾ നേരം വെളുക്കും”.പരീക്ഷയ്ക്കു  പഠിക്കുന്ന ഒരു കുട്ടി രാത്രിയിൽ ഇലക്ട്രിസിറ്റി ഇല്ലാതെ വിഷമിച്ച് ആര്യാടനെ ഫോൺ ചെയ്യുന്നത് ഒന്നു സങ്കൽ‌പ്പിക്കുക. ആര്യാടൻ  പറ്ഞ്ഞു കഴിയുമ്പോൾ നേരം വെളുക്കുകയും, കുട്ടിയുടെ സമയം നഷ്ടപ്പെടുകയും ചെയ്യും.ആര്യാടൻ സായ്‌വ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്നും,മന്ത്രിത്തൊഴിൽ അവസാനിപ്പിക്കുകയാണെന്നും പ്രസ്താവിച്ചു കണ്ടു. വയസ് 80 കഴിഞ്ഞത്രെ. പക്ഷെ  രാഷ്ട്രീയം ഉപേക്ഷിക്കാൻ സായ്‌വ് തയ്യാറല്ല. വയസായയിട്ടും ജനങ്ങളെ സേവിച്ചു മതി വന്നില്ല.
                     പ്രതിരോധമന്ത്രി ആന്റണിയുടെ ഇംങ്ളിഷ് പ്രസംഗങ്ങളും, മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്നെ പിന്നെ ചേർത്തുള്ള ഇംങ്ളിഷ് മറുപടികളും ദില്ലിയിലെ പത്രക്കാരെ കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്. ഇവർ രണ്ടാളും കർണാടകയിൽ പോയി പ്രചാരണ സമ്മേളനങ്ങളിൽ  ഇംങ്ളിഷിൽ പ്രസംഗിച്ചില്ലായിരുന്നെങ്കിൽ അവിടെ കോൺഗ്രസിന്റെ ഭൂരിപക്ഷം കൂടുമായിരുന്നു എന്നാണ് അവിടുത്തെ മലയാളി ടെക്കികൾ പറയുന്ന്ത്.കേരളത്തിനു പുറത്ത് മലയാളം പറയുവാൻ അവരെന്തിനു മടിക്കണം.സ്വാതന്ത്ര്യാനന്തരദില്ലിയിൽ തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെല്ലാം വെറും മദ്രാസികൾ ആയിരുന്ന കാലത്ത് വെള്ള ഖദർ മുണ്ടുടുത്ത്, തമിഴ് പേശി തല ഉയർത്തി നടന്ന കിംഗ് മെയ്ക്കർ കെ കാമരാജ്, എവിടെയും ഗുജറാത്തിയിലൊ, ഹിന്ദിയിലൊ  വ്യക്തതയോടെ സംസാരിക്കുന്ന നരേന്ദ്ര മോഡി (പ്രസംഗത്തിനിടെ ഉയർത്തുന്ന കരങ്ങളിൽ പുരണ്ട രെക്തക്കറ കണ്ടുകൊണ്ടു തന്നെ) എന്നിവരെ ഓർക്കുക.
                   റഷ്യ, ചൈന,ജപ്പാൻ, ലാറ്റിനമേരിക്കൻ രജ്യങ്ങൾ,യൂറോപ്യൻ രാഷ്ട്രങ്ങൾ എന്നിവകളിൽ സ്വന്തം ഭാഷകളിൽ നടക്കുന്ന ഗവേഷണങളും,പഠനങ്ങളും, ലോകമെങ്ങും അവരുഅടെ രാഷ്ട്രത്തലവന്മാർ സ്വന്തം ഭാഷയിൽ നടത്തുന്ന പ്രസംഗങ്ങളും അവരുടെ മാതൃഭാഷ സ്നേഹത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും ഫലമാണ്.സുസ്മേരവദനനായി ശശി തരൂർ ഇംങ്ളിഷിലും,മലയാളത്തിലും പ്രസംഗിക്കുന്നത് എത്ര ആത്മവിശ്വാസത്തോടെയാണ്.

Wednesday 8 May 2013

വിനാശത്തിന്റെ ബ്രാന്റ് അംബാസഡർമാർ.



                                                                               
              കൊച്ചിയിൽ “പരിശുദ്ധ പൊന്നിനോടൊപ്പം, പട്ടിന്റെ പുതുലോകം” തുറക്കാനെത്തിയ മഹാ‍രഥന്മാരുടെ പട്ടിക കണ്ടാലും.


ഷോറൂം ഉദ്ഘാടനം. പ്രൊ. കെ. വി.തോമസ്. ബഹു.കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി (സ്വതന്ത്ര ചുമലത എന്നെഴുതേണ്ടതായിരുന്നു.)
ഭദ്രദീപം പ്രകാശനം ശ്രീ. ടോണി ചമ്മിണി, ബഹു.മേയർ കൊച്ചി കോർപറേഷൻ.(ആരാധ്യനായ എന്ന മനോഹര പ്രയോഗം, കേരള സർക്കാർ അടുത്തിടെ നിഷ്കരുണം നീക്കം ചെയ്തു)
ജൂവലറി ഉദ്ഘാടനം. ശ്രീ. ഹൈബി ഈഡൻ, ബഹു.എം. എൽ. എ.
ടെക്സ്റ്റൈൽ ഉദ്ഘാടനം. ശ്രീ. കെ. ബാബു,ബഹു.എക്സൈസ് & സിവിൽ സപ്ലൈസ് മന്ത്രി.
ഡയ്മണ്ട് ഷോറൂം ഉദ്ഘാടനം. ശ്രീ. പി. രാജീവ്, ബഹു.എം.പി.
വെഡിങ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. എസ്.ശർമ, ബഹു. എം.എൽ.എ.
കിഡ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ. വി.ഡി. സതീശൻ, ബഹു.എം.എൽ.എ.
ജെന്റ്സ് സെക്ഷൻ ഉദ്ഘാടനം. ശ്രീ.ബെന്നി ബെഹ്നാൻ,ബഹു. എം.എൽ.എ.
ബ്യൂട്ടി ഓഫ് ഗാലക്സി ഉദ്ഘാടനം. ശ്രീ.ഡൊമിനിക് പ്രസന്റേഷൻ,ബഹു. എം.എൽ.എ.
ഭദ്രദീപത്തിന്റെ ശേഷിക്കുന്ന തിരികൾ തെളിക്കുന്നതും, മറ്റു മംഗള കർമ്മങ്ങൾ നിർവഹിക്കുന്നവരുമായ ബഹുമാന്യരുടെ നിര നീളുകയാണ്.
മോ‍ൺ.വെരി.റെവ്.ഡോ.ഡൊമിനിക് പിൻഹീറോ, ബഹു. വികാരി ജനറൽ, കോട്ടപ്പുറം രൂപത.
വെരി.റെവ്.ഫാ.ജറോം ചമ്മിണിക്കോടത്ത്, ബഹു. പ്രൊക്യുറേറ്റർ,വരാപ്പ്ഴ അതിരൂപത.
ശ്രീ. പി എ എം ഇബ്രാഹിം, ബഹു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ്.
ശ്രീ. എൽദോസ് കുന്നപ്പള്ളി,ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ശ്രീമതി. ബി ഭദ്ര, ബഹു. ഡപ്യൂട്ടി മേയർ, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ വേണുഗോപാൽ, ബഹു.ജി സി ഡി എ ചെയർമാൻ.
ശ്രീ.കെ ജെ ജേക്കബ്, ബഹു. പ്രതിപക്ഷ നേതാവ്, കൊച്ചി കോർപറേഷൻ.
ശ്രീ.എൻ രാധാക്രിഷ്ണൻ,ബഹു. സ്റ്റെയ്റ്റ് സെക്രട്ടറി, ബി ജെ പി.
ശ്രീ. കെ എ ജലീൽ, ബഹു.അഡി.അഡ്വക്കേറ്റ് ജനറൽ.
             കുറച്ചുകൂടി തെക്കായിരുന്നുവെങ്കിൽ വിഘടിച്ചും, അടിച്ചും കഴിയുന്ന ഒരേ സഭയുടെ രണ്ടു വിഭാഗങ്ങളുടേയും ശ്രേഷ്ടരും,പരിശുദ്ധരും ആയ തിരുമേനിമാർ കൂടി തിരി തെളിക്കുവാൻ എത്തുമായിരുന്നു.സഭയുടെ വേദികളിൽ കണ്ണോടു കണ്ണ് നോക്കത്ത ഇവരെ ഒരു വേദിയിൽ കാണുക ഇത്തരം പരിപാടികളിൽ ആയിരിക്കും.
             ഇതിൽ വികാരി ജനറലും,പ്രൊക്യുറേറ്ററും, പാർട്ടി പ്രസിഡന്റും ഒഴികെ എല്ലാ ബഹു.ക്കളും സർക്കാരിൽ നിന്നും മാസ്പടിയും,യാത്ര ബത്തയും വാങ്ങുന്നവരാണ്.ആദ്യം പറഞ്ഞവർക്കാകെട്ടെ സഭയും,പാർട്ടിയും നൽകുന്നു.
        ഈ 
ജനസേവകരുടെ മറ്റു കർമങ്ങളുടെ വ്യർഥത ഓർത്താൽ ഇതിൽ ദു:ഖിക്കാൻ ഒന്നുമില്ല. ആതിഥേയരുടെ ബിസിനസ്സിന്റെ ഹ്രസ്വകാല ബ്രാന്റ് അംബാസഡർമാരായി അവർ മാറുന്നു. സിനിമ താരങ്ങൾ ഇതിനു കണക്കു പറഞ്ഞ് കാശു വാങ്ങാറുന്ണ്ട്, മറ്റുള്ളവർ സമ്മാനങൾ കൊണ്ടു  തൃപ്തരാകുന്നു.  പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സ്വകാര്യ വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
             അഭിനയ സമ്രാട്ടെന്നും, ലെജന്ററി ആക്ടറെന്നും വാഴ്തപ്പെടുന്ന പദ്മശ്രീ, ഭരത്, ഡോക്ടർ,ലെഫ്.കേണൽ. ബഹു. മോഹൻലാൽ സ്വർണക്കടയുടെ അംബാസഡറായി കാലത്തെ ടിവിയിൽ പ്രത്യക്ഷപ്പെട്ട് ആഹ്വാനം ചെയ്യും.സ്വർണം വാങ്ങി ജീവിതം ആഘോഷിക്കുവാൻ. (celebrate the beauty of life)ഉച്ചക്കു വട്ടിപ്പണക്കാരന്റെ അംബാസഡറായെത്തി ലാലേട്ടൻ ചോദിക്കും “സ്വർണം വീട്ടിൽ വെച്ചിട്ടെന്തിന്”. പണയം വെച്ച് ആഘോഷത്തിനു പണം കണ്ടെത്താൻ.കള്ളിന്റെ അംബാസഡറായെത്തി ചോദിക്കും “വൈകിട്ടെന്താ പരിപാടി?“. എന്റെ ബ്രാന്റു തന്നെ വാങ്ങി അടിച്ച് ആഘോഷം പൂർണമാക്കുവാൻ.ടച്ചിങ്സിനു മുട്ടുണ്ടാകാതിരിക്കുവാൻ സ്വന്തം ബ്രാന്റ് അച്ചാറുകളും അദ്ദേഹം ഉണ്ടാക്കി വിൽക്കുന്നു. ആരാധകരെ നെഞ്ചോടു ചേർത്തു നിർത്തുന്ന രജനികാന്തും, കമലഹാസനും ഒരു ഉല്പന്നവും തുട്ടു വാങ്ങി  എൻഡോർസ് ചെയ്യുന്നില്ല.
             സാക്ഷരതയിലും, മദ്യ ഉപഭോഗത്തിലും, ആത്മഹത്യയിലും മലയാളി മുന്നിലാണല്ലൊ. അനുകരണവും,ആഡംബര ഭ്രമവും,അതിരുകളില്ലാത്ത മോഹങ്ങളും കടക്കെണിയിലാക്കി ആത്മഹത്യാ‍മുനമ്പിലേക്കു നയിക്കുന്ന മലയാളിയുടെ പ്രയാണത്തെ  ത്വരിതപ്പെടുത്തുവാൻ ഈ അംബാസഡർമാരും സഹായിക്കുന്നു..