Wednesday 23 November 2016

പുലി മുരുകന്‍ ഒരു വിയോജനക്കുറിപ്പ്


വിഗതകുമാരനില്‍ തുടങ്ങിയ മലയാള സിനിമ അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു പുലിമുരുകനില്‍ എത്തി നില്‍ക്കുമ്പോള്‍ നിസ്സംശയം പറയാം ആ യാത്ര
പിന്നോട്ടായിരുന്നു എന്ന്. നൂറു കോടി കലക്ഷന്‍ നേടി സര്‍വകാല റിക്കോഡ്‌ സൃഷ്ടിച്ച മുരുകന്‍ ഹിന്ദി, തമിഴ്,തെലുഗു ഭാഷകളിലെ തട്ടുപൊളിപ്പന്‍ തറപ്പടങ്ങളുടെ നിലവാരത്തിലേക്ക്
മലയാള സിനിമയെ തരം താഴ്ത്തുന്ന പ്രക്രിയയിലെ അവസാനത്തേതും ,അതുല്യവുമായ ഒരു ശ്രമത്തിന്‍റെ ഫലമാണ്.
മലയാറ്റൂര്‍ മലമടക്കിലെവിടയോ ഉള്ള പുലിയൂര്‍ എന്ന സാങ്കല്പിക ഗ്രാമം.അവിടെ വായു ഭക്ഷിച്ചു കഴിയുന്ന ഗ്രാമവാസികള്‍ -ഇതുപോലെയുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍
കൃഷി ചെയ്തു ജിവിക്കുമ്പോള്‍ ചില്ലറ കഞ്ചാവ് കൃഷി ഒഴികെ ഇവിടെ അതിന്‍റെ ലക്ഷണം ഒന്നും തന്നെയില്ല.വടിവൊത്ത മലയാളത്തില്‍ സംവദിക്കുന്ന മൂപ്പന്ടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍
എത്തുന്ന ആദിവാസികള്‍. ഗ്രാമ നാമത്തിന്‍റെ യശസ് നിലനിര്‍ത്താനെന്നവണ്ണം ഇടയ്ക്കിടെ അതിഥികളായി എത്തുന്ന പുലികള്‍. പുലികളെ കൊന്ന് പ്രജകളെ കാക്കാന്‍ മീശ പിരിച്ച്, കുന്തവും,ചാട്ടുളിയും,
ബുമരാങ്ങുമായി വായുവില്‍ പറന്നു പൊരുതുന്ന പുലിമുരുകന്‍.മുരുകന്‍റെ ആദര്‍ശവതിയും, ആലിലപ്പരുവവും ആയ കാമുകി,പിന്നിട് ഭാര്യ. ഭര്‍തൃമതി ആയിട്ടും,വടക്കോട്ട് എടുത്തിട്ടും
മുരുകനെ തേടിയെത്തുന്ന എസ്റ്റേറ്റ് മുതലാളിയുടെ വില്ലത്തി മകള്‍. മദ്യപനും,ഭോഗിയുമായ മുരുകന്‍റെ അമ്മാവന്‍.സ്ത്രീകളുടെ കുളിമുറികളിലും,കിടപ്പറകളിലും ഒളിഞ്ഞു നോക്കി ഹാസ്യം
തിരയുന്ന തമാശക്കാരന്‍. പുലിയൂരില്‍ വന്നും, ചേര്‍ക്കളയിലും,മംഗലാപുരത്തും എത്തിച്ചും അജയ്യനും, അമാനുഷനുമായ മുരുകനോട് ഏറ്റുമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ട പരശതം വില്ലന്മാര്‍.
ഇവരെല്ലാം ചേര്‍ന്ന് തിമര്‍ത്ത് കളിക്കുന്ന മൂന്നു മണിക്കുര്‍ നീണ്ട സിനിമയുടെ ആരവം അടങ്ങി തിയേറ്ററിനു പുറത്തു കടക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം ചില്ലറയല്ല.
ഫാന്ടസി, സയന്‍സ് ഫിക്ഷന്‍,അഡ്വഞ്ചര്‍, ജങ്ങ്ളി ഈ ഗണത്തില്‍ ഏതില്‍ പെടുത്താം ഈ സിനിമ എന്ന് നിര്‍മാതാവിനോ,സംവിധായകനോ നിശ്ചയം ഉണ്ടാവില്ല. 'മുരുകാ,മുരുകാ
പുലിമുരുകാ എന്ന കീര്ത്തനം പോലുള്ള ഗാനത്തിന്‍റെ ആവര്‍ത്തനത്തോടെ അവതരിപ്പിക്കപ്പെടുന്ന മോഹന്‍ലാലിന്റെ കഥാപാത്രം അതിമാനുഷനും,അജയ്യനും അത്രേ. ചാട്ടുളി എറിഞ്ഞ്
ദന്ത വൈദ്യനെപ്പോലെ പല്ലുകള്‍ പിഴുതെടുത്തും,കോര്‍ത്തു വലിച്ചും, പുലിയെ കൊല്ലുന്നതും,തന്നോളം പോന്ന അനുജന്‍റെ മൃതപ്രായമായ ശരിരം തോളിലേറ്റി രണ്ടു ഡസന്‍ വില്ലന്മാരെ
പുല്ലുപോലെ അടിച്ചു വീഴ്ത്തുന്നതും പോലുള്ള പ്രേക്ഷകരെ വടിയാക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ട്.
നല്ല നടനായ മോഹന്‍ലാല്‍ കോമാളി വേഷം കെട്ടി ഇങ്ങനെ തരം താഴുന്നത് എന്തിന്നാണ്? പൂര്‍ണ നടന്‍ (complete actor) എന്ന ടൈറ്റില്‍ വിശേഷണത്തോടെ മോഹന്‍ലാലിനെ
അവതരിപ്പിക്കുന്ന സംവിധായകന്‍ അദ്ദേഹത്തെ പരിമിതന്‍ (incomplete) ആക്കുകയാണ് ചെയ്യുന്നത്. എസ് ജാനകിയുടെ ഹംസ ഗാനം ആണ് ഈ ചിത്രത്തിലെ ഏക ആശ്വാസം.
അത് ഇത്തരം ഒരു ചിത്രത്തില്‍ ആയിപ്പോയത് ഒരു ദൌര്ഭാഗ്യം. പടത്തില്‍ മുക്കാല്‍ നേരവും മുന്‍പില്‍ എത്തുന്ന സമ്മോഹനമായ കാനന ഭംഗി അലോസരപ്പെടുത്തുന്ന ആരവങ്ങളിലും
അരോചകമായ സംഘട്ടനങ്ങളിലും മുങ്ങി ആസ്വദിക്കാനാവാതെ പോകുന്നു.
പ്രേക്ഷകന്‍റെ സംവേദനക്ഷമതയെ പരിഹസിക്കുന്നതും, അസംബന്ധങ്ങളില്‍ ആറാട്ടു നടത്തുന്നതുമായ ഈ പീറപ്പടം കണ്ട് കോള്‍മയിര്‍ കൊള്ളുന്ന മലയാളികളെ ഓര്‍ത്ത്
ഞാന്‍ ലജ്ജിക്കുന്നു.

www.mathewpaulvayalil.blogspot.in