Tuesday 5 November 2013

കുറുപ്പിന്റെ പരാക്രമങ്ങളും, നിയമം പോകുന്ന വഴികളും.

 ഭരണ പക്ഷത്തുള്ളവരോ, ഭരണകർത്താക്കളുടെ ആശ്രിതരോ നിയമലംഘനം നടത്തുമ്പോൾ, അവർക്കെതിരേ നടപ്ടികൾക്കായി മുറവിളി ഉയർന്നാൽ നമ്മുടെ മന്ത്രിപുംഗവന്മാർ ഉളുപ്പില്ലാതെ നടത്തുന്ന ഒരു പ്രയോഗമുണ്ട് “നിയമം നിയമത്തിന്റെ വഴിക്കു പോകും”.
                     ടി വി രാജേഷ് എം എൽ എ യെ അറസ്റ്റുചെയ്യാനുള്ള കാരണം, ആക്രമണമേറ്റ് പി ജയരാജൻ ആശുപത്രിയിലായിരിക്കെ അദ്ദേഹത്തെ കാണാനെത്തിയ എം എൽ എ ഷുക്കൂറിനെ വധിക്കുവാനുള്ള ഗൂഢാലോചന കേൾക്കാനിടയായിട്ടും, വധം തടയാൻ ശ്രമിച്ചില്ല എന്നതായിരുന്നു. കൊടും പാതകികളായ ആളുകൾ ആരേയെങ്കിലും വകവരുത്തുവാനുള്ള ആലോചന നടത്തുന്നതായി ആരെങ്കിലും അറിയാനിടയായാൽ അയാൾ അതു തടയാൻ ശ്രമിച്ചില്ലെങ്കിൽ അകത്തായതു തന്നെ. നിരവധി കേസുകളിൽ പ്രതിയായ ബിജു രാധാകൃഷ്ണന് നിയമത്തിന്റെ പിടിയിൽ നിന്നും ഒളിച്ചോടാൻ സ്വന്തം വാഹനവും, സ്വാന്തനമരുളുവാൻ സ്വന്തം ശരീരവും, ആശയ വിനിമയത്തിനു സ്വന്തം ഫോണും നൽകി അതിർത്തി കടത്തിവിട്ട ശാലുമേനോനെ അറശ്റ്റുചെയ്യുവാൻ ചീഫ് വിപ്പിന്റെ പരാക്രമങ്ങുളും, കോടതിയുടെ ഇടപെടലുകളും വേണ്ടിവന്നു. പണ്ഠിതവരേണ്യയായ ആ മഹതിയെ സെൻസർബോർഡിൽനിന്നും ഒഴിവാക്കിയതോ മാസങ്ങൾ ഏറെക്കഴിഞ്ഞ്. അവർ കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. അദ്ദേഹം അവരുടെ ആഥിത്യവും, ഇളനീരും ആസ്വദിച്ചയാളാണ്.
                    സ്ത്രീയെ ശാരീരികമായി ആക്രമിച്ചാൽ മാത്രമല്ല, നോട്ടം കൊണ്ടോ, വാക്കുകൾകൊണ്ടോ ഉപദ്രവിച്ചതായി അറിഞ്ഞാൽ കേസെടുക്കുവാൻ ശക്തമായ നിയമങ്ങുളുള്ള നമ്മുടെ നാട്ടിൽ ഒരു സ്ത്രീ ഭർത്താവിൽനിന്നേറ്റ ആക്രമണങ്ങുളുടെ ക്ഷതങ്ങളും, അയാൾക്കെതിരെ എഴുതിത്തയാറാക്കിയ പരാതിയുമായി നമ്മുടെ മുഖ്യമന്ത്രിയെ കണ്ടപ്പോൾ  അഹിംസാവാദിയായ അദ്ദേഹം അതു വാങ്ങി വായിച്ച് മടക്കിനൽകി അവരെ ഉപദേശിച്ചുപറഞ്ഞുവിട്ടത് പിതൃസഹജമായ വാത്സല്യം കൊണ്ടാണത്രെ.
                    ശ്വേതാ മേനോൻ അനുഭവിച്ച അപമാനം ടിവിയിൽ കണ്ടവർക്ക് വേറെ തെളിവുകളെന്തിന്? ജനപ്രതിനിധിയുടെ കുറുക്കനെപ്പോലുള്ള നോട്ടവും, തൊടലും, തലോടലും, താഡനവും കണ്ടവർക്ക് അവർക്കുണ്ടായ അപമാനവും, വ്യഥയും മനസിലാകും. കോൺഗ്രസിലെ സ്ത്രീനേതാക്കളുടെ ഇതിനോടുള്ള പ്രതികരണം ലജ്ജാകരവും അധമവുമായിരുന്നു.അദ്ദേഹം കലാകാരനാണ്, സരസമായി സംസാരിക്കുന്നയാളാണ്, തൊട്ടും തലോടിയും സംസാരിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. അവരിതു കുറെ അനുഭവിച്ചതാകാം, പക്ഷെ ശ്വേത അതിനു വിധേയയാകുന്നതെന്തിന്. കൊല്ലംകാരനായ ഒരു മന്ത്രിപുംഗവനും നേതാവിനു സ്വഭാവ സേർട്ടിഫിക്കറ്റുമായി വന്നു.അധികാരത്തിന്റെ ഉച്ഛിഷ്ടത്തിന്റെ രുചിയറിഞ്ഞ ചില സിനിമാക്കരും,പൊതുപ്രവർത്തകരും, പിമ്പുകളെപ്പോലെ ഒത്തുതീർപ്പു ചർച്ചക്കായെത്തിയെങ്കിലും ശ്വേത ഉറച്ചുനിന്നു.
                  എർണാകുളാത്തെ സ്വകാര്യ ബസിൽ യാത്രക്കാരിയെ ഉപദ്രവിച്ച ബസ്ജീവനക്കാരനെ റിമാന്റു ചെയ്തു ജയിലിലടച്ചിട്ട് രണ്ടാഴ്ചയായി.തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് നേതാവു നടത്തിയ പത്രസമ്മേളനം അദ്ദേഹത്തിന്റെ തൊലിക്കട്ടിയുടെ തെളിവാണ്. മറ്റുള്ളവർ നടിയെ പിടിക്കാതിരിക്കാനുള്ള ശ്രമമാണത്രെ അദ്ദേഹം നടത്തിയത്. ഇംഗ്ലീഷിൽ pre-emptive എന്നു പറയാവുന്ന നടപടി.പിടിക്കാനിടയുള്ള ഇടങ്ങളിലെല്ലാം കയറിപ്പിടിച്ച് മറ്റൊരാൾ പിടിക്കാനുള്ള സാധ്യത ഒഴിവാക്കുന്ന കലപരിപാടി. അച്ഛന്റെ പ്രായമുള്ള അദ്ദേഹം തൊട്ടാലെന്തെന്ന നിലപാടാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക്. ശിശുക്കളേയും, ബാലികമാരേയും പീഡിപ്പിച്ച് നിയമനടപടി നേരിടുന്ന മധ്യവയസ്കരും, വൃദ്ധരുമായ എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ.ഈനീതി അവർക്കും ബാധകമാക്കുമോ? പ്രതികരണമാരാഞ്ഞപ്പോൾ പാർട്ടി പ്രസിഡന്റ് പറഞ്ഞു “ഞാൻ പ്രശ്നം പഠിച്ചുകൊണ്ടിരിക്കുകയാണ് “.പഠനം പ്രാക്റ്റിക്കലോ, തിയറിയോ?
                  ആശ്രിതവത്സലനായ ലീഡറുടെ ചാവേറും, ചപ്രാസിയുമായിരുന്ന വ്യക്തിയെ അദ്ദേഹത്തിന്റെ മക്കൾ ന്യായീകരിച്ചതിൽ കുറ്റം പറയാനില്ല. പരാതി പിൻവലിച്ച ശ്വേതാ മേനോനേയും പഴിക്ക്നാവില്ല. അവരേയും, കുടുംബത്തേയും  ആക്രമിക്കുവാനുള്ള ശ്രമമാണ് കോൺഗ്രസ് ആരംഭിച്ചത്. പണവും,സ്വാധീനവും,അധികാരവും, അണികളും, അധാർമികതയുമായി നിലകൊള്ളുന്ന ഒരു പ്രസ്താനത്തോട് പൊരുതാൻ ഒരു സ്ത്രീയ്ക്കോ, ഒരു കുടുംബത്തിനോ കഴിയില്ല.
                എന്തിനോടും പ്രതികരിക്കുന്നവനും, സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരനുമായ പൂഞ്ഞാറ്റിലെ എം എൽ എ പിസി ജോർജ് എന്തുകൊണ്ട് ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഗണേഷ് കുമാർ പോയിട്ടും ഇത്തരക്കാർ വേറെ എട്ടുപേർകൂടി മന്ത്രിസഭയിൽ ഉണ്ടെന്നാണല്ലൊ അദ്ദേഹം പറയുന്നത്.അപ്പോൾ ഇതിൽ ജോർജിനു പുതുമ തോന്നിക്കാണില്ല. എം പി നാരായണ പിള്ളയുടെ ഒരു ലേഘനത്തിന്റെ ടൈറ്റിൽ ഓർമ്മ വരുന്നു. “തന്തക്കു പിറന്നവരെ ആവശ്യമുണ്ട്“.

No comments:

Post a Comment