Saturday 12 September 2015

ശുനകനോ അതോ ശുംഭനോ ?

 
                                                                                                                     

                                  വിവാഹത്തിനു ക്ഷണിക്കാനെത്തിയ യുവതിയോട് കമല സുരയ്യ ചോദിച്ചു "കുട്ടി എന്തിനാണ് വിവാഹം കഴിക്കുന്നത്?"  "സ്നേഹി
ക്കാന്‍".യുവതിയുടെ മറുപടി കേട്ട സുരയ്യ പറഞ്ഞു. "സ്നേഹിക്കാനാണെങ്കില്‍ നായ്ക്കുട്ടിയെ വളര്‍ത്തിയാല്‍ പോരേ?"
                                പരിധികളില്ലാതെ മനുഷ്യനെ സ്നേഹിക്കുന്ന നായ്ക്കള്‍ ഇന്ന് കേരളത്തില്‍ വാര്‍ത്തകളില്‍ നിറയുന്നത് തെറ്റായ കാരണങ്ങളാലാണ്. തെരുവു നായ്ക്കളുടെ ശതൃക്കളും മിത്രങ്ങളുമായി രണ്ടു ചേരികളില്‍ നിന്ന്‍ മലയാളികള്‍ വാക് പോരു നടത്തുമ്പോള്‍ നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളും, നിറയുന്ന കീശകളുമായി ഭരണാധികാരികള്‍ നിഷ്ക്രിയത്വം തുടരുന്നു.
                          തെരുവില്‍ അലയുന്ന നായ്ക്കളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തം, ഇവയെല്ലാം ഒരു കാലത്ത് വീടുകളില്‍ വളര്‍ന്നവ ആയിരുന്നു. അല്ലെങ്കില്‍ അങ്ങനെയുള്ള നായ്ക്കളുടെ തെരുവില്‍ പിറന്ന സന്തതികള്‍. വീടുകാവലിനും, വെറുതെ പത്രാസിനും, നമ്മള്‍ വാങ്ങി പോറ്റിയ നായ്ക്കള്‍ 
രോഗവും, വാര്‍ദ്ധക്യവും ബാധിച്ചപ്പോള്‍, വീടുമാറി പോയപ്പോള്‍ ഒക്കെ നാം തെരുവില്‍ ഉപേക്ഷിച്ചവ. നമ്മള്‍ തെരുവിലേക്കു വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നു ജീവിക്കുന്നവര്‍. നമ്മള്‍ കൊന്നു തിന്നുന്ന പക്ഷി മൃഗാദികളൂടെ ചോര ഓടയില്‍ ഒഴുക്കുമ്പോള്‍ അത് കുടിച്ച് കൊഴുക്കുന്നവ.        
                     നായ് സ്നേഹികളും, വിരോധികളുമായി ചേരി തിരിഞ്ഞു നില്‍ക്കുന്നവര്‍ക്കിടയില്‍ കടന്നു കയറി മുതലെടുപ്പിനും, പ്രശസ്തിയ്ക്കും ശ്രമിക്കുന്ന കൃമികളാണ് ഈ വിഷയം വഷളാക്കുന്നത്. ഏറണാകുളത്തെ ശ്വാന പ്രിയരേ അപ്രിയരാക്കിയത് കാഴ്ചയില്‍ ആണോ, പെണ്ണോ എന്നറിയാന്‍  കഴിയാത്തവളും, ഇംഗ്ളീഷോ, മലയാളമോ അല്ലാത്ത  ഭാഷ സംസാരിക്കുന്നവളും ആയ ഒരു സ്ത്രീയാണ്.("She speaks neither English nor Malayalam" - Mary Roy}
                 വീട്ടു വരാന്തയില്‍ വച്ചു തെരുവുനായ കടിച്ച ദേവ നന്ദനനെ കാണാന്‍ ആദ്യമെത്തിയത്‌ നായ് വിഷയത്തില്‍ അധര വ്യായാമമൊഴികെ ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി ആയിരുന്നു. പുറമേ സ്യൂപ്പര്‍ സ്ടാറിന്‍റെ സഹായ വാഗ്ദാനമെത്തി. ആശുപത്രിയില്‍ ഇടിച്ചു കയറി കുട്ടിക്കൊപ്പം സെല്‍ ഫിയെടുക്കുന്നവരുടെ എണ്ണം കുടി വന്നപ്പോള്‍ ആശുപത്രി അധികൃതര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
                സെപ്തംബര്‍ പത്താം തീയതി തിരുവനംതപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സത്യാഗ്രഹം നടത്തിയ നായ് സ്നേഹികള്‍ക്ക് നേരെ വായ്‌ മൂടിക്കെട്ടി പ്രകടനമായെത്തിയ എതിര്‍വിഭാഗം വായ് മൂടികള്‍ക്കിടയിലൂടെ തെറി വിളികളൂമായിട്ടാണ് സത്യാഗ്രഹികളെ നേരിട്ടത്. രണ്ടും ഗാന്ധി ശിഷ്യന്മാര്‍.
              വാര്‍ത്തകളും, പ്രസ്താവനകളും തുടരുമ്പോഴും നായ്ക്കള്‍ കടി തുടരുന്നു.-  നിസ്സഹായരായ ജനങ്ങള്‍, പാവം പട്ടികള്‍,ഭരിക്കുന്ന ശുംഭന്‍മാര്‍ .