Friday 23 June 2017

മമ്മൂഞ്ഞ് സിണ്ട്രം മെട്രോക്ക് വിന ആകുന്നു.

വൈക്കം മുഹമ്മദ്‌ ബഷിറിന്റെ ഐതിഹാസിക കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞിനെ നാമെല്ലാം ചേര്‍ന്ന് ക്ലീഷേ ആക്കി മാറ്റിയെങ്കിലും,കൊച്ചി മെട്രോയുടെ പിതൃത്വം അവകാശ പ്പെട്ട് ജൂണ്‍ ഇരുപതാം തിയതി കോണ്ഗ്രസ്കാര്‍ കൊച്ചിയില്‍ നടത്തിയ അപഹാസ്യമായ പ്രകടനം കണ്ടാല്‍ അവരെ മമ്മൂഞ്ഞിനോടല്ലാതെ ആരോട് ഉപമിക്കും.തലയില്‍ ആള്‍ പാര്‍പ്പില്ലാത്ത കോണ്ഗ്രസുകാര്‍ ഇതിലപ്പുറം തറയാകും,എന്നാല്‍ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ഇതു മുന്കൂട്ടി കാണേണ്ടതായിരുന്നു.കോണ്ഗ്രസിന്റെ അരുമ സന്തതികളെ ഒന്നൊന്നായി പിതൃശുന്യര്‍ ആക്കി കൌശലക്കാരന്‍ ആയ മോദി എന്ന മമ്മൂഞ്ഞ് അവരുടെ പിതൃത്വം അവകാശപ്പെട്ട് ഞെളിയുമ്പോള്‍ ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാന്‍ ഒരു ശ്രമവും നടത്താതെ ഇത്തരം കോമാളിത്തരം കാട്ടി നാണം കെട്ടിട്ടും ഇന്നു ന്യയീകരണവുമായി ഇറങ്ങിയ കോണ്ഗ്രസ് നേതൃത്വത്തെ ഓര്‍ത്ത് ലജ്ജിക്കാം . ആധാറും,ജന് ധന് യോജനയും മോദി ചുളുവില്‍ അടിച്ചുമാറ്റിയ കൊണ്ഗ്രസിന്റെ പദ്ധതികള്‍ ആണ്. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ നന്ദന്‍ നിലെക്കനി ആധാറിനായി ഒത്തിരി വിയര്‍പ്പൊഴുക്കി. 2009ല്‍ Financial Inclusion എന്ന ആശയം മൂന്നോട്ടു വച്ചത് അന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന സുബ്ബ റാവു ആയിരുന്നു. ഇതിനായി ആദ്യം തി രഞ്ഞടുത്തതാകട്ടെ എറണാകുളം ജില്ലയും. 2010ല്‍ എറണാകുളം ജില്ലയെ എല്ലാ ജനങ്ങള്‍ക്കും ബാങ്ക് അക്കൌന്റ് ഉള്ള ജില്ലയായി പ്രഖ്യാപിച്ചു. ആ പ്രവര്ത്തനങ്ങളില്‍ സഹകരിക്കാന്‍ എനിക്കും അവസരം ഉണ്ടായി. 2011ല്‍ തിരുവന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് കേരളത്തെ എല്ലാവര്ക്കും ബാങ്ക് അക്കൌന്റ് ഉള്ള ആദ്യ സംസ്ഥാനം ആയി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കു മ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ധനമന്ത്രി കെ എം മാണിയും സന്നിഹിതര്‍ ആയിരുന്നു. ഇതിന്‍റെ രേഖകള്‍ എല്ലാ ബാങ്കുകളുടെയും സോണല്‍ ഓഫീസുകളിലും, റിസര്‍വ് ബാങ്കിന്‍റെ ഏറണാകുളം, തിരുവനന്തപുരം ഓഫീസുകളിലും ഉണ്ട്. ഇതു തുറന്നു പറയാനുള്ള ധൈര്യം ബാന്കുകളുടെ നട്ടെല്ലില്ലാത്ത നേതൃത്വത്തിനുണ്ടാവില്ല.സ്വന്തം പദ്ധതികളുടെ പിതൃത്വം കുതന്ത്രങ്ങളിലുടെ മോദി തട്ടിയെടുക്കുമ്പോള്‍ സത്യം ജനങ്ങളെ അറിയിക്കാന്‍ ഒരു ശ്രമവും നടത്താതെ ഇതു പോലുള്ള തറപ്പരിപാടികളുമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ അവര്‍ കൊണ്ഗ്രസില്‍ നിന്ന് ഇനിയും അകലും.
mathewpaulvayalil.blogspot.in