Thursday 30 January 2014

ഗാന്ധിജിയുടെ അരുമ ശിഷ്യൻ എം എം ജി, ഹസ്സൻജിയുടെ ശ്രദ്ധയ്ക്ക്.

           ഖദർ ധാരിയും,സസ്യാഹാരിയും, മദ്യവിരോധിയും, പച്ചവെള്ളം ചവച്ചുമാത്രം കുടിക്കുന്നവനും,ഗാന്ധിജിയുടെ അവശേഷിയ്ക്കുന്ന അരുമ ശിഷ്യന്മാരിൽ ഒരാളുമായ എം എം ഹസ്സൻജി അടുത്തിടെ തിരുവനന്തപുരത്തെ ഗാന്ധി പാർക്കിൽ ഒരു സത്യാഗ്രഹം നടത്തി.ഗാന്ധിജിയുടെ പ്രതിമയെ നോക്കി ജല പാനമില്ലാതെ 12 മണിക്കൂർ ഒറ്റ ഇരിപ്പായിരുന്നു.സെക്രറ്ററിയേറ്റ് നടയിലെ പ്രകടനങ്ങളും, സത്യാഗ്രഹങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ സഹന സമരം. - പ്രത്യേകിച്ചും, പ്രതിപക്ഷതിന്റെ. ജനജീവിതത്തിനു തടസമാകുന്ന സമരങ്ങൾ, പ്രകടനങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഹസ്സൻജി സമാനമായ ഒരു സമരം മുൻപും നടത്തിയിട്ടുണ്ട്. മനുഷ്യസ്നേഹികളായ ഒരുപാടു പേർ അദ്ദേഹത്തിനു പിന്തുണയുമായെത്തി.-മന്ത്രി പുംഗവൻമാർ,എം പി മാർ, എം എൽ എ മാർ,കർദിനാളന്മാർ, മെത്രാൻ തിരുമേനിമാർ, മൊല്ലാക്കമാർ, തന്ത്രിമാർ.
           അതിനടുത്ത ആഴ്ച ആലപ്പുഴജില്ലയിലെ പല വഴികളിലൂടെ ഒരു യുവ നേതാവ് (കോമാളി എന്നു പിണറായി) ഗതാഗതം തടസപ്പെടുത്തി പ്രകടനം നയിച്ചു. ടിയാൻ പൊലീസ് ജീപ്പിന്റെ മണ്ടയിൽ കയറി 5 കിലോ മീറ്റർ യാത്രയും നടത്തി.തന്റെ കിങ്കരന്മാരിൽ ചിലരെ ജീപ്പിന്റെ മുകളിൽ വലിച്ചുകയറ്റി.ജീപ്പിന്റെ മേൽത്തട്ടിനു കേടു വരുത്തി. പൊലീസ് ജീപ്പാ‍ണെന്നാറിതയാണ് ആ പാവം വലിഞ്ഞു കയറിയതെന്നാണത്രെ അനുചരൻമാരുടെ ഭാഷ്യം. ജീപ്പിന്റെ മുൻപിലും, പിറകിലും ചുവന്ന ലിപികളിൽ എഴുതി വച്ചിരിരിക്കുന്നതു വായിക്കാനുള്ള വിദ്യഭ്യാസം അദ്ദേഹത്തിനില്ലെ?.അങ്ങിനയെങ്കിൽ, സുബ്രമണ്യം സ്വാമിയുടെ ചോദ്യം പ്രസക്തമാവുകയാണ്.
            മഹാത്മാവേ, ഹസ്സൻജി അങ്ങിതു കണ്ടില്ലെ? ഹസൻജിക്കു പിന്തുണയുമായെത്തിയ തിരുമനസുകൾ എവിടെ? ഗതാഗത നിയമ ലംഘകരെ കൈയോടെ പിടിക്കൻ മീശ പിരിച്ചു നടക്കുന്ന സിങ്ജി അങ്ങെവിടെ? അങ്ങയുടെ മീശ പേടിച്ചരണ്ട നായുടെ വാലു പോലെ കീഴ്പോട്ടു വളഞ്ഞൊ?

Sunday 26 January 2014

കുമാർ വിശ്വാസിനെ കല്ലെറിയുമ്പോൾ.

   കുമാർ വിശ്വാസ് അങ്ങിനെ കേരളത്തിലും പ്രസിദ്ധനായി.മഹാകവി വാജ്പൈയെപ്പോലെ, സമകാലികരായ മറ്റു ഹിന്ദി കവികളെപ്പോലെ വട്ടമിട്ടിരുന്നു ഹുക്ക വലിയ്ക്കുന്ന ആസ്വാദകരുടെ “വാഹ്ജി വാഹ്“ വിളികൾക്കിടയിൽ പാടുന്ന ഹിന്ദി കവിതകൾ പോലെ തന്നെ  വിശ്വാസിന്റെ കവിതയും.ഈ കവിതകളെ “തുള്ളി നീലം ഹായ്” എന്ന പരസ്യ കവിതയോട് ഉപമിച്ചത് ഒ വി വിജയനാണ്. 
      “പണ്ട് പണ്ട് ഓന്തുകൾക്കും, ഡൈനസോറുകൾക്കും മുൻപ്’,ആപ്പിന്റെ രൂപീകരണത്തിനും ദില്ലി ഭരണത്തിനും മുൻപ്, വെറുമൊരു സരസകവിയായി കുമാർ വിശ്വാസ് പാടി നടന്ന കാലത്ത്  ചൊല്ലിയ ഒരു കവിതയെക്കുറിച്ച് എന്തിനീ പൊല്ലാപ്പ്.
             പ്രതിഷേധവുമായി തെരുവിലിറങ്ങിയവർ ആരൊക്കെയാണ്? സ്ത്രീ വിമോചന സംഘംങ്ങൾ, നേഴ്സുമാരുടെ സംഘടനകൾ, യൂത്തു കോൺഗ്രസുകാർ. കേരള മുഖ്യ മന്ത്രി പ്രതിഷേധം അറിയിച്ചു. കേന്ദ്ര വനിത 
കമ്മീഷൻ വിശ്വാസിനു നോട്ടീസ് അയച്ചു. അൽഫോൻസ് കണ്ണന്താനം നിയമ നടപടികൾ ആരംഭിച്ചു.
             യൂത്തു കോൺഗ്രസുകാർ ആപ്പിന്റെ കൊച്ചിയിലെ ഓഫീസ് തല്ലിത്തകർത്ത് കരി ഓയിൽ ഒഴിച്ചു. കരി ഓയിൽ അവരുടെ പരമ്പരാഗതമായ ആയുധമാണല്ലൊ. തിരുവനന്തപുരത്ത് അവർ ചെറുപ്പക്കാരനായ, പിന്നോക്കക്കാരനായ ഒരു ഐ എ എസ് ഓഫീസറെ കൈയേറ്റം ചെയ്ത് കരി ഓയിൽ അഭിഷേകം ചെയ്തു പ്രതിഷേധിച്ചത് ഒരു വർഷം മുൻപാണ്. യൂത്തു കോൺഗ്രസുകാർക്കെതിരെ നടപടികൾക്കായി മുറവിളി ഉയർന്നപ്പോൾ മുഖ്യ മന്ത്രി പറഞ്ഞു. “നിയമം നിയമത്തിന്റെ വഴിക്കു പോകും” ഇപ്പോഴും നിയമം ആ വഴിക്കു തന്നെയാകും.
             കുമാർ വിശ്വാസ് നിരുപാധികം ക്ഷമ പറഞ്ഞു. നേഴ്സുമാരുടെ ജോലിയുടെ മഹത്വവും,സേവന സന്നാദ്ധതയും,സഹനവും,ത്യാഗവും ഉയർത്തിക്കാട്ടി തെരുവിലിറങ്ങിയവരാരും ചൂഷണത്തിനെതിരെ  തെരുവിലിറങ്ങിയപ്പോൾ അവരെ സഹായിക്കാൻ മുന്നോട്ടുവന്നവരല്ല.
              നേഴ്സുമാരുടെ തൊഴിലിന്റെ മഹത്വം അംഗീകരിയ്ക്കുമ്പോഴും ആതുര സേവനത്തിന്റെ ത്വര ഒന്നുകൊണ്ടുമാത്രം ഈ തൊഴിലിൽ എത്തിപ്പെട്ടവരാണ് എല്ലാവരും എന്ന വാദം അംഗീകരിക്കാൻ കഴിയില്ല.വിശപ്പിന്റെ വിളികേട്ടുള്ള പുറപ്പാടാണ് പലരേയും ഈ തൊഴിലിൽ എത്തിച്ചത്.
            അപക്വമായ മനസ്സിന്റെ അടിയിലെ ആശാസ്യമല്ലാത്ത വർണവ്യത്യാസത്തിന്റെ ധ്വനിയെ ന്യായീകരിക്കാൻ കഴിയില്ല.കലി തുള്ളിയിറങ്ങിയ മലയാളികളുടെ മനസും(കറുത്തവരുടെ പോലും) കറുപ്പിനോടു വിവേചനം കാട്ടുന്നതാണ്. മലയാള പത്രങ്ങളിലെ വിവാഹ  പരസ്യങ്ങളും,കെരളത്തിലെ വിവാഹ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തവരുടെ ഡിമാൻഡുകളും പരിശോധിച്ചാൽ നിരുപദ്രവമെന്നു തോന്നവുന്ന ഈ വർണ വെറിയുടെ ബീജം കാണാൻ കഴിയും.അവയാണത്രെ ചിലപ്പോഴെങ്കിലും മറ നീക്കി പുറത്തു വരുന്നത്.
            യു ട്യൂബിലെ കവിതയെക്കുറിച്ച് യൂത്തു കോൺഗ്രസുകാർക്ക് കേട്ടറിവെ ഉള്ളൂ.  മലയാളി നേഴ്സുമാരെക്കുറിച്ച് വിമർശനാത്മകമായ പരാമർശങ്ങൾ ഇതാദ്യമായല്ല ഉണ്ടാകുന്നത്. അവരുടെ സ്വകാര്യ ജീവിതത്തേക്കുറ്ച്ച് പരുഷമായ ചില പരാമർശങ്ങൾ എം പി നാരയണപിള്ള നടത്തുകയുണ്ടായി.മുംബൈയിലെ ബ്രീച് കാന്റി ഹോസ്പിറ്റലിൽ രോഗാതുരനായി കിടന്നതിനെക്കുറിച്ച് ഇൻഡ്യൻ എക്സ്പ്രസ്സിൽ എഴുതുമ്പോൾ വിഖ്യാത പത്ര പ്രവർത്തകനായ ഡോം മൊറേസ് കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നെത്തുന്ന നേഴ്സുമാരുടെ ഭാഷാപരമാ‍യ പരാധീനതകളെയും, വിയർപ്പിന്റെ ഗന്ധത്തെയും പരിഹസിക്കുന്നുണ്ട്. അക്ഷരങ്ങളോട് അടുപ്പമില്ലാത്ത യൂത്തു കോൺഗ്രസുകാർ ഇതൊന്നും അറിയാൻ വഴിയില്ല

Wednesday 15 January 2014

“പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ“

 ജനുവരി 14)0 തീയതി കണ്ണൂരിൽ, ദേശീയ പാതയിൽ, കല്യാശേരിയ്ക്കടുത്ത് പാചക വാതക ടാങ്കർ മറിഞ്ഞുവീണു തീപിടിച്ചു. ആളപായമില്ല.പതിനെട്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 10 മണിയോടെ തീയണച്ചു.
     അപകടത്തെക്കുറിച്ചു പ്രതികരിച്ചുകൊണ്ടു മന്ത്രി കെ ബാബു കൊച്ചിയിൽ പറഞ്ഞു “സംസ്ഥാനത്ത് ഇന്ധന നീക്കം ജലമാർഗമാക്കുന്നതിനെക്കുറിച്ചു പറിക്കാൻ കൺസൾറ്റൻസിയെ നിയമിക്കും“.ഇതിന് ഉടൻ ടെൻഡർ വിളിക്കും.കണ്ണൂരിലെ തന്നെ ചാലയിൽ 2 വർഷം മുൻപുണ്ടായ ബുള്ളറ്റ് ടാങ്കർ അപകടത്തിൽ 20 പേർ വെന്തു മരിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാ‍ക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനും, അപകടത്തിൽ മരിച്ചവരുടെ കുഡുംബങ്ങൾക്കും,പരുക്കേറ്റവർക്കും അർഹമായ സഹായങ്ങൾ നൽകാനും അന്നു പ്രഖ്യാപിച്ച പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്.
    കഴിഞ്ഞ 2 വർഷത്തിനിടെ എം എൽ എ മാർ അസംബ്ലിയിൽ ഉന്നയിച്ച 10000 ൽ അധികം ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ സ്പീക്കറോട് പരാതിപ്പെട്ടു. വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്, വസ്തുതകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് മന്ത്രിമാർ ആവർത്തിക്കുന്നത്.ഈ പ്രവണത നല്ലതല്ല എന്നു സ്പീക്കറും സമ്മതിച്ചു.വകുപ്പുകളുടെ വീഴ്ചകൾ പുറത്തുവരാതിരിക്കാനാണത്രെ പഠനവും അന്വേഷണവും വഴി ഉത്തരം മുടക്കുന്നത്.
    പീതാംബരക്കുറുപ്പ് എം പി ശ്വേത മേനോനെ കയറിപ്പിടിച്ച സംഭവത്തെക്കുറിച്ചു പ്രതികരണം ആരാഞ്ഞ പത്രക്കാരോട് കെപിസിസി പ്രസിഡ്ന്റ് രമേഷ് ചെന്നിത്തല പറ്ഞ്ഞു “ഞാൻ പ്രശ്നത്തെക്കുറിച്ചു പഠിച്ചു കൊണ്ടിരിക്കുകയാണ്”. വിഷയം വിഷയാസക്തി ആയതിനാൽ പഠനം ദുഷ്കരമത്രെ.എങ്കിലും ചോദിക്കട്ടെ, സാർ പഠനം തിയറിയൊ, പ്രാക്റ്റിക്കലൊ? റിസൽറ്റ് എന്നറിയാം?

“പഠിക്കണം നാമോരോന്നും,ബാല്യം തൊട്ടു നിരന്തരം,
പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ”.

    കോൺഗ്രസിന്റെ നേതാക്കന്മാരും, മന്ത്രി പുംഗവന്മാരും അക്ഷര വിരോധികളും, അരസികന്മാരും ആണെന്നു പൊതുവെ ഒരു ധാരണയുണ്ട്. പൊതു വേദികളിലേയും, ചാനൽ ചർച്ചളിലേയും അവരുടെ പ്രകടനം ഇതു സാധൂകരിയ്ക്കുന്നു.നിത്യമായ ഈ പഠനം അവരെ പ്രബുദ്ധരാക്കട്ടെ.വായിച്ചും, എഴുതിയും, പ്രസംഗിച്ചും അവർ വളരട്ടെ.

“Reading maketh a full man, writing an exact man, conference a ready man".
                                                                                                              Francis Bacon 

Friday 10 January 2014

നമ്മുടെ നേതാക്കൾ നിയമത്തിനതീതരാണ്.

ഡിസംബർ 29ലെ പത്രങ്ങളിൽ വന്ന ചില വാർത്തകൾ ശ്രദ്ധിക്കുക.
                                                    ആദർശ രാഷ്ട്രീയത്തിന്റെ അവസാനത്തെ കണ്ണികളിൽ ഒന്നായിരുന്ന റോസമ്മ പുന്നൂസിന്റെ മരണ വാർത്തയാണ് ഒന്ന്.രാഷ്ട്രീയം വയറ്റുപിഴപ്പും,ധന സമ്പാദനത്തിനും,പ്രശസ്തിയ്ക്കും,വിഷയ സുഖാസ്വാദനത്തിനുമുള്ള അവസരവു മായിക്കരുതുന്ന നേതാക്കൾക്കിടയിലെ അപൂർവ ജന്മം ഒരു നൂറ്റാണ്ടു പൂർത്തിയാക്കി വിട വാങ്ങി. കാഞ്ഞിരപ്പള്ളിയിലെ പ്ലാന്റ്ര്മാരുടെ കുടുംബത്തിൽ 
പിറന്ന്, സ്ത്രീകൾക്ക് അന്ന് അപ്രാപ്യമായിരുന്ന കലാശാലാ വിദ്യാഭ്യാ‍സം നേടിയ സ്ത്രീ. അന്നു ലഭിക്കാമായിരുന്ന ഉദ്യോഗങ്ങളും, പദവികളും ഉപേക്ഷിച്ച്, തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച്, അവരുടെ അവകാശ സംരക്ഷണത്തിനായി പോരാടിയ വ്യക്തി. ഇടതു പക്ഷത്ത് ഇടം തേടി അവിടെ നിന്നും ജീവിത പങ്കാളിയെ  കണ്ടെത്തി പൊതു പ്രവർത്തനം തുടർന്ന്,  പ്രയമായപ്പോൾ സജീവരാഷ്ട്രീയത്തിൽ നിന്നു വിരമിച്ച് മക്കളോടൊത്ത് 
ജീവിച്ച് മരണം വരിച്ച സ്ത്രീരത്നം അവരോടിടപെട്ടവർക്കെല്ലാം പറയാൻ ഒന്നു മാത്രം. “സമാനതകളില്ലാത്ത, കറപുരളാത്ത ജീവിതത്തിനുടമയായ,ത്യാഗിയായ,ധൈര്യശാലിയായ മഹിള.”
                                                    രണ്ടാമത്തെ വാർത്ത ദില്ലിയിൽ നിന്നാണ്. രാം ലീല മൈതാനത്തെ ഇളക്കിമറിച്ച, ജനസാഗരത്തിന്റെ ആവേശത്തെ സാക്ഷിയാക്കി അരവിന്ദ് കേജരിവാൾ ദില്ലി മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.
                                                  അമിതവേഗം തടയാൻ സംസ്ഥാനത്തെ ഹൈവേകളിൽ 100 കാമറകൾ സ്ഥാപിച്ചതിന്റെ റിപ്പോർട്ടാണ് മൂന്നാമത്തേത്.പ്രധാന ഹൈവേകളിൽ,ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന 100 സ്ഥലങ്ങളിലായി വിന്യസിച്ച കാമറകൾ അമിതവേഗത്തിലും, അപകടകരമായ വിധത്തിലും പായുന്ന വാഹനങ്ങളെ നിരീക്ഷിച്ചു വിവരം തിരുവനന്തപുരത്തെ ട്രാഫിക് എൻഫോർസ്മെന്റ് കണ്ട്രോൾ റൂമിലെത്തിയ്ക്കും. അതു പരിശോധിച്ചു വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കും.പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 30ന് മുഖ്യ മന്ത്രി നിർവഹിച്ചു.ഇതിനു പുറമെ സർക്കാർ മറ്റൊരു ഉത്തരവിറക്കി.മന്ത്രിമാർ, എം എൽ എ മാർ,എം പിമാർ,എന്നിവരുടെ വാഹനങ്ങളും, കെ എസ് ആർ റ്റി സി  ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളും കാമറയുടെ നിരീക്ഷണത്തിൽ നിന്ന് ഈ ഉത്തരവു വഴി ഒഴിവാക്കി.അനാദികാലം മുതലെ നമ്മുടെ നാട്ടിൽ രണ്ടു നീതിയായിരുന്നു നിലനിന്നു പോന്നത്.മേലാളർക്ക് ഒരു നീതി, അധകൃതർക്ക് വേറൊന്ന്.ജനാധിപത്യത്തിൽ മന്ത്രിപുംഗവന്മാർക്കും,ഉദ്യോഗസ്ഥർക്കും,സമ്പന്നർക്കും ഒരു നീതി, സാധാരണക്കാർക്ക് മറ്റൊന്ന്.
                                                 വഴിയിൽക്കണ്ട കന്നുകാലികളെയും, മനുഷ്യരെയും ഇടിച്ചുതെറിപ്പിച്ച് മെർസിഡസ് കാറിൽ പാഞ്ഞ ഒരു മുഖ്യനെ ഓർമ്മയില്ലെ? അവസാനം ഭഗവാൻ കുഴിച്ച കുഴിയിൽ വീണതോടെയാണ് ആ സ്പീഡ് കുറഞ്ഞത്.പുത്തൻ കാറുകൾക്കും,അവയ്ക്കു മുകളിൽ ചുവന്ന ലൈറ്റിനുമായി നമ്മുടെനേതാക്കളും, ഉദ്യോഗസ്ഥരും നടത്തുന്ന ലജ്ജാകരമായ ശ്രമങ്ങളേക്കുറിച്ച് നാമെത്ര കേട്ടു.ചീഫ് വിപ്പിന് സർക്കാർ വഹനങ്ങൾ രണ്ടാണ്; 
                                                 ദില്ലിയിലെ വാർത്തകൾ ഈ കോമരങ്ങളിൽ മാറ്റം വരുത്തിയില്ല.റോസമ്മ പുന്നൂസിന്റെ അന്ത്യകർമ്മങ്ങൾ ഇവരുടെ സാന്നിധ്യത്താൽ മലീമസമായി.
                                                 പ്രോട്ടോക്കോളിൽ രാഷ്ട്രപതിയുടെ സ്ഥാനം വേണമെന്നാണ് ഉപരാഷ്ട്രപതി ഹമീദ് അൻസാരി ആഗ്രഹിക്കുന്നത്.വിമാനത്താവളങ്ങളിൽ ഗാർഡ് ഓഫ് ഓണർ അനുവദിക്കാത്തതെന്തെന്ന് വ്യോമയാന മന്ത്രാലയത്തോട് ചോദിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഓഫീസ്. ന്യൂ യോർക്കിലെ ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയുടെ അറ്സ്റ്റിനു പ്രതികാരമായി കേന്ദ്രസർക്കാർ സ്വീകരിച്ച പല വങ്കത്തരങ്ങളിലൊന്ന് വളരെ വിചിത്രം തന്നെ. ദില്ലിയിലെ അമേരിക്കൻ എംബസി വളപ്പിലെ ഹോട്ടലും, ബാറും, കളിക്കളങ്ങളും അടച്ചു പൂട്ടാൻ ക്ൽ‌പ്പിച്ചതോടൊപ്പം എംബസിയു ടെയൊ,അമേരിക്കൻ  ഉദ്യോഗസ്ഥരുടെയൊ വാഹനങ്ങൾ ഇനിമേലിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ശിക്ഷിയ്ക്കപ്പെടും എന്നൊരു കൽ‌പ്പനയും പുറപ്പെടുവിച്ചു. അപ്പോൾ ഇതുവരെ സായിപ്പന്മാർ നിയമത്തിന് അതീതരായിരുന്നു. മാനസികമായി നാം ഇന്നും സയിപ്പിന്റെ അടിമകളാണല്ലൊ.
                                                 രാവിലെ പാർലമെന്റിലേയ്ക്കുള്ള യത്രയ്ക്കിടയിൽ സെന്റ്രൽ ലണ്ടനിലെ ട്രാഫിക് ബ്ലോക്കിൽ തന്റെ വാഹനം കുടുങ്ങിയാൽ പ്രധാന മന്ത്രി ടോണി ബ്ലയർ കാറിൽ നിന്നിറങ്ങി മെട്രോയിൽ (ട്യൂബിൽ) യാത്ര ചെയ്യുക പതിവായിരുന്നു.ജനത്തെ വേലി കെട്ടി നിർത്തി പ്രധാന മന്ത്രിക്കു വഴിയൊരുക്കുന്ന ഇന്ത്യയിലെ കലാപരിപാടി അവിടെ നടക്കില്ല.തിരക്കേറിയ സമയത്ത് പ്രധാന മന്ത്രിയുടെ വാഹനം സ്പെഷൽ ബസ് ലെയ്നിലൂടെ തിരിച്ചു വിട്ടതിന് ലണ്ടനിലെ ജനങ്ങളും, പത്രങ്ങളും ശക്തമായി പ്രതിഷേധിച്ചിരുന്നു.
                                                സംസ്കൃതമായ പടിഞ്ഞാറൻ ജനാധിപത്യത്തിൽ ഭരണാധികാരിയും,സിനിമാതാരങ്ങളും,വൻകിട മുതലാളിയും നിയമത്തിന്റെ മുൻപിൽ തുല്യരാണ്. ട്രാഫിക് നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ, മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെട്ടാൽ അവരും ശിക്ഷിയ്ക്കപ്പെടും. ലണ്ടനിൽ പ്രസംഗിക്കാനെത്തിയ അമേരിക്കയുടെ മുൻ സ്റ്റെയ്റ്റ് സെക്രട്ടറി, ഹിലരി ക്ലിന്റൻ സെന്റ്രൽ ലണ്ടനിലെ സെന്റ് ജെയിംസ് സ്ക്വയറിൽ പാർക്കിങ് ഫീസ് നൽകാതെ വഹനം പാർക്കു ചെയ്തതിന് ലണ്ടൻ പൊലീസ് 80 പൌണ്ട് പിഴ ഈടാക്കി. അടുത്ത തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് പാർട്ടിയൂടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഹിലരി കോപിച്ചെങ്കിലും ഫലമുണ്ടായില്ല.ഫിൻലന്റിലെ ശതകോടീശ്വരനായ ആന്റ്രസ് വിക്ലോഫ് 50 കി.മീ. വേഗതയിൽ പോകേണ്ട ഹൈ വേയിൽ 77 കി.മീ വേഗതയിൽ കാറോടിച്ച്തിനു പിഴ ഈടാക്കിയത് $130000 ആണ് (ഏകദേശം 78 ലക്ഷം രൂപ.) ഫിൻലന്റിൽ കുറ്റവാളിയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണത്രെ പിഴ ഈടാക്കുന്നത്. മദ്യപിച്ചു കാറോടിച്ചതിനും, നിയമലംഘനങ്ങൾക്കും കുബേരയും, നടിയും, ഗായികയുമായ പാരിസ് ഹിൽട്ടൻ പല തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
                                               കവലച്ചട്ടമ്പിയെപ്പോലെ ഒരു എം.പി. വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി സി ഐ യെ തെറി വിളിയ്ക്കുന്നതും,അറസ്റ്റ് ചെയ്യപ്പെട്ട പാർട്ടിക്കാരെ ഇറക്കിക്കൊണ്ടുപോകുന്നതും നമ്മൾ ടി വിയിൽ കണ്ടതാണ്.അന്നും നമ്മുടെ മുഖ്യൻ പറഞ്ഞു. “നിയമം  നിയമത്തിന്റെ വഴിക്കു പോകും”.