Wednesday 11 September 2013

മന്ത്രിപുംഗവന്മാരോടിടപെടുമ്പോൾ!!

            അഭ്യന്തരമന്ത്രി ബഹു.തിരുവഞ്ചൂർ രാധാകൃഷ്ണനെ ഫോൺ ചെയ്തയാളെ രാത്രി 12 മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.സെപ്റ്റംബർ ആറാം തീയതിയിലെ പത്രങ്ങളിൽ വന്ന വാർത്ത. മാർക്സിസ്റ്റ് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി തുളസീദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
            ജന സമ്പർക്ക പരിപാടിക്കായി 24 മണിക്കൂറും തുറന്നു വച്ച സെക്രട്ടറിയേറ്റും ഉറങ്ങാതിരിക്കുന്ന മന്ത്രിമാരുമുള്ള കേരളത്തിൽ, ഏതു കള്ളനും, കൊലപാതകിയ്ക്കും,വ്യഭിചാരിയ്ക്കും എപ്പോഴും കയറി കാണാൻ കഴിയുന്ന, ഏതു 
പാതിരായ്ക്കും ഫോൺ ചെയ്യാൻ കഴിയുന്ന, മന്ത്രിപുംഗവന്മാരുള്ള കേരളത്തിൽ ഇതു നടന്നു എന്നു വിശ്വസിക്കൻ പ്രയാസം. +                                                                                                                    സോളാർ വിവാദത്തിലെ മുഖ്യ കലാപരിപാടി ഫോൺ   വിളിയിരുന്നല്ലൊ.മുഖ്യമന്ത്രിയെ വിളിക്കുന്നതു കൂടെ നടക്കുന്ന, കിടക്കുന്ന ചപ്രാസികളുടെ ഫോണിലാണെന്നു മാത്രം.തിരുവഞ്ചൂർ ചെരിഞ്ഞും,ചരഞ്ഞും പറഞ്ഞത് എനിക്ക് കഴിഞ്ഞ ഒരു വർഷം 80000ൽ അധികം കോളുകൾ വന്നു എന്നാ ണ്.ഇതിൽ നല്ലൊരു പങ്ക് 
സരിതയുടേയും,ശാലുവിന്റേതുമാകാം.മിസ്റ്റ് കോൾ കണ്ടാൽ തിരിച്ചുവിളിക്കുന്നവരാണ് നമ്മുടെ മന്ത്രിമാരും, വിപ്പൂം. 
             പ്രതിഷേധിക്കാനെത്തിയ DYFI പ്രവർത്തകനെ കോൺസ്റ്റബിൾമാർ കൈകാലുകൾ ബന്ധിച്ചു നിർത്തിയപ്പോൾ ഏമാൻ ജനനേന്ദ്രിയം പിടിച്ചുടക്കുകയും, വയറ്റത്തു തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ടി വി യിൽ കണ്ടു പ്രകോപിതനായി വിളിച്ച ആളേയാണ് അറസ്റ്റ് ചെയ്തത്.മർദിച്ച എസ് ഐ യെ പിരിച്ചുവിടണമെന്നും മറ്റും ആക്രോശിച്ചായിരുന്നു ഫോൺ വിളി എന്നാണ് മനോരമ റിപ്പോർട്ടു ചെയ്യുന്നത്.അശ്ലീലമൊ, അനാവശ്യമൊ ആയി ഒന്നും പറഞ്ഞതായി ഭരണ പക്ഷത്തെ താങ്ങുന്ന പത്രങ്ങൾ പോലും പറ്യുന്നില്ല.
               എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്തെ ഒരു സംഭവം.പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലെ ഡപ്യൂട്ടി ഡിറക്റ്റർ ആയിരുന്ന രാജശേഖരൻ മൂന്നാർ ഗസ്റ്റ് ഹൌസിൽ വച്ച് മന്ത്രി എം എ കുട്ടപ്പന് കൈ കൊടുത്തു എന്ന കാരണത്താൽ സർക്കാർ അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.മന്ത്രി കുട്ടപ്പൻ മുറിയിൽ ഇരിക്കവെ നാലുപേർ കടന്നു വന്നു.ഇതിലൊരാൾ ഖദർധാരിയായിരുന്നു.അദ്ദേഹത്തെ കണ്ടയുടനേ മന്ത്രി എഴുന്നേറ്റ് ഹസ്തദാനം ചെയ്തു.ഖദർധാരി തന്റെ പാർട്ടിക്കാരനായ രാഷ്ട്രീയത്തൊഴിലാളിയാവും 
എന്നാണു മന്ത്രി കരുതിയത്. എന്നാൽ ഖദർധാരിയായ രാജശേഖരൻ താൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലെ ഓഫീസറാണ് എന്നു പരിചയപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങുളുടെ ആരംഭം.ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെക്കുറിച്ച് മന്ത്രികുട്ടപ്പൻ പബ്ലിക്  റിലേഷൻസ് വകുപ്പിന്റെ ചുമതല്യുള്ള മന്ത്രി എം എം ഹസനു പരാതി നൽകി. തങ്ങളുടെ തൊഴിലിന്റെ മാന്യത നിലനിർത്താൻ ഹസൻ രാജശേഖരനെ സസ്പെന്റ് 
ചെയ്തു. ഹസ്തദാനത്തിനുതോന്നിപ്പിക്കും വിധം കൈനീട്ടി മന്ത്രിയുടെ മുന്നിൽ നിന്നു എന്നതായിരുന്നു സസ്പെൻഷൻ ഓർഡറിലെ ആരോപണം.36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കാറായ ശ്രീരാജശേഖരൻ സസ്പെൻഷൻ ഓർഡർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വിശുദ്ധ ആന്റണിക്കു നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.അവസാനം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. വിരമിക്കലിന് ഒരു മാസം മുൻപായി വിഷയത്തിൽ തീരുമാനം എടുക്കണമെന്ന് കോടതി സർക്കാരിനു നിർദേശം നൽകി.
                  ഉദ്ഘാടനത്തിനും, പാലുകാച്ചലിനും, പതിനാറടിയന്തിരത്തിനും എല്ലാവർക്കും  മന്ത്രിപുംഗവന്മാരെ തന്നെ വേണം. അവരുടെ വായിൽ നിന്നു വരുന്ന വങ്കത്തരങ്ങൾ ശ്രവിക്കാൻ ആ  കറപുരണ്ട കരങ്ങൾ ഗ്രഹിയ്ക്കാൻ എന്താണിത്ര വ്യഗ്രത?